Image

ഭൂമിയുടെ നിറമുള്ള ഭൂപടം (രമ പ്രസന്ന പിഷാരടി)

രമ പ്രസന്ന പിഷാരടി Published on 27 February, 2019
ഭൂമിയുടെ നിറമുള്ള ഭൂപടം (രമ പ്രസന്ന പിഷാരടി)
മനസ്സേ! 

നീ പറയുന്നു

നിനക്കീ വഴി കടന്നാണ്,

രാവിനെക്കടന്നാണ്,

നീലനീലാകാശത്തെ

കടന്ന് നിലാവിന്റെ

പാതയും കടന്നാണ്

പോകേണ്ടതിനി, ഞാനീ

ജാലകം തുറക്കുന്നു

എന്റെയോര്‍മ്മയില്‍

നിന്നുമായിരം വെണ്‍

പ്രാവുകള്‍ പറന്നേറുന്നു

വെളുവെളുപ്പിന്‍

മന്ദാരങ്ങള്‍ വിടരും

കിഴക്കായി,യൊലിവിന്‍

ഇലച്ചാര്‍ത്തിലൂഞ്ഞാലില്‍

സ്വപ്നാടനം.



മനസ്സേ! നിന്നോട് ഞാന്‍

പറഞ്ഞു പറക്കാതെ

പതിയെ പതിയെ നീ

നടക്കൂ, പക്ഷെ നീയീ

പ്രപഞ്ചം ചുറ്റിചുറ്റി

ചിതറിത്തെറിക്കുന്നു.

ഒരോരോ ചുമര്‍ ചിത്രം

ഒരോരോ ലോകങ്ങളായ്

മാറുന്നു,  പിന്നെ പെരും

തിര പോലിരമ്പുന്നു.



അരികില്‍ വാതില്‍ക്കലായ്

കുളിരല്ലിരുളാണ്;

ഇരുളിന്‍ ദുര്‍ഭൂതങ്ങള്‍

മിഴിനട്ടിരിപ്പാണ്.

ഉറങ്ങാനാവുന്നില്ല

പടിക്കല്‍ നിന്നും കോല്‍

ത്താഴടര്‍ത്തി വരുന്നുണ്ട്

ഒരോരോ അരൂപികള്‍

നിനക്ക് കാണാമെന്ന്

നീ പറയുന്നു പക്ഷെ

എനിക്കീയിരുള്‍പ്പുഴ

കടന്നേ പോണം,

നിന്നെയിരുത്തി തുഴഞ്ഞു

ഞാനക്കരെ പോകും

നമുക്കവിടെ പാര്‍ക്കാം

നദിക്കരികില്‍ നിന്നെത്തേടി

വരില്ല നീരാളികള്‍, ജല

നീലനാഗങ്ങള്‍.



വാക്കിന്റെ തീപ്പക്ഷികള്‍

ദേശാടനത്തിന്‍ വൃക്ഷ

ക്കൂട്ടങ്ങളതില്‍ വന്ന്

കാത്തുകാത്തിരിക്കുമ്പോള്‍

മനസ്സേ!  നിന്നോട് ഞാന്‍

പറയുന്നെന്നെ ചുറ്റി

വരിഞ്ഞുമുറുക്കി നീ

മൗനത്തിലൊതുക്കായ്ക!

വാതിലില്‍ വിലങ്ങിട്ട്

നീയെന്റെ സഞ്ചാരത്തെ

പ്രാണനില്‍ നിന്നും

മെല്ലെയടര്‍ത്താതിരിക്കുക.

ഭയപ്പെട്ടോടിപ്പോയ

പകലെന്നെന്നെ ചൂണ്ടി

പറയും നേരം, സന്ധ്യ

ചിരിക്കുന്നേരം ഞാനീയിരുണ്ട

വാനത്തിന്റെയൊരു

കോണിലായ് സൂര്യനിതേ

പോലുണ്ടെന്നോര്‍ത്ത്

നിലാവായ് മറഞ്ഞിടാം.

ഋതുക്കള്‍ പുഴയേറി

വരുമ്പോള്‍ പഞ്ഞിക്കായ്കള്‍

വിരിഞ്ഞ മരം പോലെ

ചിരിയായ് പറക്കുവാന്‍

ഭൂമിതന്‍ നിറം പകര്‍ന്നെടുത്തു

നമുക്കൊരു ഭൂപടം

വരയ്ക്കുവാന്‍ ശ്രമിക്കാം

പോകാമിനി..

ഭൂമിയുടെ നിറമുള്ള ഭൂപടം (രമ പ്രസന്ന പിഷാരടി)
Join WhatsApp News
Joseph 2019-02-27 07:19:31
ഭൂമിയുടെ നിറത്തെപ്പറ്റി അർത്ഥമുള്ള നീണ്ട ഒരു കവിത. സുപ്രഭാതത്തിൽ എഴുന്നേറ്റപ്പോഴേ ഈ കവിത മനസിന് വളരെയധികം സന്തോഷം നൽകിയെങ്കിലും ന്യൂയോർക്ക് ഇപ്പോൾ മഞ്ഞുകൾ ആവരണം ചെയ്ത് തണുത്തു വിറങ്ങലിച്ചിരിക്കുന്നതിനാൽ ഭൂമിയുടെ നിറം വെളുത്തതോ എന്നും തോന്നിപ്പോവുന്നു. കവിതക്കാരത്തിയ്ക്ക് അഭിനന്ദനങ്ങൾ.  
Sudhir Panikkaveetil 2019-02-27 23:17:36
ഇത് ശ്രീമതി രമ പ്രസന്ന പിഷാരടിയുടെ മറ്റൊരു നല്ല കവിത . മാനസിക വ്യാപാരങ്ങളുടെ  കണക്കുകൂട്ടലുകൾ  കലാപരമായി ആവിഷ്‌ക്കരിച്ചിരിക്കയാണ് ഈ കവിതയിൽ.. ഈ കവിതയെ മൂന്നു വിഭാഗമായി തിരിച്ചാൽ ഒന്നാം ഭാഗത്തിൽ മനസ്സ് പറയുന്ന വഴിയിലൂടെ സഞ്ചരിക്കാൻ തയ്യാറാകുന്ന വ്യക്തിയെ കാണാം  (self ). അതിനായി അവർ ജാലകവാതിലുകൾ തുറക്കുമ്പോൾ സമാധാനത്തിന്റെ ഒലിവില കൊമ്പുമായി വെള്ളപ്രാവുകൾ പറന്നു വരുന്നു. എന്നാൽ മനസ്സ് എന്ന വാനരൻ 
ചഞ്ചലനാണു. അത് പറക്കാൻ തുടങ്ങുമ്പോൾ വ്യക്തി ശാസിക്കുന്നു പറക്കണ്ട . പക്ഷെ സുഖത്തിനു പുറകെ പ്രയാണമാരംഭിക്കുന്ന മനസ്സ് കൂട്ടാക്കുന്നില്ല. അത് വിശ്വവിഹായസ്സിലേക്ക് പറക്കുന്നു. പക്ഷെ അനുഭവങ്ങൾ അസ്വസ്ഥതയുണ്ടാക്കുകയാണ്. മനസ്സിന്റെ പുറത്തെല്ലാം ഇരുട്ടാണ്, അവിടെ 
 മറികടക്കാൻ മനസ്സിന്റെ  തന്നെ ധൈര്യം തേടുന്നു വ്യക്തി. മനസ്സിനെ 
കൂട്ടി അവ്യക്തതയുടെ ഇരുൾപ്പുഴ തുഴഞ്ഞ അക്കരെപോകാൻ വ്യക്തി ആഗ്രഹിക്കുന്നു. വീണ്ടും അവർ മനസ്സിനെ നിയന്ത്രിക്കാൻ നോക്കുന്നു.എന്റെ സഞ്ചാരം നീ തടയരുത് , എന്നെ മൗനിയുമാക്കരുത്.  ഇവിടെ 
മാനസിക സംഘർഷം അനുഭവപ്പെടുന്നു.  ചിന്തകൾ ഒരാളെ  കീഴടക്കാനും 
നിയന്ത്രിക്കാന് അനുവദിക്കരുതെന്നാണ്.  മനസ്സും വ്യക്തിയും ഒന്നാകുന്നു.
എന്നാൽ വ്യക്തി ചില നിയന്ത്രണങ്ങൾക്ക് വിധേയനാണ്. മനസ്സോ അതിന്റെ വഴിക്ക് 
പോകാൻ ആഗ്രഹിക്കുന്നു. അവസാന ഭാഗത്തിൽ വ്യക്തിയെ പകലിനോട് 
ഉപമിക്കുന്നുണ്ട്.  സൂര്യൻ ഉദിക്കുമെന്നു വിശ്വസിക്കുന്ന പകൽ. താൻ 
മറയുമ്പോൾ നിലവായി മാറാമെന്നു ആഗ്രഹിക്കുന്നയാൾ.  മനസ്സിന് 
സഞ്ചരിക്കാൻ തങ്ങളുടേതായ ഒരു ഭൂപടം വരക്കാം. അവിടെ 
വിഘ്നങ്ങളില്ലാതെ സ്വാച്ഛന്തം സഞ്ചരിക്കാം.  നന്നായിട്ടുണ്ട്. അഭിനന്ദനങൾ.
ഡോ.ശശിധരൻ 2019-02-28 20:58:01

മനസ്സിന്റെ വിവിധ തലങ്ങളായ ,വിക്ഷിപ്തം ,ക്ഷിപ്തം,മൂഢം ,ഏകാഗ്രം ,നിരുദ്ധം ഇതെന്തെന്നറിയാതെ പൊട്ടത്തരങ്ങൾ മാത്രം വിളിച്ചു പറയുന്ന ധീരന്റെ ധീരതയുള്ള  പ്രലപന പ്രതികരണങ്ങൾ കാണുമ്പോൾ സഹതാപം മാത്രം ! ആനയിൽ അന്ധരെന്നപോലെ(ഏതോ സുഹൃത്ത് ഇവിടെ എഴുതിയ പ്രതികരണം എടുത്തു മാറ്റിയതായി കണ്ടു ) ,ആനയുടെ ചെവി പിടിച്ചു കൊണ്ട് ,ഇതെന്താ  ഇത് മുറം.ആനയുടെ കാല് പിടിച്ചു കൊണ്ട് ഇതെന്താ ,ഇത് തൂണ് ,ആനയുടെവാല് പിടിച്ചുകൊണ്ട് ,ഇതെന്താ ഇത് ചൂല്‌  എന്ന്  പറയുന്ന പോലെയാണ്.മൂഢ മനസ്സിൽ നിന്നും അടർത്തിയെടുത്ത ഒരു മൂഢ കവിത !

(ഡോ.ശശിധരൻ)

ഗുരുജി 2019-03-01 06:45:26
ക്ഷിപ്തം, വിക്ഷിപ്തം, മൂഢം, ഏകാഗ്രം, നിരുദ്ധം എന്നീ അഞ്ചു നിലകൾ അറിയാവുന്ന ഡോ. ശശിധരന്, പ്രതികരണത്തിനോട് പ്രതികരിക്കുമ്പോൾ ആറാമത്തെ നിലയായ 'സമനില' തെറ്റുന്നില്ലേ എന്ന് സംശയം . അതിന് കാരണം മനസ്സിൽ പ്രതികരിക്കുന്ന വ്യക്തിയോട് ഉള്ള വിദ്വേഷം അമർത്തി വച്ചിരിക്കുന്നതു കൊണ്ടാണ്.  ഈ പ്രവണത ഒട്ടും ശരിയല്ല. ആർക്കായാലും .അത് നാശത്തിന് ഹേതുവായി മാറും  അതുകൊണ്ട് വിദ്വേഷത്തെ ശമിപ്പിച്ച് മനസ്സിനെ മുക്തമാക്കുക ശിഷ്യ .  
ഓസ് ബീഡി ക്യാമറകള്‍ 2019-03-01 07:31:53

മാട കടയുടെ മുന്നിലെ വിമര്‍ശകന്‍- ഓര്‍മ്മ ഉണ്ടോ നാട്ടിലെ പെട്ടിക്കടയുടെ മുന്നില്‍ സ്ഥിരം കുറ്റികള്‍, അവര്‍ ആയിരുന്നു പരിസര നിരീക്ഷണം നടത്തുന്ന ക്യാമറകള്‍. ഇവരുടെ മുന്നില്‍ പെടുന്നവയെ എല്ലാംതന്നെ അവര്‍ നെഗറ്റിവ് വേവില്‍ ചെറുത്‌ ആക്കാന്‍ കമന്‍റ് അടിക്കും. ഇവര്‍ അവരുടെ വീട്ടില്‍ സ്ഥിരം പ്രശ്നം ഉണ്ടാക്കുന്നവര്‍ ആണ്. അതാണ് അവര്‍ മാട കടയുടെ മുന്നില്‍ റിഹാബ് ചെയ്യുന്നത്. ഇവരെ കൊണ്ട് ആര്‍ക്കുംതന്നെ യാതൊരു പ്രയോചജനവും ഇല്ല. മാട കടക്കാരന്‍റെ കസ്റ്റമേഴ്സ് കുറയും എന്ന് മാത്രം അല്ല, വെറുതെ പരദൂഷണം പരത്തുകയും ചെയ്യും. നല്ല ദമ്പതികള്‍ ഇവരുടെ മുന്നില്‍ പെട്ടുപോയാല്‍ ലയിങ്ങിക ശേഷി നഷ്ട പെട്ട ഇവര്‍ക്ക് വല്ലാതെ വെകിളി ഇളകും. ഇതുപോലെത്തന്നെ ആണ് ഇ മലയാളിയിലെ കുറെ സ്ഥിരം എഴുത്തുകാരും കമന്‍റെ എഴുത്തുകാരും. വിദ്വേഷം വിതക്കുന്ന ഇവരെ വിലക്കണം. ഇവരുടെ പേര്‍ വിവരം അടുത്തതില്‍.- നാരദന്‍,ഖുയുന്‍സ്.NY 

എന്താ എഡിറ്ററെ ഇങ്ങനെ 2019-03-01 07:43:36
എന്താ എഡിറ്റര്‍ സാറെ ഇ തല്ലു കൊള്ളിത്തരം കാട്ടാന്‍ ഇയാളെ കയര്‍ ഊരി വിട്ടിരിക്കുന്നത്. വെക്തി വൈരാഗ്യം പ്രദര്‍ശിപ്പിക്കാന്‍ ഉള്ള വേദി അല്ല ഇ മലയാളി. വായനക്കാരും, എഡിറ്ററും, വിചാരവേദിയും, സര്‍ഗ വേദിയും ന്യൂ യോര്‍ക്കിലെ മറ്റു സംഘടനകളും ഇയാളെ അവഗണിക്കണം.- ന്യുയോര്കേര്‍ 
ശിക്ഷ്യൻ 2019-03-01 07:56:31


'എന്നെ തല്ലല്ലേ എത്ര തല്ലിയാലും സാറേ ഞാൻ നന്നാകില്ല' എന്ന് അപ്പോഴേ പറഞ്ഞതല്ലേ! എന്റെ പകുതി ജ്ഞാനത്തിനുത്തരവാദി ഗുരുജിക്ക് പഠിപ്പിക്കാൻ കഴിവില്ലായിരുന്നു. അതുകൊണ്ടാ മറ്റേ പണിയെന്നൊക്കെ പ്രതികരണകോളത്തിൽ എഴുതുന്നത്. ആടിനെ  പട്ടിയാക്കുന്നുവെന്ന് പറഞ്ഞ്‌ ചിലർ എന്നെ പല്ലിളിച്ചു കാണിക്കുന്നു. 
ഗുരുജി 2019-03-01 09:18:09
ശിഷ്യ
 ഗുരുവിന് പകുതി അറിവേ നൽകാൻ കഴിയു ബാക്കി ശിഷ്യൻ സ്വയം നേടേണ്ടതാണ് .  കേൾക്കുന്നുടനെ ഒന്നിനും മറുപടി കൊടുക്കരുത് . ചിന്തിച്ചു മനനം ചെയ്തിട്ടേ മറുപടി കൊടുക്കാവൂ .അല്ലെങ്കിൽ അത് വീട്ടിൽ വളർത്തുന്ന പ്രാവിനെ പോലെ എത്ര പറത്തി വിട്ടാലും തിരികെ വരും . മേലിൽ തല കൊണ്ട് ചിന്തിക്കണം വാല് കൊണ്ട് ഒരിക്കലും അരുത് 
ഡോ.ശശിധരൻ 2019-03-01 14:16:07

ഒരു ഗുരു ഒരാളെ ചൂണ്ടിക്കാണിച്ചുകൊണ്ട്‌  ഇത് എന്റെ ശിക്ഷ്യനാണ് എന്ന് പറയുന്നതോടെ ഗുരു അവിടെ മരിക്കുന്നു.എന്നാൽ ഒരു  ശിക്ഷ്യൻ ഒരാളെ ചൂണ്ടികാണിച്ചുകൊണ്ട്  ഇതെന്റെ ഗുരു എന്ന്  പറയുമ്പോൾ അവിടെ ഒരു ഗുരു ജനിക്കുന്നു. എന്റെ ഗുരുവാകാനുള്ള യോഗ്യതയില്ല താങ്കൾക്ക് !വ്യക്തി വിരോധം ആരോടുമില്ല.സുധീറിന് വിമർശിക്കുമ്പോൾ മാത്രം വ്യക്തി വിരോധം എവിടെ നിന്നും വരുന്നുവെന്ന് അറിവില്ല.എന്താ അയാളുടെ എഴുത്തിനെ വിമർശിക്കാൻ പാടില്ലെ ?നിങ്ങൾ എന്ത് സ്വാതന്ത്ര്യം ഉപയോഗിക്കുന്നുവോ അതെ സ്വാതന്ത്ര്യം എന്നെയും ഉപയോഗിക്കാൻ അനുവദിക്കണം.അതാണ് മനുഷ്യന്റെ ഹൃദയ സിംഹാസനത്തിനുള്ളിലെ ഏറ്റുവും അടിത്തട്ടിലുള്ള അങ്ങേയറ്റത്തെ ധർമ്മം.നിങ്ങൾ എന്നെ ഡോ.ശശിധരൻ എന്ന് വിളിക്കുമ്പോൾ അതേ സ്വാതന്ത്ര്യം തിരിച്ചു  ഉപയോഗിച്ചു നിങ്ങളുടെ പേര് വിളിക്കാൻ നിങ്ങൾ എന്നെ അനുവദിക്കുന്നുണ്ടോ ?ഇവിടെയാണ് വിദ്യാഗ്രഹണവും വിദ്യാധാരണവും തമ്മിലുള്ള അടിസ്ഥാനപരമായ ആത്മീയബന്ധം ഒളിഞ്ഞിരിക്കുന്നത് !ഏകാഗ്രമനസ്സാണ് മനസ്സിന്റെ സമനില !

(ഡോ.ശശിധരൻ)

വലിയ ബുദ്ടിമാന്‍ 2019-03-01 15:33:10
The terrorists who bombed the WTC in 1993 returned three times to the Ryder agency to get back their deposit for the truck they blew up. People who are dumb enough to commit crimes are, in fact, dumb enough to think they can get away with it. Some who assume to be smart keep doing the same here. -newyorker
ശിഷ്യൻ 2019-03-01 16:09:54
ഗുരോ, അങ്ങ് എന്നെ ശിഷ്യ എന്ന് വിളിക്കുമ്പോൾ ഞാൻ മരിച്ചുവെന്ന് ഇ-മലയാളിയിലെ ഒരു ജ്ഞാനി പറയുന്നു. ഞാൻ കാണുന്നണ്ട്. കേൾക്കുന്നുണ്ട്. ശ്വസിക്കുന്നുണ്ട്. പഞ്ചഭൂതങ്ങൾ എന്നിൽ പ്രവർത്തിക്കുന്നുണ്ട്. എനിക്ക് പേടിയാകുന്നു. അയാൾ പറഞ്ഞത് സത്യമോ അർദ്ധ സത്യമോ? അയാൾ ജ്ഞാനിയോ, അജ്ഞാനിയോ അർദ്ധ ജ്ഞാനിയോ? ജ്ഞാനിയെങ്കിൽ ഞാൻ ഭയപ്പെടുന്നു. രക്ഷിക്കണേ ഗുരോ? 

അങ്ങയെ ഞാൻ ഗുരുവായി ചൂണ്ടി കാണിച്ചിരുന്നു. അപ്പോൾ അങ്ങ് ശിശുവാണല്ലേ? ഇംഗ്ലീഷിൽ ചൈൽഡ് എന്നും ചൈൽഡിഷ് എന്നും രണ്ടു വാക്കുകളുണ്ട്. ആദ്യത്തെ വാക്കിന്റ അർത്ഥം ശിശുവെന്നും. അത് അങ്ങേയ്ക്കിരിക്കട്ടെ! രണ്ടാമത്തെ വാക്ക് അങ്ങയെ ശിശുവെന്ന് വിളിച്ച പണ്ഡിതനിരിക്കട്ടെ!!

ഏകാഗ്ര മനസാണ് മനസിന്റെ സമനിലയെന്നുള്ള കാര്യം ഗുരുജി എന്തേ എന്നെ പഠിപ്പിച്ചില്ല. ആർക്കാണ് സമതല തെറ്റിയത്, എനിക്കോ, അങ്ങേക്കൊ, അതോ ???  
വിദ്യാധരൻ 2019-03-01 16:29:13
"ആചാര്യാത് പാദ മാദത്തെ 
പാദം ശിഷ്യാ സ്വമേധയാ 
പാദം സബ്രഹ്മചാര്യഭ്യഃ 
പാദം കാലക്രമേണത് " (അജ്ഞാതൻ )

ഗുരുവിൽ നിന്നും വിദ്യയുടെ നാലിലൊന്നു ഭാഗമേ ലഭിക്കുകയുള്ളു . നാലിലൊന്ന് ശിഷ്യൻ സ്വബുദ്ധിയാൽ ഗ്രഹിക്കുന്നു. നാലിലൊന്ന് സതീർത്ഥ്യരിൽനിന്നും ശേഷിച്ച ഭാഗം കാലക്രമത്താലും അറിയുന്നു  
ചോദ്യം 2019-03-01 17:06:52
ഗുരുവിനെ ശിഷ്യൻ കൊന്നതാണോ അതോ ഗുരു തന്നെ മരിച്ചതാണോ ?
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക