Image

രക്തച്ചൊരിച്ചിലില്ലാതെ പള്ളിയിലെ അധികാരം സ്ഥാപിച്ചു നല്‍കാന്‍ കഴിയില്ലെന്ന് പൊലീസ്

Published on 19 February, 2019
രക്തച്ചൊരിച്ചിലില്ലാതെ പള്ളിയിലെ അധികാരം സ്ഥാപിച്ചു നല്‍കാന്‍  കഴിയില്ലെന്ന് പൊലീസ്
കൊച്ചി: രക്തച്ചൊരിച്ചിലില്ലാതെ ഓര്‍ത്തഡോക്‌സ് വിഭാഗം വികാരി തോമസ് പോള്‍ റമ്പാന് കോതമംഗലം ചെറിയ പള്ളിയിലെ അധികാരം സ്ഥാപിച്ചു നല്‍കാന്‍ അടിയന്തരമായി കഴിയില്ലെന്ന് പൊലീസ് ഹൈകോടതിയില്‍. ഓര്‍ത്തഡോക്‌സ് -യാക്കോബായ സഭാ വിഭാഗങ്ങള്‍ തമ്മിലെ തര്‍ക്കം പരിഹരിക്കാന്‍ അഞ്ചംഗ മന്ത്രിസഭ ഉപസമിതി രൂപവത്കരിച്ചിട്ടുണ്ട്.

ഈ സാഹചര്യത്തില്‍ ഓര്‍ത്തഡോക്‌സ് വിഭാഗത്തിന് അനുകൂല സുപ്രീംകോടതി ഉത്തരവ് നടപ്പാക്കാന്‍ സമയം അനുവദിക്കണമെന്നും അല്ലാത്തപക്ഷം വന്‍തോതില്‍ ജീവാപായത്തിനും നാശനഷ്ടത്തിനും സാധ്യതയുണ്ടെന്നും മൂവാറ്റുപുഴ ഡിവൈ.എസ്.പി ഹൈകോടതിയില്‍ സമര്‍പ്പിച്ച വിശദീകരണ പത്രികയില്‍ പറയുന്നു. സുപ്രീംകോടതി ഉത്തരവും പൊലീസ് സംരക്ഷണം നല്‍കാനുള്ള മുന്‍സിഫ് കോടതി ഉത്തരവും നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് തോമസ് പോള്‍ റമ്പാനടക്കം നല്‍കിയ ഹരജിയിലാണ് വിശദീകരണം.

2018 ഡിസംബര്‍ 20ന് പള്ളിയില്‍ പ്രവേശിക്കാന്‍ ശ്രമിച്ച സമയത്ത് ഹരജിക്കാരനായ റമ്പാന്‍ ഫാ. തോമസ് പോളിന് സംരക്ഷണം നല്‍കിയിരുന്നു. എന്നാല്‍, തടിച്ചുകൂടിയ സ്ത്രീകളും കുട്ടികളുമടക്കം 5000 ത്തോളം വിശ്വാസികള്‍ റമ്പാന്‍ മടങ്ങിപ്പോകണമെന്ന മുദ്രാവാക്യം മുഴക്കി വഴി തടഞ്ഞു പ്രതിഷേധിചു. ശക്തമായ പ്രതിഷേധം നടക്കുമ്പോള്‍ രക്തച്ചൊരിച്ചിലില്ലാതെ റമ്പാനെ അകത്തു പ്രവേശിപ്പിക്കുന്നത് പ്രായോഗികമല്ലായിരുന്നു. പൊലീസിനേക്കാള്‍ അംഗബലം പ്രതിഷേധക്കാര്‍ക്കുണ്ടായിരുന്നു. പിറ്റേന്നും പ്രതിഷേധം തുടര്‍ന്നു. എന്നാല്‍, റമ്പാന് എല്ലാ സംരക്ഷണവും പൊലീസ് നല്‍കി.

20നും 21നും റമ്പാനെ തടയുകയും സംഘര്‍ഷമുണ്ടാക്കുകയും ചെയ്തതിന് മൂന്ന് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 200 പേരെ അറസ്റ്റ് ചെയ്തു. കോതമംഗലം താലൂക്കിലെ ഒരു വലിയ വിഭാഗം ജനങ്ങളുടെ വിശ്വാസ കേന്ദ്രമാണ് ഈ പള്ളി. ഇടവകയിലെ 99 ശതമാനം പേരും യാക്കോബായ വിഭാഗക്കാരാണ്. പള്ളി നിയന്ത്രണം ഓര്‍ത്തഡോക്‌സ് വികാരി ഏറ്റെടുക്കുന്നത് എതിര്‍ക്കുന്ന വിഭാഗക്കാര്‍ ഇതിനെതിരെ ഏത് അക്രമത്തിനും മുതിരും. വലിയ വിഭാഗം വിശ്വാസികള്‍ എതിര്‍ക്കുന്ന സാഹചര്യത്തില്‍ കോടതിവിധി നടപ്പാക്കാന്‍ മതിയായ സമയം വേണം.

കോടതി ഉത്തരവ് നടപ്പാക്കാന്‍ സാധ്യമായ നടപടികളെല്ലാം സ്വീകരിച്ചിരുന്നു. മതിയായ പൊലീസ് സേനയെയും വിന്യസിച്ചിരുന്നു. എന്നാല്‍, സാഹചര്യങ്ങള്‍ മൂലമാണ് പിന്നാക്കം പോകേണ്ടി വന്നത്. വിശദീകരണ പത്രികയില്‍ പറയുന്നു. (Madhyamam)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക