Image

ചെകുത്താന്റെ സ്വന്തം നാട് (കവിത: ജയന്‍ വര്‍ഗീസ്)

Published on 18 February, 2019
ചെകുത്താന്റെ സ്വന്തം നാട് (കവിത: ജയന്‍ വര്‍ഗീസ്)
("ദൈവത്തിന്റെ സ്വന്തം നാട് ' എന്ന പൊയ്ക്കാലുകളില്‍ ഉയര്‍ന്നു നിന്ന് ഉയരങ്ങളിലേക്ക് കണ്ണയക്കുന്ന കേരളത്തിലെ മനുഷ്യര്‍ തല താഴ്ത്തുകയും, സ്വന്തം കാലുകളിലേക്കു തന്നെ നോക്കി തങ്ങള്‍ ചെകുത്താന്റെ കാലുകളിലാണ് ഉയര്‍ന്നു നില്‍ക്കുന്നതെന്ന് തിരിച്ചറിയുകയും ചെയ്‌യേണ്ട കാലം അതിക്രമിച്ചിരിക്കുന്നു എന്നതിന് തെളിവാണ്, ചോര വാളുകളില്‍ വീണടിയുന്ന നാടിന്റെ യുവ ജന സ്വപ്നങ്ങള്‍. )

ക്രൗഞ്ച മിഥുനമേ,
ക്രൗഞ്ച മിഥുനമേ,
കരയരുതേ,
നീ കരയരുതേ,
ശരമേറ്റു പിടയുംനി
ന്നിണക്കിളി പിരിയുന്‌പോള്‍,
പിടയരുതേ,
കരള്‍ പിടയരുതേ !

'മാനിഷാദ' പാടിവരാ
നാവാതെ മാമുനിമാര്‍ ,
നീതി ശാസ്ത്ര ചിതല്‍പ്പുറ്റില്‍
തപസ്സിരിപ്പൂ ?
ചോര വീണു കലങ്ങുന്ന
കേരളത്തിന്‍ ഹൃദയത്തി
ന്നാരവങ്ങള്‍ വന്‍ മതിലായ്
ഉയരുമ്പോള്‍ ?

"താമസമ ' യോതി വരാന്‍
കഴിയാതെ, യാചാര്യന്മാര്‍,
തമസ്സിന്റെ ഗുഹകളില്‍
മുഖമൊളിപ്പൂ ?
ഭാരതത്തെ നാളെകളില്‍
ധീരരായി നയിക്കേണ്ടോര്‍
ചാരമായി ചിതകളില്‍
ലയിക്കുമ്പോള്‍ ?
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക