Image

യഥാര്‍ഥ പ്രതികള്‍ പിടിക്കപ്പെടണമെങ്കില്‍ സിബിഐ അന്വേഷണം അനിവാര്യം: ദമാം ഒഐസിസി

Published on 23 February, 2019
യഥാര്‍ഥ പ്രതികള്‍ പിടിക്കപ്പെടണമെങ്കില്‍ സിബിഐ അന്വേഷണം അനിവാര്യം: ദമാം ഒഐസിസി

അല്‍ കോബാര്‍: കാസര്‍കോഡ് രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കൊലപ്പെടുത്തിയ സിപിഎമ്മിന്റെ കൊലപാതക രാഷ്ട്രീയത്തിനെതിരെ ദമാം ഒഐസിസി കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പ്രതിഷേധ സദസ്സ് സംഘടിപ്പിച്ചു. 

കൃപേഷിനെയും ശരത് ലാലിനെയും കൊലപ്പെടുത്തിയ യഥാര്‍ഥപ്രതികളെ പിടികൂടണമെങ്കില്‍ സിബിഐ അന്വേഷണത്തിന് മാത്രമേ സാധിക്കുകയുള്ളൂവെന്ന മാതാപിതാക്കളുടെ ആവശ്യത്തെ സര്‍ക്കാര്‍ എന്തിന് ഭയപ്പെടുന്നുവെന്ന് പ്രതിഷേധ സദസ് ഉദ്ഘാടനം ചെയ്തുകൊണ്ട് ഒഐസിസി ദമ്മാം റീജണല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി ഇ.കെ.സലിം ചോദിച്ചു.

സര്‍ക്കാരിന്റെ ഇഷ്ടങ്ങള്‍ മാത്രം നടപ്പിലാക്കുന്ന പോലീസ് ഓഫീസറെന്ന ട്രാക്ക് റിക്കാര്‍ഡുള്ള ആളെ അന്വേഷണ ചുമതല ഏല്‍പ്പിച്ചതുതന്നെ ഈ കേസിലെ യഥാര്‍ഥ പ്രതികളെ രക്ഷപ്പെടുത്താനാണെന്ന സംശയം ബലപ്പെടുത്തുകയാണ്. കൃപേഷിനേയും ശരത് ലാലിനെയും നിഷ്ടൂരമായി വെട്ടിക്കൊലപ്പെടുത്തിയതിനെ സര്‍ക്കാരും സിപിഎമ്മും തള്ളിപ്പറയുന്നത് ആത്മാര്‍ഥതയോടെയാണെങ്കില്‍ കൃപേഷിന്‍െയും ശരത് ലാലിന്റെയും മാതാപിതാക്കളുടെ ആവശ്യത്തെ സര്‍ക്കാര്‍ അംഗീകരിക്കുവാന്‍ തയാറാകണമെന്നും ഇ.കെ.സലിം ആവശ്യപ്പെട്ടു.

നാടിനെ നടുക്കിയ കല്യോട്ടിലെ രണ്ടു ചെറുപ്പക്കാരുടെ വധത്തിന് ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് ടി.പി. ചന്ദ്രശേഖരന്‍ വധക്കേസില്‍ ജയില്‍ ശിക്ഷ അനുഭവിക്കുന്ന രണ്ട് പ്രതികള്‍ക്ക് അടിയന്തര പരോള്‍ നല്‍കാനിടയായ സാഹചര്യം എന്തായിരുന്നു. അതിലൊരാളെ ഒരു മോഷണക്കേസില്‍ പെടുത്തി പോലീസ് പിടിച്ചുകൊണ്ട് പോകുന്നത് ജനങ്ങളെ കാണിപ്പിച്ചത് കൊലപാതകത്തിന്റെ തിരക്കഥ തയാറാക്കിയവരാണെന്ന് ന്യായമായും സംശയിക്കുന്നു. എതിരാളികളെ ഉന്മൂലനം ചെയ്യുന്ന സിപിഎമ്മിന്റെ കൊലപാതക രാഷ്ട്രീയം ആ പാര്‍ട്ടിയുടെ തന്നെ നാശത്തിലേക്ക് നയിക്കും. സിപിഎമ്മിനുവേണ്ടി നടത്തിയ കൊലപാതകകേസുകളില്‍ ജയിലുകളില്‍ കഴിയുന്ന പ്രതികള്‍ ഭരണത്തിന്റെ തണലില്‍ പരോളിലിറങ്ങി ഹണിമൂണ്‍ ആഘോഷിച്ചും നൃത്തം ചവിട്ടിയും കേരള സമൂഹത്തെയും ഇരകളുടെ കുടുംബങ്ങളെയും ഇളിഭ്യരാക്കുകയാണെന്നും പ്രതിഷേധ സദസില്‍ പങ്കെടുത്തുകൊണ്ട് സംസാരിച്ചവര്‍ പറഞ്ഞു.

സിപിഎം നേതാക്കള്‍ പങ്കെടുക്കുന്ന പരിപാടികളില്‍ കോണ്‍ഗ്രസ് നേതാക്കള്‍ പങ്കെടുക്കരുതെന്ന് ആവശ്യപ്പെട്ടുകൊണ്ട് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി എന്നിവര്‍ക്ക് ഒഐസിസി ദമ്മാം റീജണല്‍ കമ്മിറ്റി കത്തയക്കണമെന്ന് പ്രതിഷേധ സദസ് സംഘടിപ്പിച്ച കണ്ണൂര്‍ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. 

പ്രസിഡന്റ് വേണുഗോപാല്‍ തളിപ്പറമ്പ് അധ്യക്ഷത വഹിച്ചു. ഷാജി മോഹനന്‍, ലാല്‍ അമീന്‍, പി.എ സഗീര്‍, എസ്.എം.താജുദ്ദീന്‍, മോന്‍സി വര്‍ഗീസ്, സുധീര്‍ മുഹമ്മദ്, സജി, ഷംസീര്‍ എന്നിവര്‍ സംസാരിച്ചു. ജനറല്‍ സെക്രട്ടറി മുസ്തഫാ നണിയൂര്‍ നമ്പ്രം സ്വാഗതവും ഫാറൂഖ് നന്ദിയും പറഞ്ഞു. തുടര്‍ന്ന് മെഴുകുതിരി കത്തിച്ച് കൃപേഷിനും ശരത് ലാലിനും ശ്രദ്ധാഞ്ജലി അര്‍പ്പിച്ചു.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക