Image

പെരിയയില്‍ വീണ രക്തത്തുള്ളികള്‍ (ജോയ് ഇട്ടന്‍)

Published on 26 February, 2019
പെരിയയില്‍ വീണ രക്തത്തുള്ളികള്‍ (ജോയ് ഇട്ടന്‍)
ആരുടെ മരണമായാലും അത് ഹൃദയമുള്ളവന് ഒരു വേദന തന്നെയാണ് .പക്ഷെ മനുഷ്യന്‍ മനുഷ്യനെ കൊല്ലുക എന്ന് എപ്പോള്‍ കേട്ടാലും ഒരു കൊള്ളിയാന്‍ മിന്നും മനസില്‍ .മലയാളി മരവിച്ചു പോയ ഒരു കൊലപാതകത്തെ  ഒരിക്കല്‍ കൂടി ഓര്‍മ്മിപ്പിക്കേണ്ടി വരുന്നതില്‍ വിഷമം ഉണ്ട് .പക്ഷെ ചിലത് നമ്മള്‍ അറിയേണ്ടത് തന്നെ .കാസര്‌ഗോഡ് നടന്ന കൊലപാതകത്തില്‍ ആര് ആരെ കൊലപ്പെടുത്തി എന്ന് ചോദിക്കുമ്പോള്‍ പെരിയയില്‍ വീണ ചോരത്തുള്ളികള്‍ ചെങ്കൊടി കൂടുതല്‍ ചുവപ്പിച്ചില്ല എന്ന് ഞാന്‍ പറയും. പകരം മക്കള്‍ നഷ്ടപ്പെട്ട അമ്മമാരുടെ ശാപവചനങ്ങളില്‍ സി.പി.എം എന്ന സംഘടിത പ്രസ്ഥാനം അടിമുടി വിറച്ചുകൊണ്ടിരിക്കുകയാണ്  എന്ന് പറയണം.

രണ്ടു യുവാക്കളെ കൊന്നുത്തള്ളിയശേഷം പതിവുപോലെ പാര്‍ട്ടി നേതാക്കള്‍ തങ്ങള്‍ക്കതില്‍ പങ്കില്ലെന്ന പല്ലവി ആവര്‍ത്തിച്ചു.  എന്നാല്‍ സി.പി.എമ്മിനെയും ഉത്തരകേരളത്തിലെ രാഷ്ട്രീയത്തെയും കുറിച്ച് പ്രാഥമിക  അറിവുള്ള ആരും തന്നെ അതു വിശ്വസിക്കുന്നില്ല. ഇതാണ് പാര്‍ട്ടി അഭിമുഖീകരിക്കുന്ന പ്രധാന പ്രതിസന്ധി. തീര്‍ത്തും നിസ്സാരമായ, ഒരു പക്ഷെ പാര്‍ട്ടി നേതൃത്വങ്ങള്‍ നന്നായി ഇടപെട്ടിരുന്നെങ്കില്‍ പരിഹരിക്കാനാകുമായിരുന്ന പ്രാദേശിക പ്രശ്‌നമാണ് രണ്ടു യുവാക്കളുടെ കൊലപാതകത്തില്‍  അവസാനിച്ചത്. ന്യായീകരണങ്ങള്‍ ഒന്നിനും പരിഹാരമാവുന്നില്ല.

 കൊലപാതകത്തിന് മുമ്പുള്ള സംഭവങ്ങള്‍, നേതാക്കളുടെ പ്രകോപന പ്രസംഗങ്ങള്‍,  വധഭീഷണി മുഴക്കുന്ന ഫേസ് ബുക്ക് കമന്റുകള്‍, കൊല്ലപ്പെടുന്നതിന് മുമ്പ് യുവാക്കള്‍ പൊലീസിനു നല്‍കിയ പരാതി തുടങ്ങി കൊലയ്ക്കു ശേഷം എം.എല്‍.എയും മുന്‍ എം.എല്‍.എയും സെക്രട്ടറിയറ്റ് അംഗമായ യുവ നേതാവും നടത്തിയ പരാമര്‍ശങ്ങള്‍ വരെ സി.പി.എമ്മിനെ പ്രതിരോധത്തിലാക്കുന്നു. മനസാ വാചാ നേതാക്കള്‍ ആരും അറിയാതെ നടന്നതാണ് ഈ കൊലപാതകങ്ങള്‍ എന്നുപറഞ്ഞാല്‍ അരിയാഹാരം കഴിക്കുന്ന ആരും വിശ്വസിക്കില്ല. അതല്ലെന്നു മുഖ്യമന്ത്രിയും പാര്‍ട്ടി  സെക്രട്ടറിയും ആവര്‍ത്തിച്ചു വിശദീകരിച്ചിട്ടും ജനങ്ങളെ വിശ്വസിപ്പിക്കാനാകുന്നില്ല. ഉത്തരകേരളത്തിന്റെ  പ്രത്യേകിച്ച് കണ്ണൂര്‍ രാഷ്ട്രീയത്തില്‍ തുടര്‍ന്നു വരുന്ന പ്രതിരോധപ്രത്യാക്രമണ രീതികള്‍ അറിയാവുന്ന ആരും കാസര്‍കോട് കൊലപാതകങ്ങളില്‍ പാര്‍ട്ടിക്കു പങ്കില്ലെന്നു പറഞ്ഞാല്‍ വിശ്വസിക്കില്ല.

 കാരണം ആ മേഖലയിലെ പാര്‍ട്ടി രാഷ്ട്രീയത്തിന്റെ ഭാഗം കൂടിയാണ് കൊലയും കൊള്ളയും.  ഒരിടത്ത് സി.പി.എം ആണെങ്കില്‍ മറ്റൊരിടത്ത് ആര്‍.എസ്.എസ്. തങ്ങള്‍ക്കു സ്വാധീനമുള്ളയിടങ്ങളില്‍ കോണ്‍ഗ്രസും.  ഇപ്പോള്‍ ചില തീവ്രവാദ സംഘടനകളും  ഇതേരീതി പിന്തുടരുന്നു. ഓരോ പാര്‍ട്ടിയുടെയും നൂറുകണക്കിന് രക്ഷസാക്ഷി  മണ്ഡപങ്ങള്‍ ഇതിന്റെ അടയാളങ്ങളാണ്. സംഘര്‍ഷവും വ്യാപക അക്രമങ്ങളും അരങ്ങേറുമ്പോള്‍ നടക്കുന്ന കൊള്ളയും ഭീതിദമായ ക്രിമിനല്‍ രാഷ്ട്രീയത്തിന്റെ മറ്റൊരു മുഖമാണ്. ആകസ്മികമായ രാഷ്ട്രീയ സംഘര്‍ഷത്തിന്റെ ഭാഗമായി കണ്ണൂരും കോഴിക്കോടും കാസര്‍കോടും കൊല്ലപ്പെട്ടവര്‍ വിരലിലെണ്ണാവുന്നവര്‍ മാത്രമാണ്.

ബാക്കിയുള്ളവരെ കൊന്നുതള്ളിയത് കൃത്യമായ ആസൂത്രണത്തിന്റെ  ഭാഗമായാണ്. 80 കളില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കു നേരിട്ട് പരിശീലനം നല്‍കിയാണ് കൊലയും അക്രമങ്ങളും നടത്തിയതെങ്കില്‍  90 കളോടെ  ഇതിനായി  പ്രത്യേകം സംഘങ്ങളെ തെരഞ്ഞെടുത്തു. ഓരോ മേഖലയിലും സജ്ജരാക്കി നിര്‍ത്തുന്ന ഈ ടീമാണ് പിന്നീട്  'ഓപ്പറേഷന്‍'  നടത്തിയത്. എന്നാല്‍ കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി  ഓപ്പറേഷന്‍ നടത്തുന്നത് പാര്‍ട്ടികള്‍ക്ക് നേരിട്ടു നിയന്ത്രണമുള്ള ക്വട്ടേഷന്‍ ടീമുകളാണ്.  ഇവരാണെങ്കില്‍ ജില്ലക്കു പുറത്തു പോയി ദൗത്യം നിറവേറ്റാന്‍ ശേഷിയുള്ളവരാണ്.

കൊലനടത്തിയശേഷം കൃത്യത്തെയും  അതില്‍ പങ്കെടുത്തവരെയും തള്ളിപ്പറയുക, പിന്നീട് പ്രതികള്‍ക്കു നിയമസഹായം നല്‍കുക. ശിക്ഷിക്കപ്പെട്ടു ജയിലില്‍ കിടക്കുമ്പോള്‍ പ്രതികളുടെ കുടുംബത്തിന്  ചെലവു നല്‍കുക തുടങ്ങിയവ സി.പി.എം എല്ലാ കാലത്തും തുടരുന്ന രീതിയാണ്. പെരിയയിലും അതുതന്നെയാവും ആവര്‍ത്തിക്കുക.അതിപ്പോള്‍ പീതാംബരന്‍ ആയാലും അയാള്‍ക്കും  കിട്ടും സി പി എമ്മിന്റെ ഔദാര്യം .

Join WhatsApp News
vaayanakkaaran 2019-02-26 19:33:51
ഇവിടെ കിടന്നു ഇങ്ങനെ രോഷം 
കൊള്ളുന്നതിനേക്കാൾ  നാട്ടിൽ നിന്നും 
ഒരു വമ്പനെയും ഇവിടെ കൊണ്ട് വന്നു 
എഴുന്നെള്ളിക്കാതിരിക്കുക. അതിനു 
കഴിയില്ലെങ്കിൽ  ഇങ്ങനെ  മുതലക്കണ്ണീർ 
വീഴ്ത്തിയിട്ട് എന്ത് പ്രയോജനം. വളരെ ചുരുക്കം പേരെ ഇത് 
വായിക്ക തന്നെയുള്ളു. അമേരിക്കൻ മലയാളിയുടെ ശക്തി
കാണിച്ചുകൊടുക്കണം. അവൻ
നാട്ടിലെ രാഷ്ട്രീയക്കാരന്റെ, 
സിനിമ ദ്വാരങ്ങളുടെ കയ്യിലെ പാവയല്ല. 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക