Image

ഒബാമയ്ക്കു "വിലയിട്ട' ബ്രിട്ടീഷ് പ്രഭുവിന് എതിരെ നടപടി; പുലിസ്റ്റര്‍ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു

Published on 17 April, 2012
ഒബാമയ്ക്കു "വിലയിട്ട' ബ്രിട്ടീഷ് പ്രഭുവിന് എതിരെ നടപടി; പുലിസ്റ്റര്‍ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു
ഒബാമയ്ക്കു "വിലയിട്ട' ബ്രിട്ടീഷ് പ്രഭുവിന് എതിരെ നടപടി

ലണ്ടന്‍: പാക്കിസ്ഥാനിലെ ലഷ്കറെ തയിബ തീവ്രവാദി സംഘത്തിന്റെ സ്ഥാപകനേതാവ് ഹാഫിസ് മുഹമ്മദ് സയീദിന്റെ തലയ്ക്ക് യുഎസ് സര്‍ക്കാര്‍ ഒരുകോടി ഡോളര്‍ വിലയിട്ടതുപോലെ യുഎസ് പ്രസിഡന്റ് ബറാക് ഒബാമയ്ക്കും മുന്‍ പ്രസിഡന്റ് ജോര്‍ജ് ബുഷിനും ഒരുകോടി പൗണ്ട് വിലയിട്ട ബ്രിട്ടീഷ് പ്രഭു നസീര്‍ അഹമ്മദിനെ (53) ലേബര്‍ പാര്‍ട്ടിയില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തു.
പാക്ക് വംശജനായ നസീര്‍ അഹമ്മദ് ആണ് ബ്രിട്ടനില്‍ പ്രഭുപദവി ലഭിച്ച ആദ്യ മുസ്‌ലിം. സയീദിന്റെ തലയ്ക്ക് വിലയിടാമെങ്കില്‍ ഒബാമയ്ക്കും ബുഷിനും ഒരു കോടി വിലയിടാമെന്നും വീടു വിറ്റിട്ടായാലും ഇതിനുള്ള പണം സമാഹരിക്കുമെന്നും പാക്കിസ്ഥാനിലെ ഹരിപൂരില്‍ അഹമ്മദ് പറഞ്ഞതായാണ് റിപ്പോര്‍ട്ട്. അവിടെ നല്‍കിയ സ്വീകരണത്തിലായിരുന്നു പ്രസംഗം.

പുലിസ്റ്റര്‍ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു

ന്യൂയോര്‍ക്ക്: ഇരുപത്തിനാലുകാരിയായ യുവ പത്രപ്രവര്‍ത്തകക്കു പുലിറ്റ്‌സര്‍ പുരസ്കാരം. "ദ പാട്രിയറ്റ് ന്യൂസ്' പത്രത്തിലെ റിപ്പോര്‍ട്ടറായ സാറ ജനിമാണ് പുരസ്കാരത്തിനര്‍ഹയായത്.സിറ്റിയിലെ സ്കൂളുകളില്‍ നടക്കുന്ന ലൈംഗിക ചൂഷണത്തിന്റെ ചുരുളഴിക്കുന്ന സാറയുടെ റിപ്പോര്‍ട്ടിന് പ്രാദേശിക വിഭാഗത്തിലാണ് അവാര്‍ഡ് ലഭിച്ചത്.

സാറയുടെ റിപ്പോര്‍ട്ട് യുഎസില്‍ ചര്‍ച്ചയായിരുന്നു. മുഖ്യധാരാപത്രങ്ങളും ഇത് ഏറ്റെടുത്തിനെ തുടര്‍ന്ന് സംഭവത്തെ കുറിച്ച അന്വേഷണം നടക്കുകയും കുറ്റവാളികളെ വെളിച്ചത്ത് കൊണ്ടു വരികയും ചെയ്തു. മുസ്ലീങ്ങളുടെ മേല്‍ ചാരക്കണ്ണുകളുമായി നടക്കുന്ന ന്യൂയോര്‍ക്ക് പോലീസ് വിഭാഗത്തെ കുറിച്ച റിപ്പോര്‍ട്ടിംഗാണ് മികച്ച അന്വേഷണ റിപ്പോര്‍ട്ട്. അസോസിയേറ്റഡ് പ്രസ്സാണ് ഇത് കരസ്ഥമാക്കിയത്.

മികച്ച ബ്രേക്കിംഗ് ന്യൂസ് ഫോട്ടോഗ്രാഫി വിഭാഗത്തില്‍ എഎഫ്.പിയുടെ മസൂദ് ഹുസൈനി അവാര്‍ഡ് നേടി. കാബൂളില്‍ നടന്ന ഒരു സ്‌ഫോടനത്തില്‍ പരിക്കേറ്റവരുടേയും കൊല്ലപ്പെട്ടവരുടേയും ഇടയില്‍ നിസ്സഹായയായി കരയുന്ന 12 കാരിയുടെ ചിത്രമാണ് ഹുസൈനിക്ക് പുരസ്കാരം നേടിക്കൊടുത്തത്. പൊളിറ്റിക്കോ പത്രം എഡിറ്റോറിയല്‍ കാര്‍ട്ടൂണിനുള്ള പുരസ്കാരം നേടി. 21 വിഭാങ്ങളിലായാണ് പുലിറ്റ്‌സര്‍ പുരസ്കാരം സമ്മാനിക്കു­ന്നത്.

ജിം യോങ് കിം ലോക ബാങ്ക് പ്രസിഡന്റ്
വാഷിംഗ്ടണ്‍: യുഎസ് പൗരനും കൊറിയന്‍ വംശജനുമായ ജിം യോങ് കിമ്മിനെ ലോക ബാങ്ക് പ്രസിഡന്റായി തിരഞ്ഞെടുത്തു. പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് കിമ്മിന്റെ പേര് അമേരിക്കന്‍ പ്രസിഡന്റ് ബറാക്ക് ഒബാമ നേരത്തെ നിര്‍ദേശിച്ചിരുന്നു. ജൂലൈ ഒന്നിന് പുതിയ പ്രസിഡന്റ് സ്ഥാനമേല്‍ക്കും. ഇപ്പോഴത്തെ പ്രസിഡന്റ് റോബര്‍ട്ട് സോളിക് ജൂണ്‍ 30 ന് സ്ഥാനമൊഴിയും.

ലോകബാങ്കിന്റെ 44 വര്‍ഷത്തെ ചരിത്രത്തില്‍ ഇതുവരെ യുഎസ് പൗരനല്ലാത്ത ഒരാള്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് വന്നിട്ടില്ല. ലോകബാങ്കിന് യുഎസ് പൗരനും ഐഎംഎഫിന് യൂറോപ്യനും തന്നെ തലപ്പത്തു വരണം എന്നതായിരുന്നു ഇതുവരെയുള്ള അലിഖിത നിയമം. 1944ല്‍ സ്ഥാപിച്ച ലോകബാങ്കില്‍ 187 രാഷ്ട്രങ്ങള്‍ അംഗങ്ങളാണ്. എല്ലാ രാജ്യങ്ങളിലെയും ധനകാര്യ മന്ത്രിമാര്‍ ബാങ്കിന്റെ ബോര്‍ഡ് ഓഫ് ഗവര്‍ണര്‍മാരില്‍പ്പെടുന്നു. ഇവരാണ് ബാങ്കിന്റെ പ്രസിഡന്റിനെ തിരഞ്ഞെടുക്കേണ്ടത്. ഒരു പ്രസിഡന്റിന്റെ കാലാവധി അഞ്ചു വര്‍ഷമാണ്.


റോംനിയുടെ വൈസ് പ്രസി­ഡന്റ് സ്ഥാനാര്‍ഥിയെ തിരയാന്‍ ബെത്ത് മയേഴ്‌സ്

ന്യൂയോര്‍ക്ക്: റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥിയെ കണ്‌ടെത്താനായി പ്രസിഡന്റ് സാഥാനാര്‍ഥിത്വം ഏതാണ്ട് ഉറപ്പിച്ച മിറ്റ് റോംനി തന്റെ പ്രധാന ഉപദേശക ബെത്ത് മയേഴ്‌സിനെ ചുമതലപ്പെടുത്തി. 2002ല്‍ റോംനി മാസാച്യുസെറ്റ്‌സ് ഗവര്‍ണര്‍ തെരഞ്ഞെടുപ്പില്‍ മത്സരിച്ചപ്പോഴും മുഖ്യ ഉപദേശക സ്ഥാനത്ത് മയേഴ്‌സ് ഉണ്ടായിരുന്നു. പിന്നീട് നിയമ പഠനത്തിന് പോകുകയും വീട്ടമ്മയായി ഒതുങ്ങിക്കൂടുകയും ചെയ്ത മയേഴ്‌സിനെ ഗവര്‍ണറായി തെരഞ്ഞെടുക്കപ്പെട്ടശേഷം തന്റെ ചീഫ് സ്റ്റാഫായി നിയമിച്ചാണ് റോംനി സജീവ രാഷ്ട്രീയത്തിലേക്ക് തിരിച്ചുകൊണ്ടുവന്നത്.

തുടര്‍ന്ന് 2008ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ തന്റെ ക്യാംപെയിന്‍ മാനേജരായും റോംനി മയേഴ്‌സിനെ നിയമിച്ചു. ഇത്തവണ റിപ്പബ്ലിക്കന്‍ പ്രൈമറികളിലും റോംനിയുടെ പ്രചാരണത്തിന് ചുക്കാന്‍ പിടിക്കുന്നത് മയേഴ്‌സ് തന്നെയാണ്. വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥികളായി നിരവധി  പേരുകളാണ് പറഞ്ഞു കേള്‍ക്കുന്നത്. ഇന്ത്യവംശജരും ഗവര്‍ണര്‍മാരുമായ നിക്കി ഹേലി, ബോബി ജിന്‍ഡാല്‍ എന്നിവരുടെ പേരുകളും വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥിത്വത്തിനായി പറഞ്ഞു കേള്‍ക്കുന്നുണ്ട്. ഇവരില്‍ നിന്നുവേണം മയേഴ്‌സിന് യോഗ്യനായ സ്ഥാനാര്‍ഥിയെ കണ്‌ടെത്താന്‍.

പ്രശ്‌നങ്ങള്‍ക്ക് അതിവേഗം പരിഹാരം കാണാനുള്ള കഴിവും അഭിഭാഷകയെന്ന നിലയിലുള്ള നിയമപരിജ്ഞാനവും മയേഴ്‌സിന് കാര്യങ്ങള്‍ എളുപ്പമാക്കുമെന്നാണ് കരുതുന്നത്്. വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥി ആരാവണമെന്നത് സംബന്ധിച്ച് ഉചിതമായ സമയത്ത് തീരുമാനമെടുക്കുമെന്ന് എബിസി ടെലിവിഷന് നല്‍കിയ അഭിമുഖത്തില്‍ റോംനി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥിത്വത്തെക്കുറിച്ച് കഴിഞ്ഞ ആഴ്ചമാത്രമാണ് തങ്ങള്‍ ഗൗരവപൂര്‍വം ചര്‍ച്ച ചെയ്തതെന്ന് റോംനിയുടെ പത്‌നിയും അടുത്തിടെ വ്യക്തമാക്കിയിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക