Image

പുല്‍വാമയിലെ പുല്‍ക്കൊടികള്‍ (മായ നമ്പുതിരി കുടല്‍മന)

Published on 23 February, 2019
പുല്‍വാമയിലെ പുല്‍ക്കൊടികള്‍ (മായ നമ്പുതിരി  കുടല്‍മന)
പുല്‍വാമയിലെ പുല്‍ക്കൊടികള്‍ ഞങ്ങള്‍..
പൊന്‍പച്ചപ്പരവതാനി നെയ്യാനെത്തിയവര്‍

ശിശിരമഞ്ഞിന്‍ യാത്രാസമയമായ്
വസന്തത്തിന് വരവായ്
ഭൂമിമാതാവിന്‍ മടിത്തട്ടില്‍ തലകാട്ടാന്‍
ഹരിതനാളങ്ങള്‍ ഉയര്‍ത്തി വളര്‍ന്നീടാന്‍
ഉദയ ദിനകര കിരണങ്ങളില്‍ തിളങ്ങാന്‍
മന്ദമാരുതനില്‍ സ്വയം മറന്നാടാന്‍
ചുറ്റും കിളികള്‍ തന്‍ ഗാനം കേള്‍ക്കാന്‍
ആഹ്ലാദം നിറഞ്ഞ ഓരോ ദിനത്തിനും കാത്തിരുന്നവര്‍ ..

പക്ഷെ ..
ഫെബ്രുവരിയിലെ മധ്യാഹ്ന സൂര്യനു താഴെ
ഉച്ചയാലസ്യത്തില്‍ ഒന്നു കണ്ണുകളടച്ച ഞങ്ങള്‍
ഞെട്ടിയുണര്‍ന്നൂ, ആ കര്‍ണ്ണകഠോര
ശബ്ദത്താല്‍..
പൊട്ടിയമര്‍ന്നൂ.. വെറും ചാരമായ് പാറിപ്പറന്നൂ..

ചുറ്റും പുകയും പൊടിപടലങ്ങളും ചൂടും
അറ്റുപോം ജീവനുമായ് വീരജവാന്മാരും
ഒന്നു ചെറുക്കാന്‍ പോലുമിടനല്‍കാതെ
ഇന്നീ ഭാരതാംബതന്‍ ധീരപുത്രരെ
ചിന്നിച്ചിതറിച്ച ഹീനകൃത്യത്തിനഹോ
മുന്നം മൂകസാക്ഷിയായ് ഞങ്ങളില്‍ ചിലര്‍ ..

ഞങ്ങള്‍ക്കില്ല താപം ഞെരിഞ്ഞു ഭൂമിതന്‍ മാറിലമരുന്നതില്‍
ഞങ്ങള്‍ക്കില്ലാരുമേ കാത്തിരിക്കാന്‍ കണ്ണീര്‍ പൊഴിക്കാന്‍
നിങ്ങള്‍ നാല്‍പ്പത്തിമൂന്നു ധീര യോദ്ധാക്കളേ
നിങ്ങളെ കാത്തിരിപ്പതു നൂറ്റിമുപ്പതുകോടി രാജ്യസ്‌നേഹികള്‍
മാതാപിതാക്കള്‍,പ്രേയസിമാര്‍, കുഞ്ഞോമനകള്‍
ചേതസ്സില്‍ കനംതിങ്ങി ബന്ധുക്കള്‍, സുഹൃത്തുക്കള്‍

സ്‌നേഹസുധയാലെരിയും നെരിപ്പോടില്‍
പ്രാണവായു ഇരമ്പും മുരളിയില്‍
നന്മയാല്‍ നീറിത്തിളങ്ങും പാടിപ്പടരും സാദരം
പുണ്യാത്മാക്കള്‍ നിങ്ങളാം അമരത്വം, സാഭിമാനം

അപരിചിതമെന്നോ ക്ഷുദ്രശത്രുക്കളേ " വസുധൈവ കുടുംബകം"?
അരോചകമെന്നോ പാവനമാം ഭാരതജനനിതന്‍ വാത്സല്യം ?
അശക്തനരാധമ ഭീരുക്കള്‍ തന്‍
അസന്മാര്‍ഗ്ഗിക പ്രാകൃത വികൃതികള്‍ക്ക് അളവുകോലുകളില്ലെന്നോ?

ഞങ്ങളറിവൂ, ലോകരേ..
ഇതൊരുമിക്കാനുള്ള രംഗം
ഒന്നായ് വരൂ,കൂട്ടരേ..ഇത് സത്യധര്‍മ്മത്തിന്‍ കര്‍മ്മരംഗം

കേവലം പുല്‍ക്കൊടികളല്ലിന്നു ഞങ്ങള്‍ കാരിരുമ്പുപോല്‍ ശക്തമായിടും രണശസ്ത്രങ്ങളായ് മാറിക്കഴിഞ്ഞിതാ
അങ്കം ജയിച്ചിടാം രാഷ്ട്രമാതാവിന്നങ്കണം കാത്തിടാം
നെഞ്ചുവിരിച്ചു മുന്നേറിടാമിന്നു നാം.

പുല്‍വാമയിലെ പുല്‍ക്കൊടികള്‍ ഞങ്ങള്‍
പൊന്‍ ത്രിവര്‍ണ്ണ പരവതാനി നെയ്യാന്‍
പ്രബുദ്ധരായവര്‍ .

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക