Image

കൊലയാളിപ്പാര്‍ട്ടി എന്ന വിളിപ്പേരില്‍ നിന്നും തലയൂരാന്‍ സിപിഎം നടത്തുന്ന പെടാപാടുകള്‍

കലാകൃഷ്ണന്‍ Published on 20 February, 2019
കൊലയാളിപ്പാര്‍ട്ടി എന്ന വിളിപ്പേരില്‍ നിന്നും തലയൂരാന്‍ സിപിഎം നടത്തുന്ന പെടാപാടുകള്‍

മുന്‍ ഇടതുപക്ഷ സഹയാത്രികനും കവിയുമായ ഉമേഷ് ബാബു കഴിഞ്ഞ ദിവസം പറഞ്ഞൊരു കാര്യമുണ്ട്. സിപിഎം ഒരു ബാര്‍ബേറിയന്‍ സ്വഭാവത്തിലേക്ക് ടി.പി ചന്ദ്രശേഖരന്‍ കൊലപാതകത്തിന് ശേഷം പൂര്‍ണ്ണമായും മാറിയിരിക്കുന്നു. 
വെറുതെയൊരു വിമര്‍ശനമല്ല ഇത്. കൃത്യമായി നിരീക്ഷിച്ചാല്‍ ഉമേഷ് ബാബുവിന്‍റെ വിമര്‍ശനം ഏറെ കാതലുള്ള ഒന്നായി കാണാം. ടി.പി ചന്ദ്രശേഖരന്‍ കൊലപാതകത്തിന് ശേഷമാണ് സിപിഎം പ്രതിസ്ഥാനത്തുള്ള കൊലപാതകങ്ങളെ ന്യായീകരിക്കാന്‍ അണികളും പാര്‍ട്ടി കൂലിയെഴുത്തുകാരും മനസാക്ഷിക്കുത്തില്ലാതെ രംഗത്തിറങ്ങി തുടങ്ങിയത്. അതെങ്ങനെയാണ് സംഭവിച്ചത് എന്ന് ചോദിച്ചാല്‍ ഉത്തരം പിണറായി വിജയനില്‍ മുതല്‍ ഷംസീര്‍ എം.എല്‍.എയില്‍ വരെ നില്‍ക്കും. 
കൊല്ലപ്പെട്ടിട്ടും രണ്ട് തവണയാണ് പിണറായി വിജയന്‍ ടി.പി ചന്ദ്രശേഖരനെ കുലംകുത്തിയെന്ന് വിളിച്ച് അധിക്ഷേപിച്ചത്.  അതിനേക്കാള്‍ ഒരുപടി കൂടി കടന്ന് ടി.പി ചന്ദ്രശേഖരനെ വധിച്ചതിന് കോടതി ശിക്ഷിച്ച കുറ്റവാളി ജാമ്യത്തില്‍ ഇറങ്ങിയപ്പോള്‍ അയാള്‍ക്ക് വിവാഹം നടത്തിക്കൊടുക്കാന്‍ മുന്നില്‍ നിന്നത് ഷംസീര്‍ എംഎല്‍എയാണ്. ഇങ്ങനെയൊക്കെ നേതാക്കന്‍മാര്‍ തയാറാകുമ്പോള്‍ അണികള്‍ മോശമാകാന്‍ തരമില്ലല്ലോ. ഇവരുടെ അണികള്‍ ചന്ദ്രശേഖരന്‍റെ വിധവയെ ആസ്ഥാന വിധവ എന്ന് വിളിച്ച് ക്രൂരമായി അധിക്ഷേപിക്കുന്ന നിലയിലെത്തി. അവിടുന്നിങ്ങോട്ട് സിപിഎമ്മിന്‍റെ എല്ലാ അതിക്രമങ്ങളും സിപിഎം പ്രതിസ്ഥാനത്ത് വരുന്ന കൊലപാതകങ്ങളും രാഷ്ട്രീയമായി ന്യായീകരിക്കാം എന്നൊരു സ്ഥിതി കേരളത്തില്‍ സിപിഎം അനുവര്‍ത്തിച്ചു പോരുന്നുണ്ട് എന്ന് സമ്മതിക്കേണ്ടി വരും. 
എന്നാല്‍ കാസര്‍ഗോഡ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ഇരട്ടകൊലപാതകം കേരളമനസാക്ഷിയെ നടുക്കിയത് പാര്‍ട്ടി നേരിട്ട് മണത്തറിഞ്ഞു. ഒരു ഇലക്ഷന്‍ കാലത്ത് പാര്‍ട്ടിക്ക് പിടിച്ചു നില്‍ക്കാന്‍ കഴിയില്ലെന്ന് ബോധ്യപ്പെട്ടു. 
എന്നിട്ടും പാര്‍ട്ടി സെക്രട്ടറി കോടിയേരിയും മുഖ്യമന്ത്രി പിണറായി വിജയനും ചില തന്ത്രങ്ങള്‍ പയറ്റി നോക്കി. ഇലക്ഷന്‍ അടുത്ത് നില്‍ക്കുമ്പോള്‍ രാഷ്ട്രീയബോധമുള്ള സിപിഎംകാര്‍ ഇത് ചെയ്യില്ല എന്ന മട്ടിലൊക്കെ ന്യായം നിരത്തി നോക്കി പക്ഷെ വിലപ്പോയില്ല. 
അവസാനം പീതാംബരന്‍ എന്ന ലോക്കല്‍ കമ്മറ്റിയംഗം പിടിയിലായി. താന്‍ കഞ്ചാവിന്‍റെ ലഹരിയില്‍ വ്യക്തിവൈരാഗ്യം കാരണമാണ് കൊലപാതകം നടത്തിയത് എന്നാണ് പീതാംബരന്‍റെ മൊഴി. പീതാംബരനെ പാര്‍ട്ടി പുറത്താക്കി കൈകഴുകി. 
എന്നാല്‍ പീതാംബരിന്‍റെ ഭാര്യ ഉറപ്പിച്ചു പറയുന്ന പാര്‍ട്ടിക്ക് വേണ്ടി എന്തും ചെയ്യുന്നയാളാണ് പിതാംബരന്‍. പാര്‍ട്ടി അറിയാതെ ഒന്നും സംഭവിക്കില്ല. 
സിപിഎമ്മിനെ സത്യത്തില്‍ പൊള്ളിക്കുന്നതാണ് പിതാംബരന്‍റെ ഭാര്യയുടെ തുറന്നു പറച്ചില്‍. 
ഇക്കാര്യം മാധ്യമപ്രവര്‍ത്തകര്‍ സൂചിപ്പിച്ചപ്പോള്‍ അവര്‍ വിഷമത്തില്‍ ഓരോന്ന് വിളിച്ചു പറയുന്നതായിരിക്കും എന്നാണ് കോടിയേരിയുടെ കണ്ടുപിടുത്തം. 
എന്തൊരു അസംബന്ധം നിറഞ്ഞ പ്രതികരണമാണ് സിപിഎം സംസ്ഥാന സെക്രട്ടറിയുടേത്. ഇന്നലെ വരെ കൂടെയുള്ള സഖാവിന്‍റെ ഭാര്യയായിരുന്നു അവര്‍. ഇന്നാണ് പീതാംബരന്‍റെ പാര്‍ട്ടിയില്‍ നിന്ന് പുറത്തായത്. പക്ഷെ ഇന്നലെ വരെ അവര്‍ നിങ്ങള്‍ക്കൊപ്പമുള്ളവര്‍ തന്നെയായിരുന്നു. എന്തും ഏതും എണ്ണയിട്ട യന്ത്രം പോലെ അനുസരിക്കുന്ന അണികളുള്ള സിപിഎമ്മില്‍ വര്‍ഷങ്ങളായി ഒരു പാര്‍ട്ടി കേഡറായ തന്‍റെ ഭര്‍ത്താവ് പാര്‍ട്ടി അറിയാതെ ഇങ്ങനെയൊരു കാര്യം ചെയ്യില്ല എന്ന് അയാളുടെ ഭാര്യ പറഞ്ഞാല്‍ അത് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യും. അതില്‍ സത്യമുണ്ടാകുമല്ലോ എന്ന് ജനം ചിന്തിക്കും. അതിന് ആരെയും കുറ്റും പറഞ്ഞിട്ട് കാര്യമില്ല. അങ്ങനെ ഓരോന്ന് വിളിച്ചു പറയുന്നതായി ജനത്തിന് കാണാന്‍ കഴിയില്ല. 
അങ്ങനെയെങ്കില്‍ പാര്‍ട്ടിക്ക് പങ്കില്ല എന്ന് പാര്‍ട്ടി സെക്രട്ടറി പറയുന്നതും ഓരോ വിളിച്ചു പറച്ചിലുകളായി കാണേണ്ടതല്ലേ.
പിതാംബരന്‍ എന്ന അണിയെ ബലികൊടുത്ത് പാര്‍ട്ടിയുടെ മുഖം രക്ഷിക്കാനുള്ള തന്ത്രപ്പാടിലാണ് ഇപ്പോള്‍ സിപിഎം നേതൃത്വം. അശോകന്‍ ചെരുവിലിനെപ്പോലെയുള്ള കൂലിയെഴുത്ത് സാഹിത്യകാരന്‍മാരെ രംഗത്തിറക്കി ഇതാ മാതൃകയുള്ളൊരു പാര്‍്ട്ടി എന്ന മട്ടില്‍ സ്തുതി ഗീതം ഇറക്കുകയാണ് ഇപ്പോള്‍. എന്നാല്‍ പിതാംബരന്‍റെ കാര്യത്തിലുള്ള ശുഷ്കാത്തി എന്തുകൊണ്ട് കൊടി സുനിയുടെ കാര്യത്തില്‍ പാര്‍ട്ടി കാണിക്കുന്നില്ല. കൊടി സുനിക്ക് ആവശ്യം പോലെ പരോളും സംവിധാനങ്ങളും സംഘടിപ്പിച്ചുകൊടുക്കുന്നത് സിപിഎം അല്ല എന്ന് പറയാന്‍ കഴിയുമോ. 
ടി.പി ചന്ദ്രശേഖരന്‍റെ ഭാര്യ രമയെ കേരളത്തിലെ തെരുവുകളില്‍ അപമാനിച്ചത് പോലെ പീതംബാരന്‍റെ ഭാര്യയെ അപമാനിക്കുവാന്‍ സിപിഎമ്മിനെ അനുവദിച്ചു കൂടാ. അവര്‍ക്ക് പറയാനുള്ളത് പറയാനുള്ള ധൈര്യം നല്‍കേണ്ടത് കേരളത്തിലെ ജനസമൂഹമാണ്. കാസര്‍ഗോഡ് ഇരട്ടക്കൊലപാതകത്തില്‍ സിപിഎം നേതൃത്വത്തിന്‍റെ ഗൂഡാലോചനയുണ്ടോ എന്ന് സംശയിക്കാനും അതിന്‍റെ നിജസ്ഥിതി അറിയാനും ഒരേ പൗരനും അവകാശമുണ്ട്. ആ അവകാശത്തിന് വേണ്ടിയാണ് ഇനി കേരളീയ മനസാക്ഷി നിലകൊള്ളേണ്ടത്. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക