Image

തീവ്രവാദികളെ നിങ്ങളെന്തു നേടി? (പകല്‍ക്കിനാവ് : ജോര്‍ജ് തുമ്പയില്‍)

ജോര്‍ജ് തുമ്പയില്‍ Published on 21 February, 2019
തീവ്രവാദികളെ നിങ്ങളെന്തു നേടി?  (പകല്‍ക്കിനാവ്  : ജോര്‍ജ് തുമ്പയില്‍)
ഒരു ഇന്ത്യക്കാരന്‍ എന്ന നിലയ്ക്ക് ഇപ്പോള്‍ നടമാടിയ തീവ്രവാദി ആക്രമണം ഓരോ ഭാരതീയന്റെയും ചോര തിളപ്പിക്കുകയാണ്. ഒരു രാജ്യത്തിന്റെ സംരക്ഷകര്‍ എന്ന് അക്ഷരാര്‍ത്ഥത്തില്‍ വിശ്വസിക്കുന്ന കാവല്‍ ആളുകള്‍ക്ക് നേരെയാണ് ഇപ്പോഴത്തെ സ്‌ഫോടനം ഉണ്ടായിരിക്കുന്നത്. അതും രാജ്യത്തിനകത്ത് വിധ്വംസക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന ഒരു തീവ്രവാദി സംഘടനയില്‍ നിന്നും. ആത്മാഭിമാനമുള്ള ഒരു ഇന്ത്യക്കാരന്‍ എന്ന നിലയ്ക്ക് ലോകത്തിന്റെ ഏതു ഭാഗത്ത് ജീവിക്കുന്ന ഏതൊരാളും ഈ സംഭവത്തോടു പ്രതികരിക്കുന്നത് വളരെ വൈകാരികമായി തന്നെയായിരിക്കാം. നമ്മുടെ രാജ്യത്തിന്റെ ഐക്യത്തെയും അഖണ്ഡതയെയും തകര്‍ക്കുന്ന ഏതൊരു നീക്കത്തെ പല്ലും നഖവും ഉപയോഗിച്ച് ചെറുക്കണം. എന്നാല്‍ ലോക സമൂഹങ്ങളില്‍ സാംസ്‌കാരികമായി ഏറെ ഔന്നത്യം പുലര്‍ത്തുന്ന ഇന്ത്യ എന്ന രാജ്യം പലപ്പോഴും പല വിട്ടുവീഴ്ചകള്‍ക്കും തയ്യാറാകുന്നുണ്ട്. അത് ഒരു ബലഹീനതയായി കണ്ടുകൊണ്ട് അതിനെ ചൂഷണംചെയ്യുന്ന ശത്രുക്കളായ അയല്‍രാജ്യങ്ങള്‍ പലപ്പോഴും നമ്മുടെ സഹിഷ്ണുതയ്ക്ക് മേലെയാണ് ചാവേറുകളായി നിന്നു കത്തുന്നത്. 

തീവ്രവാദത്തെ ഒരു രാജ്യവും പ്രോത്സാഹിപ്പിക്കുന്നില്ല. ഇന്ത്യയിലും അമേരിക്കയിലും അങ്ങനെതന്നെ. തീവ്രവാദികളുടെ ബലിപ്പുരകളായി ഒരു രാജ്യവും മാറരുതെന്ന് ആഗ്രഹിക്കുന്നയാളാണ് ഈ ലേഖകനും. എന്നാല്‍ പലപ്പോഴും മധ്യപൂര്‍വ്വ ഏഷ്യയുടെ വിവിധ ഭാഗങ്ങളില്‍നിന്ന് മതത്തിന്റെ പേരില്‍ നാം കേട്ടുകൊണ്ടിരിക്കുന്ന വാദകോലാഹലങ്ങള്‍ പ്രത്യക്ഷമായും പരോക്ഷമായും നമ്മുടെ രാജ്യത്തിനുമേല്‍ വലിയ ആഘാതമാണ് ഏല്‍പ്പിക്കുന്നത്. മനുഷ്യനെ കൊന്നൊടുക്കിക്കൊണ്ട് മതത്തിന്റെ പേരില്‍ ജിഹാദികള്‍ നടത്തുന്നതു കൊല്ലും കൊലയും തികഞ്ഞ അപരിഷ്‌കൃതവും അപക്വവുമാണെന്ന് എത്രയാവര്‍ത്തി തെളിയിച്ചു കഴിഞ്ഞതാണ്. എന്നാല്‍ അവര്‍ മാത്രം ഒന്നും പഠിക്കുന്നില്ല. തീവ്രവാദങ്ങള്‍ വെറും ഭീകരപ്രവര്‍ത്തനങ്ങള്‍ ആയിമാറി വെടിവയ്പ്പും ബോംബ് സ്‌ഫോടനങ്ങളുമായി രാജ്യത്താകെ അരക്ഷിതാവസ്ഥ പടര്‍ത്തുമ്പോള്‍ നമ്മുടെ നാടിന്റെ ശക്തിയെയാണ് ഇവര്‍ പരീക്ഷിക്കുന്നത്. ഇത് എതിര്‍ക്കപ്പെടേണ്ടതു തന്നെയാണ്. ഒരുതരത്തിലും ഇതിനോട് ഐക്യപ്പെടുക സാധ്യമല്ല. ഈ ഭീഷണികള്‍ക്കു മുന്നില്‍ വഴങ്ങാനും പാടില്ല.

തീവ്രവാദികളുടെ ഭീഷണിക്കു മുന്നില്‍ മുട്ടുമടക്കിയിരുന്നു നാം ഒരു കാലത്ത്. അവര്‍ നമ്മുടെ സഹോദരങ്ങള്‍ തന്നെയാണ് ഒരിക്കല്‍ നാം കരുതിയിരുന്നു. എന്നാല്‍, അവര്‍ നമ്മുടെ സഹാനുഭൂതിയെ ഭീരുത്വമായി വിലയിരുത്തിയതോടെ, നമുക്ക് ഇനി ക്ഷമിക്കുന്നതില്‍ അര്‍ത്ഥമില്ലെന്നു വ്യക്തമായി കഴിഞ്ഞു. സര്‍ജിക്കല്‍ സ്‌ട്രൈക്കല്ല, പിടിച്ചു നിര്‍ത്തി പകരത്തിനു പകരം ചോദിക്കുകയാണ് വേണ്ടതെന്ന് ആരെങ്കിലും പറഞ്ഞാല്‍ അതു പോലും തള്ളിക്കളയരുത്. കാരണം, അവര്‍ നമ്മുടെ ചോരയ്ക്കു വേണ്ടിയാണ് ദാഹിക്കുന്നത്. അവര്‍ നമ്മുടെ ശരീരത്തിനാണ് വിലയിടുന്നത്. നമ്മുടെ അന്തസ്സിനും ആഭിജാത്യത്തിനും നേര്‍ക്കാണ് മതത്തിന്റെ പേരില്‍ കൊലവിളി നടത്തുന്നത്. ഇപ്പോഴത്തെ ഈ നീതികേട് ഇനി ഒരിക്കലും ഉണ്ടായിക്കൂടാ. കശ്മീരില്‍ നടന്ന ബോംബ് സ്‌ഫോടനങ്ങളില്‍ കൊല്ലപ്പെട്ട സൈനികരുടെ കണ്ണുനീര്‍ നമ്മുടെ നെഞ്ചില്‍ ഒരു മുനയായി ആഴ്ന്നിറങ്ങുകയാണ്. ഈ സ്‌ഫോടനങ്ങളുടെ ഉത്തരവാദിത്വമേറ്റെടുത്ത ഭീകര സംഘടനയുടെ നേതാവ് ഒരുകാലത്ത് ഇന്ത്യന്‍ ജയിലിലെ ഇരുട്ടറയില്‍ അന്തിയുറങ്ങിയവനാണ്. അയാളെ കാണ്ടഹാര്‍ വിമാനറാഞ്ചലിനു പകരമായി നാം വിട്ടുകൊടുത്തതാണ്. ഈ തീവ്രവാദി സംഘടനയുടെ വിദ്വംസക പ്രവര്‍ത്തനങ്ങള്‍ ഇതാദ്യമൊന്നുമല്ല നാം ഏറ്റുവാങ്ങുന്നത്. അഫ്ഗാനിസ്ഥാനില്‍ നിന്നും അമേരിക്കയുടെ പിന്മാറ്റം ആഘോഷിക്കുവാന്‍ എന്ന വ്യാജേനയാണ് ഇപ്പോഴത്തെ ചാവേര്‍ ആക്രമണത്തെ ഭീകരവാദികള്‍ ന്യായീകരിച്ചത്. അഫ്ഗാനില്‍ നിന്നും അമേരിക്ക ഒഴിഞ്ഞു പോയതിന് ഇന്ത്യന്‍ സൈനികരെ കൊല്ലുക, എന്തൊരു വിരോധാഭാസം. സാംസ്‌കാരികമായി എത്രമാത്രം നികൃഷ്ടരാണ് ഈ മനുഷ്യജീവികള്‍ എന്ന് പരമപുച്ഛത്തോടെ ഓര്‍ക്കുവാനേ ഇന്ന് നമുക്ക് കഴിയൂ.

ഓരോരുത്തര്‍ക്കും ഓരോ വാദങ്ങള്‍ കാണുമെന്ന ന്യായത്തെ നമുക്ക് അംഗീകരിക്കാം. അമ്മയെ തല്ലിയാലും രണ്ടു പക്ഷം ഉണ്ടെന്നാണല്ലോ സമകാലിക നിലപാട്. എന്നാല്‍ കൊലപാതകങ്ങളും ചോരയും ഒഴുകുന്ന ഒരു പ്രവര്‍ത്തനത്തെയും നമുക്ക് ന്യായീകരിക്കാനാവില്ല. അത് ഇന്ത്യ ആയിക്കോട്ടെ, അമേരിക്ക ആയിക്കോട്ടെ, അല്ലെങ്കില്‍ ഏതെങ്കിലും ഒരു അറബി രാജ്യം ആയിക്കോട്ടെ. ഒന്നോര്‍ക്കണം, സടകുടഞ്ഞെഴുന്നേല്‍ക്കണം നമുക്ക്. ഈ ഭീകരവാദികള്‍ നമ്മുടെ സ്വത്തിനും ജീവനുമാണ് വിലപറയുന്നത്. നമ്മുടെ സാംസ്‌കാരിക അടിത്തറയാണ് അവര്‍ മാന്തുന്നത്. നമുക്ക് ജീവിക്കുവാന്‍ ഈശ്വരന്‍ അനുവദിച്ചുതന്ന പരമ സുന്ദരമായ ഭൂമിയെയാണ് അവര്‍ നരകമായി മാറ്റുന്നത്. ഇത്തരം ഭീകരന്മാര്‍ മണ്ണിനു ഭാരം മാത്രമല്ല, സാധാരണക്കാരുടെ ജീവിതത്തിന് വരെയാണ് വിലയിടുന്നത്. ഇത് ക്ഷമിക്കാവുന്നതല്ല, തെല്ലും സഹിക്കാവുന്നതുമല്ല. ഞാന്‍ ഒരു ഭാരതീയനാണ് എന്ന് ഊറ്റം കൊള്ളുന്നതു പോലെ നമ്മുടെ കാവലാളുകള്‍ക്ക് നേരെ ചൊരിഞ്ഞ ഓരോ ബുള്ളറ്റിനും ഓരോ ബോംബിനും അതേനാണയത്തില്‍ മറുപടി പറയാനുള്ള ചങ്കൂറ്റവും നെഞ്ചുറപ്പും ഉള്ളവരാണ് ഓരോ ഭാരതീയനുമെന്ന് ഇവിടെ നമുക്ക് പ്രസ്താവിക്കേണ്ടിയിരിക്കുന്നു.

നാല്‍പ്പതിലധികം സൈനികരുടെ ഭാര്യമാരാണ് ഇപ്പോള്‍ വിധവകള്‍ ആയിരിക്കുന്നത്. അവരുടെ അമ്മമാര്‍ക്കാണ് സ്വന്തം മകനെ നഷ്ടമായിരിക്കുന്നത്. അവരുടെ കണ്ണീരിന് തീയുടെ ചൂടാണുള്ളത്. ഇവരുടെ കരളുറപ്പ് മുന്നില്‍ ജവാന്‍, അമര്‍ രഹേ ഹേ എന്ന് പറയുവാന്‍ മാത്രമേ നമുക്ക് കഴിയുകയുള്ളൂ. 

അതേസമയം, നമ്മുടെ ചെകിട്ടത്തടിച്ചു മുന്നേറുന്ന ശത്രുവിനെ മറു ചെകിട് കാണിച്ചുകൊടുക്കാനുള്ള അവസരമല്ലിതെന്നും നാം തിരിച്ചറിയണം. അതിനൊപ്പം വെല്ലുവിളിക്കുന്ന ഓരോ രാജ്യത്തിനും താക്കീത് നല്‍കുവാനും നമുക്ക് കഴിയുന്നുണ്ടെന്നും ഓരോ പ്രജയുടെയും ആത്മാഭിമാനമത്തിനു ക്ഷതമുണ്ടാകുന്നില്ലെന്നും ഉറപ്പുവരുത്തണം. അത് ഓരോ ഭാരതീയന്റെയും ആവശ്യമാണ്. ലോകത്തില്‍ ഉള്ളവരെല്ലാം സുഖമായിരിക്കട്ടെ എന്ന ആര്‍ഷഭാരത ആപ്തവാക്യം ഒരുപക്ഷേ നമ്മുടെ മുഖത്തിന് നേരെ കാര്‍ക്കിച്ചു തുപ്പിയവര്‍ക്ക് തെല്ലും അനുയോജ്യമല്ല. എന്നും ത്യാഗവും സഹനവും മറ്റുള്ളവര്‍ക്കു മുന്നില്‍ കാണിച്ചുകൊടുത്ത ഗാന്ധിയന്‍ പാരമ്പര്യമാണ് നമുക്കുള്ളത്. ഈ സഹിഷ്ണുതക്ക് നേരെ ചാട്ടുളി വീശിക്കൊണ്ട് ആരുവന്നാലും അവര്‍ക്കെതിരെ ഗര്‍ജിക്കുന്ന സമരമുഖം ഉയര്‍ത്തിയ ഒരു പാരമ്പര്യവും നമുക്കുണ്ട്. അതുതന്നെയാണ് 29 സംസ്ഥാനങ്ങളില്‍ അതിലേറെ ഭാഷകളില്‍ 29 സംസ്‌കാരത്തോടെ ജീവിക്കുന്നവരെ ഇന്ത്യ എന്ന ത്രിവര്‍ണ്ണപതാകയ്ക്കു താഴെ ഒന്നിച്ചു നിര്‍ത്തുന്നതും..

നമ്മെ തകര്‍ക്കുവാന്‍ ലോകത്ത് ഒരു ശക്തിക്കും ആവില്ല. നമ്മുടെ സഹോദരന്റെ ജീവനു പകരം ചോദിക്കാന്‍ നമുക്കുള്ള ശക്തിയെ ചോദ്യംചെയ്യാനും ആര്‍ക്കുമാവില്ല. അതുകൊണ്ടാണ് നമ്മുടെ ചോര ഓരോ ഞരമ്പിലും തുടിക്കുന്നത്. ഈ അവസരത്തില്‍ നിങ്ങളെ ഉദ്‌ബോധിപ്പിക്കാന്‍ ശ്രമിക്കുന്നതും അതു തന്നെ. എന്റെ രാജ്യം ഇന്ത്യ ജയിക്കട്ടെ... പാറിപ്പറക്കട്ടെ ആ ത്രിവര്‍ണപതാക.

തീവ്രവാദികളെ നിങ്ങളെന്തു നേടി?  (പകല്‍ക്കിനാവ്  : ജോര്‍ജ് തുമ്പയില്‍)തീവ്രവാദികളെ നിങ്ങളെന്തു നേടി?  (പകല്‍ക്കിനാവ്  : ജോര്‍ജ് തുമ്പയില്‍)
Join WhatsApp News
Vayanakaran 2019-02-21 10:02:40
 നമ്മുടെ ഇന്റലിജൻസിന് പറ്റിയ പാളിച്ചയെപ്പറ്റി എന്താണ് ലേഖകൻ മൗനം പാലിച്ചത്? നമ്മുടെ ഇന്റലിജൻസിന് എന്താണ് പറ്റിയത്? അതിനു കാരണം എന്താണ്?  ഏത് ഇന്റലിജൻസിന്റെ ആയാലും പ്രധാനമന്ത്രിയുടെ ശിങ്കിടിയാവണം തലപ്പത്തു വരുന്നത്. അല്ലെങ്കിൽ അവന്റെ തൊപ്പി തെറിപ്പിച്ചിട്ടു വേറെ ആളെ വെയ്ക്കും. അതുപോലെ അല്പം ചിക്കിലി മുടക്കിയാൽ ഏതു ഏജൻസിയുടെ രഹസ്യവിവരങ്ങളാണ് കിട്ടാത്തത്? സാധാരണക്കാരന്റെ ആപ്പച്ചട്ടിയിൽ   കയ്യിട്ടുവാരി ലക്ഷം കോടികൾ ശിങ്കിടികൾക്കു ദാനമായി നൽകുന്ന ഭരണാധികാരികൾ രാജ്യത്തെ നയിക്കുമ്പോൾ ഇതൊക്കെ സംഭവിക്കും. ഏതായാലും തെരഞ്ഞെടുപ്പിൽ പൊട്ടിപ്പാളീസാകുമെന്നു വിചാരിച്ചിരുന്ന പ്രധാനമന്ത്രിക്ക് ലോട്ടറി അടിച്ചതുപോലെ ആയി. പ്രത്യാക്രമണം അല്പംകൂടി കാത്തിരുന്ന് കൃത്യമായി നടന്നാൽ അടുത്ത അഞ്ചു വര്ഷം കൂടി മോദിജി ഭരിക്കും. പിന്നെ ഇന്ത്യ എന്ന മഹാരാജ്യം കഷണങ്ങളായി വിഭജിക്കും. വർഗീയവിഷം ചീറ്റിച്ചു രാജ്യം കുട്ടിച്ചോറാക്കും. അതാണ് തീവ്രവാദികളുടെ കണക്കു കൂട്ടൽ. അങ്ങനെ സംഭവിക്കാതിരിക്കട്ടെ! 
Jai Hind! 🇮🇳
desasnehi 2019-02-21 12:30:46
ശശിധരന്റെ ആവേശം കണ്ടപ്പോൾ അദ്ദേഹത്തോടൊപ്പം ഒരു തോക്കുമെടുത്തുകൊണ്ട് പാകിസ്ഥാൻ അതിർത്തിവരെ പോയാലോ എന്ന് ഓർത്തുപോയി. അമേരിക്കയിൽ കിടന്നുകൊണ്ട് ഐക്യം പ്രഖ്യാപിച്ചാൽ തീവ്രവാദികളെ ഒരു ചുക്കും ചെയ്യാൻ സാധിക്കില്ല. ഒരു ലേഖനം വായിച്ച് കുറെ ചോര തിളച്ചതുകൊണ്ട് കാര്യമില്ല. ആർഷ ഭാരത സംസ്ക്കാരം, നാനാത്വത്തിൽ ഏകത എന്നൊക്കെ കടലാസിൽ ആയിരം തവണ വായിച്ചിട്ടുള്ളതാണ്. ഇന്ത്യയിൽ മനുഷ്യരെക്കാളും പശുക്കൾക്കാണ് സുരക്ഷിത കൊടുക്കുന്നതും സംരഷിക്കുന്നതും. നഗ്നസന്യാസിയുടെ വളിവിടുന്ന ചന്തി പാർലമെന്റിലെ സ്പീക്കറുടെ കസേരയിൽ വെക്കുക, നഗ്‌ന സന്യാസിയുടെ ലിംഗങ്ങൾ കണ്ടുകൊണ്ടു സ്ത്രീകൾ അവരുടെ പാദങ്ങൾ നമസ്‌കരിക്കുക, ആൾദൈവങ്ങളായി ചമയുന്ന കടപ്പുറത്ത് സുധാമണിയുടെ പാദങ്ങൾ ഒരു ഇന്ത്യൻ പ്രധാനമന്ത്രി തന്നെ നക്കുക, ദളിതരെ ചുട്ടെരിക്കുക, എന്തൊരു ആർഷ ഭാരത സംസ്ക്കാരം? ചൈനയുടെ മണ്ണിൽ ആരെങ്കിലും ആക്രമിക്കട്ടെ, അപ്പോൾ കാണാം കാര്യങ്ങൾ എങ്ങനെ പോവുമെന്ന്? 

കേരളത്തിൽ പ്രളയം വന്നപ്പോൾ, അഞ്ഞൂറിൽപ്പരം ജനങ്ങൾ മരിച്ചപ്പോൾ എവിടെപ്പോയി ആർഷ ഭാരതം. കേന്ദ്രം ഭരിക്കുന്നവരുടെ നിലപാട് എന്തെന്ന് ഓരോ മലയാളിയും കണ്ടതാണ്. അന്ന് വടക്കേ ഇന്ത്യ സാമ്രാജ്യ മോഹികളുടെ ദേശസ്നേഹമൊക്കെ എവിടെപ്പോയി

ഇന്ത്യ കണ്ടതിൽ വെച്ച് ഏറ്റവും കഴിവില്ലാത്ത ഒരു പ്രധാന മന്ത്രിയാണ് ഭാരതത്തിനുള്ളത്. പട്ടാളക്കാർ മരിച്ചപ്പോഴും നരേന്ദ്ര മോദി  ആറേഴ് മണിക്കൂർ ചെലവഴിച്ചത് സിനിമ ഷൂട്ടിങിലായിരുന്നു. ഇങ്ങനെയുള്ള ഒരു പ്രധാനമന്ത്രിയെ ഭാരതത്തിന് വേണോ? 
ഡോ.ശശിധരൻ 2019-02-21 11:43:08

നമ്മുടെ രാഷ്ട്രത്തെ തന്നെ നശിപ്പിക്കുന്ന കൊടും ഭീകരത അനുദിനം അനുനിമിഷം വളർന്നുകൊണ്ടിരിക്കുന്ന കെട്ടവേളയിൽ പത്രധർമ്മത്തിന്റെ മർമ്മമറിഞ്ഞു ശ്രീ.ജോർജ് തുമ്പയിൽ എഴുതിയ ലേഖനം  ആരെയും ഐക്യത്തോടുകൂടി മുന്നേറാനുള്ള അങ്ങേയറ്റത്തെ നല്ല സന്ദേശങ്ങൾ അനുസന്ധാനം ചെയ്തുകൊണ്ട് നമ്മുടെ മനസ്സിന് നല്ല ഓജസ്സും ,തേജസ്സും സർവസ്സും നൽകി അനുഗ്രഹിച്ചിരിക്കുന്നു .മുറിഞ്ഞ  മനസ്സിന് നല്ലൊരു ആശ്വാസം . കാലയളവിൽ വായിച്ച ഏറ്റുവും നല്ല ലേഖനം!

(ഡോ.ശശിധരൻ)

ഡോ.ശശിധരൻ 2019-02-21 14:07:18

ഒരു അഭിപ്രായമുണ്ടെങ്കിൽ ഒരു എതിർഅഭിപ്രായമുണ്ട് .ശ്രീ.ജോർജ്  തുമ്പയിൽ നല്ലപോലെ അത് ലേഖനത്തിൽ ചൂണ്ടികാണിച്ചിട്ടുണ്ട് .

ഓരോരുത്തര്‍ക്കും ഓരോ വാദങ്ങള്‍ കാണുമെന്ന ന്യായത്തെ നമുക്ക് അംഗീകരിക്കാം. അമ്മയെ തല്ലിയാലും രണ്ടു പക്ഷം ഉണ്ടെന്നാണല്ലോ സമകാലിക നിലപാട്. എന്നാല്‍ കൊലപാതകങ്ങളും ചോരയും ഒഴുകുന്ന ഒരു പ്രവര്‍ത്തനത്തെയും നമുക്ക് ന്യായീകരിക്കാനാവില്ല. അത് ഇന്ത്യ ആയിക്കോട്ടെ, അമേരിക്ക ആയിക്കോട്ടെ, അല്ലെങ്കില്‍ ഏതെങ്കിലും ഒരു അറബി രാജ്യം ആയിക്കോട്ടെ”.(ശ്രീ.ജോർജ് തുമ്പയിൽ)

(ഡോ.ശശിധരൻ)

Vayanakaran 2019-02-21 16:07:56
ശശിധരൻ സാറെ ഇങ്ങനെയുള്ള പ്രശ്നങ്ങളുണ്ടാകുമ്പോൾ രാജ്യം ഒറ്റക്കെട്ടായി നിൽക്കണം എന്നത് ശരി തന്നെ. എല്ലാവരും അങ്ങനെയേ നില്കുകയുമുള്ളൂ. പക്ഷെ രാജ്യസ്നേഹം മാത്രം പറഞ്ഞാൽപോരാ. എന്തുകൊണ്ടിങ്ങനെ സംഭവിച്ചു എന്നും ഇനി അങ്ങനെ സംഭവിക്കാതിരിക്കാൻ എന്ത് ചെയ്യണം എന്നും ചിന്തിക്കേണ്ടതാണ്. അല്ലെങ്കിൽ ഇനിയും നാം വലിയ വില കൊടുക്കേണ്ടിവരും.
ഡോ.ശശിധരൻ 2019-02-21 17:33:47

ഇനി അങ്ങനെ സംഭവിക്കാതിരിക്കാൻ എന്ത് ചെയ്യണം എന്നും ചിന്തിക്കേണ്ടതാണ്”,

പ്രിയ വായനക്കാരാ ,ശ്രീ.ജോർജ് തുമ്പയിൽ നൽകിയ മറുപടി നോക്കൂ ;

സഹിഷ്ണുതക്ക് നേരെ ചാട്ടുളി വീശിക്കൊണ്ട് ആരുവന്നാലും അവര്‍ക്കെതിരെ ഗര്‍ജിക്കുന്ന സമരമുഖം ഉയര്‍ത്തിയ ഒരു പാരമ്പര്യവും നമുക്കുണ്ട്. അതുതന്നെയാണ് 29 സംസ്ഥാനങ്ങളില്‍ അതിലേറെ ഭാഷകളില്‍ 29 സംസ്‌കാരത്തോടെ ജീവിക്കുന്നവരെ ഇന്ത്യ എന്ന ത്രിവര്‍ണ്ണപതാകയ്ക്കു താഴെ ഒന്നിച്ചു നിര്‍ത്തുന്നതും..”(ശ്രീ.ജോർജ് തുമ്പയിൽ,emalayalee,21 February2019)

(ഡോ.ശശിധരൻ)

Desasnehi 2019-02-21 20:10:11
ഹലോ ശശിധരൻ, ഒരേ ത്രിവർണ്ണ പതാകയുടെ കീഴിൽ 29 സംസ്‌കാരങ്ങൾ എന്നും പറഞ്ഞു താങ്കൾ വടക്കേ ഇന്ത്യക്കാരനൊപ്പം താമസിച്ചാൽ താങ്കളെ 'മദിരാശി' എന്ന് വിളിക്കും. താങ്കളുടെ കറുത്ത തൊലിയെ അവർ പുച്ഛിക്കും. ബ്രിട്ടീഷുകാർ വരുന്നതിനുമുമ്പ് കേരളം ഇന്നു കാണുന്ന ഇന്ത്യയിൽ പെട്ടതായിരുന്നില്ല. രാജ്യാതിർത്തിയൊക്കെ മനുഷ്യനുണ്ടാക്കുന്നതാണ്. അമേരിക്കയിൽ താമസിക്കുമ്പോൾ വടക്കേ ഇന്ത്യൻ സംസ്ക്കാരമല്ല മലയാളിക്ക് വേണ്ടത്. പശുവിനെ ദൈവമായി വിശ്വസിക്കുന്ന ഒരു ജനവിഭാഗം ഇവിടെ വളരുന്ന ഹിന്ദു കുഞ്ഞുങ്ങൾക്കും ക്രിസ്ത്യൻ കുഞ്ഞുങ്ങൾക്കും ആവശ്യമില്ല. അമേരിക്കയിൽ ഇരുന്നുകൊണ്ട് 29 സംസ്ഥാനം, ഒരേ ത്രിവർണ്ണ പതാക എന്നുള്ള മുദ്രാവാക്യമായി അമേരിക്കൻ പിള്ളേരോട് പറഞ്ഞാൽ അവർ ചിരിക്കും.  ഇന്ത്യ  ഗർജ്ജിച്ചുവെന്നു പറഞ്ഞാലൊന്നും ശത്രു രാജ്യത്തിന് ഒരു ചുക്കും സംഭവിക്കില്ല. ഇന്ത്യയുടെ പ്രധാന ശത്രു പാക്കിസ്ഥാനോ ചൈനയോ അല്ല. അത് ഇന്ത്യക്കാർ തന്നെയാണ്. കട്ടു രാജ്യം മുടിപ്പിക്കുന്ന രാഷ്ട്രീയക്കാരും മല്ലയ്യമാരുമാണ്. അമ്മയെ തല്ലിയാൽ രണ്ടഭിപ്രായമില്ല, 'അമ്മ വ്യപിചാരിണിയാണെങ്കിൽ തല്ലു തന്നെ കൊടുക്കണമെന്നും' താങ്കൾ അറിയുക. ഭാരതീയനെന്ന നിലയിൽ അഭിമാനിച്ചുകൊള്ളുക. പക്ഷെ അതിന് താങ്കളുടെ ചോര തിളക്കേണ്ട ആവശ്യമില്ല. താങ്കൾക്ക് കഞ്ഞി തരുന്നത് അമേരിക്കയാണ്. സമയമുള്ളപ്പോൾ വള്ളത്തോളിന്റെ ഈ പാട്ടും കിഴക്കോട്ടു നോക്കി പാടിക്കൊള്ളുക.------ "ഭാരതമെന്ന പേര്‍ കേട്ടാല്‍
അഭിമാനപൂരിതമാകണം അന്തഃരംഗം
കേരളമെന്ന കേട്ടാലോ തിളയ്ക്കണം
ചോര നമുക്കു ഞരമ്പുകളില്‍". --- അമേരിക്കയിൽ താമസിക്കുന്ന മക്കളുടെ ചോര തിളക്കാതിരിക്കാനും ശ്രദ്ധിക്കുക. കാരണം, ഇവിടെയുള്ള കറമ്പന്റെ മസിലിന്റെ അത്ര മലയാളിക്ക് മസിലില്ല.  
ഡോ.ശശിധരൻ 2019-02-21 20:39:57

സാംസ്‌കാരികമായി എത്രമാത്രം നികൃഷ്ടരാണ് മനുഷ്യജീവികള്‍ എന്ന് പരമപുച്ഛത്തോടെ ഓര്‍ക്കുവാനേ ഇന്ന് നമുക്ക് കഴിയൂ(ശ്രീ.ജോർജ് തുമ്പയിൽ,emalayalee,21 February2019)

(ഡോ.ശശിധരൻ)

Desasnehi 2019-02-21 22:07:44
ഹലോ ശശിധരൻ, താങ്കൾ നിരാശനായെന്ന് തോന്നുന്നു. നൈരാശ്യത്തിനാവശ്യമില്ല. സാംസ്‌കാരികമായി അധഃപതിച്ചുവെന്ന് പറഞ്ഞുകൊണ്ട് ഒരു ജനതയെ മുഴുവൻ 'ജെനറലൈസ്' ചെയ്യേണ്ട ആവശ്യമില്ല. അങ്ങനെ ചിന്തിച്ചാൽ താങ്കളും ഞാനും അതിലുൾപ്പെടും. 

നമ്മുടെ പൗരാണിക സംസ്ക്കാരങ്ങളായ കഥകളി, കൂത്ത്, വില്ലടിച്ചാൻ പാട്ട് എന്നിലൊക്കെ അഭിമാനിച്ചുകൊള്ളുക. പിന്നെ, രാഷ്ട്രീയ അധഃപതനം ആണ് താങ്കൾ ഉദ്ദേശിക്കുന്നുവെങ്കിൽ അത് ഉണ്ട്. പക്ഷെ രാഷ്ട്രീയവും സംസ്ക്കാരവും തമ്മിൽ യാതൊരു ബന്ധവുമില്ല. 

ശബരിമലയിൽ ആർത്തവമുള്ള സ്ത്രീകൾ കയറിയാൽ അയ്യപ്പൻറെ ബ്രഹ്മചര്യം നശിക്കുമെന്ന വിശ്വാസം ആണ് താങ്കൾ സാംസ്‌കാരികമായി അധഃപതിച്ചുവെന്ന് ഉദ്ദേശിച്ചതെങ്കിൽ താങ്കളോട് യോജിക്കുന്നു. പക്ഷെ അതും ബ്രാഹ്മണന്റെ സൃഷ്ടിയാണ്. ദ്രാവിഡരായ നാം മലയാളികൾ അയ്യപ്പനെ ശാസ്താവായി കാണുന്നുവെങ്കിൽ അത്തരം വിഡ്ഢിത്തരത്തിലും ആകുലപ്പെടേണ്ട ആവശ്യമില്ല. അയ്യപ്പ സമാധിക്ക്  ആർത്തവം കണ്ടാൽ ഒരു ചുക്കും സംഭവിക്കില്ല.  

നമ്മുടെ മരണപ്പെട്ട അർദ്ധ സൈന്യങ്ങളോടൊപ്പം ആയിരക്കണക്കിന് വർഗീയ തീവ്രവാദികളാൽ കൊല്ലപ്പെടുന്ന ദളിതരുടെ നഷ്ടപ്പെടുന്ന ജീവനുകളെപ്പറ്റിയും വിലപിക്കുക. എന്നിട്ട് സാംസ്ക്കാരികതയ്ക്ക് എവിടെ പിഴവ് പറ്റിയെന്നും അന്വേഷിക്കുക. അതോടൊപ്പം സ്വയം സംസ്ക്കാരമുള്ളവരായി നമ്മുടെ മനസിനെയും പാകപ്പെടുത്തണം. 
observer 2019-02-22 00:25:47
കാഷ്മീരില്‍ നിന്നു ഇന്ത്യക്കു മോചനം വേണം എന്നു അരുന്ധതി റോയി പരഞ്ഞത് മറക്കരുത്. നമ്മുടെ പണവും സൈന്യവും അവിടെ ചെലവഴിക്കപ്പെടുന്നു . എന്തിന്? കഷ്മീരികള്‍ക്ക് ഇന്ത്യ വേണ്ട, പാക്കിസ്ഥാന്‍ മതി.
സൈന്യത്തെ ഉപയോഗിച്ചാണു അവിടെ ദേശസ്‌നേഹം പഠിപ്പിക്കുന്നത്.
അതു പോലെ കല്ലെറിയുന്ന പിള്ളേരേ വെടി വയ്ക്കുന്നത്ഏത് നീതി? അങ്ങനെയെങ്കില്‍ ശബരിമല സമരകാലത്ത് കേരളത്തില്‍ കല്ലെറിഞ്ഞവര്‍ക്കു നേരെയും വെടി വയ്ക്കാമായിരുന്നല്ലൊ.
ആ.എസ്.എസിനു കഷ്മീര്‍ വേണം. കാഷ്മീരികളെ വേണ്ട. 
ഡോ.ശശിധരൻ 2019-02-22 12:13:14

രാഷ്ട്രീയവും സംസ്ക്കാരവും തമ്മിൽ യാതൊരു ബന്ധവുമില്ല എന്ന് മൊഴിഞ്ഞ താങ്കൾ ഒരു സംവാദത്തിന് യോഗ്യനല്ല .എപ്രകാരമാണ് താങ്കൾ ഒരു പത്രപ്രവർത്തകനായത്  എന്നത് എന്നും അതിശയമാണ്.രാഷ്ട്രീയവും സംസ്ക്കാരവും തമ്മിലുള്ള  അന്തർഭാവങ്ങളോടുകൂടിയ അഗാധമായ ബന്ധം ആദ്യമായി നന്നയി പഠിക്കു! നല്ലൊരു ലേഖനത്തിനു താഴെ എന്നോടുള്ള വ്യക്തിവൈരാഗ്യം തീർക്കാനുള്ള വേദിയാക്കുന്നതിൽ  ഒട്ടും താല്പര്യമില്ല.വിദ്യാഗ്രഹണത്തിൽ മത്സര മനോഭാവം നല്ലതല്ലാത്തുകൊണ്ട് ഇതു ഇവിടെ അവസാനിപ്പിക്കുന്നു.

(ഡോ.ശശിധരൻ)

തിളക്കണം 2019-02-22 20:16:55
ഇന്ത്യക്കകത്തുള്ള മതതീവ്രവാദികൾ എത്ര പേരെ കൊന്നു? അതിലാണ് ആദ്യം ചോര തിളക്കേണ്ടത്.
വ്യത്യാസം 2019-02-22 20:30:46
വിദ്യാഗ്രഹണവും വിദ്യാധരണവും തമ്മിൽ എന്താണു വ്യത്യാസം ഡോ. ശശിധരൻ?
വിദ്യാധരൻ 2019-02-23 09:10:52
അതിൽ കൊത്തുമെന്ന് 
കരുതേണ്ട നീ വിദ്യാവിഹീനാ. 
നയംമാറ്റി നീ അടുത്തു ചെല്ല് 
വിദ്യാഗ്രഹണത്തിൻ, ധാരണത്തിൻ 
'വ്യത്യാസ'മറിയാത്ത വിഡ്ഢി നീ.
പ്രതികരിക്കില്ലിനി ഇതിനെന്ന് പറഞ്ഞവൻ 
മറഞ്ഞു മുകിലിനു പിന്നിൽ 
കാത്തിരിക്കുക കാർമുകിൽ മാറി 
സൂര്യൻ ഉദിക്കും വരെ നീ  
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക