Image

ഷുക്കൂര്‍ വധക്കേസില്‍ സിബിഐക്ക്‌ തിരിച്ചടി: വിചാരണക്കോടതി മാറ്റണമെന്ന ആവശ്യം തള്ളി

Published on 19 February, 2019
ഷുക്കൂര്‍ വധക്കേസില്‍ സിബിഐക്ക്‌ തിരിച്ചടി: വിചാരണക്കോടതി മാറ്റണമെന്ന ആവശ്യം തള്ളി
തലശ്ശേരി: അരിയില്‍ ഷുക്കൂര്‍ വധക്കേസ്‌ വിചാരണ തലശ്ശേരിയില്‍ നിന്നും മാറ്റണമെന്ന ആവശ്യം കോടതി തള്ളി. വിചാരണ ജില്ലക്ക്‌ പുറത്തേക്ക്‌ മാറ്റുന്നത്‌ ഈ കോടതിയുടെ അധികാരപരിധിയില്‍ വരുന്നതല്ലെന്നും കേസ്‌ ഇപ്പോള്‍ പരിഗണിക്കുന്ന തലശ്ശേരി സെഷന്‍സ്‌ കോടതി വ്യക്തമാക്കി.

ഈ കേസില്‍ സിബിഐ സമര്‍പ്പിച്ച അനുബന്ധ കുറ്റപത്രം തലശ്ശേരി സെഷന്‍സ്‌ കോടതി മടക്കി. കുറ്റപത്രവുമായി ഹൈക്കോടതിയെ സമീപിക്കാമെന്ന്‌ സിബിഐയോട്‌ തലശ്ശേരി കോടതി പറഞ്ഞു. ഏത്‌ കോടതി കുറ്റപത്രം പരിഗണിക്കണമെന്നത്‌ ഹൈക്കോടതി തീരുമാനിക്കട്ടെയെന്നും തലശ്ശേരി കോടതി വ്യക്തമാക്കി. ഇതോടെ, വിചാരണ സിബിഐ കോടതിയിലേക്ക്‌ മാറ്റണമെന്ന ആവശ്യവും അപ്രസക്തമായി.

സിപിഎമ്മിന്‍റെ ശക്തികേന്ദ്രമായ തലശ്ശേരിയില്‍ കേസിന്‍റെ വിചാരണ നടന്നാല്‍ സാക്ഷികളെ സ്വാധീനിക്കാനുള്ള സാധ്യതയുണ്ടെന്നും നീതിപൂര്‍വമായ വിചാരണ നടത്താനാകില്ലെന്നും ചൂണ്ടിക്കാട്ടി സിബിഐ നല്‍കിയ അപേക്ഷയിലാണ്‌ കോടതി തീരുമാനം.

വിചാരണ ഏത്‌ കോടതിയില്‍ വേണം എന്ന്‌ തീരുമാനിക്കലായിരുന്നു ഇന്ന്‌ കോടതിയില്‍ നടന്ന ആദ്യ നടപടി. കേസില്‍ നിന്ന്‌ ഒഴിവാക്കണമെന്ന്‌ കാട്ടി പി ജയരാജന്‍ അടക്കമുള്ള പ്രതികള്‍ നല്‍കിയ വിടുതല്‍ ഹര്‍ജിയും ഇന്ന്‌ കോടതിയിലുണ്ടായിരുന്നു.

പി ജയരാജന്‍ അടക്കമുള്ള പ്രതികള്‍ ഇന്ന്‌ കോടതിയില്‍ ഹാജരായിരുന്നു. നേരത്തെ കേസ്‌ പരിഗണിച്ചപ്പോള്‍ ഇരുകൂട്ടര്‍ക്കും എതിര്‍പ്പുകള്‍ ഉന്നയിക്കാനുള്ള അവസരം കോടതി നല്‍കിയിരുന്നു. എന്നാല്‍ കഴിഞ്ഞ തവണ പി ജയരാജന്‍ ഹാജരാകാതെ അവധി അപേക്ഷ നല്‍കുകയാണ്‌ ചെയ്‌തത്‌.

സിപിഎമ്മിന്‍റെ ശക്തികേന്ദ്രമായ തലശ്ശേരിയില്‍ പാര്‍ട്ടിയുടെ കണ്ണൂര്‍ ജില്ലാ സെക്രട്ടറിക്കെതിരെ കൊലക്കുറ്റം ചുമത്തിക്കൊണ്ട്‌ ഒരു കേസ്‌ വിചാരണ നടന്നാല്‍ സാക്ഷികളെ സ്വാധീനിക്കാന്‍ സാധ്യതയുണ്ടെന്നും സുതാര്യമായ വിചാരണ നടക്കില്ലെന്നും ഷുക്കൂറിന്‍റെ കുടുംബവും ആശങ്ക പ്രകടിപ്പിച്ചിരുന്നു.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക