Image

ഭീകരവാദം;ഇതൊരു ചെറിയ കളിയല്ല (മുരളി തുമ്മാരുകുടി)

Published on 19 February, 2019
ഭീകരവാദം;ഇതൊരു ചെറിയ കളിയല്ല (മുരളി തുമ്മാരുകുടി)
കാബൂളില്‍ നിന്നും ജനീവയിലേക്കുള്ള യാത്രാമധ്യേ കഴിഞ്ഞ മാസം അബുദാബിയില്‍ ഇറങ്ങിയിരുന്നു. കോതമംഗലം എഞ്ചിനീയറിംഗ് കോളേജില്‍ നിന്നുള്ള ഒരു വലിയ സംഘം എന്‍ജിനീയര്‍മാര്‍ യു എ ഇ യിലുണ്ട്. അവര്‍ ഉടനെ ദുബായില്‍ ഒരു അവൈലബിള്‍ പി ബി വിളിച്ചു. ഒരു ലഞ്ച് പേ ചര്‍ച്ച.

കോളേജിലെ വിശേഷമൊക്കെ പറഞ്ഞിരിക്കുന്നതിനിടെ ഒരു സുഹൃത്തിന്റെ ചോദ്യം,

“ലോകം മുഴുവന്‍ യാത്രയാണല്ലോ. എങ്ങനെയാണ് യാത്രക്ക് തയ്യാറെടുക്കുന്നത്?”

“ആദ്യമേ തന്നെ ഞാന്‍ എന്റെ വില്‍ എഴുതിവെച്ചു.” ഞാന്‍ പറഞ്ഞുതുടങ്ങി.

സുഹൃത്തുക്കള്‍ പ്രതീക്ഷിച്ച ഉത്തരമല്ലായിരുന്നു അതെന്നു തോന്നി. അവര്‍ ചിരിച്ചുതുടങ്ങി. പക്ഷെ ചോദ്യം ചോദിച്ച ആള്‍ മാത്രം സീരിയസ് ആയിരുന്നു.
“ചേട്ടന്‍ പറയൂ”

“രണ്ടാമത് എന്നെ ആരെങ്കിലും തട്ടിക്കൊണ്ടുപോയാല്‍ ഞാന്‍ ജീവനോടെയുണ്ടെന്ന് തിരിച്ചറിയുന്നതിനുള്ള ‘പ്രൂഫ് ഓഫ് ലൈഫ് ക്വസ്‌റ്യന്‍’ എഴുതി സീല്‍ഡ് കവറില്‍ ആക്കി ഡിപ്പാര്‍ട്ടുമെന്റില്‍ കൊടുക്കും.”

ചിരി നിന്നു. എന്താണ് ‘പ്രൂഫ് ഓഫ് ലൈഫ് ക്വസ്‌റ്യന്‍’ എന്നതായി അടുത്ത ചോദ്യം. മുന്‍പ് ഇവിടെ പറഞ്ഞിട്ടുള്ളതിനാല്‍ അതിനി പറയുന്നില്ല.

മൂന്നാമതായി എന്റെ ഡി എന്‍ എ സാംപിള്‍ എടുത്ത് യുഎന്‍ ഡേറ്റാബേസിലേക്ക് നല്‍കും.

“അതെന്തിനാണ്?”

“പലപ്പോഴും യാത്ര ചെയ്യുന്നത് സംഘര്‍ഷവും ഭീകരവാദി ആക്രമണവും നടക്കുന്ന സ്ഥലത്തേക്കാണ്. ഏതെങ്കിലും ബോംബപകടത്തിലാണ് ഞാന്‍ മരിക്കുന്നതെങ്കില്‍ തലയോ ഉടലോ ഒന്നും ബാക്കിയാകണമെന്നില്ല. പൊട്ടിച്ചിതറിക്കിടക്കുന്ന കുറെ മാംസവും രക്തവും മാത്രം. അതില്‍ നിന്നാണ് ആരൊക്കെ മരിച്ചുവെന്ന് കണ്ടുപിടിക്കേണ്ടത്. അതിന് മുഖസാദൃശ്യമോ പല്ലിന്റെ ഘടനയോ വസ്ത്രമോ ആഭരണങ്ങളോ ഒന്നും ഗുണപ്പെടില്ല. ഡി എന്‍ എ തന്നെ വേണം.

ആ സംസാരം തുടര്‍ന്നാല്‍ ലഞ്ചിന്റെ അന്തരീക്ഷം വഷളാകുമെന്നു കണ്ട ഞാന്‍ പിന്നെ വിഷയം അധികം ദീര്‍ഘിപ്പിച്ചില്ല.

എന്നാല്‍ അവിടെ പറയാതെ വിട്ട ഒരു കാര്യം ഞാന്‍ പിന്നീട് കശ്മീരിലെ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഓര്‍ത്തു. എന്റെ വില്‍പ്പത്രത്തില്‍ പറഞ്ഞിരിക്കുന്നതും എന്റെ ചേട്ടനെ പറഞ്ഞേല്‍പ്പിച്ചിരിക്കുന്നതുമായ ഒരു കാര്യം.

ബോംബ് പൊട്ടിയാണ് മരിക്കുന്നതെങ്കില്‍ വീട്ടില്‍ വരുന്ന ശവപ്പെട്ടി തുറന്നു നോക്കരുത്. കാരണം അതില്‍ ഒന്നുമുണ്ടാകില്ല. വീട്ടുകാര്‍ക്ക് മരിച്ചയാളുടെ പര്യവസാനം ഉറപ്പിക്കാനായി ആചാരപരമായി ചെയ്യുന്ന ഒരു കാര്യമാണ് ഈ പെട്ടി അയക്കല്‍ !

വസന്തകുമാറിന്റെ വീട്ടിലെത്തിച്ച ശവപ്പെട്ടി തുറക്കരുതെന്ന നിര്‍ദ്ദേശം കേട്ടപ്പോള്‍ ഞാന്‍ ഇക്കാര്യം ഓര്‍ത്തു.

അടുത്താഴ്ച ഞാന്‍ പലസ്തീനിലേക്ക് യാത്ര പോകുകയാണ്. കാലിയായ ഒരു പെട്ടിയുടെ ചിത്രം ഇപ്പോഴേ എന്റെ മനസ്സിലുണ്ട്. ഇതൊന്നും നിസ്സാര കാര്യമല്ല. അതുകൊണ്ടു തന്നെ
‘പട്ടാളക്കാരന്റെ ജോലി എന്നാല്‍ മറ്റേതൊരാളുടെയും ജോലി പോലെതന്നെ’ എന്ന് പറയുന്ന ഫേസ്ബുക്ക് ബുദ്ധിജീവികളോട് എനിക്ക് ഒരു ലോഡ് പുച്ഛം മാത്രമേയുള്ളു.

അല്ല സാര്‍, പട്ടാളക്കാരന്റെ കരസേന അര്‍ദ്ധസൈനിക വിഭാഗം ആരുമാകട്ടെ, അവരുടെ ജോലി മറ്റേതൊരു ജോലിയും പോലെയല്ല. ഉദാഹരണത്തിന് എന്റെ ജീവന്‍ പണയപ്പെടുത്തി മറ്റൊരാളുടെ ജീവന്‍ രക്ഷിക്കേണ്ട ഉത്തരവാദിത്തം എനിക്കില്ല. എന്റെ ജീവിതം ബുദ്ധിമുട്ടിലാകുമെന്ന് തോന്നിയാല്‍ ആ ജോലി ഉപേക്ഷിച്ച് പോരുന്നതിന് എനിക്ക് നിയമപരമായ ഒരു വിലക്കുമില്ല

പക്ഷെ പട്ടാളക്കാരന്റെ കഥ അങ്ങനെയല്ല. താന്‍ ആരെയാണോ സംരക്ഷിക്കാന്‍ നിയോഗിക്കപ്പെട്ടിരിക്കുന്നത് അഥവാ എന്തിനെയാണോ സംരക്ഷിക്കാന്‍ നിയോഗിക്കപ്പെട്ടിരിക്കുന്നത്, അതാണ് സ്വന്തം ജീവനേക്കാള്‍ വലുത് എന്നതാണ് സുരക്ഷാജോലിയുടെ അടിസ്ഥാന നിയമം. തനിക്ക് ഇഷ്ടമില്ലാത്ത അഥവാ അപകടസാധ്യതയുള്ള ജോലിക്ക് നിയോഗിക്കപ്പെടുന്‌പോള്‍ രാജിവെച്ച് പോരാന്‍ സുരക്ഷാഭടന്മാര്‍ക്ക് അവകാശമില്ല

അതിര്‍ത്തികള്‍ മനുഷ്യനിര്‍മ്മിതമാണെന്നും യുദ്ധങ്ങള്‍ അര്‍ത്ഥശൂന്യമാണെന്നും ചിന്തിക്കുന്ന ഒരാളാണ് ഞാന്‍. എന്നാല്‍ അതുകൊണ്ട് അതിര്‍ത്തി കാക്കുന്ന പട്ടാളക്കാരനെയോ സുരക്ഷാഭടന്മാരെയോ വിലകുറച്ചു കാണുന്നില്ല. സ്വന്തം ജീവനേക്കാള്‍ മറ്റൊന്നിനെ കാക്കുന്നവരോട് എന്നും ബഹുമാനം മാത്രമേയുള്ളു.

ഭീകരാക്രമണത്തില്‍ ഉറ്റവര്‍ മരിച്ച കുടുംബങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നു. എത്ര സ്വപ്‌നങ്ങള്‍ ആണ് ഒരു നിമിഷം കൊണ്ട് തകര്‍ന്ന് പോയത്. അവര്‍ക്ക് വേണ്ടി എന്ത് തന്നെ ചെയ്താലും അധികമാകില്ല. മരിക്കാതെ പരിക്കേറ്റ് ഒറ്റ നിമിഷം കൊണ്ട് ജീവിതം മാറിപ്പോയ എത്രയോ പേര്‍ വേറെയും ഉണ്ടാകും! അവര്‍ക്ക് വേണ്ടത്ര ചികിത്സയും കരുതലും ലഭിക്കട്ടെ എന്ന് ആഗ്രഹിക്കുന്നു.

അതേസമയം തന്നെ ഭീകരാക്രമണത്തില്‍ കലി പൂണ്ട് "ഇപ്പോള്‍ തിരിച്ചടിക്കണം" കണ്ണിന് കണ്ണ്, പല്ലിനു പല്ല് ഒക്കെ വേണം എന്ന രീതിയില്‍ ഫേസ്ബുക്കിലും പുറത്തും യുദ്ധപ്പുറപ്പാട് നടത്തുന്നവരോട് ഒട്ടും യോജിക്കുന്നില്ല. അവരോട് ഏറെ സഹതാപം ഉണ്ടുതാനും. കാരണം അവര്‍ പറയുന്നതിന്റെ പ്രത്യാഘാതങ്ങള്‍ അവര്‍ മനസ്സിലാക്കുന്നില്ല.

ശോഭാ സുരേന്ദ്രന്റെ ഭാഷ കടമെടുത്ത് പറഞ്ഞാല്‍ ‘യുദ്ധം ഒരു ചെറിയ കളിയല്ല.’ ഇത് താത്വികമായ ഒരു അവലോകനം ഒന്നുമല്ല. അഫ്ഘാനിസ്ഥാന്‍ മുതല്‍ സിറിയ വരെ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ എല്ലാ യുദ്ധരംഗങ്ങളും സന്ദര്‍ശിച്ച് അവിടുത്തെ പാഠങ്ങള്‍ പഠിച്ച അനുഭവത്തില്‍ നിന്ന് പറയുന്നതാണ്.

യുദ്ധം തുടങ്ങാന്‍ എളുപ്പമാണ്. ഏതൊരു യുദ്ധമെടുത്താലും അത് തുടങ്ങിയ കാലത്ത് ഇരുഭാഗത്തെയും കൂടുതല്‍ ആളുകള്‍ യുദ്ധം ചെയ്യുന്നതിനെ പിന്തുണച്ചിട്ടേയുള്ളു. അത് മനുഷ്യന്‍ മൃഗത്തില്‍ നിന്നും പരിണമിച്ചതിന്റെ ബാക്കിപത്രമാണ്. ഭയമാണ് മൃഗങ്ങളുടെ അടിസ്ഥാനവികാരം, അക്രമമാണ് ശരാശരി പ്രശ്‌നപരിഹാര മാര്‍ഗ്ഗം (മൃഗങ്ങള്‍ക്ക്). സംയമനം പാലിക്കാനും ചര്‍ച്ചയിലൂടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനും മനുഷ്യനേ സാധിക്കൂ. പക്ഷെ, വ്യക്തിപരമായും സാമൂഹികമായും നാം മൃഗങ്ങളെപ്പോലെ ചിന്തിക്കുന്ന സമയങ്ങളില്‍ യുദ്ധം ശരിയായി തോന്നും, അതിനായി ഇറങ്ങിപ്പുറപ്പെടുകയും ചെയ്യും.

ഒരുവര്‍ഷം പോലും നീണ്ടുനില്‍ക്കുന്ന യുദ്ധം ഏതൊരു രാജ്യത്തെയും ഒരു തലമുറ പിന്നോട്ടടിക്കും. കെട്ടിടങ്ങളും പാലങ്ങളും തകരുന്നത് മാത്രമല്ല കാരണം. വിദ്യാഭ്യാസം മുടങ്ങും, വിദ്യാസന്പന്നര്‍ നാടുവിടും, മൂലധനം പന്പകടക്കും, ടൂറിസ്റ്റുകള്‍ തിരിഞ്ഞുനോക്കില്ല. യുദ്ധം കഴിയുന്‌പോഴേക്കും സര്‍ക്കാരിലും പുറത്തുമുള്ള സ്ഥാപനങ്ങളെല്ലാം പൊള്ളയാകും. ഒരു തലമുറയെങ്കിലുമെടുക്കും കാര്യങ്ങള്‍ പഴയ നിലയിലാകാന്‍. ഇറാക്കും സിറിയയുമൊക്കെ ഉദാഹരണങ്ങളാണ്.

യുദ്ധം മൂലമുണ്ടാകുന്ന ഏറ്റവും വലിയ നാശം ഭൗതികമല്ല. ഓരോ യുദ്ധവും അടുത്ത യുദ്ധത്തിന്റെ വിത്ത് വിതച്ചിട്ടാണ് കെട്ടടങ്ങുന്നത്. യുദ്ധത്തിലെ വിജയി ആരായാലും, ജയിച്ചവരും തോറ്റവരും തമ്മിലുള്ള വിശ്വാസം എന്നന്നേക്കുമായി നഷ്ടപ്പെട്ടിരിക്കും. അതീവ മഹാമനസ്ക്കരായ നേതാക്കള്‍ വിജയികളുടെ ഭാഗത്ത് ഇല്ലെങ്കില്‍ യുദ്ധം ജയിച്ചതു പോലെ സമാധാനം ജയിക്കാന്‍ അവര്‍ക്ക് സാധിക്കില്ല. പരാജയത്തിന്റെ നൊന്പരം, അനീതിയുടെ പുകച്ചില്‍ ഒക്കെ ഒരു കനലായി ആളുകളില്‍ അവശേഷിക്കും. അത് തലമുറയില്‍ നിന്നും തലമുറയിലേക്ക് പകരുകയും ചെയ്യും. അഫ്ഘാനിസ്താനും സിറിയയും ബാല്‍ക്കനും പോലെയുള്ള പ്രദേശങ്ങളില്‍ വീണ്ടും വീണ്ടും യുദ്ധമുണ്ടാകുന്നത് ഇങ്ങനെയാണ്. ഇതൊന്നും കാണാത്തവരും അറിയാത്തവരും അനുഭവിക്കാത്തവരുമാണ് ഉടന്‍ തിരിച്ചടിക്കണമെന്നും പറഞ്ഞ് പുറത്തിറങ്ങുന്നത്.

ഭീകരവാദികളോട് ‘ഉടനടി’ നടത്തണം എന്ന് പറയുന്നവരോട് എനിക്ക് വിഷമം തോന്നുന്നത് അവര്‍ യുദ്ധം കണ്ടിട്ടില്ലാത്തതു കൊണ്ടോ യുദ്ധത്തിന്റെ കെടുതികള്‍ മനസ്സിലാക്കാത്തതു കൊണ്ടോ മാത്രമല്ല. ആരെയാണ് ഭീകരവാദികള്‍ ലക്ഷ്യം വെക്കുന്നതെന്നവര്‍ മനസിലാക്കാത്തതു കൊണ്ടുകൂടിയാണ്.

അക്രമം പ്രയോഗിച്ച് ഭയത്തേയും വെറുപ്പിനേയും ഒരു ആയുധമാക്കി തങ്ങളുടെ തീവ്രവാദ ആശയങ്ങളെ മുന്നോട്ടു നയിക്കാന്‍ ശ്രമിക്കുന്നവരാണ് ഭീകരവാദികള്‍. മതം വര്‍ഗ്ഗം രാജ്യം വര്‍ണ്ണം ഇവക്കെല്ലാം വേണ്ടി കലാകാലങ്ങളില്‍ ലോകത്ത് ഭീകരവാദികളുണ്ടായിട്ടുണ്ട്. അവരെല്ലാം അക്രമം നടത്തിയിട്ടുണ്ട്, ആളെ കൊന്നിട്ടുണ്ട്.

ഭീകരവാദികളുടെ പ്രധാന ആയുധം അക്രമമാണെന്ന് പ്രത്യക്ഷത്തില്‍ തോന്നാം. സത്യമതല്ല. ഭീകരവാദികളുടെ പ്രധാന ആയുധം അത് പൊതുസമൂഹത്തിലുണ്ടാക്കുന്ന ഭയമാണ്. ആ ഭയം ഉണ്ടാക്കുന്ന വെറുപ്പ് അതാണവരുടെ ലക്ഷ്യം. ഇതറിയാതെ ഭീകരവാദത്തെ നേരിടുന്‌പോളാണ് ഭീകരവാദത്തിന് വിജയസാധ്യത കൂടുന്നത്.

കാശ്മീരില്‍ സി ആര്‍ പി എഫ് ന് നേരെ ബോംബാക്രമണം നടത്തിയവരുടെ ലക്ഷ്യം ആ സൈനികരാണെന്ന് പ്രത്യക്ഷത്തില്‍ തോന്നാം. പക്ഷെ അങ്ങനെയല്ല. ആ സൈനികരെ ആക്രമിക്കുന്‌പോള്‍ ഇന്ത്യയിലെ പൊതുസമൂഹത്തിലുണ്ടാകുന്ന പ്രതികരണം അതാണവരുടെ ശക്തി. പത്തുലക്ഷത്തിനു മേല്‍ എണ്ണമുള്ള ഇന്ത്യന്‍ സൈനിക സംവിധാനത്തെ ഒരു ബോംബ് വെച്ച് തകര്‍ക്കാന്‍ പോയിട്ട് ഒന്ന് പേടിപ്പിക്കാന്‍ പോലും ആര്‍ക്കും സാധിക്കില്ല എന്ന് ഭീകരവാദികള്‍ക്കും അവരെ നിയന്ത്രിക്കുന്നവര്‍ക്കും നന്നായറിയാം. മരിച്ച നാല്‍പ്പത് സൈനികര്‍ക്ക് പകരം നാനൂറോ നാലായിരമോ ആളുകളെ 24 മണിക്കൂറിനകം അവിടെയെത്തിക്കാന്‍ ഇന്ത്യക്ക് സാധിക്കും.

പക്ഷെ, ഇന്ത്യക്ക് സാധിക്കാത്ത ഒന്നാണ് നമ്മുടെ പട്ടാളക്കാരുടെ ചോരക്കു പകരം ചോദിക്കണമെന്ന കോടിക്കണക്കിന് ഇന്ത്യക്കാരുടെ മുറവിളിയെ നിയന്ത്രിക്കുക എന്നത്. പാര്‍ലമെന്റ് പോലെ നമ്മുടെ രാഷ്ട്രത്തിന്റെ സങ്കല്‍പ്പത്തിന്റെ ഹൃദയത്തില്‍ ഭീകരവാദികള്‍ നുഴഞ്ഞു കയറുമ്പോള്‍ , ഇന്ത്യക്കാര്‍ക്ക് എല്ലാം സര്‍വ്വസമ്മതനായ ഒരു സിനിമാതാരത്തെയോ ക്രിക്കറ്റ് താരത്തെയോ ഒക്കെ ഭീകരവാദത്തിന് ഇരയാക്കിയാല്‍, കൊച്ചു കുഞ്ഞുങ്ങളെ കുരുതി കൊടുക്കുന്ന ഒക്കെ ഇന്ത്യ എന്ന വികാരം ആളിക്കത്തും. ആളുകള്‍ ചോരക്കായി മുറവിളി കൂട്ടി തെരുവില്‍ ഇറങ്ങും. അതോടെ വിവേകത്തോടെ തീരുമാനങ്ങളെടുക്കാനുള്ള നേതൃത്വത്തിന്റെ കഴിവും സാവകാശവും നഷ്ടപ്പെടും. നമ്മള്‍ തെറ്റായ തീരുമാനങ്ങളെടുക്കും. ഇതാണ് ഭീകരവാദികള്‍ ആഗ്രഹിക്കുന്നത്. ഇത് മനസിലാക്കാന്‍ കഴിഞ്ഞാല്‍ പിന്നെ ഭീകരവാദത്തെ തോല്‍പ്പിക്കാന്‍ എളുപ്പമാണ്.

വാസ്തവത്തില്‍ ഭീകരവാദത്തെ തോല്‍പ്പിക്കുന്നതില്‍ വളരെ നല്ല ട്രാക്ക് റെക്കോര്‍ഡുള്ള രാജ്യമാണ് ഇന്ത്യ. സ്വാതന്ത്ര്യാനന്തരം നാഗാ ഭീകരവാദികള്‍ മുതല്‍ പഞ്ചാബിലെ സിഖ് ഭീകരവാദം വരെ ഇന്ത്യ നേരിട്ടിട്ടുണ്ട്.

ഞാന്‍ ആദ്യം ഡല്‍ഹിയില്‍ പോകുന്ന കാലത്ത് ഡല്‍ഹിക്ക് നൂറു കിലോമീറ്റര്‍ മുന്നേ തന്നെ ട്രെയിനില്‍ ചെക്കിങ് തുടങ്ങും. ഡല്‍ഹി റയില്‍വേ സ്‌റ്റേഷന്‍ പോലീസിന്റെ വിഹാരകേന്ദ്രമാണ്. ഡല്‍ഹിയില്‍ ഓരോ അഞ്ഞൂറ് മീറ്ററിലും മണല്‍ച്ചാക്കുകള്‍ക്ക് പിറകില്‍ പോലീസും പട്ടാളവുമുണ്ട്. എന്നിട്ടും ട്രാന്‍സിസ്റ്റര്‍ ബോംബ് മുതല്‍ ട്രെയിന്‍ ബോംബ് വരെ എന്തെല്ലാം അക്രമങ്ങള്‍ ഡല്‍ഹിയില്‍ നടന്നു!

ഇതൊക്കെ സംഭവിച്ചിട്ടും നാഗാലാന്‍ഡ് ഇപ്പോഴും ഇന്ത്യയുടെ ഭാഗമാണ്. പഞ്ചാബ് ആകട്ടെ, ഇന്ത്യയുടെ അഭിമാനമായി അതിവേഗത്തില്‍ വളരുന്ന ഒരു സംസ്ഥാനമായി തുടരുന്നു. ലോകത്ത് തീവ്രവാദത്തിനെതിരെ "ശക്തമായി പ്രതികരിക്കുന്നു" എന്ന് നാം വിശ്വസിക്കുന്ന രാജ്യങ്ങള്‍ക്കൊന്നും ഇങ്ങനൊരു ട്രാക്ക് റെക്കോര്‍ഡ് അവകാശപ്പെടാനില്ല.

എന്താണ് തീവ്രവാദത്തെ നേരിടാനുള്ള ഇന്ത്യന്‍ വിജയ ഫോര്‍മുല?

പരസ്പര പൂരകങ്ങളായ മൂന്നു കാര്യങ്ങളാണ് ഭീകരവാദത്തെ കീഴ്‌പ്പെടുത്താന്‍ ഇന്ത്യ ഉപയോഗിച്ചത്. ഒന്നാമത് അക്രമത്തിനെതിരെ തയ്യാറെടുക്കുക, അക്രമികള്‍ക്കെതിരെ ശക്തമായി പ്രതികരിക്കുക തുടങ്ങിയ സുരക്ഷാ നടപടികള്‍. സൈനിക വ്യൂഹത്തിന്റെ നടുവിലേക്ക് സ്‌ഫോടകവസ്തുക്കള്‍ നിറച്ച വാഹനം ഓടിച്ചുകയറ്റുന്‌പോള്‍ ശരിയായ സുരക്ഷാസംവിധാനം ഉണ്ടായിരുന്നില്ലേ എന്നൊക്കെ തോന്നുന്നത് സ്വാഭാവികമാണ്. ഇത്തരം ആക്രമണം ഉണ്ടാകാമെന്ന ഇന്റലിജന്‍സ് മുന്നറിയിപ്പ് ഉണ്ടായിരുന്നു എന്നും വായിച്ചിരുന്നു. അപ്പോള്‍ പ്രതിരോധം ശക്തമായിരുന്നോ?

ഭീകരവാദികളും സുരക്ഷാ സൈന്യവും തമ്മിലുള്ള യുദ്ധത്തില്‍ മനസിലാക്കേണ്ട കാര്യം, ഇത് ക്രിക്കറ്റിലെ ബൗളറും ബാറ്റ്‌സ്മാനും തമ്മിലുള്ളതു പോലൊരു കളിയാണ്. ഔട്ടാകാതെ നില്‍ക്കണമെങ്കില്‍ ബാറ്റ്‌സ്മാന്‍ നൂറു ശതമാനം പന്തുകളും സ്റ്റംപില്‍ നിന്നും മാറ്റി അടിക്കണം. പക്ഷെ ബാറ്റ്‌സ്മാനെ പുറത്താക്കാന്‍ ബൗളര്‍ക്ക് ബാറ്റ്‌സ്മാന്റെ ഒരു പിഴവ് മതി. ഇതുപോലെ കാശ്മീരില്‍ വാഹനവ്യൂഹത്തിനു നേരെ ആക്രമണമുണ്ടാകാം എന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ‘കേരളത്തില്‍ ഈ വര്‍ഷം മഴയുണ്ടാകും’ എന്ന് പറയുന്ന കാലാവസ്ഥാ റിപ്പോര്‍ട്ട് പോലെയാണ്. ഞാന്‍ സ്ഥിരം പോകുന്ന കാബൂള്‍ ജലാലാബാദ് റോഡില്‍ എന്ന് വേണമെങ്കിലും ഇത്തരം ആക്രമണം ഉണ്ടാകാം. എപ്പോള്‍ എവിടെ എന്ന തരത്തില്‍ കൂടുതല്‍ കൃത്യതയോടെയുള്ള ുെലരശളശര ശിലേഹഹശഴലിരല മാത്രമേ മരശേീിമയഹല ആയി കണക്കാക്കൂ. കാബൂളില്‍ നിന്നും ഓരോ ആഴ്ചയിലും എനിക്ക് ഇത്തരം ഇന്റലിജന്‍സ് (VBIED അല്ലെങ്കില്‍ vehicle borne improvised explosive device റിപ്പോര്‍ട്ട് കിട്ടാറുണ്ട്. ചിലപ്പോള്‍ ഒരു ദിവസത്തില്‍ ഒന്നില്‍ കൂടുതല്‍ തവണ. അതനുസരിച്ചാണ് യാത്രകള്‍ പ്ലാന്‍ ചെയ്യുന്നതും. അല്ലാതെ കാബൂളില്‍ ഭീകരവാദി ആക്രമണം ഉണ്ടാകും എന്നത് കൊണ്ട് യാത്ര ചെയ്യാതിരുന്നാല്‍ അടുത്ത കാലത്തൊന്നും അങ്ങോട്ട് പോകാന്‍ പറ്റില്ല. ഒന്നുമാത്രം പറയാം, ഇതൊരു സ്ഥിര മത്സരമാണ്. 99 ശതമാനം അവസരങ്ങളിലും സുരക്ഷാസേനയാണ് ജയിക്കുന്നത്. ഈ ജയങ്ങള്‍ നമ്മള്‍ അറിയാറോ ആഘോഷിക്കാറോ ഇല്ല. പക്ഷെ ഭീകരവാദികളുടെ കാര്യം നിറവേറ്റാന്‍ ഒറ്റ വിജയം കാട്ടിയാല്‍ മതി. അങ്ങനെ സംഭവിക്കുമ്പോള്‍ അതിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ എങ്ങനെയും കണ്ടെത്തി അവര്‍ക്കെതിരെ ശക്തമായ നടപടികള്‍ എടുക്കുക എന്നതാണ് നല്ല സുരക്ഷാ സംവിധാനത്തിന്റെ അടിസ്ഥാനം.

ഒരു ഭീകരവാദവും സുരക്ഷാ സംവിധാനം കൊണ്ട് മാത്രം ഇല്ലാതാക്കാന്‍ കഴിയില്ല. സ്വന്തം അഭിപ്രായമനുസരിച്ച് കാര്യങ്ങള്‍ നടക്കാന്‍ ഭീകരവാദം മാത്രമാണ് മാര്‍ഗ്ഗം എന്ന ചിന്ത ഉള്ളിടത്തോളം കാലം ഭീകരവാദം നിലനില്‍ക്കും. അതിനെതിരെ സൈനിക നടപടികള്‍ എത്ര രൂക്ഷമാകുന്നോ, എത്ര മനുഷ്യത്വ വിരുദ്ധമാകുന്നോ അത്രയും കൂടുതല്‍ ആളുകള്‍ ഭീകരവാദം തേടിവരും. അതിനു പകരം സമാധാനപരമായി അല്ലാതെ ജനാധിപത്യപരമായ രീതിയില്‍ ഈ വിഷയത്തെ കൈകാര്യം ചെയ്യാനുള്ള വാതില്‍ കൂടി നാം തുറന്നിട്ടാല്‍ ഭീകരവാദത്തില്‍ എത്തിപ്പറ്റാന്‍ സാധ്യതയുള്ള പല ആളുകളും ആ വാതില്‍ തെരഞ്ഞെടുക്കും. ആസാമിലും പഞ്ചാബിലും അക്രമം അവസാനിച്ചത് സൈനിക നടപടി കൊണ്ട് മാത്രമല്ല, ജനാധിപത്യ പ്രക്രിയയുടെ വിജയം കൊണ്ടുകൂടിയാണ്.

ഭീകരവാദം അവസാനിപ്പിക്കാന്‍ മൂന്നാമത് ഒരു കാര്യം കൂടി ആവശ്യമാണ്. എല്ലാ തീവ്രവാദികളും ഭീകരവാദികളല്ല എന്ന് പറഞ്ഞെങ്കിലും, തീവ്രവാദമാകുന്ന ചെളിക്കുണ്ടിലാണ് ഭീകരവാദികളാകുന്ന മുതലകള്‍ക്ക് വളരാനും ഒളിഞ്ഞിരിക്കാനും എളുപ്പത്തില്‍ സാധിക്കുന്നത്. അറിവിന്റെ അഭാവമാണ് തീവ്രവാദമുണ്ടാക്കുന്നത്. സമൂഹത്തില്‍ പൊതുവെയുള്ള അറിവ് വര്‍ദ്ധിപ്പിക്കുക എന്നത് തീവ്രവാദത്തെ അടിസ്ഥാനപരമായി തുരത്താന്‍ അത്യന്താപേക്ഷിതമാണ്. " “With guns you can kill terrorists, with education you can kill terrorism.” എന്ന മലാല യൂസഫായിയുടെ വാക്കുകള്‍ ഓര്‍ക്കുക.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക