Image

ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ നടത്തുന്ന അപവാദ പ്രചാരണം അടിസ്ഥാനരഹിതം: സീറോമലബാര്‍ മീഡിയാ കമ്മീഷന്‍

Published on 21 February, 2019
 ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ നടത്തുന്ന അപവാദ പ്രചാരണം അടിസ്ഥാനരഹിതം: സീറോമലബാര്‍ മീഡിയാ കമ്മീഷന്‍

കാനഡയില്‍ സേവനം ചെയ്യുന്ന സെബാസ്റ്റിയന്‍ അരീക്കാട്ട് എന്ന വൈദികനെതിരേയുള്ള പരാതിയുമായി ബന്ധപ്പെട്ട് സീറോമലബാര്‍ സഭയുടെ തലവനായ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി പിതാവിനെതിരെയും മിസ്സിസ്സാഗാ രൂപതാധ്യക്ഷന്‍ മാര്‍ ജോസ് കല്ലുവീട്ടില്‍ പിതാവിനെതിരെയും ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ നടത്തുന്ന അപവാദ പ്രചാരണം അടിസ്ഥാനരഹിതവും അപലപനീയവുമാണെന്ന് സീറോമലബാര്‍ മാധ്യമ കമ്മീഷന്‍ പ്രസ്താവിച്ചു. പ്രസ്തുത പരാതി ലഭിച്ചയുടന്‍ മേജര്‍ ആര്‍ച്ചുബിഷപ്പ് സത്വര നിയമനടപടിക്കായി മിസ്സിസ്സാഗാ രൂപതാധ്യക്ഷനെ ചുമതലപ്പെടുത്തിയിരുന്നു. മേജര്‍ ആര്‍ച്ചുബിഷപ്പിന്റെ നിര്‍ദ്ദേശപ്രകാരം രൂപതാധ്യക്ഷന്‍ കാനഡായിലെ വത്തിക്കാന്‍ സ്ഥാനപതിയുമായി ചര്‍ച്ച നടത്തുകയും അദ്ദേഹത്തിന്റെ ഉപദേശമനുസരിച്ച് ടൊറന്റോ ആര്‍ച്ചുബിഷപ് കര്‍ദ്ദിനാള്‍ തോമസ് കോളിന്‍സിന്റെ സഹായം തേടുകയുമായിരുന്നു

പീഡന പരാതികള്‍ പ്രാഥമികമായി അന്വേഷിക്കാന്‍ കനേഡിയന്‍ നിയമപ്രകാരമുള്ള പഠന സമിതി മിസ്സിസ്സാഗായില്‍ ഇല്ലാതിരുന്നതിനാലാണ് വത്തിക്കാന്‍ സ്ഥാനപതി ടൊറന്റോ ആര്‍ച്ചുബിഷപ്പിന്റെ സഹായം തേടാന്‍ ആവശ്യപ്പെട്ടത്. തൊട്ടടുത്ത ദിവസംതന്നെ കര്‍ദ്ദിനാള്‍ കോളിന്‍സിനെ നേരില്‍ കണ്ട് ചര്‍ച്ച നടത്തിയ ബിഷപ് ജോസ് കല്ലുവീട്ടില്‍ ടൊറന്റോ രൂപതയുടെ പരാതിവിശകലന സമിതിയുടെ പഠന റിപ്പോര്‍ട്ടുകൂടി ചേര്‍ത്ത് കനേഡിയന്‍ പോലീസിന് കൈമാറുകയാണുണ്ടായത്. ഇപ്രകാരം സുതാര്യമായി നടന്ന നിയമനടപടിയെക്കുറിച്ചാണ് ചില തല്‍പര കക്ഷികള്‍ ദുഷ്ടലാക്കോടെ വ്യാജവാര്‍ത്ത ചമച്ചത്

കനേഡിയന്‍ പോലീസിന്റെ അന്വേഷണത്തില്‍ പരാതിക്കാരന്റെ മേല്‍വിലാസം വ്യാജമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. കൂടാതെ, ഫാ. സെബാസ്റ്റിയന്‍ ആരീക്കാട്ട് സേവനംചെയ്ത ഇടവകാ ദേവാലയത്തില്‍ പരാതിയുടെ പൂര്‍ണ്ണരൂപം പരസ്യപ്പെടുത്തിയിട്ടുമുണ്ട്. നിയമാനുസൃതമായ എല്ലാ നടപടികളോടും മിസ്സിസ്സാഗാ രൂപത പുലര്‍ത്തുന്ന സഹകരണത്തെ കാനഡയിലെ വത്തിക്കാന്‍ സ്ഥാനപതിയും അന്വേഷണ ഉദ്യോഗസ്ഥരും രേഖാമൂലം അഭിനന്ദിച്ചിട്ടുണ്ട് എന്നുള്ളതാണ് സത്യം. പോലീസ് അന്വേഷണത്തിലൂടെ ആരോപണത്തിന്റെ നിജസ്ഥിതി പുറത്തുവരുമെന്ന് രൂപത ഉറച്ചുവിശ്വസിക്കുന്നു.

>കാനഡായില്‍ നടന്നതായി ആരോപിക്കപ്പെടുന്ന കുറ്റകൃത്യത്തെക്കുറിച്ചുള്ള പരാതി കര്‍ദ്ദിനാള്‍ മാര്‍ ആലഞ്ചേരി പിതാവ് കേരളാ പോലീസിന് കൈമാറിയില്ല എന്നത് കടുത്ത കൃത്യവിലോപമായി വാര്‍ത്ത ചമച്ചവര്‍ സ്വയം വിഡ്ഢികളാവുകയാണ്. ലഭിച്ച പരാതി കനേഡിയന്‍ പോലീസിന്റെ പക്കലെത്തിക്കാന്‍ സത്ത്വര നടപടി സ്വീകരിച്ച സഭാതലവനെ അധിക്ഷേപിക്കുന്ന തരത്തില്‍ വാര്‍ത്ത പ്രസിദ്ധീകരിച്ചവര്‍ മാധ്യമ മര്യാദയുടെ സകല സീമകളും ലംഘിച്ചിരിക്കുകയാണ്. സീറോമലബാര്‍ സഭയെയും സഭാതലവനെയും അധിക്ഷേപിക്കാന്‍ നിരന്തരം വ്യാജ വാര്‍ത്തകള്‍ പടച്ചുവിടുന്ന സഭാവിരുദ്ധരുടെ ദുഷ്ടലാക്കിനെക്കുറിച്ച് വിശ്വാസികളും പൊതു സമൂഹവും ജാഗ്രത പാലിക്കണമെന്ന് മാധ്യമകമ്മീഷന്‍ അഭ്യര്‍ത്ഥിച്ചു

Join WhatsApp News
കപ്യാർ 2019-02-21 15:39:14
ദാ പിന്നേം മാധ്യമങ്ങൾക്കും സോഷ്യൽ മീഡിയക്കും പഴി. ഞങ്ങൾ പുരോഹിതർ ചെറ്റത്തരങ്ങൾ ചെയ്യും ആരും പുറത്തു പറയരുതെന്ന്. കേരള പോലീസിന്റെ ഒരു ചെറിയ 'ജാഗ്രത കുറവിന്റെ' ഫലത്തിൽ ആണ് റോബിൻ എന്ന വൈദികൻ കേരളത്തിലെ ജയിലിൽ കിടക്കുന്നതു. അല്ലെങ്കിൽ കാനഡയിൽ എത്തി വേറെ കേസിൽ അകത്താവേണ്ട കക്ഷി ആണ്. ഇരകളെ ചവിട്ടി മെതിക്കയും വേട്ടക്കാരനെ സംരക്ഷിക്കുകയും ചെയ്യുന്ന സഭയുടെ പഴയ ആ ഏർപ്പാടിനിയും നടക്കില്ല. വിശ്വാസികൾ എല്ലാവരും എല്ലാക്കാലവും മണ്ടന്മാർ അല്ലെന്നു  മത മേലധ്യക്ഷന്മാർ ഓർക്കുക.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക