Image

നഴ്‌സുമാരുടെ സമരങ്ങളും ചില മൗലിക യാഥാര്‍ഥ്യങ്ങളും

എം.കെ. മുബാറക്‌ Published on 17 April, 2012
നഴ്‌സുമാരുടെ സമരങ്ങളും ചില മൗലിക യാഥാര്‍ഥ്യങ്ങളും
നഴ്‌സുമാര്‍ ഉള്‍പ്പെടെയുള്ള സ്വകാര്യ ആശുപത്രി ജീവനക്കാര്‍ നടത്തിവരുന്ന സമരങ്ങളെ സംബന്ധിച്ച വാര്‍ത്തകളും വിശകലനങ്ങളും ഈയിടെയായി ദൃശ്യഅച്ചടി മാധ്യമങ്ങളില്‍ പ്രാധാന്യപൂര്‍വം വരുന്നുണ്ട്‌. എന്നാല്‍, മുഴുവന്‍ വസ്‌തുതകള്‍ ഉള്‍ക്കൊള്ളാത്ത ഈ റിപ്പോര്‍ട്ടുകളില്‍ ഏകപക്ഷീയതയാണ്‌ മുഴച്ചുനില്‍ക്കുന്നതെന്ന്‌ ചൂണ്ടിക്കാണിക്കാതെ വയ്യ. ജീവനക്കാരുടെ അവകാശങ്ങള്‍ നിഷേധിക്കുന്ന ബിസിനസ്‌ സ്ഥാപനങ്ങളായാണ്‌ പലരും സ്വകാര്യ ആശുപത്രികളെ മുദ്രയടിക്കുന്നത്‌.

ആശുപത്രി ജീവനക്കാരുടെ ന്യായമായ മുഴുവന്‍ ആവശ്യങ്ങളും ജീവനക്കാര്‍ക്ക്‌ ലഭിക്കേണ്ടതാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല. ചുരുക്കം ചില ആശുപത്രി ഉടമകള്‍/മാനേജ്‌മെന്റുകള്‍ മിനിമം വേതനമടക്കമുള്ള ആനുകൂല്യങ്ങള്‍ കൃത്യമായി നല്‍കുന്നുണ്ടെന്ന്‌ പറയാനാവില്ല. എല്ലാ ആശുപത്രികളുടെയും ഭരണസംവിധാനം/വേതനഘടന/സര്‍വീസാനുകൂല്യങ്ങള്‍ എല്ലാം ഒരേതരത്തിലല്ല. ചില ആശുപത്രികള്‍ ചാരിറ്റബ്‌ള്‍ സ്വഭാവത്തിലും ഘടനയിലുമാണ്‌ പ്രവര്‍ത്തിക്കുന്നത്‌. ഇത്തരം ആശുപത്രികളില്‍ എത്തുന്ന രോഗികള്‍ക്ക്‌ ഒട്ടനവധി കാര്യങ്ങള്‍ സൗജന്യമായി നല്‍കുന്നുണ്ട്‌. ചില അവസരങ്ങളില്‍ നിര്‍ധനരായ രോഗികള്‍ക്ക്‌ സര്‍ക്കാര്‍ ആശുപത്രികളില്‍പോലും നല്‍കാന്‍ കഴിയാത്തവിധത്തിലുള്ള പരിപൂര്‍ണ സൗജന്യ ചികിത്സ നല്‍കുന്ന ആശുപത്രികളുമുണ്ട്‌. ഇത്തരം ആശുപത്രികളില്‍ ജോലി ചെയ്യുന്ന ജീവനക്കാര്‍ക്ക്‌ ഒട്ടനവധി ആനുകൂല്യങ്ങള്‍ നല്‍കിവരുന്ന മാനേജ്‌മെന്റുകളുമുണ്ട്‌.

നഴ്‌സുമാരുടെ വേതനവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാണ്‌ കേരളത്തില്‍ വിഷയം കൂടുതല്‍ ചര്‍ച്ചചെയ്യാനുണ്ടായ കാരണം. 2009ലെ ഗവണ്‍മെന്റ്‌ വിജ്ഞാപനപ്രകാരം മിനിമം വേതന ആക്ട്‌ അനുസരിച്ച്‌ ശമ്പളം നടപ്പാക്കാന്‍ മന്ത്രി ആവശ്യപ്പെട്ടു. ഹോസ്‌പിറ്റലുകള്‍ അത്‌ നടപ്പാക്കുകയും ചെയ്‌തു. ഇതിനപ്പുറവും നല്‍കണമെന്ന ആവശ്യവുമായാണ്‌ പലയിടങ്ങളിലും നഴ്‌സുമാര്‍ രംഗത്തിറങ്ങിയത്‌. വേതനനിയമം പൂര്‍ണമായി നടപ്പാക്കിയാല്‍ സാമ്പത്തികഭാരം താങ്ങാനാകാതെ സംസ്ഥാനത്ത്‌ 200ലേറെ സ്വകാര്യ ആശുപത്രികള്‍ അടച്ചുപൂട്ടേണ്ടിവരും.
സ്‌കാനിങ്‌ മെഷീന്‍ ഒരിക്കല്‍ വാങ്ങിയാല്‍ പോരേ, പിന്നെ എന്തുകൊണ്ട്‌ സ്‌കാനിങ്ങിന്‌ എല്ലാകാലവും ഉയര്‍ന്ന നിരക്ക്‌ ഈടാക്കണമെന്ന്‌ ഈയിടെ ഒരു ലേഖകന്‍ സംശയം ഉന്നയിക്കുകയുണ്ടായി. സ്‌കാന്‍ ചെയ്യാന്‍ ഒരു വിദഗ്‌ധ ഡോക്ടര്‍, കണ്‍സ്യൂമബ്‌ള്‍ (ടെസ്റ്റിന്‌ ഉപയോഗിക്കുന്ന മെറ്റീരിയല്‍), ഒരു വര്‍ഷ ഗാരന്റിക്കുശേഷം മെയിന്റനന്‍സിന്‌ നല്‍കേണ്ട എ.എം.സി ചെലവ്‌, ഡ്യൂട്ടി നഴ്‌സ്‌, സ്വീപ്പര്‍ തുടങ്ങിയവരുടെ വേതനം, വൈദ്യുതി, വാടക തുടങ്ങിയ മറ്റു ചെലവുകള്‍ എന്നിവ പരിഗണിച്ചാണ്‌ നിരക്ക്‌ നിശ്ചയിക്കുന്നത്‌ എന്ന വസ്‌തുത ലേഖകന്‍ വിസ്‌മരിക്കുന്നു. പല ആശുപത്രി മെഷിനറികളും പ്രവര്‍ത്തിക്കുന്നത്‌ നഷ്ടം സഹിച്ചുകൊണ്ടാണെന്ന വസ്‌തുതയും മറക്കുന്നു. നിസ്സാര വീഴ്‌ചകളുടെ പേരില്‍ ബഹളംകൂട്ടി ചികിത്സാബില്‍ ചുരുക്കാന്‍ സമ്മര്‍ദം ചെലുത്തല്‍, നഷ്ടപരിഹാരം ഈടാക്കല്‍ തുടങ്ങിയ പ്രവണതകളും വര്‍ധിച്ചുവരുകയാണ്‌.

സര്‍വീസ്‌ ആനുകൂല്യങ്ങള്‍ക്കും വേതനവര്‍ധനക്കും സമരം നടത്തുന്ന ജീവനക്കാര്‍ കേരളത്തില്‍ ഏറിവരുന്നു. ഓരോ ജീവനക്കാര്‍ക്കും അവരുടെ ജോലിയുടെ ഉത്തരവാദിത്തവും അധ്വാനവും കണക്കിലെടുത്ത്‌ വേതനം നല്‍കിയേ തീരൂ. കുറഞ്ഞത്‌ സര്‍ക്കാര്‍ നിശ്ചയിച്ച 2009ലെ വിജ്ഞാപനം അനുസരിച്ചുള്ള മിനിമം വേതനമെങ്കിലും ലഭിക്കണം. എന്നാല്‍, ഈ വിജ്ഞാപനത്തില്‍ ചില ന്യൂനതകള്‍ വന്നിട്ടുണ്ട്‌. ട്രെയ്‌നികളുടെ കാര്യം ഈ വിജ്ഞാപനത്തില്‍ സൂചിപ്പിച്ചിട്ടുപോലുമില്ല. ആരോഗ്യ പരിപാലനരംഗത്ത്‌ ശ്രദ്ധയോടുകൂടി ജോലി ചെയ്യേണ്ട നഴ്‌സുമാര്‍, ലബോറട്ടറി ടെക്‌നീഷ്യന്മാര്‍, റേഡിയോഗ്രാഫര്‍മാര്‍, മൈക്രോബയോളജിസ്റ്റ്‌ തുടങ്ങിയ തസ്‌തികയിലുള്ളവര്‍ അതത്‌ കോഴ്‌സ്‌ പൂര്‍ത്തിയാക്കിയാണ്‌ ജോലിയില്‍ പ്രവേശിക്കാറുള്ളതെങ്കിലും അവര്‍ക്ക്‌ പ്രവൃത്തിപരിചയം അനിവാര്യമാണ്‌. ജോലിപരിചയം ഒട്ടുമില്ലാത്ത നഴ്‌സിന്‌ രോഗിക്ക്‌ ഇഞ്ചക്ഷന്‍ നല്‍കാനോ നഴ്‌സിങ്‌ കെയര്‍ കണ്ടറിഞ്ഞു നല്‍കാനോ കഴിയില്ല. കൂടാതെ രോഗികളും സഹായികളും കാര്യങ്ങള്‍ കൃത്യമായി മനസ്സിലാക്കുന്നവരുമാണ്‌. ഒട്ടും പ്രവൃത്തിപരിചയമില്ലാത്തവര്‍ ഇഞ്ചക്ഷന്‍ നല്‍കാന്‍ ചെന്നപ്പോള്‍ രോഗി അതിന്‌ സമ്മതിക്കാതിരുന്ന കേസുകള്‍ നിരവധിയുണ്ട്‌. ഒരു നഴ്‌സിന്റെ കൂടെ ജോലിചെയ്‌ത്‌ പരിചയം സിദ്ധിച്ചേ ഇത്തരം തസ്‌തികകളില്‍ ജോലി ചെയ്യാന്‍ കഴിയൂ. ഇതേപോലെ, മറ്റു പ്രധാന തസ്‌തികകളിലും ജോലിപരിചയം അനിവാര്യമാണ്‌. കോഴ്‌സ്‌ കഴിഞ്ഞുവരുന്നവരെ ട്രെയ്‌നിയായി ഒരു നിശ്ചിത കാലയളവില്‍ നിയോഗിച്ചേ മതിയാവൂ. സാധാരണഗതിയില്‍ ഒരു വര്‍ഷമെങ്കിലും ഇങ്ങനെ പരിചയം സിദ്ധിക്കേണ്ടിവരും. ഇക്കാര്യം കോഴ്‌സ്‌ കഴിഞ്ഞുവരുന്നവര്‍ക്കും അറിയാം. ഈ ട്രെയ്‌നിങ്‌ കാലയളവില്‍ സര്‍ക്കാര്‍ നിശ്ചയിച്ച നിരക്കിലുള്ള മിനിമം വേതനം ലഭിക്കണമെന്നാവശ്യം നീതീകരിക്കാനാവില്ല.

പല ആശുപത്രി മാനേജ്‌മെന്റുകളുമായി ബന്ധപ്പെട്ട്‌ കാര്യങ്ങള്‍ അന്വേഷിച്ചപ്പോള്‍ നല്ലതുപോലെ ശ്രദ്ധിച്ച്‌ കുറ്റമറ്റരീതിയില്‍ പ്രവൃത്തിയെടുക്കുന്ന ഏതു ജീവനക്കാര്‍ക്കും മിനിമം വേതനത്തിനേക്കാള്‍ കൂടുതല്‍ നല്‍കാന്‍ തയാറാകുന്നതായി മനസ്സിലാക്കാന്‍ കഴിഞ്ഞു.

സര്‍ക്കാര്‍ നിശ്ചയിച്ച മിനിമം വേതനം എല്ലാ ജീവനക്കാര്‍ക്കും ലഭിക്കണം. അതേസമയം, കോഴ്‌സ്‌ കഴിഞ്ഞ്‌ ട്രെയ്‌നിങ്‌ കാലയളവില്‍ പരിചയസമ്പന്നര്‍ക്ക്‌ ലഭിക്കുന്ന അതേനിരക്കില്‍ വേതനം ലഭിക്കണമെന്നാവശ്യം അംഗീകരിക്കാന്‍ കഴിയില്ല. ജോലിയില്‍ പുതുതായി ചേര്‍ന്ന ജീവനക്കാരും സീനിയര്‍ ജോലിക്കാരും (സര്‍വീസ്‌ കൂടുതലുള്ളവര്‍) തമ്മില്‍ വേതനനിരക്കില്‍ കാര്യമായ വ്യത്യാസമുണ്ടാവുക സ്വാഭാവികം മാത്രം. ദീര്‍ഘകാലം സര്‍വീസുള്ളവര്‍ക്ക്‌ അതിനനുസരിച്ച രീതിയില്‍ ഉചിതമായ സ്‌കെയിലില്‍ വേതനം നിര്‍ണയിക്കേണ്ടതാകുന്നു. ഈ തത്ത്വം മിനിമം വേതനവിജ്ഞാപനത്തില്‍ ഉണ്ടായിരുന്നെങ്കില്‍ ഇന്നത്തെ വേതനവര്‍ധനക്കുള്ള വിലപേശല്‍ സമരമുറകള്‍ ഉണ്ടാകുമായിരുന്നില്ല.

മറ്റു മേഖലകളെപ്പോലെ അനുദിനമുള്ള നിരക്കുവര്‍ധന ആശുപത്രികളില്‍ ഇല്ല. മരുന്നുകളുടെ അടിക്കടിയുള്ള വിലക്കയറ്റം, മെഷിനറികള്‍, ഉപകരണങ്ങള്‍ തുടങ്ങിയവയുടെ വിലവര്‍ധന എന്നിവ പലപ്പോഴും ആശുപത്രി മാനേജ്‌മെന്റിന്റെ സാമ്പത്തികസ്ഥിതിയെ പ്രയാസപ്പെടുത്തുന്നുണ്ട്‌. നൂതനമായ പരിശോധനയുടെ ഭാഗമായി പുതിയ ഉപകരണങ്ങള്‍ ഇടക്കിടെ സ്ഥാപിക്കേണ്ടതായും വരാറുണ്ട്‌. വൈദഗ്‌ധ്യമേറിയ ജീവനക്കാരെ കിട്ടാത്ത അവസ്ഥയും ഉണ്ടാകാറുണ്ട്‌. ഒട്ടനവധി നിയമവ്യവസ്ഥകള്‍ സ്വകാര്യ മേഖലയിലെ ആശുപത്രികള്‍ക്ക്‌ ബാധകമാണ്‌. പഞ്ചായത്ത്‌/മുനിസിപ്പല്‍ നിയമം, പൊലൂഷന്‍ കണ്‍ട്രോള്‍ നിയമം, കമേഴ്‌സ്യല്‍ ടാക്‌സ്‌, ഫയര്‍ ആന്‍ഡ്‌ റസ്‌ക്യൂ, പി.എഫ്‌, ആരോഗ്യവകുപ്പ്‌ നിയന്ത്രണങ്ങള്‍, എംപ്ലോയീസ്‌ ഇന്‍ഷുറന്‍സ്‌ നിയമം, മിനിമം വേതനനിയമം, പേയ്‌മെന്റ്‌ ഓഫ്‌ വേജസ്‌ നിയമം, ഇന്‍ഡസ്‌ട്രിയല്‍ ഡിസ്‌പ്യൂട്ട്‌ നിയമം, ഇന്‍ഡസ്‌ട്രിയല്‍ എസ്റ്റാബ്ലിഷ്‌മെന്റ്‌ നിയമം, കേരള ഷോപ്‌സ്‌ ആന്‍ഡ്‌ കമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ്‌ ഗ്രാറ്റിവിറ്റി നിയമം, ഇലക്ട്രിസിറ്റി നിയമം, വാട്ടര്‍ അതോറിറ്റി നിയമങ്ങള്‍ തുടങ്ങിയവ ആശുപത്രി മാനേജ്‌മെന്റ്‌ കര്‍ശനമായി പാലിച്ചേ മതിയാവൂ. ഒരു നിയമവും ബാധകമല്ലാതെയാണ്‌ ആശുപത്രികളുടെ പ്രവര്‍ത്തനമെന്നത്‌ കുപ്രചാരണം മാത്രമാണ്‌. ജീവനക്കാര്‍ക്ക്‌ ആനുകൂല്യങ്ങള്‍ക്കുവേണ്ടി വാദമുന്നയിക്കാം. പക്ഷേ, അത്‌ നീതിയുക്തമാകണം. സ്ഥാപനത്തിന്റെ സ്വഭാവവും സാഹചര്യവും കണക്കിലെടുത്തുവേണം. ചികിത്സ തേടിയെത്തുന്നവരെയോ രോഗികളെയോ കഷ്ടപ്പെടുത്തിക്കൊണ്ടോ വെല്ലുവിളിച്ചുകൊണ്ടോ ആകരുത്‌. ആശുപത്രി മാനേജ്‌മെന്റിനെ അപകീര്‍ത്തിപ്പെടുത്തുന്നവിധം പ്രസ്‌താവനകളിറക്കുന്നതും നല്ല പ്രവണതയല്ല.

കേരളത്തിലെ സ്വകാര്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ആശുപത്രികളുടെയും നഴ്‌സിങ്‌ഹോമുകളുടെയും സേവനം ആരോഗ്യരംഗത്തെ ഒരു പ്രധാന ഘടകംതന്നെയാണ്‌. പ്രത്യക്ഷമായും പരോക്ഷമായും ലക്ഷക്കണക്കിന്‌ ജീവനക്കാര്‍ ഇത്തരം സ്ഥാപനങ്ങളില്‍ ജോലി ചെയ്‌തുവരുന്നു. എന്നാല്‍, ഇക്കാര്യം സര്‍ക്കാര്‍പോലും മറന്നുപോകുന്നുണ്ടോ എന്ന്‌ സംശയിക്കേണ്ടിയിരിക്കുന്നു. സ്വകാര്യ മേഖലയില്‍ നമ്മുടെ സംസ്ഥാനത്ത്‌ ആയിരക്കണക്കില്‍ സര്‍ക്കാര്‍, എയ്‌ഡഡ്‌ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്‌. ഇത്തരം സ്ഥാപനങ്ങളുടെ അഡ്‌മിനിസ്‌ട്രേറ്റിവ്‌ ചെലവുകള്‍ സര്‍ക്കാര്‍ ഖജനാവില്‍നിന്ന്‌ നിര്‍ലോഭമായി നല്‍കിക്കൊണ്ടിരിക്കുന്നതും നമ്മുടെ ഭരണാധിപന്മാര്‍ ഓര്‍ക്കണം. തുല്യപ്രാധാന്യമുള്ള സേവനങ്ങള്‍ നടത്തിവരുന്ന സ്വകാര്യ ആശുപത്രികളെ ശ്വാസംമുട്ടിക്കുന്ന നയം എത്രമാത്രം ആശാസ്യമാണ്‌!

മിനിമം വേജസ്‌ ആക്ട്‌ സെക്ഷന്‍ മൂന്നില്‍ ഓരോ അഞ്ചു വര്‍ഷത്തിലും മിനിമം വേതനം പുതുക്കിനിശ്ചയിക്കാമെന്ന്‌ വ്യവസ്ഥ ചെയ്‌തിട്ടുണ്ട്‌. അതുപ്രകാരം കാലാകാലങ്ങളില്‍ മിനിമം വേതനം പുതുക്കിനിശ്ചയിക്കണം. ഇങ്ങനെ മിനിമം വേതനം നിര്‍ണയിക്കുമ്പോള്‍ ആശുപത്രിയുടെ നിലവാരം, തരം എന്നിവ വ്യക്തമായി കണക്കാക്കി പരിഗണിക്കണം. റൂറല്‍ ഏരിയയിലെ ആശുപത്രികളിലും അര്‍ബന്‍ ഏരിയയിലെ ആശുപത്രികളിലും വേതനവ്യവസ്ഥയില്‍ മാറ്റം വേണം. ചെലവുകള്‍ വരുമെന്നത്‌ തര്‍ക്കമില്ലാത്ത വസ്‌തുതയാണ്‌. സമരാവേശം കുത്തിവെച്ച്‌ ജീവനക്കാരെ തെരുവിലിറക്കുന്നവര്‍ ഒരുകാര്യം ഓര്‍മിക്കുന്നത്‌ നന്നായിരിക്കും. ഇതിന്റെ പരിണിതഫലമായി ഭാരിച്ച സാമ്പത്തിക ബാധ്യത വരുന്നത്‌ ചികിത്സ തേടിയെത്തുന്ന അനേകായിരം പാവപ്പെട്ട സാധാരണക്കാരുടെ തലയിലായിരിക്കും.

(കടപ്പാട്‌: മാധ്യമം)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക