ജുബൈല്‍(ദമാം): കാസര്‍ഗോട്ടെ യൂത്ത് കോണ്‍ഗ്രസ് പ്രവത്തകരായ കൃപേഷ്, ശരത് ലാല്‍ എന്നിവരുടെ രാഷ്ട്രീയ കൊലപാതകത്തിനെതിരെ ഒഐസി സി ജുബൈല്‍ ഏരിയ കമ്മിറ്റി യൂത്ത് വിംഗ് പ്രതിഷേധ സംഗമവും ജ്വാലയും സംഘടിപ്പിച്ചു. പ്രതിഷേധ സംഗമം ഒഐസിസി ദമാം റീജണല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി ഷിഹാബ് കായംകുളം ഉദ്ഘാടനം ചെയ്തു.
ആശയങ്ങള്‍ കൊണ്ട് പോരാട്ടം സാധിക്കാതെ വരുമ്പോള്‍ എതിരാളികളെ വെട്ടിക്കൊലപ്പെടുത്തുന്ന കിരാത രാഷ്ട്രീയം അത്യന്തം ക്രൂരവും അപലപനീയവുമാണ്. സിപി എമ്മിന്റെ കൊലപാതക രാഷ്ട്രീയം ജനങ്ങളുടെ സ്വത്തിനും ജീവനും ഭീഷണിയാണ്. സിപിഎം നേതാക്കന്മാര്‍ പരസ്യമായി നടത്തുന്ന പ്രോത്സാഹനമാണ് ഈ കൊലക്കത്തി രാഷ്ട്രീയത്തിന് പ്രേരണ നല്‍കുന്നത്. ശുഹൈബിന്റെ കൊലപാതകത്തിന്റെ ഓര്‍മകള്‍ ജനങ്ങളുടെ മനസില്‍ നിന്ന് മായുന്നതിന് മുന്നേയാണ് ഈ ആരും കൊല സിപിഎം നടത്തിയത് . ഇതിനെതിരെ ശക്തമായ ജനാതിപത്യ മുന്നേറ്റം ഉണ്ടാവേണ്ടത് അത്യാവശ്യമാണെന്ന് ശിഹാബ് കായംകുളം പറഞ്ഞു.
യൂത്ത് വിംഗ് ജുബൈല്‍ ഏരിയ കമ്മിറ്റി പ്രസിഡന്റ് ഉസ്മാന്‍ കുന്നംകുളം അധ്യക്ഷത വഹിച്ചു. യൂത്ത് വിംഗ് റീജണല്‍ കമ്മിറ്റി പ്രസിഡന്റ് നബീല്‍ നെയ്തല്ലൂര്‍, ജനറല്‍ സെക്രട്ടറി കിച്ചു കായംകുളം, അഡ്വ.ആന്റണി, നസീര്‍ തുണ്ടില്‍, അജ്മല്‍ താഹ കോയ, അനില്‍ കുമാര്‍ കണ്ണൂര്‍, സലിം വെളിയത്ത്, ഷമീം, അന്‍സാരി, കമറുദ്ദീന്‍ കണ്ണൂര്‍ എന്നിവര്‍ സംസാരിച്ചു. ജനറല്‍ സെക്രട്ടറി അന്‍ഷാദ് ആദം സ്വാഗതവും ട്രഷറര്‍ റിനു മാത്യു നന്ദിയും പറഞ്ഞു.
റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം