Image

ചില നേരങ്ങള്‍ (സിജു പോള്‍)

സിജു പോള്‍ Published on 21 February, 2019
ചില നേരങ്ങള്‍ (സിജു പോള്‍)
ചില നേരങ്ങള്‍
വസന്തമായ് വേനലായ് ഗ്രീഷ്മമായ്
മാറി മാറിടുന്ന ഋതുക്കളായിടുന്നു
ചില നേരങ്ങള്‍
ആഴിയിന്‍ ആഴങ്ങളിലേക്കെറിഞ്ഞിടും
കാറ്റായ് മഴയായ് ഒഴുക്കായിടുന്നു
ചില നേരങ്ങള്‍
അമ്മയുടെ നെഞ്ചിലെ പാലായ്
സൗഹൃദങ്ങളായ് പ്രണയമായ്
സ്മൃതിപഥങ്ങളില്‍ സുസ്മിതങ്ങളായ്
മധുരമായ് തഴുകിടും സംഗീതനാദമായ് 
ചില നേരങ്ങള്‍
പടര്‍ന്നു പന്തലിച്ചൊരാലിന്‍ തണലായ്
ശിരസ്സുയര്‍ത്തി പാറിടും പതാകയായ്
അതിരുകള്‍ കടന്നു ദൂരങ്ങള്‍ താണ്ടി
ഉലകാകെ പറന്നിടും ദേശാടനക്കൊറ്റിയായ് 
ചില നേരങ്ങള്‍
വിഷം ചുരത്തുന്ന ചിന്തയായ് വാക്കായ്
തെരുവരികിലൊരു ചുണ്ണാമ്പു കോലമായ്
അരവയറില്‍  മുറുക്കിയ ഒറ്റമുണ്ടിന്‍ കച്ചയായ് 
ആളൊഴിഞ്ഞ പാതയില്‍ ഏകാന്ത പഥികനായ് 
ചില നേരങ്ങള്‍
പാണന്റെ പാട്ടില്‍ മുഴങ്ങിടും തേങ്ങലായ്
മുടിയഴിച്ചു ചമയം തുടച്ചൊരു തെയ്യമായ്
മഞ്ഞള്‍ വിതറി തുള്ളുന്ന കോമരത്തിന്‍
കാല്‍ച്ചിലമ്പില്‍ ആടിത്തളര്‍ന്ന മണികളായ്
ചില നേരങ്ങള്‍
സര്‍വ്വവും കവര്‍ന്നെടുക്കും കള്ളനായ്
സകലവും കാര്‍ന്നെടുക്കുന്ന ചിതലായ്
ചിലന്തിവലയില്‍ പിടക്കുന്ന പ്രാണിയായ്
ഇരുളില്‍ ഒളിച്ചിടും ഇരയുടെ പ്രാണനായ്
ചില നേരങ്ങള്‍
എണ്ണയൊഴിഞ്ഞൊരു മണ്‍ചെരാതിലെ
പുകഞ്ഞെരിഞ്ഞിടുന്ന തിരികളായ് 
ചില നേരങ്ങള്‍
അനന്തമെന്നു നാം മോഹിക്കുമീ യാത്രയില്‍
വിഘ്‌നമായ് വിയോഗമായ് വിരാമമായിടുന്നു
ചില നേരങ്ങള്‍ വസന്തമായിടുന്നു
ചില നേരങ്ങള്‍ വിരാമമായിടുന്നു

ചില നേരങ്ങള്‍ (സിജു പോള്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക