Image

ത്രിലോക് കുമാറിന് ഒമ്ബത് ബാങ്ക് അക്കൗണ്ടുകള്‍, കേരളത്തില്‍ 10 കോടിയുടെ തട്ടിപ്പ് നടന്നുവെന്ന് സംശയം

Published on 19 February, 2019
ത്രിലോക് കുമാറിന് ഒമ്ബത് ബാങ്ക് അക്കൗണ്ടുകള്‍, കേരളത്തില്‍ 10 കോടിയുടെ തട്ടിപ്പ് നടന്നുവെന്ന് സംശയം

കൊച്ചി: ചെറിയ പലിശയ്ക്ക് ഉയര്‍ന്ന തുക വായ്പ തരപ്പെടുത്തി നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് ആറ് മലയാളികളില്‍ നിന്ന് 25 ലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസില്‍ അന്വേഷണം വഴിത്തിരിവില്‍. പണമിടപാടിന്റെയും തട്ടിപ്പിന്റെയും മുഖ്യസൂത്രധാരന്‍ മറ്റൊരു അജ്മീര്‍ സ്വദേശിയെന്ന് പൊലീസ് കണ്ടെത്തി. ഇയാള്‍ക്കായി കൊച്ചി സിറ്റി പൊലീസിലെ ഒരു സംഘം അജ്മീറില്‍ തമ്ബടിച്ച്‌ അന്വേഷണം തുടരുകയാണ്. അജ്മീര്‍ പൊലീസും സഹായത്തിനുണ്ട്. മുഖ്യപ്രതിയുടെ പേര് വിവരങ്ങളടക്കം പൊലീസിന് ലഭിച്ചിട്ടുണ്ട്. പ്രതിയെ ഉടന്‍ പിടികൂടാനാകുമെന്ന പ്രതീക്ഷയിലാണ് പൊലീസ്.

അതേസമയം, കേസില്‍ നേരത്തെ അറസ്റ്റിലായ രാജസ്ഥാന്‍ അജ്‌മീര്‍ ശാസ്ത്രി നഗര്‍ സ്വദേശി ത്രിലോക് കുമാര്‍ പരിഹാര്‍ (30) ക്യാപിറ്റല്‍ സൊലൂഷന്‍സ് ആന്‍ഡ് കണ്‍സള്‍ട്ടന്റ്‌സ് എന്ന തട്ടിപ്പ് കമ്ബനിയുടെ മാനേജര്‍ മാത്രമാണെന്ന് പൊലീസ് പറയുന്നു. തട്ടിപ്പിന്റെ സൂത്രധാരനും പണമിടപാടുകള്‍ നിയന്ത്രിച്ചിരുന്നതും പൊലീസ് അന്വേഷിക്കുന്ന അജ്മീര്‍ സ്വദേശിയാണ്. എന്നാല്‍, ത്രിലോകിന് തട്ടിപ്പിനെക്കുറിച്ച്‌ വ്യക്തമായ ധാരണയുണ്ടായിരുന്നു. ത്രിലോക് കുമാര്‍ റിമാന്‍ഡിലാണ്. ഇയാളെ നാളെ പൊലീസ് കസ്റ്റഡിയില്‍ വാങ്ങും. കേസില്‍ സ്ഥാപനത്തിന്റെ റീജിയണല്‍ മാനേജര്‍, കമ്ബനി ഓഫിസര്‍ എന്നിവരും പ്രതികളാണ്.

ഒമ്ബത് ബാങ്ക് അക്കൗണ്ട് 
ത്രിലോക് കുമാറിന് ഒമ്ബത് ബാങ്ക് അക്കൗണ്ടുകളാണുള്ളത്. ഇതില്‍ രണ്ട് അക്കൗണ്ട് മാത്രമാണ് പൊലീസിന് തുറന്ന് പരിശോധിക്കാനായത്. ഈ അക്കൗണ്ടുകളില്‍ രണ്ട് കോടി രൂപ കണ്ടെത്തിയിട്ടുണ്ട്. ശേഷിക്കുന്ന അക്കൗണ്ടുകള്‍ ഇന്ന് പരിശോധിക്കും. അതേസമയം, റിസര്‍വ് ബാങ്കിന്റെ യാതൊരു ലൈസന്‍സുമില്ലാതെയാണ് അജ്മീറില്‍ സ്ഥാപനം പ്രവര്‍ത്തിച്ചിരുന്നത്. നോണ്‍ ബാങ്കിംഗ് ഫിനാന്‍ഷ്യല്‍ കമ്ബനി എന്നാണ് ഇവര്‍ ഇടപാടുകാരെ ധരിപ്പിച്ചിരുന്നത്. ത്രിലോക് കുമാറിന് ആഡംബര കാറുകളുണ്ടെന്നും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.സംസ്ഥാനത്ത് 10 കോടിയോളം രൂപയുടെ തട്ടിപ്പ് നടന്നതായാണ് സംശയിക്കുന്നത്.

തട്ടിപ്പിന്റെ രീതി 
ആദ്യം തിരിച്ചറിയല്‍ രേഖകളുടെ പകര്‍പ്പുകള്‍ നല്‍കാന്‍ ആവശ്യപ്പെടും. പിന്നീട് നിശ്ചിത തുക ബാങ്കിംഗ് സര്‍വീസ് ചാര്‍ജായി അടയ്ക്കണമെന്ന് അറിയിക്കും. ഇങ്ങനെ നല്‍കുന്ന തുക തട്ടിയെടുക്കുകയാണ് ഇവരുടെ രീതി. ഏഴ് ശതമാനം പലിശ വരെ വാഗ്ദാനം ചെയ്താണ് ഇവര്‍ ആളുകളെ ആകര്‍ഷിച്ചിരുന്നത്. കൊച്ചിയിലെ ഒരു പ്രമുഖ വ്യവസായിയും സംഘത്തിന്റെ തട്ടിപ്പിന് ഇരയായിട്ടുണ്ട്. 10 ലക്ഷം രൂപയാണ് വ്യവസായിക്ക് നഷ്ടപ്പെട്ടത്. 20 കോടി രൂപയുടെ വായ്പ തരപ്പെടുത്തി നല്‍കാമെന്നു വിശ്വസിപ്പിച്ച്‌, 40 ലക്ഷം രൂപയാണ് സര്‍വീസ് ചാര്‍ജ് ആവശ്യപ്പെട്ടത്. അഞ്ച് കോടി രൂപയ്ക്ക് മുകളില്‍ മാത്രമേ സ്ഥാപനം ഇടപാട് നടത്തൂ എന്നാണ് അറിയിച്ചിരുന്നത്.

നിരവധിപ്പേര്‍ തട്ടിപ്പിനിരയായി

ക്യാപിറ്റല്‍ സൊലൂഷന്‍സ് ആന്‍ഡ് കണ്‍സള്‍ട്ടന്റ്‌സ് എന്ന സ്ഥാപനത്തിന്റെ മറവില്‍ പ്രതികള്‍ നിരവധിപേരെ കബളിപ്പിച്ചിട്ടുണ്ട്. കേരളത്തിലെ പരാതിയിലാണ് ഇപ്പോള്‍ അന്വേഷണം നടക്കുന്നത്. മറ്റ് സംസ്ഥാനങ്ങളിലാണ് ഇവര്‍ അധികവും തട്ടിപ്പ് നടത്തിയിട്ടുള്ളത്.

ജെ. ഹിമേന്ദ്രനാഥ്‌, ഡി.സി.പി, കൊച്ചി

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക