Image

സദാചാര ഗുണ്ടായിസം കേരളത്തില്‍

ബിജോ ജോസ് ചെമ്മാന്ത്ര Published on 18 April, 2012
സദാചാര ഗുണ്ടായിസം കേരളത്തില്‍
അന്യന്റെ സ്വകാര്യതയില്‍ അതിര് കടന്ന് ഇടപെടുകയും അതിലൂടെ സംതൃപ്തിയടയുകയും ചെയ്യുകയെന്നത് ഒരു മാനസിക വൈകല്യം തന്നെയാണ്. ഇണചേരുന്ന പാമ്പിനെയും, പട്ടിയേയും പോലും വെറുതെ വിടാത്ത കപട സദാചാരബോധം പ്രബുദ്ധകേരളത്തെ ഒരു പ്രാകൃത സമൂഹമാക്കി മാറ്റുകയാണ്.
---------------------------
എല്ലാ വ്യക്തികളും തങ്ങള്‍ പ്രതിനിധാനം ചെയ്യുന്ന സാമൂഹ്യ സാംസ്‌ക്കാരിക പാരമ്പര്യത്തില്‍ അഭിമാനം കൊള്ളുന്നവരാണ്. കേരള സംസ്‌ക്കാര പൈതൃകത്തെക്കുറിച്ച് മലയാളികളായ നാം ഊറ്റം കൊള്ളുന്നതും അതിന്റെ ഔന്നത്യത്തെക്കുറിച്ചുള്ള ഉറച്ച വിശ്വാസത്തിന്റെ അടിസ്ഥാനത്തിലാണ്. ഒരു സമൂഹത്തിന്റെ സാമൂഹ്യസാംസ്‌ക്കാരിക വളര്‍ച്ച വിലയിരുത്തപ്പെടുന്നത് വ്യക്തികള്‍ക്ക് അത് അനുവദിക്കുന്ന മൗലിക സ്വാതന്ത്ര്യവും, എല്ലാ ജനവിഭാഗങ്ങള്‍ക്കും അത് ഉറപ്പാക്കുന്ന സാമൂഹ്യ നീതിയും, സാമൂഹ്യപ്രശ്‌നങ്ങളില്‍ അതെടുക്കുന്ന തുറന്ന നിലപാടുകളുമാണ്. കാലാകാലങ്ങളായി പിന്തുടരുന്നതും കാലോചിതമായ മാറ്റം ഉള്‍ക്കൊള്ളുന്നതുമായ ലിഖിതനിയമങ്ങള്‍ക്കുപരി ചില വിശ്വാസങ്ങളും കീഴ് വഴക്കങ്ങളും പൊതു സമൂഹത്തില്‍ അന്തര്‍ലീനമായിരിക്കുന്നു. ഇതിനോടൊപ്പം എല്ലാ പ്രാചീന മതചിന്തകളിലും പ്രകടമായിരുന്ന ആണ്‍മോയ്മയും, ലൈംഗിക നിയന്ത്രണവുമൊക്കെ ക്രമേണ സാമൂഹ്യവ്യവസ്ഥിതിയുടെ ഭാഗമായി മാറുകയായിരുന്നു. കാലാന്തരേണ ഇവ ആ സമൂഹത്തിന്റെ സാംസ്‌ക്കാരികത നിര്‍ണ്ണയിക്കുന്ന ഘടകങ്ങളായിത്തീരുകയാണുണ്ടായത്, സദാചാരവും ലൈംഗിക ധാര്‍മ്മികതയുമൊക്കെ അങ്ങനെ മലയാള സംസ്‌കൃതിയുടെ ഭാഗമായിത്തീര്‍ന്നു.

പൊതുസമൂഹത്തില്‍ നല്ലത് എന്ന് കരുതപ്പെടുന്ന ആചാരമാണ് സദാചാരമായി കണക്കാപ്പെടുന്നത്. ദുരാചാരവും, അനാശാസ്യവുമൊക്കെ ഒരു പൊതുവിശ്വാസത്തിന്റെ അടിസ്ഥാനത്തിലാണ് വിലയിരുത്തപ്പെടുന്നത്. ഇത് ദേശത്തിന്റേയും, കാലത്തിന്റേയും ജാതിവ്യവസ്ഥിതിയുടേയുമൊക്കെ മൂല്യ സങ്കല്‍പങ്ങളില്‍ അധിഷ്ഠിതമാണ്. കേരളത്തിന് പുറത്ത് കൊണ്ടാടുന്ന ചില ആചാരരീതികള്‍ പ്രാകൃതമാണെന്ന് കേരളീയര്‍ കരുതുന്നതും ഇതിന്റെ അടിസ്ഥാനത്തിലാണ്.

സൂഷ്മമായി നിരീക്ഷിച്ചാല്‍ സദാചാരമെന്നത് സമൂഹം നിഷ്‌കര്‍ഷിക്കുന്ന ലൈംഗിക ധാര്‍മ്മികതയുടെ അതിര്‍വരമ്പുകള്‍ മറികടക്കുന്ന വ്യക്തിയോടുള്ള അതിന്റെ ഭീക്ഷണിയാണെന്ന് മനസ്സിലാക്കാന്‍ കഴിയും. അത് കൊണ്ട് തന്നെ സദാചാര ലൈംഗിക വിശ്വാസങ്ങളെ ചോദ്യം ചെയ്യുന്നത് സാമൂഹിക അരാചകത്വം സൃഷ്ടിക്കുമെന്നും ഇത് സാംസ്‌ക്കാരിക അധഃപധനത്തിന് വഴിവെക്കുമെന്നും കപട സദാചാര സംരക്ഷകര്‍ വാദിക്കുന്നു. ഇല്ലാത്ത മാന്യതയുടേയും മഹനീയ സംസ്‌ക്കാരത്തിന്റെയും പൊയ്മുഖമണിയുന്ന മലയാളി ജീര്‍ണ്ണിച്ച സദാചാര സങ്കല്പവുമായാണ് ജീവിക്കുന്നത് എന്ന് തോന്നാറുണ്ട്. ഒരേ സമയം സദാചാരം പ്രസംഗിക്കുകയും തന്റെ വ്യക്തി ജീവിതത്തില്‍ ഇത് ലംഘിക്കുകയും ചെയ്യുന്ന ഒരു ഇരട്ടമുഖം അവര്‍ കാത്തുസൂക്ഷിക്കുന്നു.

സദാചാര സംരക്ഷണത്തിന്റെ മറവില്‍ സമീപകാലങ്ങളില്‍ കേരളത്തില്‍ നടന്ന കിരാത ആക്രമണ രീതികള്‍ ആരേയും അസ്വസ്ഥമാക്കുന്നതാണ്. നാട്ടില്‍ നടമാടുന്ന സദാചാര ധംസ്വനങ്ങള്‍ക്കെതിരെയുള്ള ജനകീയ ശബ്ദമെന്ന വ്യാജേന സദാചാര പോലീസ് എന്നറിയപ്പെടുന്ന ഒരു സംഘം സജീവമായിരിക്കുന്നു. ഒരാള്‍ എങ്ങനെ ജീവിക്കണം, ആരുമായി സൗഹൃദം കൂടണം, എവിടെയൊക്കെ പോകണം എന്ന് നിശ്ചയിക്കുവാനുള്ള അധികാരം ഇവര്‍ സ്വയം ഏറ്റെടുക്കുന്നു. ഒരു പുരുഷനേയും സ്ത്രീയേയും സംശയാസ്പദമായ സാഹചര്യത്തില്‍ ഒരുമിച്ച് കണ്ടാല്‍ ഒരു ദാക്ഷണ്യവുമില്ലാതെ ജനമധ്യത്തില്‍ വിചാരണ ചെയ്ത് ശിക്ഷിക്കുകയാണ് ഈ സദാചാര കമ്മിറ്റി പിന്‍തുടരുന്ന രീതി. കുറ്റാരോപിതനായ പുരുഷനെ കൊലപ്പെടുത്തുവാനും, സ്ത്രീയെ ബലാല്‍സംഘം ചെയ്യുവാനും വരെ ഇവര്‍ മടിക്കുന്നില്ല. അനാശാസ്യത്തിന് സാംസ്‌ക്കാരിക കേരളം വിധിക്കുന്ന ശിക്ഷയായി ഇതിനെ ഇവര്‍ കണക്കാക്കുന്നു.

മലയാളി സ്ത്രീയുടെ ഭാവശുദ്ധി പരിപാലിക്കാനായി ഉറമിളക്കുന്ന സദാചാര വാദികള്‍ ആ നാട്ടിലെ വനിതകളുടെ പ്രത്യേകിച്ച് നാട്ടില്‍ തനിയെ താമസിക്കുന്ന വിദേശമലയാളികളുടെ ഭാര്യമാരുടെ ചാരിത്രസംരക്ഷണ ചുമതല ഏറ്റെടുക്കുന്നു. ആ സ്ത്രീകളെ പാട്ടിലാക്കാന്‍ ശ്രമിച്ച് പരാജയപ്പെടുന്നവരാകും ഇവരില്‍ പലരും എന്നത് കൗതുകരമായ ഒരു വസ്തുതയാണ്. സദാചാര ധ്വംസനം നടക്കുന്നുവെന്ന് അറിവ് കിട്ടുന്ന മാത്രയില്‍ ജാതിമത രാഷ്ട്രീയ ഭേദമെന്യേ സമാനമനസ്‌ക്കരായ സദാചാര പ്രേമികളുടെ കൂട്ടായ്മ സംഭവസ്ഥലത്ത് പിറവിയെടുക്കുന്നു. ഞൊടിയിടയിലാണ് അവരുടെ വികല സാംസ്‌ക്കാരിക ബോധം ഉണരുന്നത്. തനിച്ച് ചെയ്യാന്‍ മടിക്കുന്നതെന്തും സാധ്യമാക്കാനുള്ള ധൈര്യം, ഏതൊരു ക്രിമിനല്‍ കൂട്ടായ്മയിലെന്ന പോലെ അവര്‍ ഇത് വഴി സ്വായത്തമാക്കുന്നു. വ്യത്യസ്ത രാസവസ്തുക്കളുടെ സങ്കലനത്തില്‍ വിഭിന്നമായ ഒരു രാസോത്പന്നം ഉണ്ടാകുന്നത് പോലെയാണ് ഈ കൂട്ടായ്മയിലൂടെ വ്യക്തികളുടെ സ്വഭാവത്തിനുണ്ടാകുന്ന പരിണാമം. അസഹിഷ്ണുതയും മറ്റ് വികാര വിക്ഷോഭങ്ങള്‍ക്കും അടിമകളായ ഇവര്‍ പിന്നീട് നിയമപാലകരുടെ ദൗത്യം ഏറ്റെടുക്കുന്നു.

ഇന്ത്യന്‍ ഭരണഘടന പൗരന്‍മാര്‍ക്ക് ഉറപ്പാക്കുന്ന ജന്മാവകാശമായ വ്യക്തി സ്വാതന്ത്ര്യമാണ് ഇവിടെ ചോദ്യം ചെയ്യപ്പെടുന്നത്. നിയമത്തിന് മുന്നില്‍ ഒരു തെറ്റും കുറ്റാരോപിതര്‍ ചെയ്യുന്നില്ലെങ്കിലും സദാചാരം എന്ന ഒരൊറ്റ വാക്കുകൊണ്ട് കപടസദാചാരികള്‍ക്ക് അവരുടെ ഹീനമായ ശിക്ഷാവിധികള്‍ ന്യായീകരിക്കാനാവുന്നു. അത്‌കൊണ്ട് തന്നെ ഈ കിരാത അക്രമണരീതിയെ എതിര്‍ക്കുന്നവരെ സദാചാര വിരുദ്ധരും സംസ്‌ക്കാര ശൂന്യരുമാണെന്ന് മുദ്രകുത്താനാവുന്നു. അടിച്ചേല്‍പ്പിക്കുന്ന സദാചാര നിഷ്ഠ അനാചാരത്തേക്കാള്‍ ഭയാനകമാണെന്നത് ഒരു യാഥാര്‍ത്ഥ്യമാണ്.

സമൂഹത്തില്‍ നടമാടുന്ന അനീതികള്‍ക്കെതിരെ ചെറുവിരല്‍ പോലുമനക്കാന്‍ ഈ കപട സദാചാരവാദികള്‍ തയ്യാറാകുന്നില്ല. സ്ത്രീകള്‍ക്കെതിരെയുള്ള അക്രമണങ്ങളെ എതിര്‍ക്കുവാനോ, അപകടത്തില്‍പെട്ട സഹജീവികളെ ആശുപത്രിയില്‍ എത്തിക്കുവാനോ ഇവര്‍ യാതൊരു താല്പര്യവും കാണിക്കാറില്ല. ഇത് അവരുടെ സാമൂഹ്യ പ്രതിബദ്ധതയുടെ യാഥാര്‍ത്ഥമുഖം വെളിവാക്കുന്നു.

സദാചാരം ലംഘിക്കുന്നവര്‍ക്ക് കൊലപാതകിയേക്കാളും മോഷ്ടാവിനേക്കാളും മ്ലേച്ഛതയാണ് നമ്മുടെ സമൂഹം കല്പിക്കുന്നത്. ഈ കാരണത്താല്‍ തന്നെ ഇരകളാകുന്നവര്‍ ഇതിനോട് പ്രതികരിക്കാനോ പരാതിപ്പെടാനോ തയ്യാറാകുന്നില്ല. സമീപകാലങ്ങളില്‍ കേരളത്തിലെ കപട സദാചാരസേനയുടെ ക്രൂരതയ്ക്കിരയായവര്‍ അനേകമാണ്. അവിഹിത ബന്ധമാരോപിച്ച് സദാചാര പോലീസ് തല്ലിക്കൊന്ന ഷാഹിദ്ബാവ, സദാചാരവാദികളുടെ അക്രമണത്തില്‍ മനംനൊന്ത് ആത്മഹത്യ ചെയ്ത ബാബു എന്ന ദളിത് യുവാവ്, അനാശാസ്യമാരോപിക്കപ്പെട്ട് മര്‍ദ്ദനമേല്‍ക്കേണ്ടിവന്ന അഭിഭാഷകനും പത്‌നിയും, അന്യജാതിക്കാരോട് സംസാരിച്ചതിന് പീഢനമേല്‍ക്കേണ്ടിവന്ന വിശ്വനാഥന്‍, പാന്റു ഷര്‍ട്ടും ധരിച്ചതിന്റെ പേരില്‍ അപമാനിക്കപ്പെട്ട നാന്‍സി വറുഗീസ്, മദ്യ വില്‍പനശാലയില്‍ ക്യൂ നിന്ന കാരണത്താല്‍ ആക്രമിക്കപ്പെട്ട മുസ്സീം യുവതി.. ഇങ്ങനെ സാക്ഷര കേരളത്തിന് അനവധി ചോദ്യങ്ങളുയര്‍ത്തി ഈ പട്ടിക നീളുന്നു.

അന്യന്റെ സ്വകാര്യതയില്‍ അതിര് കടന്ന് ഇടപെടുകയും അതിലൂടെ സംതൃപ്തിയടയുകയും ചെയ്യുകയെന്നത് ഒരു മാനസിക വൈകല്യം തന്നെയാണ്. ഇണചേരുന്ന പാമ്പിനെയും, പട്ടിയേയും പോലും വെറുതെ വിടാത്ത കപട സദാചാരബോധം പ്രബുദ്ധകേരളത്തെ ഒരു പ്രാകൃത സമൂഹമാക്കി മാറ്റുകയാണ്.

അടിച്ചമര്‍ത്താന്‍ നിര്‍ബന്ധിതമായ ചേതനകളെ അപരര്‍ അനുഭവിക്കുമ്പോഴുണ്ടാകുന്ന അസഹിഷ്ണുതയുടെ പ്രതിഫലനമാണിതെന്ന് ഒഴുക്കന്‍ മട്ടില്‍ വിശേഷിപ്പിക്കാമെങ്കിലും മലയാളി വിധേയമാകുന്ന ഒരു സാംസ്‌കാരിക അടിച്ചമര്‍ത്തലിന്റെ പരിണിത ഫലമാണിതെന്ന് വേണം കരുതുവാന്‍. ഈ സദാചാര പോരാളികളെ ഒറ്റപ്പെട്ട വ്യക്തികളുടെ കൂട്ടമായി മാത്രം തള്ളിക്കളയാനാവില്ല. ഇവിടെ വ്യക്തികളുടെ മൗലികാവകാശത്തിന് ഭീഷണിയുയര്‍ത്തുന്ന കാപാലികരുടെ സംഘടിത രൂപം കരുത്താര്‍ജ്ജിക്കുകയാണ്. ഈ മാനസിക രോഗികളുടേയും, മതഭ്രാന്തരുടേയും മൃഗീയതയെ എതിര്‍ക്കാതെ ഭൂരിഭാഗം വരുന്ന പൗരസമൂഹം മൗനം അവലംബിക്കുന്നു. ചോദ്യം ചെയ്യപ്പെടാത്തതെന്തും അംഗീകരിക്കപ്പെടുന്നു എന്ന് വ്യാഖ്യാനിക്കുന്ന ഒരു സമൂഹത്തില്‍ ഈ മൗനം ഗുരുതരമായ ഒരു കുറ്റം തന്നെയാണ്. പരിശുദ്ധ പ്രണയത്തിന് പോലും അരക്ഷിതത്വവും അരാഷ്ട്രീയതയും കല്പിക്കുന്ന കപട സദാചാരത്തെ ഒരു പരിഷ്‌കൃത സമൂഹം തീര്‍ച്ചയായും തള്ളിക്കളയേണ്ടതാണ്.

സദാചാര ഗുണ്ടായിസം കേരളത്തില്‍ സദാചാര ഗുണ്ടായിസം കേരളത്തില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക