Image

ഈസ്റ്റ്‌ മില്‍സ്റ്റോണ്‍ സീറോ മലബാര്‍ ദേവാലയത്തില്‍ ഉയിര്‍പ്പ്‌ തിരുനാള്‍ ഭക്തിസാന്ദ്രമായി ആഘോഷിച്ചു

ജോയിച്ചന്‍ പുതുക്കുളം Published on 17 April, 2012
ഈസ്റ്റ്‌ മില്‍സ്റ്റോണ്‍ സീറോ മലബാര്‍ ദേവാലയത്തില്‍ ഉയിര്‍പ്പ്‌ തിരുനാള്‍ ഭക്തിസാന്ദ്രമായി ആഘോഷിച്ചു
ന്യൂജേഴ്‌സി: അനുരഞ്‌ജനത്തിന്റേയും ത്യാഗത്തിന്റേയും സ്‌മരണകളുണര്‍ത്തിയ വിശുദ്ധ വാരാചരണം, മാനവരാശിയെ പാപത്തിന്റെ കരങ്ങളില്‍ നിന്നും മോചിപ്പിച്ച്‌ മോക്ഷത്തിന്റെ വഴി കാണിച്ചുതന്ന നിത്യരക്ഷകന്റെ ത്യാഗത്തിന്റേയും സ്‌നേഹത്തിന്റേയും സ്‌മരണകളുണര്‍ത്തിയ ഉയിര്‍പ്പ്‌ തിരുന്നാള്‍ ഈസ്റ്റ്‌ മില്‍സ്റ്റോണ്‍ സെന്റ്‌ തോമസ്‌ സീറോ മലബാര്‍ ദേവാലയത്തില്‍ ഭക്തിനിര്‍ഭരവും പ്രൗഢഗംഭീരവുമായി നടത്തപ്പെട്ടു.

ഏപ്രില്‍ ഏഴിന്‌ ശനിയാഴ്‌ച വൈകുന്നേരം 7 മണിക്ക്‌ ഉയിര്‍പ്പ്‌ തിരുനാളിന്റെ തിരുകര്‍മ്മങ്ങള്‍ക്ക്‌ തുടക്കംകുറിച്ചു.

തുടര്‍ന്ന്‌ സെന്റ്‌ മേരീസ്‌ മലങ്കര മേജര്‍ സെമിനാരി പ്രൊഫസര്‍ റവ. ഡോക്‌ടര്‍ ഐസക്ക്‌ പറപ്പിള്ളിലിന്റെ മുഖ്യകാര്‍മികത്വത്തിലും, ഇടവക വികാരി ഫാ. തോമസ്‌ കടുകപ്പിള്ളില്‍, റവ.ഫാ. ഫിലിപ്പ്‌ വടക്കേക്കര എന്നിവരുടെ സഹകാര്‍മികത്വത്തിലും പരമ്പരാഗത രീതിയില്‍ ഉയിര്‍പ്പിന്റെ തിരുകര്‍മ്മങ്ങളും, ആഘോഷമായ ദിവ്യബലിയും നടത്തപ്പെട്ടു.

ദിവ്യബലി മധ്യേ ഫാ. ഫിലിപ്പ്‌ വടക്കേക്കര തിരുനാള്‍ സന്ദേശം നല്‍കി. ദിവ്യബലിക്കുശേഷം തിരുസ്വരൂപ വണക്കം, നേര്‍ച്ച കാഴ്‌ച സമര്‍പ്പണം എന്നിവ നടന്നു.

ഇടവകയിലെ ഗായകസംഘം ആലപിച്ച ശ്രുതിമധുരമായ ഗാനങ്ങള്‍ വിശുദ്ധ കര്‍മ്മാദികള്‍ ഭക്തിസാന്ദ്രമാക്കി.

ഓശാന ഞായര്‍ മുതല്‍ ഉയിര്‍പ്പ്‌ തിരുനാള്‍ വരെയുള്ള തിരുകര്‍മ്മാദികളിലും ആഘോഷങ്ങളിലും സജീവമായി പങ്കെടുത്ത ഇടവക സമൂഹത്തിനും, തിരുകര്‍മ്മങ്ങളില്‍ സഹകരിച്ച എല്ലാ വൈദീകര്‍ക്കും ദേവാലയത്തിലെ ഭക്തസംഘടനാ ഭാരവാഹികള്‍, ഗായകസംഘം എന്നിവര്‍ക്ക്‌ വികാരി ഫാ. തോമസ്‌ കടുകപ്പിള്ളില്‍, ട്രസ്റ്റിമാരായ ടോം പെരുമ്പായില്‍, തോമസ്‌ ചെറിയാന്‍ പടവില്‍ എന്നിവര്‍ നന്ദി പറഞ്ഞു.

സ്‌നേഹവിരുന്നോടെ ഉയിര്‍പ്പ്‌ തിരുനാള്‍ ആഘോഷങ്ങള്‍ക്ക്‌ തിരശ്ശീല വീണു. സെബാസ്റ്റ്യന്‍ ആന്റണി ഇടയത്ത്‌ അറിയിച്ചതാണിത്‌. വെബ്‌സൈറ്റ്‌: www.stthomassyronj.org
ഈസ്റ്റ്‌ മില്‍സ്റ്റോണ്‍ സീറോ മലബാര്‍ ദേവാലയത്തില്‍ ഉയിര്‍പ്പ്‌ തിരുനാള്‍ ഭക്തിസാന്ദ്രമായി ആഘോഷിച്ചു
ഈസ്റ്റ്‌ മില്‍സ്റ്റോണ്‍ സീറോ മലബാര്‍ ദേവാലയത്തില്‍ ഉയിര്‍പ്പ്‌ തിരുനാള്‍ ഭക്തിസാന്ദ്രമായി ആഘോഷിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക