Image

കാലത്തിന്റെ കോലം മാറുന്നതറിയാതെ പുലമ്പുന്ന ചിലപുരോഹിതന്മാര്‍!- (നെടുവേലില്‍, ഫ്‌ളോറിഡ)

ജോര്‍ജ് നെടുവേലില്‍, ഫ്‌ളോറിഡ Published on 21 February, 2019
കാലത്തിന്റെ കോലം മാറുന്നതറിയാതെ പുലമ്പുന്ന ചിലപുരോഹിതന്മാര്‍!- (നെടുവേലില്‍, ഫ്‌ളോറിഡ)
അമേരിക്കയുടെ സാമ്പത്തിക തലസ്ഥാനമായ ന്യൂയോര്‍ക്ക് നഗരംപോലെ ഇറ്റലിയുടെ സാമ്പത്തിക രാജധാനിയായി വിരാജിക്കുന്ന നഗരമാണ് മിലാന്‍. രാപ്പകല്‍ വ്യത്യാസമില്ലാതെ ത്രസിക്കുന്ന മിലാന്‍നഗരം 2012 സെപ്റ്റംബര്‍ 2ന് പൊടുന്നനവേ നിശ്ചലമായി. ആയിരക്കണക്കിന്ക ത്തോലിക്കരുടെയും മറ്റു മതസ്ഥരുടെയും അവിശ്വാസികളുടെയും ആരാധനാപാത്രമായിരുന്ന    കാര്‍ലോ മാരിയോ മാര്‍ട്ടിന്‍ അന്നേദിവസം അവരെ ദുഖനിമഗ്‌നരാക്കിക്കൊണ്ട്  എന്നേക്കുമായി വിട്ടുപിരിഞ്ഞു. വര്‍ഷങ്ങളായി മിലാന്‍ നിവാസികളെ സേവിച്ചും സ്‌നേഹിച്ചും, അവരുടെ സ്‌നേഹാദരവുകള്‍ ആര്‍ജ്ജിച്ചും ജീവിച്ചിരുന്ന കര്‍ദിനാളായിരുന്നു കാര്‍ലോ. കാലത്തിന്റ്റെ മാറ്റങ്ങള്‍ മനസിലാക്കാത്ത,  മനസ്സിലാക്കാന്‍ മനസ്സുതുറക്കാത്ത കത്തോലിക്കാ സഭാധികാരികള്‍ക്ക് ഒരു അപവാദമായിരുന്നു  കര്‍ദിനാള്‍ കാര്‍ലോ. അക്കാരണത്താല്‍ യാഥാസ്ഥിക സഭാനേതൃത്വത്തിന് അദ്ദേഹം അനഭിമതനുമായിരുന്നു .

മരണത്തിനു മൂന്നുനാള്‍ മുന്‍പ്, മരണക്കിടക്കയില്‍ കിടന്നുകൊണ്ട് നല്‍കിയ ഒരു അഭിമുഖത്തില്‍ അദ്ദേഹം ഉച്ചരിച്ച വാക്കുകള്‍ ശ്രദ്ധിക്കുക: 'കുറഞ്ഞത് 200 വര്‍ഷമെങ്കിലും പിന്നിലാണ് കത്തോലിക്കാ സഭയുടെ നില്‍പ്പും നീക്കങ്ങളും. അവളുടെ അനുഷ്ഠാനങ്ങളും ആചാരങ്ങളും ഏറെയും പൊള്ളയും ആടൊപവുമാണ്'.

 സഭ 200 വര്‍ഷം പിന്നിലാണെന്നുള്ള, കാലം ചെയ്ത കര്‍ദിനാളിന്റ്റെ നിരീക്ഷണം യൂറോപ്യന്‍ സഭയെ സംബന്ധിച്ച് ശരിയാണെങ്കിലും, വികസിച്ചു കൊണ്ടിരിക്കുന്ന പ്രദേശങ്ങളിലെ സഭയെ സംബന്ധിച്ചിടത്തോളം അഞ്ചു നൂറ്റാണ്ടെങ്കിലും പിന്നിലാണെന്ന് പറയേണ്ടിയിരിക്കുന്നു. ഇന്ത്യ, ആഫ്രിക്കന്‍ രാജ്യങ്ങള്‍, ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങള്‍ എന്നിവ അക്കൂട്ടത്തില്‍ ഉള്‍പ്പെട്ടവയാണ്. കടുത്ത യാഥാസ്ഥിതിക മാര്‍പ്പാപ്പാമാരായ ജോണ്‍ പോള്‍ രണ്ടാമനും ബെനഡിക്ട് പതിനാറാമനും ഇക്കാര്യത്തില്‍ കുറ്റക്കാരാണെന്ന് പറയാതെ വയ്യ! അന്ധകാര യുഗത്തിലെ കത്തോലിക്കാസഭയുടെ മാറാല നിറഞ്ഞ ഇരുട്ടറകളും കൂരിരുട്ടുമായിരുന്നു അവര്‍ക്കു പഥ്യം. കാറ്റും വെളിച്ചവും കടന്നു വരാന്‍ ജോണ്‍ ഇരുപത്തിമൂന്നാമന്‍ പാപ്പാ തുറന്നിട്ട കതകുകളും ജനാലകളും, ഇരുട്ടും  നിഗൂഢതയും പൊടിയും ഇഷ്ട്ടപെട്ട പിന്‍ഗാമികള്‍ കൊട്ടിയടച്ചുകൊളുത്തിട്ടു. വളരെയേറെ പ്രതീക്ഷകള്‍ വാഗ്ദാനംചെയ്ത രണ്ടാം വത്തിക്കാന്‍ സൂനഹദോസിന്റ്റെ പുരോഗമനപരമായ ചിന്തകളെയും നിര്‍ദ്ദേശങ്ങളെയും പിന്നീട് വന്ന മിക്ക പാപ്പാമാരും അവഗണിച്ചുഅട്ടിമറിച്ചു. രണ്ടാം വത്തിക്കാന്‍ സൂനഹദോസിന്റ്റെ നിര്‍ദ്ദേശങ്ങള്‍ പാപ്പാസ്ഥാനത്തിന്റ്റെ പരമശക്തിക്ക് പാരയാകുമെന്നും, ഇന്നുവരെ സഭ അടിമകളാക്കി അടിച്ചമര്‍ത്തി നിറുത്തിയിരിക്കുന്ന അല്‍മേനികള്‍ ആളുകളിക്കാന്‍ ഇടയാക്കുമെന്നും വത്തിക്കാന്‍ ഭയപ്പെടുന്നു. 'ദാ വന്നു; ദേ പോയി'   എന്ന് രണ്ടാം വത്തിക്കാന്‍ സൂനഹദോസിനെപ്പറ്റി പറയുന്നതില്‍ പതിരില്ല.    

അന്ധകാര യുഗത്തിന്റ്റെ മുഖമുദ്രയായ അഞ്ജതയും അന്ധവിശ്വാസങ്ങളും മുറുകെപ്പിടിക്കുവാന്‍ മടിയില്ലാത്ത അനേകര്‍ പുരോഹിത വേഷമണിഞ്ഞുകൊണ്ട് വിശ്വാസികളെ അബദ്ധപാതകളിലൂടെ തെളിക്കുവാന്‍  പാടുപെടുന്നു. വികസ്വര രാജ്യങ്ങളെക്കാള്‍ വികസിക്കാന്‍ വീര്‍പ്പുമുട്ടുന്ന ഇന്ത്യ പോലുള്ള രാജ്യങ്ങളിലാണ് ഇക്കൂട്ടര്‍ വിലസുന്നത്.

അടുത്തൊരു ദിവസം ഒരു അമേരിക്കന്‍ പള്ളിയില്‍ ഞായറാഴ്ച പരിപാടികളില്‍ സംബന്ധിക്കാന്‍ സംഗതിയായി. പള്ളിവേല അന്വേഷിച്ചു കേരളത്തില്‍ നിന്നും വന്ന ഒരു പുരോഹിതനായിരുന്നു കാര്‍മ്മികന്‍. വേനലിന്റ്റെ ആഗമനത്തില്‍ ഇമ്മാതിരി പള്ളിത്തൊഴിലാളികള്‍ വേനല്‍പക്ഷികളെപോലെ കേരളത്തില്‍നിന്നും അമേരിക്കയിലേക്ക് പറന്നെത്താറുണ്ട്‌ഡോളര്‍ വയലുകള്‍ തേടി. ഒന്നിലധികം വയലുകളില്‍ പണിയെടുക്കുന്നതില്‍ അവര്‍ ഉത്സുകരാണ്. അധരസേവ ആയാസമുള്ള പണിയല്ലല്ലോ. വേതനമോ, വളരെ ആകര്ഷണീയവും. യേശുവിന്റ്റെ പേരില്‍ വായനക്കിയാല്‍ കീശ നിറക്കാം. ആശ്വാസത്തോടെ മടങ്ങി പോകാം.  

അമേരിക്കന്‍ പള്ളിച്ചടങ്ങുകളുടെ ഇടക്കുള്ള പ്രസംഗം സാധാരണഗതിയില്‍ അഞ്ചു മിനിറ്റിനുള്ളില്‍ ഒതുങ്ങും. എന്നാല്‍ മലയാളി വൈദീകന്‍ ഇരുപതു മിനിറ്റോളം അത് വലിച്ചിഴച്ചു. പ്രധാനമായും രണ്ടു കാര്യങ്ങള്‍ പറയാനാണ് സമയം മെനക്കെടുത്തിയത്. മറ്റു ക്രിസ്തീയ സഭകളെ അദ്ദേഹം രൂക്ഷമായി വിമര്‍ശിച്ചു. അവരുടെ കുറ്റങ്ങളേയും കുറവുകളെയും ഉയര്‍ത്തിക്കാണിക്കുവാന്‍ ഉത്സാഹിച്ചു. അമേരിക്കയിലെ വര്‍ദ്ധിതമായ വിവാഹമോചനത്തെ അപലപിച്ചു. പള്ളിക്കര്‍മ്മങ്ങളില്‍ മുടങ്ങാതെ സംബന്ധിക്കാന്‍ വിശ്വാസികള്‍ കാണിക്കുന്ന വിമുഖതയാണ് വിവാഹമോചനങ്ങളുടെ അടിസ്ഥാന കാരണമെന്ന് സമര്‍ത്ഥിക്കാന്‍ അദ്ദേഹം സാഹസപ്പെട്ടു. ശ്രോതാക്കളില്‍ ചിലര്‍ വാച്ചില്‍ നോക്കുന്നതും അക്ഷമരാകുന്നതും ആരറിയാന്‍? അമ്പതു വര്‍ഷമായി ഞാന്‍ ഈ തൊഴിലില്‍ വിലസുന്നു എന്ന് പറഞ്ഞാണ് അദ്ദേഹം പ്രസംഗപീഠം വിട്ടത്.

ഇനിയും, അന്ധകാരയുഗത്തിന്റ്റെ ആരാധകരായ ചില പുരോഹിതന്മാര്‍ കേരളത്തില്‍ അരങ്ങേറുന്ന മാമാങ്കങ്ങള്‍ മനസ്സിലാക്കാന്‍ ശ്രമിക്കാം.

രണ്ടു മൂന്നു  വര്‍ഷങ്ങള്‍ക്കു മുന്‍പ്, ഭാരതത്തിന്റ്റെ വത്തിക്കാനെന്നു പുകഴ്ത്തപ്പെടുന്ന പാലാ പട്ടണത്തിലെ അരുണാപുരിയില്‍ ഒരു കത്തോലിക്കാ പുരോഹിതന്റ്റെ അരുളപ്പാടുണ്ടായി. റബ്ബര്‍വിലയില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന വിലയിടിവിന് കാരണം കര്‍ഷകര്‍ ദൈവത്തില്‍നിന്നും അകലുന്നതുകൊണ്ടെന്നായിരുന്നു അദ്ദേഹത്തിന്റ്റെ കണ്ടുപിടിത്തം. റബ്ബറിന് ഉയര്‍ന്ന വില കിട്ടാന്‍ സഹായിക്കുന്ന ദൈവത്തിന് വാരിക്കോരി കൊടുക്കുന്നതില്‍ കര്‍ഷകര്‍ പിശുക്കുകാണിക്കുന്നുവെന്ന് ദൈവത്തിന്റ്റെ പ്രതിപുരുഷനായ പുരോഹിതന്‍ പരിതപിച്ചു. തനിക്കര്‍ഹമായ വിഹിതം തരാത്തവരെ താങ്ങാന്‍ തമ്പുരാന്‍ മടി കാണിക്കുന്നുവെന്നായിരുന്നു കര്‍ത്താവിന്റ്റെ പ്രതിപുരുഷന്റ്റെ ഭാഷ്യം. കര്‍ത്താവിന്റ്റെ തിരുമനസ്സറിഞ്ഞു വിശ്വാസികളെ അപ്പളപ്പോള്‍  അറിയിക്കേണ്ടത് കര്‍ത്താവിന്റ്റെ പ്രതിപുരുഷന്മാരുടെ കടമയാണല്ലോ! ആ കടമയാണ് പ്രസ്തുത പുരോഹിതന്‍ നിര്‍വഹിച്ചതെന്ന് അദ്ദേഹത്തെ സഹിച്ച വിശ്വാസികള്‍ ആശ്വസിച്ചിട്ടുണ്ടാവും. 

വര്‍ഷങ്ങള്‍ക്കു മുന്‍പ് സെക്കന്‍ഡറാബാദിലെ ഒരു ചാപ്പലില്‍ ഒരു തമിഴു പുരോഹിതന്‍ പൂജക്കിടയില്‍ ആവേശവിവശനായി പേശിയതിങ്ങനെ:'ഉയിര് കൊടുത്ത ആണ്ടവന് മയിര് കൊടുക്ക മുടിയാതാ' തിരുപ്പതിയില്‍ ബാലാജിക്ക് ഭക്തന്മാര്‍ മയിരു മുറിച്ചു കൊടുക്കുന്ന പതിവുണ്ട്. അതിനെ ആധാരമാക്കിയായിരുന്നു അച്ചന്റ്റെ വേവലാതി.

വിശ്വാസികളുടെ ത്യാഗഫലമായ മയിരിനല്ല ഇവിടെ പ്രസക്തി. അതുമൂലം കെടക്കുന്ന കാശിനാണ്. യേശുവില്‍ ആശ്വാസം അരുളാനും അതിന്റ്റെ പേരില്‍ കീശയില്‍ ആശ്വാസം കണ്ടെത്താനുമാണല്ലൊ ആയിരക്കണക്കിന് ക്രിസ്തീയമതങ്ങളും അവരുടെ പുരോഹിതന്മാരും ശ്വാസംമുട്ടുന്നതും ശാന്തി നേരുന്നതും. കേരളത്തിലെ മുക്കിലും മൂലയിലും മുറുക്കാന്‍കട പോലെ പൊന്തി വന്നിരിക്കുന്ന ധ്യാനകേന്ദ്രങ്ങളുടെ ആശയവും ആശയും മറ്റൊന്നല്ല. ഈ ധ്യാനകേന്ദ്രങ്ങലെ ധ്യാമകേന്ദ്രങ്ങള്‍ എന്ന് വിളിക്കുന്നതല്ലേ 'ന്യായവും യുക്തവും'. കാശിന്റ്റെ തള്ളലുള്ള ഇടങ്ങളിലേക്കാണല്ലോ ഈ ധ്യാമകേന്ദ്രവേന്ദ്രന്‍മാരുടെ തള്ളല്‍ ശക്തമായിരിക്കുന്നത്.

ഇത്തരുണത്തില്‍ നാം ഒരു കാര്യം ഓര്‍ക്കുന്നത് ഉത്തമമായിരിക്കും. ഹിന്ദുക്കളുടെ ആചാരങ്ങളും വിശ്വാസങ്ങളും വച്ചുപുലര്‍ത്തുന്നതിനെതിരെ കണ്ഠക്ഷോഭം നടത്തുന്ന പുരോഹിതര്‍ തന്നെയാണ് കൊടിമരം പണിയാനും കൊടികയറ്റാനും ഓണം ആഘോഷിക്കാനും മുത്തുക്കുടയും ചെണ്ടകൊട്ടും വെഞ്ചാമരവും ആലവട്ടവും ആഘോഷങ്ങളില്‍ അണിനിരത്തുവാനും ആഹ്വാനം ചെയ്യുന്നത്. ചോദ്യം ചെയ്യാതെ അനുസരിക്കുന്നതാണല്ലോ അടിമകളായ പറ്റങ്ങളുടെ പതിവ്. അതിന് പറ്റിയ രീതിയിലാണല്ലോ പറ്റങ്ങളെ സഭ പോറ്റിയിരിക്കുന്നത്

എടുത്തുപറയാന്‍ ഏറെയുണ്ടെങ്കിലും ഒരു പുരോഹിതന്റ്റെ കോപ്രായം മനസ്സില്‍നിന്നും മാറാതെ നില്‍ക്കുന്നതുകൂടി പറയേണ്ടിയിരിക്കുന്നു. ജീന്‍സും ടീഷര്‍ട്ടും ധരിച്ചു പള്ളിയില്‍ കണ്ട കുമാരിമാരുടെയും യുവതികളുടെയും ജീന്‍സിനും ടീഷര്‍ട്ടിനും പിന്നിലുള്ളതിനെപ്പറ്റി ധ്യാനിച്ചും ആകുലപ്പെട്ടും ആക്രോശിക്കുന്ന ഒരു പുരോഹിതനെ യൂട്യൂബില്‍ നാം കണ്ടു മടുത്തതാണല്ലോ! ജീന്‍സ് ധാരികളായ പെണ്‍കുട്ടികളെ പള്ളിയില്‍നിന്നും അടിച്ചു പുറത്താക്കാന്‍ ആ  പുരോഹിതന്‍ പുലമ്പി. സുവിശേഷ സൂക്തങ്ങള്‍ ഏറെ ഉരുവിട്ടു.

പറ്റങ്ങള്‍ പതിച്ചു കൊടുത്തിരിക്കുന്ന അര്‍ഹതയില്ലാത്ത സ്ഥാനവും, ദൈവത്തിന്റ്റെ നാമത്തില്‍ പറ്റങ്ങളെ പറ്റിച്ചു തട്ടിയെടുക്കുന്ന തുട്ടുകളും, സഭാപദവിയിലൂടെ കൈവന്നിരിക്കുന്നു അതിരുകടന്ന അധികാരങ്ങളും കത്തോലിക്കാ പുരോഹിതന്മാരെ അഹങ്കാരികളും അസന്മാര്‍ഗികളും അപഥസഞ്ചാരികളും ആക്കിയതില്‍ അതിശയിക്കേണ്ടതില്ല.

മേല്‍ പറഞ്ഞവയെല്ലാം അടുത്തകാലത്ത് നടന്ന സംഭവങ്ങളാണ്. പെണ്കുട്ടികളുടെ ജീന്‍സ് ധാരണത്തിന്റ്റെ പേരില്‍ വിഷം ചീറ്റിയ പുരോഹിതനെതിരെ പള്ളിക്കാരും പത്രക്കാരും മാധ്യമങ്ങളും വനിതാ സംഘടനകളും രംഗത്തു വന്നത് സ്വാഗതാര്‍ഹമാണ്.

ആറു പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് കുട്ടനാട്ടിലെ ഒരു ആശ്രമദേവാലയത്തില്‍ ഒരു പുരോഹിതന്‍ പൂജാമധ്യേ നടത്തിയ പ്രസ്താവം പറയാതെ വയ്യ! തോട്ടപ്പള്ളി സ്പില്‍വേയും തണ്ണീര്‍മുക്കം ചിറക്കെട്ടും സ്വപ്നങ്ങളായി നില്‍ക്കുന്നകാലം. പുഞ്ചപ്പാടങ്ങളില്‍ കൃഷിയിറക്കി ഞാറ് കാറ്റാടി പരുവത്തിലാകുന്ന സമയത്തായിരിക്കും ദിവസങ്ങള്‍ നീണ്ടു നില്‍ക്കുന്ന പേമാരിയുടെ വരവ്. കാര്യമായ ബലമില്ലാത്ത പുറംവരമ്പുകളെ തകര്‍ത്തുകൊണ്ട് കിഴക്കന്‍ വെള്ളം കൃഷി നശിപ്പിച്ചേ അടങ്ങൂ. വര്‍ഷാവര്‍ഷം കുട്ടനാടു കര്‍ഷകര്‍ക്ക് ഇതൊരു ശാപംപോലെ അനുഭവപ്പെട്ടിരുന്നു. ഇതിനെപ്പറ്റിയുള്ള പള്ളിലച്ചന്റ്റെ പ്രസ്താവം ഇങ്ങനെ ആയിരുന്നു: 'പാടങ്ങള്‍ മടവീഴുന്നു; എന്തുകൊണ്ടെന്നാല്‍ സ്ര്തീകളുടെ വസ്ത്രധാരണമാകുന്നു' . ലോകത്തിലെ എല്ലാ പ്രശ്‌നങ്ങളുടെയും കാരണം സ്ര്തീയുടെ തലയില്‍ കെട്ടിവയ്ക്കാനാണല്ലൊ മതങ്ങളെല്ലാം ഉത്സാഹിക്കുന്നത്          

ഇടുക്കിയിലും എറണാകുളത്തും തൃശൂരും പുരോഹിതപ്രമാണിമാര്‍ കുമ്പസാരത്തെപ്പറ്റിയും,  കുടുംബാസൂത്രണത്തെപ്പറ്റിയും, പരിശുദ്ധാരൂപിയുടെ പ്രത്യേകവരത്താല്‍ കൈവന്നിരിക്കുന്ന അധികാരാവകാശങ്ങളെപ്പറ്റിയും വായ് തുറക്കുകയും, അധികാരലഹരിയും അഹങ്കാരഗര്‍വും ജീവന്‍കൊടുത്ത അന്തസ്സാരശൂന്യമായ ആടുലേഖനങ്ങള്‍ പടച്ചുവിടുകയും ചെയ്യുമ്പോള്‍ നാണിച്ചു ചൂളുന്നത് സഭയിലെ കീഴാളവര്‍ഗ്ഗമായ അല്‍മേനികളാണ്. 'ഞാന്‍ ഏതുമറിഞ്ഞില്ലേ രാമനാരായണാ' എന്ന ഭാവത്തില്‍ സഭാപ്രമാണിമാര്‍ രാജകീയ വസ്ത്രങ്ങളും സ്വര്‍ണ്ണക്കുരിശും അണിഞ്ഞു ചലിക്കുംകൊട്ടാരങ്ങളില്‍ സര്‍ക്കീട്ടു നടത്തും. പുഞ്ചിരിച്ചുകൊണ്ട് സ്വീകരണങ്ങള്‍ ഏറ്റുവാങ്ങും.

പുരോഹിതന്മാരുടെ തൊഴി കൊള്ളുന്നതില്‍ അഭിമാനിക്കുകയും തൊഴുതു നില്‍ക്കുകയും ചെയ്യുന്ന ഏഴകളായ വിശ്വാസിപറ്റങ്ങള്‍ ഏറിനില്‍ക്കുന്നിടത്തോളംകാലം സഭയും സഭാധികാരികളും അടിച്ചേല്‍പ്പിക്കുന്ന വ്യാകുലങ്ങള്‍ കര്‍ത്താവിന്റ്റെയും കന്യകാമറിയത്തിന്റ്റെയും വ്യാകുലങ്ങളോടു ചേര്‍ത്ത് കാഴ്ച്ചവെച്ചു കഴിയുവാനേ കേരളത്തിലെ കത്തോലിക്കാ വിശ്വാസികള്‍ക്ക് വിധിച്ചിട്ടുള്ളു!

കേരള കത്തോലിക്കാ സഭാമേധാവികള്‍ മാറ്റത്തിന്റ്‌റെ മാറ്റൊലി ശ്രവിക്കാന്‍ മടി കാണിക്കുന്നുവെങ്കിലും, സഭാപറ്റങ്ങള്‍ക്കിടയില്‍ മാറ്റത്തിന്റ്റെ കാറ്റ് ആഞ്ഞടിച്ചു തുടങ്ങിയിട്ടുണ്ട്. ഒരു വര്‍ഷം മുന്‍പ് നമ്മെ വിട്ടുപിരിഞ്ഞ ശ്രീ. ജോസഫ് പുലിക്കുന്നേല്‍സാറിനോട് നാം ഇക്കാര്യത്തില്‍ കടപ്പെട്ടിരിക്കുന്നു. ആ ഒറ്റയാള്‍ പട്ടാളത്തിന്റ്റെ അഞ്ചു പതിറ്റാണ്ടുകാലത്തെ പടവെട്ടിന്റ്റെ ഫലം കണ്ടുതുടങ്ങിയിരിക്കുന്നു. അഭിഷിക്തരെ ചോദ്യം ചെയ്യാനും വേണ്ടി വന്നാല്‍ കോടതികയറ്റാനുമുള്ള ധീരതയും കരുത്തും നമുക്ക് നേടിത്തന്നിട്ടാണ് അദ്ദേഹം പരലോകം പൂകിയത്. അവിടെയിരുന്നുകൊണ്ട്, കേരള വിശ്വാസസമൂഹത്തിലുണ്ടായ മാറ്റത്തില്‍ അദ്ദേഹം നിര്‍വൃതി കൊള്ളുന്നുണ്ടാവും.

ശ്രീ.പുലിക്കുന്നേല്‍സാര്‍ കൊളുത്തിയ മാറ്റത്തിന്റ്റെ ദീപശിഖ അണഞ്ഞുപോകാതെ ഉത്തരോത്തരം ജ്വലിപ്പിക്കുന്നതില്‍ ഉത്സാഹിക്കുന്ന ഒരു പ്രസിദ്ധീകരണം നമുക്കിന്ന് ഉണ്ടെന്നുള്ളത് ആശ്വാസകരവും അഭിമാനകരവുമാണ്. പാലായില്‍ നിന്നും പസിദ്ധീകരിക്കുന്ന 'സത്യജ്വാല' മാസികക്ക്, സഭയിലെ മാറ്റത്തിനുവേണ്ടി മനംനൊന്ത് പരിശ്രമിക്കുകയും ആഗ്രഹിക്കുകയും ചെയ്യുന്ന എല്ലാ നല്ല വിശ്വാസികളും എല്ലാവിധത്തിലുമുള്ള പ്രോത്സാഹനങ്ങള്‍ നല്‍കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

സത്യജ്വാല(മാസിക) : കേരളകത്തോലിക്കാ നവീകരണപ്രസ്ഥാനം ഒരുക്കുന്ന സ്വതന്ത്ര ചര്‍ച്ചാവേദി.

പ്രസാധകന്‍: ശ്രീ. ജോര്‍ജ് മൂലേച്ചാലില്‍

പ്രസിദ്ധീകരിക്കുന്നത്: ഭാരതവത്തിക്കാനായ പാലായില്‍നിന്ന്മാസംതോറും

ഫോണ്‍ : 8848827644. ഇമെയില്‍ : josantonym@gmail.com.

  നാളില്‍ നാളില്‍ വളരട്ടെ ഉജ്ജ്വലമായി സത്യജ്വാല!

കാലത്തിന്റെ കോലം മാറുന്നതറിയാതെ പുലമ്പുന്ന ചിലപുരോഹിതന്മാര്‍!- (നെടുവേലില്‍, ഫ്‌ളോറിഡ)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക