Image

കുവൈത്തിനുവേണ്ടി എന്‍ബിടിസിയുടെ മാരത്തോണ്‍

Published on 22 February, 2019
കുവൈത്തിനുവേണ്ടി എന്‍ബിടിസിയുടെ മാരത്തോണ്‍

കുവൈത്ത്: ദേശീയദിനാഘോഷത്തോടനുബന്ധിച്ച് എന്‍ബിടിസി ഗ്രൂപ്പ് എല്ലാവര്‍ഷവും നടത്തുന്ന 'വിന്റ്റര്‍ കാര്‍ണിവല്‍2019' ഫെബ്രുവരി 25ന് വിപുലമായ പരിപാടികളോടെ എന്‍ബിടിസി കോര്‍പ്പറേറ്റ് ഓഫിസ് അങ്കണത്തില്‍ സംഘടിപ്പിക്കും. 

കാര്‍ണിവലിന്റെ ഭാഗമായി 250ഓളം ജീവനക്കാര്‍ പങ്കെടുക്കുന്ന മാരത്തോണ്‍ മത്സരവും സംഘടിപ്പിക്കും. എന്‍ബിടിസിയുടെ എംഎബി ക്യാമ്പ് മുതല്‍ കോര്‍പ്പറേറ്റ് ഓഫിസ് വരെയാകും മാരത്തോണ്‍ സംഘടിപ്പിക്കുക. പ്രശസ്ത കായികതാരം അഞ്ചു ബോബി ജോര്‍ജ് മാരത്തോണ്‍ മത്സരം ഫ്‌ലാഗ് ഓഫ് ചെയ്യും. 

25000ല്‍ അധികം ജീവനക്കാരുള്ള എന്‍ബിടിസി, കുവൈറ്റ് ദേശീയദിനാഘോഷത്തോടനുബന്ധിച്ച് നടത്തുന്ന ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഇന്ത്യയും കുവൈറ്റും തമ്മിലുള്ള സൗഹൃദം കൂടുതല്‍ ഊട്ടിയുറപ്പിക്കും. 

എന്‍ബിടിസി ഗ്രൂപ്പിന്റെ 'ഹോം ഫോര്‍ ഹോംലെസ്' പദ്ധതിയിലൂടെ അര്‍ഹരായ 25 ജീവനക്കാര്‍ക്ക് ഈ വര്‍ഷവും സൗജന്യമായി വീടുകള്‍ വച്ചു നല്‍കും. പദ്ധതിയുടെ ഭാഗമായി കഴിഞ്ഞ രണ്ട് വര്‍ഷങ്ങളിലായി 53 വീടുകളും എന്‍ബിടിസി നല്‍കിയിരുന്നു. 'വണ്‍ ടീം, വണ്‍ ഫാമിലി' എന്ന കമ്പനിയുടെ ആപ്തവാക്യം അന്വര്‍ത്ഥമാക്കുന്ന രീതിയുള്ളതാകും എന്‍ബിടിസിയുടെ വിന്റ്റര്‍ കാര്‍ണിവല്‍ ആഘോഷം. എന്‍ബിടിസി ചെയര്‍മാന്‍ മുഹമ്മദ് എന്‍. അല്‍ബദ്ദ, മാനേജിംഗ് ഡയറക്ടര്‍ കെ.ജി.എബ്രഹാം, കെഒസി, കെഎന്‍പിസി, കിപിക് തുടങ്ങിയ കമ്പനികളുടെ പ്രതിനിധികള്‍ എന്നിവര്‍ സന്നിഹിതരായിരിക്കും.

വിന്റ്റര്‍ കാര്‍ണിവല്‍  2019ന്റ്റെ ഭാഗമായി പ്രശസ്ത പിന്നണി ഗായകരായ വിധു പ്രതാപ്, അമൃത സുരേഷ്, അഭിരാമി സുരേഷ് എന്നിവര്‍ ഉള്‍പ്പെട്ട അമൃതം ഗമയ മ്യൂസിക് ബാന്‍ഡ്, എന്‍ബിടിസിയുടെ ഡെസെര്‍ട്ട് തണ്ടര്‍ മ്യൂസിക് ബാന്‍ഡ്, എന്‍ബിടിസി കലാകാരന്മാരുടെ പ്രകടനങ്ങള്‍ എന്നിവ അരങ്ങേറും. കൂടാതെ ഫിലിപ്പീന്‍സ്, ഈജിപ്ത്, ശ്രീലങ്ക, നേപ്പാള്‍, പാകിസ്ഥാന്‍, ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങള്‍ എന്നിവിടങ്ങളിലെ വ്യത്യസ്തമായ ഭക്ഷണവിഭവങ്ങള്‍ ഉള്‍പ്പെടുത്തിയ നിരവധി ഭക്ഷണശാലകളും സജ്ജമാക്കും. ഒരു പകല്‍ നീണ്ടു നില്‍ക്കുന്ന വിവിധ കലാപരിപാടികളും എന്‍ബിടിസിയുടെ കലാകായിക മേളകളില്‍ വിജയികള്‍ക്കുള്ള അവാര്‍ഡ് വിതരണവുമുണ്ടാകും.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക