Image

മലങ്കര ജലാശയത്തിലെ ജലനിരപ്പ്‌ ഉയര്‍ന്നു : വീടുകളിലേയ്‌ക്ക്‌ വെള്ളം കയറി

Published on 22 February, 2019
മലങ്കര ജലാശയത്തിലെ ജലനിരപ്പ്‌ ഉയര്‍ന്നു : വീടുകളിലേയ്‌ക്ക്‌ വെള്ളം കയറി
മൂലമറ്റം: മലങ്കര ജലാശയത്തിലെ ജലനിരപ്പ്‌ പരമാവധിയിലെത്തിയതിനെ തുടര്‍ന്ന്‌ ഡാമിനോട്‌ ചേര്‍ന്നുള്ള വീടുകളിലും കൃഷിയിടങ്ങളിലും വെള്ളം കയറി. ഡാമിന്റെ ഷട്ടറുകള്‍ തുറന്നുവിട്ടാണ്‌ ജലനിരപ്പ്‌ നിയന്ത്രിച്ചത്‌.

മൂലമറ്റം പവര്‍ഹൗസില്‍ വൈദ്യുതോത്‌പാദനം കൂട്ടിയതിനാലാണ്‌ മലങ്കരയില്‍ ജലനിരപ്പ്‌ ഉയര്‍ന്നത്‌. മൂലമറ്റം പവര്‍ഹൗസില്‍നിന്ന്‌ വൈദ്യുതോത്‌പാദനശേഷം പുറന്തള്ളുന്ന വെള്ളമാണ്‌ മലങ്കരയില്‍ സംഭരിക്കുന്നത്‌.

ഡാമിന്റെ പരമാവധി സംഭരണശേഷി 43 മീറ്ററാണ്‌. വ്യാഴാഴ്‌ച മൂലമറ്റത്ത്‌ അഞ്ച്‌ ജനറേറ്ററുകള്‍ പ്രവര്‍ത്തിപ്പിച്ചു. ഇതേ തുടര്‍ന്ന്‌ വൈകീട്ട്‌ അഞ്ചുമണിയോടെ ഡാമിലെ ജലനിരപ്പ്‌ പരമാവധി സംഭരണ ശേഷിയിലേക്ക്‌ ഉയര്‍ന്നു.

സംഭരണ പ്രദേശത്ത്‌ വെള്ളം ഉയര്‍ന്നതോടെ ഡാമിനരികിലുള്ള താഴ്‌ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി.

കാഞ്ഞാര്‍ ലക്ഷംവീട്‌ കോളനിയില്‍ പുതുതായി നിര്‍മിച്ച സംരക്ഷണഭിത്തിക്ക്‌ പുറത്ത്‌ താമസിക്കുന്ന ഏഴ്‌ വീടുകളുടെ മുറ്റത്ത്‌ വെള്ളം കയറി.

ഇതില്‍ നാല്‌ വീടുകള്‍ക്കുള്ളിലും വെള്ളം കയറിയ നിലയിലാണ്‌. മുറികളിലുംമറ്റും വെള്ളം കയറിയതിനാല്‍ മാറി താമസിക്കേണ്ടിവരുമെന്ന്‌ വീട്ടുകാര്‍ പറഞ്ഞു.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക