Image

ഓസ്‌കര്‍ നോമിനികളെ പരിചയപ്പെടുത്തുന്നവരില്‍ സെറീന വില്യംസും കേസി മസ്‌ഗ്രേവ്‌സും- (ഏബ്രഹാം തോമസ്)

ഏബ്രഹാം തോമസ് Published on 23 February, 2019
ഓസ്‌കര്‍ നോമിനികളെ  പരിചയപ്പെടുത്തുന്നവരില്‍ സെറീന വില്യംസും കേസി മസ്‌ഗ്രേവ്‌സും- (ഏബ്രഹാം തോമസ്)
ഓസ്‌കര്‍ അവാര്‍ഡ് നിശ ഞായറാഴ്ച അരങ്ങേറുകയാണ്. ഇത്തവണത്തെ ഓസ്‌കര്‍ പതിവിലേറെ വിവാദം സൃഷ്ടിച്ചിരുന്നു. അവാര്‍ഡുകള്‍ക്ക് നോമിനേറ്റ് ചെയ്യപ്പെട്ടവരെ പരിചയപ്പെടുത്തുന്നവര്‍ക്ക് വലിയ പ്രാധാന്യമുണ്ട്. ഇവര്‍ക്ക് പ്രതിഫലമായി വലിയൊരു തുകയും പാരിതോഷികങ്ങളും നല്‍കാറുണ്ട്. അവാര്‍ഡ് ജേതാക്കളുടെ സാന്നിദ്ധ്യം ഉറപ്പിക്കുന്നതിന് അവര്‍ക്കും മറ്റ് പ്രശസ്തര്‍ക്കും ഇവ ലഭിക്കുന്നു.

നോമിനികളെ പരിചയപ്പെടുത്തുക ഒരു വലിയ ചടങ്ങായി മാറിയിട്ടുണ്ട്. ഇതിനായി എല്ലാ അവാര്‍ഡ് നിശകളിലെയും പോലെ ചലച്ചിത്രരംഗത്ത് നിന്നും പുറമെ  നിന്നും പ്രസിദ്ധരെത്തുന്നു. സ്ത്രീകളുടെ ലോണ്‍ ടെന്നീസ് ഇതിഹാസതാരം സെറീന വില്യംസായിരിക്കും നോമിനേറ്റ് ചെയ്യപ്പെട്ട എട്ട് മികച്ചചിത്രങ്ങളിലൊന്ന്, 'എ സ്റ്റാര്‍ ഈസ് ബോണ്‍'  പരിചയപ്പെടുത്തുക എന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. 4 ഗ്രാമി അവാര്‍ഡുകള്‍ നേടി വാര്‍ത്തകളില്‍ നിറഞ്ഞുനിന്ന കിഴക്കന്‍ ടെക്‌സസ് നിവാസി കേസി മസ്‌ഗ്രേവ് മറ്റൊരു പരിചയപ്പെടുത്തല്‍ നടത്തും എന്ന് അവര്‍ വെളിപ്പെടുത്തി. ഗ്രാമിയിലെ ഏറ്റവും പ്രശസ്തമായ ആല്‍ബം ഓഫ് ദ ഇയര്‍ ബഹുമതിക്ക് അര്‍ഹമായ ഗായികയാണ് മസ്ഗ്രവ്‌സ്. വില്യംസ് പൊതുവേദികളില്‍ വിവാദ പ്രസ്താവനകളിലൂടെ ഏറെ പ്രസിദ്ധയാണ്. ഓസ്‌കര്‍വേദിയും അവര്‍ ഇതിന് ഉപയോഗിച്ചു എന്ന് വരാം.

മറ്റ് അവതാരകരെക്കുറിച്ച് അധികം വിവരം ലഭ്യമായിട്ടില്ല. ഒരു ആതിഥേയ(ന്‍) ഇല്ലാത്ത നിശ എന്ന് ബഹുമതിയും ഞായറാഴ്ച രാവിനുണ്ട്. എബിസി(ചാനല്‍ 8) ഇസ്‌റ്റേണ്‍ ടൈം ആറ് മണി മുതല്‍ (റെഡ് കാര്‍ പെറ്റ് കവറേജ് നാലരയ്ക്ക് ആരംഭിക്കും. അമേരിക്കയിലെ മറ്റ് ടൈം സോണുകളില്‍ ഇതനുസരിച്ച് സമയത്താകും സംപ്രക്ഷേപണം. ഒരുപാട് മാറ്റി മറിക്കലുകള്‍ക്ക് ഇത്തവണ പരിപാടികള്‍ വിധേയമായി. 30 വര്‍ഷത്തിനിടയില്‍ ആദ്യമായാണ് ഒരു പ്രധാന അവതാരക(ന്‍) ഇല്ലാതെ അരങ്ങേറുന്നത്. ചില ലൈംഗിക പരാമര്‍ശങ്ങള്‍ സാമൂഹ്യ മാധ്യമത്തില്‍ നടത്തിയതിന് ഉണ്ടായ പ്രതിഷേധം മൂലം ആതിഥേയനാകേണ്ടിയിരുന്ന കെവിന്‍ ഹാര്‍ട്ട് ഒഴിവാക്കുകയായിരുന്നു. മീ ടൂവിന് ശേഷം ഹോളിവുഡ് ചിത്രങ്ങള്‍ പലപ്പോഴും സംയമനം പാലിക്കുന്നതായി കാണുന്നുണ്ട്. ഓസ്‌കര്‍ അവാര്‍ഡ് നിശകളില്‍ സാധാരണ കേള്‍ക്കാറുള്ള ദ്വയാര്‍ത്ഥ പ്രയോഗങ്ങള്‍ക്ക് എത്രമാത്രം സെന്‍സറിംഗ് ഉണ്ടാവുമെന്ന് കണ്ടും കേട്ടും അറിയേണ്ടിയിരിക്കുന്നു. ഒരു ജനസമ്മിതി അവാര്‍ഡ് ബ്ലാക്ക് പാന്ഥറിന് നല്‍കാന്‍ പദ്ധതി ഉണ്ടായിരുന്നു. വലിയ പരിശോധനകള്‍ ഇല്ലാതെ ഒരു സൂപ്പര്‍ ഹീറോ ചിത്രത്തിന് ഉന്നത ബഹുമതി നല്‍കി ചിലരെ തൃപതിപ്പെടുത്തുവാനുള്ള ശ്രമം എന്ന് ആരോപണം ഉണ്ടായപ്പോള്‍ ശ്രമം ഉപേക്ഷിച്ചു.
നാല് പ്രധാന വിഭാഗങ്ങളിലെ അവാര്‍ഡുകള്‍ ഓസ്‌കര്‍ നിശയില്‍ നല്‍കാതെ സ്വകാര്യ ചടങ്ങുകളില്‍ നല്‍കാനും ശ്രമം ഉണ്ടായി. സിനിമാട്ടോഗ്രാഫി, ഫിലിം എഡിറ്റിംഗ് ലൈവ് ആക്ഷന്‍ ഷോര്‍ട്ട് ഫിലിം, മേക്കപ്പ് ആന്റ് ഹെയര്‍സ്റ്റൈലിംഗ് ഇവയ്ക്കുള്ള ബഹുമതികള്‍ സമയം ലാഭിക്കാന്‍ ഓസ്‌കര്‍ വേദിയില്‍ നല്‍കേണ്ട എന്നായിരുന്നു തീരുമാനം.
ഭാഗ്യവശാല്‍ ബ്രാഡ്പിറ്റ്, കെറി വാഷിംഗ്ടണ്‍, എമ്മ സ്റ്റോണ്‍, സ്‌പൈക്ക് ലീ, ജോര്‍ജ് ക്ലൂണി, അല്‍ഫോണ്‍സോ ക്യൂയറോണ്‍ തുടങ്ങി പലരും ഇത് എതിര്‍ത്തു. ഇവര്‍ ഒപ്പ് വച്ച് പ്രതിഷേധകത്ത് പരസ്യമായതിനെ തുടര്‍ന്ന് അക്കാഡമി തീരുമാനം മാറ്റി. ഈ അവാര്‍ഡുകളും ഓസ്‌കര്‍ രാവില്‍ തന്നെ നല്‍കും.

ബ്രിട്ടീഷ് ബാന്‍ഡ് (വാദ്യസംഘം) ക്വീന്‍ ഓസ്‌കര്‍ നിശയില്‍ പരിപാടി അവതരിപ്പിക്കും. അന്തരിച്ച ഫ്രെഡി മെര്‍ക്കുറിയുടെ പകരക്കാരന്‍ ആഡം ലാംബെര്‍ട്ടിന്റെ പ്രതിഭാപ്രകടനവും ആരാധകര്‍ക്ക് ആസ്വദിക്കുവാന്‍ കഴിയും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക