Image

കേരളത്തില്‍ സ്‌കൂളുകള്‍ പുനരുദ്ധരിക്കാന്‍ സഹായവുമായി സ്വിറ്റ്‌സര്‍ലന്‍ഡിലെ കിന്‍ഡര്‍ ഫോര്‍ കിന്‍ഡര്‍

Published on 21 February, 2019
കേരളത്തില്‍ സ്‌കൂളുകള്‍ പുനരുദ്ധരിക്കാന്‍ സഹായവുമായി സ്വിറ്റ്‌സര്‍ലന്‍ഡിലെ കിന്‍ഡര്‍ ഫോര്‍ കിന്‍ഡര്‍
 
സൂറിച്ച്: കേരളത്തിലുണ്ടായ മഹാപ്രളയത്തില്‍ വന്‍ നാശനഷ്ടമുണ്ടായ സ്‌കൂളുകള്‍ പുനരുദ്ധരിക്കല്‍ പദ്ധതിയുമായി സ്വിറ്റ്‌സര്‍ലന്‍ഡിലെ മലയാളികളുടെ കൂട്ടായ്മയായ കേളി. മഹാമാരിയില്‍ തകര്‍ന്നടിഞ്ഞ നാല് സ്‌കൂളുകളാണ് കേളി പ്രോജക്ട് വഴി തിരഞ്ഞെടുത്ത് പുനരുദ്ധരിക്കുന്നത്. 

വെള്ളത്തില്‍ ആണ്ടുപോയ കുട്ടനാട്ടിലെ മൂന്ന് സ്‌കൂളുകളും ഇടുക്കിയിലെ ഒരു സ്‌കൂളും സ്വിറ്റ്‌സര്‍ലന്‍ഡിലെ കുട്ടികളുടെ സാമൂഹ്യ സേവന പദ്ധതി ആയ കിന്‍ഡര്‍ ഫോര്‍ കിന്‍ഡര്‍ വഴി പുനരുദ്ധരിക്കും. ആദ്യ പടിയായി മൂന്ന് സ്‌കൂളുകളിലും നവീന രീതിയിലുള്ള ലൈബ്രറി നിര്‍മിച്ചു നല്‍കും. ഇടുക്കിയിലെ ഒലിച്ചു പോയ ഒരു വിദ്യാലയം പുനര്‍നിര്‍മിച്ചു നല്‍കുകയും ചെയ്യും. വിജ്ഞാനം എല്‍പി സ്‌കൂള്‍ ഇടുക്കി, ഗവണ്‍മെന്റ് എല്‍പി സ്‌കൂള്‍ കുട്ടനാട്, ഗവണ്‍മെന്റ് യുപി സ്‌കൂള്‍ കുട്ടനാട്, എ .ജെ .മെമ്മോറിയല്‍ സ്‌കൂള്‍ കുട്ടനാട് എന്നിവയാണ് തിരഞ്ഞെടുത്ത വിദ്യാലയങ്ങള്‍.

റീ ബില്‍ഡ് പദ്ധതിക്ക് പുറമെ 325 നിര്‍ധന വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാഭ്യാസ സഹായവും കൂടാതെ പ്രഫഷണല്‍ കോഴ്‌സുകള്‍ക്ക് പഠിക്കുന്ന 25 കുട്ടികള്‍ക്ക് സാമ്പത്തികസഹായവും ഈ വര്‍ഷം സ്വിറ്റ്‌സര്‍ലന്‍ഡിലെ മലയാളി കുട്ടികള്‍ കിന്‍ഡര്‍ ഫോര്‍ കിന്‍ഡര്‍ വഴി നല്‍കുകയുണ്ടായി. 

2018 2019 സ്‌കൂള്‍ വര്‍ഷത്തില്‍ 25 ലക്ഷം രൂപയുടെ സാമ്പത്തിക സഹായമാണ് നല്‍കിയത്. സ്വിറ്റ്‌സര്‍ലന്‍ഡില്‍ വളരുന്ന മലയാളി കുട്ടികള്‍ ജന്മ നാട്ടിലെ കുട്ടികളെ വിദ്യാഭ്യാസത്തില്‍ സഹായിക്കുന്ന കേളീ പദ്ധതി ആണ് കിന്‍ഡര്‍ ഫോര്‍ കിന്‍ഡര്‍.

സുമനസുകളായ മലയാളികളുടെ സഹായം കൂടാതെ സ്‌പോണ്‍സര്‍ഷിപ്പ് വഴിയും വര്‍ഷം തോറും ഒരുക്കുന്ന ചാരിറ്റി ഷോയില്‍ കൂടിയും കുട്ടികള്‍ വിവിധ പദ്ധതികള്‍ക്ക് ആവശ്യമായ ധനം സമാഹരിച്ചു വരുന്നു. 2019 ലെ ചാരിറ്റി ഷോ ഒക്ടോബര്‍ 26 ന് സൂറിച്ച് ഹോര്‍ഗനിലെ ദേവാലയ ഹാളില്‍ വച്ച് നടക്കും.

റിപ്പോര്‍ട്ട്: ജേക്കബ് മാളേയ്ക്കല്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക