Image

ക്ഷേത്രത്തിലെ നിലവറകളില്‍ ഇനി വെളിച്ചം കാണാന്‍ അവശേഷിക്കുന്നത് ഭരതക്കോണ്‍ നിലവറമാത്രം

Published on 05 July, 2011
ക്ഷേത്രത്തിലെ നിലവറകളില്‍ ഇനി വെളിച്ചം കാണാന്‍ അവശേഷിക്കുന്നത് ഭരതക്കോണ്‍ നിലവറമാത്രം
മഹാ നിധി ശേഖരം കാത്തുവെച്ച ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ നിലവറകളില്‍ ഇനി വെളിച്ചം കാണാന്‍ അവശേഷിക്കുന്നത് ഭരതക്കോണ്‍ നിലവറമാത്രം. പദ്മനാഭസ്വാമി വിഗ്രഹത്തിന്റെ ശിരോഭാഗത്തു വരുന്ന ഭരതക്കോണ്‍ നിലവറയും പതിറ്റാണ്ടുകളായി തുറന്നിട്ടില്ലെന്നാണ് കരുതപ്പെടുന്നത്. ഇതിലും നിധിയുടെ വ്യത്യസ്തമായ അപാര രഹസ്യങ്ങള്‍ സൂക്ഷിച്ചിട്ടുണ്ടെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത്തരത്തിലുള്ള ശ്രീഭണ്ഡാര വക നിലവറയില്‍ നിന്നാണ് കഴിഞ്ഞ ദിവസങ്ങളില്‍ പതിനായിരക്കണക്കിന് കോടിയുടെ സ്വര്‍ണവും രത്‌നങ്ങളും കണ്ടെത്തിയത്. എന്നാല്‍ സ്വര്‍ണത്തിനൊപ്പം കിലോക്കണക്കിന് വെള്ളിയും ക്ഷേത്രത്തിന് നല്‍കിയതായി പുരാരേഖകളില്‍ പറയുന്നുണ്ട്. എന്നാല്‍ വെള്ളി ആഭരണങ്ങളോ കട്ടികളോ 'എ' നിലവറയില്‍ ഉണ്ടായിരുന്നില്ല.

ഈ ശേഖരം 'ബി' അറയെന്നറിയപ്പെടുന്ന ഭരതക്കോണ്‍ നിലവറയില്‍ ഉണ്ടെന്നാണ് കരുതപ്പെടുന്നത്. വന്‍ശേഖരം കണ്ടെത്തിയ ശ്രീ ഭണ്ഡാരവക നിലവറയുടെ പിന്‍ഭാഗത്തായാണ് 'ബി' അറ. ഇത് മൂന്നാം ദിവസം തുറക്കാന്‍ ശ്രമം നടത്തിയെങ്കിലും മൂന്ന് വാതിലുകള്‍ കഴിഞ്ഞ് കണ്ട ഉരുക്ക് വാതില്‍ തുറക്കാനാവാത്തതിനെ തുടര്‍ന്ന് നിര്‍ത്തിവെയ്ക്കുകയായിരുന്നു. മൂന്നാമത്തെ വാതില്‍ തുറന്നപ്പോള്‍ വെള്ളിക്കട്ടികള്‍ നിരത്തിവെച്ച നിലയില്‍ കണ്ടിരുന്നു.

ബ്രഹ്മകലശമടക്കമുള്ള ആചാരങ്ങള്‍ക്കുപയോഗിക്കുന്ന വെള്ളി വിളക്കുകളുടെയും വെള്ളിക്കുടങ്ങളുടെയും വന്‍ശേഖരമുണ്ടായിരുന്നു. സ്വര്‍ണനാണയങ്ങള്‍പോലെ തന്നെ വെള്ളി നാണയങ്ങളും രാജഭരണകാലത്ത് വ്യാപകമായി ഉപയോഗിച്ചിരുന്നു. വ്യാപാര ബന്ധത്തിലൂടെ അറബിനാടുകളില്‍ നിന്നും മറ്റ് വിദേശരാജ്യങ്ങളില്‍ നിന്നുമുള്ള വെള്ളി നാണയങ്ങളുടെ അതിവിപുലമായ ശേഖരവും ഈ അറയിലുണ്ടെന്നാണ് കരുതപ്പെടുന്നത്. ഒരു ലക്ഷത്തിലേറെ വെള്ളി നാണയങ്ങള്‍ ശേഖരത്തിലുണ്ട്. വെള്ളി മണികള്‍, വിഗ്രഹങ്ങള്‍, ആഭരണങ്ങള്‍ എന്നിവയുടെ കിലോക്കണക്കിന് ശേഖരവും പ്രതീക്ഷിക്കുന്നുണ്ട്. കിലോയിലേറെ ഭാരമുള്ള വെള്ളിക്കട്ടികളും നിലവറയിലുണ്ട്.

തുറക്കാനാകാത്ത ഉരുക്ക് വാതില്‍ തുറന്നാല്‍ 'എ' നിലവറ പോലെതന്നെ അകത്തേക്കിറങ്ങാന്‍ പടികളുണ്ട്. ഇതിന് താഴത്തെ അറയുടെ മുകളില്‍ മറ്റൊരു അറയിലേക്ക് കടക്കാനുള്ള വാതിലുണ്ടെന്ന് കരുതപ്പെടുന്നു. ഇതിനകത്ത് രത്‌നങ്ങളും വെള്ളിയുമടക്കമുള്ള ശേഖരം ഉണ്ടാകാം എന്നും കരുതപ്പെടുന്നു. തുറന്ന 'എ' നിലവറയുടെ നിലത്തും പുതിയ അറിയിലേക്ക് കടക്കാനുള്ളതെന്ന് തോന്നിക്കുന്ന ഭാഗം അടച്ചനിലയില്‍ കണ്ടെത്തിയിരുന്നു. സമീപത്ത് ചങ്ങലയും കണ്ടെത്തിയിരുന്നു. ഇത് തുറക്കാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ഇത് ഭൂഗര്‍ഭ തുരങ്കത്തിന്റെ വാതിലാണെന്നും സംശയിക്കുന്നുണ്ട്. നിലവറകള്‍ തമ്മിലോ ക്ഷേത്രത്തിന്റെ പ്രധാന ഏതെങ്കിലും ഭാഗവുമായോ അറകളെ ബന്ധിപ്പിച്ചിരിക്കാമെന്നും പുരാവസ്തു വിദഗ്ദ്ധര്‍ പറയുന്നു. സുരക്ഷിതത്ത്വത്തിനായി മുന്‍കാലങ്ങളില്‍ ഇത്തരം ഭൂഗര്‍ഭ അറകള്‍ ഭരണാധികാരികള്‍ ഉപയോഗിച്ചിരുന്നു.

ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ കൊടിമരം വെള്ളി പൂശാനായി ഭരതക്കോണ്‍ നിലവറയില്‍ നിന്നും വെള്ളിക്കട്ടികള്‍ എടുത്തതായി പഴമക്കാര്‍ പറയുന്നുണ്ട്. അറ തുറന്നിട്ട് നൂറ്റാണ്ടുകളായെന്ന വാദത്തെയും ഇവര്‍ അംഗീകരിക്കുന്നില്ല. ആധുനിക പണിസാധനങ്ങള്‍ ഉപയോഗിച്ച് ഈ നിലവറ തുറക്കുന്നതിലും പ്രതിഷേധമുണ്ടായിട്ടുണ്ട്. നിലവറയുടെ ഉരുക്ക് വാതിലുകളും നൂറ്റാണ്ടുകളുടെ പഴക്കമുള്ളവയാണ്. ഇത്തരത്തില്‍ പൈതൃക നിര്‍മാണരീതിയിലുള്ള വാതിലിന്റെ പൂട്ട് ഉപകരണങ്ങളുപയോഗിച്ച് തകര്‍ത്ത് അകത്തുകയറുന്നുവെന്നാണ് ആക്ഷേപം. ശ്രീകോവിലിനു മുന്നില്‍ ഇത്തരം പ്രവൃത്തികള്‍ അപലപനീയമാണെന്ന് ക്ഷേത്രഭക്തജന സേവാസംഘം ആരോപിക്കുന്നു. കണ്ടെത്തിയ നിധി പൊതുമ്യൂസിയത്തില്‍ സ്ഥാപിക്കണമെന്ന ആവശ്യത്തിനെതിരെയും ശക്തമായ ഭക്തജന പ്രതിഷേധം ഉയരുന്നുണ്ട്. ക്ഷേത്രമുതല്‍ പൊതു പ്രദര്‍ശനത്തിനുള്ള വസ്തുക്കളായി തരം താഴ്ത്തരുതെന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്. ക്ഷേത്രനിലനില്‍പ്പിനെ ബാധിക്കുന്ന തരത്തിലുള്ള പ്രചാരണങ്ങള്‍ക്കെതിരെയും ആചാരങ്ങള്‍ക്ക് വിരുദ്ധമായി സ്വത്തുക്കളെ സംബന്ധിച്ച് ഉയരുന്ന നിര്‍ദേശങ്ങള്‍ക്കെതിരെയും വിവിധ സംഘടനകള്‍ രംഗത്തെത്തിയിട്ടുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക