Image

മലയാളികള്‍ മഹാമനസ്‌കര്‍ (പി.സി.മാത്യു)

പി.സി.മാത്യു Published on 27 February, 2019
മലയാളികള്‍ മഹാമനസ്‌കര്‍ (പി.സി.മാത്യു)
ദേശാടനക്കിളികളാണുനാമെന്നറിഞ്ഞിട്ടുമെന്തേ പഠിച്ചീല 
ദിശതെറ്റാതെ പറക്കുവാന്‍ കരകാണാ കടലിനക്കരെയിക്കരെ 
വെട്ടുക്കിളികളും പറക്കുന്നു ദിശനോക്കി കൂട്ടമായി മാത്രം  
വീരനാം നേതാവില്ലെങ്കിലുമവ സ്‌നേഹത്താല്‍ കൂട്ടം വിടാറില്ല 

പല്ലിയെ നോക്കി പഠിക്കുക നീ അവ മണിമന്ദിരങ്ങളില്‍ സുഖം 
പാര്‍ക്കുന്നു ചെറുതെങ്കിലും ശാന്തരും നിരുപദ്രവകാരികളുമത്രെ
ഉറുമ്പിനെ നോക്കി പഠിക്കുക അവ രാപകലോളം പണിയിന്നു,  
ഉറക്കമുപേക്ഷിച്ചും ശേഖരിക്കുന്നു ഭക്ഷണം മൃഷ്ടാന്നമുണ്ണുവാന്‍ 

ക്ഷാമകാലത്തും ക്ഷേമമായ് ജീവിപ്പാന്‍ ഐക്യം വെടിയാതെ 
ക്ഷമയോടെ പ്രവര്‍ത്തിക്കുന്നു, കലഹമോ യാതൊന്നുമില്ലേയില്ല 
കഴുകനെ നോക്കുക ആരെയും ആകര്‍ഷിക്കും വ്യക്തിത്വമുണ്ട് 
കാര്‍മേഘം മുറിച്ചു പറക്കുവാന്‍ കെല്പുണ്ട് പാക്ഷേഅഹന്തയില്ല 

ഉയരത്തില്‍നിന്നവ കാണുന്നു ദൂരെ അക്കരെ പുല്‍മേട്ടില്‍ തന്‍   
ഉയിര്‍ കാത്തും പാത്തും പതുങ്ങിയും മേയുന്നോരോ ഇരകളെയും
സര്‍പ്പവുമുണ്ടാ കൂട്ടത്തിലെങ്കിലും ഭയമില്ല ലവലേശമെടുക്കുവാന്‍ 
സര്‍വായുധമാം നഖങ്ങളും ചുണ്ടും  വാളിനെ വെല്ലുന്ന മൂര്‍ച്ചയോടെ  

മനുജനോ, സര്‍വ്വത്തിലും വാഴുവാന്‍ കെല്‍പേകി പാരിലയച്ചെങ്കിലും 
മറന്നുപോയ് തന്‍ ദൗത്യമോ പാലിപ്പാന്‍ എങ്കിലും പറയാതെ വയ്യ 
മലയാളികള്‍ തന്നെ പാരിലെ മനുജരില്‍ സ്‌നേഹം പങ്കുവെപ്പവര്‍ 
മഹാ മനസ്‌കര്‍, ആദിത്യ മരുളുവോര്‍, ആദ്യസ്‌നേഹം കൈവിടാത്തവര്‍ 

മലയാളികള്‍ മഹാമനസ്‌കര്‍ (പി.സി.മാത്യു)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക