Image

തീവ്രവാദികളെ ലോകത്തുനിന്നുതന്നെ ഉന്മൂലനം ചെയ്യണം (ജോയ് ഇട്ടന്‍)

Published on 27 February, 2019
തീവ്രവാദികളെ ലോകത്തുനിന്നുതന്നെ ഉന്മൂലനം ചെയ്യണം (ജോയ് ഇട്ടന്‍)
"ഈ വിഡിയോ  നിങ്ങളിലെത്തുമ്പോള്‍  ഞാന്‍  സ്വര്‍ഗത്തിലായിരിക്കും. ഇതാണ് കശ്മീരിലെ ജനങ്ങള്‍ക്കുള്ള  എന്റെ അവസാന സന്ദേശം." ജമ്മു കശ്മീരിലെ പുല്‍വാമയില്‍ സി.ആര്‍.പി.എഫ് (സെന്‍ട്രല്‍ റിസര്‍വ് പൊലീസ് ഫോഴ്‌സ്)  ജവാന്‍മാര്‍ സഞ്ചരിച്ച ബസിനു നേരെ ചാവേറാക്രമണം നടത്തിയ ഭീകരന്‍ ആദിലിന്റെ വാക്കുകള്‍ ആണിവ .ഇന്ടയും ലോക രാജ്യങ്ങളും നടുങ്ങി ഇരിക്കവേ ഭാരതം അതിന്റെ കടമ നിറവേറ്റിത്തുടങ്ങി.അന്നവര്‍ നടത്തിയ  ക്രൂരമായ ചാവേര്‍ ആക്രമണത്തെത്തുടര്‍ന്ന് ദിവസങ്ങളായി നിലനിന്ന അനിശ്ചിതത്വത്തിന് ഇന്ന് അവസാനമായിരിക്കുന്നു.  ഇന്ത്യയിലെയും പാകിസ്താനിലെയും ജനങ്ങള്‍ക്കു മാത്രമല്ല  ലോകരാജ്യങ്ങള്‍ക്കു തന്നെയും അതിര്‍ത്തിയില്‍ എന്തു സംഭവിക്കും എന്ന കാര്യത്തില്‍  ആശങ്കയും സംശയവും ഉണ്ടായിരുന്നു. വലിയ ഒരു  യുദ്ധം നടന്നേക്കുമോ എന്ന ഭീതി ഇന്ത്യന്‍ ജനതയ്ക്ക് ഉണ്ട് .ആ ഭീതിയിലാണ് ജനം ഇപ്പോഴും.

ആണവയുദ്ധം തന്നെ ആയിരിക്കും ഇതിന്റെ ഫലമെന്ന കടുത്ത ആശങ്ക അവഗണിക്കാവുന്നതല്ല. പാകിസ്താന്റെ  മുന്‍പട്ടാളത്തലവനും ഏകാധിപതിയുമായിരുന്ന ജന. പര്‍വേഷ് മുഷറഫ് ഇതിനു മറുപടിയും നല്‍കിയിട്ടുണ്ട്.  'പാകിസ്താന് ഇന്ത്യയുടെ മേല്‍ ഒരു അണുബോംബ് ഇടാം. അത്രയും സമയം കൊണ്ട് ഇന്ത്യ ഇരുപത് അണുബോംബ് വര്‍ഷിച്ച് പാകിസ്താന്റെ കഥ കഴിക്കും'. അണുബോംബിനെക്കുറിച്ചോ കഥ കഴിക്കലിനെക്കുറിച്ചോ ആലോചിക്കേണ്ട സമയമല്ല  ഇത്. പകപോക്കലോ പ്രതികാരമോ  ഇന്ത്യ എന്ന  മഹദ് പാരമ്പര്യമുള്ള ജനാധിപത്യ രാജ്യത്തിന്റെ  അജന്‍ഡയില്‍ ഇല്ല  എന്നതാണ് പ്രധാനം. ഇന്ത്യയുടെ  ഈ പെട്ടന്നുള്ള നടപടി ലോകം മുഴുവന്‍ അംഗീകരിച്ചു കഴിഞ്ഞു .

പാകിസ്താന്‍ എന്ന അയല്‍രാജ്യത്തോടുള്ള  യുദ്ധപ്രഖ്യാപനമല്ലതന്നെ. ഇത് പാകിസ്താനില്‍ ഒളിച്ചിരുന്ന്  ഇന്ത്യന്‍ ജനതയ്‌ക്കെതിരെ  ഭീകരസംഘടനകള്‍ നടത്തുന്ന ആക്രമണങ്ങള്‍ക്കും നരഹത്യകള്‍ക്കുമുളള കര്‍ക്കശ മുന്നറിയിപ്പുകള്‍ മാത്രമായേ നാം കണക്കാക്കേണ്ടതുള്ളൂ. ഇന്ത്യന്‍ നടപടിയോടെ ഇന്ത്യാപാകിസ്താന്‍ ബന്ധം പുതിയ ഒരു പതനത്തിലെത്തുകയാണ്. ഇന്ത്യന്‍ നടപടി പാകിസ്താന്റെ അതിര്‍ത്തി കടന്നുള്ള ആക്രമണം തന്നെയാണ്. പാക് അധീന കശ്മീരില്‍ താവളമുറപ്പിച്ചിട്ടുള്ള ഭീകരര്‍ക്ക് എതിരെയുള്ള ആക്രമണമാണെങ്കിലും സാങ്കേതികാര്‍ത്ഥത്തില്‍ അത് പാകിസ്താനു നേരെ നടന്ന ആക്രമണം തന്നെയാണ്. ഇന്ത്യ പാകിസ്താനിലെ ജനങ്ങളെയോ സൈനിക കേന്ദ്രങ്ങളെയോ സിവിലിയന്‍ ആസ്ഥാനങ്ങളെയോ ലക്ഷ്യം വച്ചിട്ടില്ല. ജെയ്‌ഷെ മുഹമ്മദ് ആസ്ഥാനങ്ങളെയാണ് ലക്ഷ്യമിട്ടത്. പക്ഷേ, നാശനഷ്ടങ്ങള്‍ പൂര്‍ണ്ണമായും അതിലൊതുങ്ങും എന്നു പറയാനാവില്ല. സിവിലിയന്‍ കേന്ദ്രങ്ങളില്‍ നാശനഷ്ടങ്ങളും സാധാരണക്കാര്‍ക്ക് ജീവനാശവും ഉണ്ടായിട്ടുണ്ടാകാം.

പക്ഷേ, ഇത് പാകിസ്താന് ഇതു പുതുമയുള്ള അനുഭവമല്ല. അവിടത്തെ സിവിലിയന്‍ കേന്ദ്രങ്ങള്‍ എന്നുറപ്പുള്ള പ്രദേശങ്ങളുടെ നേരെ അമേരിക്ക അനേകം ആക്രമണങ്ങള്‍ നടത്തിയിട്ടുണ്ട്. ഭീകരത്തലവന്‍ ബിന്‍ ലാദന്‍ വധിക്കപ്പെട്ടതുതന്നെ യു.എസ് പാകിസ്താനില്‍ നടത്തിയ ആക്രമണത്തിലാണ്. അന്ന് അമേരിക്കന്‍ പ്രസിഡന്റായിരുന്ന  ബറാക് ഒബാമ നേരിട്ട് നേതൃത്വം നല്‍കിയാണ് ആ ആക്രമണം നടത്തിയത് എന്നു ലോകം കണ്ടതാണ്.

 ഇന്ത്യന്‍  വ്യോമസേനാ  വിമാനങ്ങള്‍ അതിര്‍ത്തി ലംഘിച്ചു എന്നു പാകിസ്താന്‍ സമ്മതിച്ചിട്ടുണ്ട്. അതിര്‍ത്തി ലംഘനത്തിനെതിരെ പാക് വ്യോമസേന പ്രതികരിച്ചതോടെ ഇന്ത്യന്‍ വിമാനങ്ങള്‍ തിരിച്ചുപോയി എന്നാണ് പുലര്‍ച്ചെ അഞ്ച് മണിക്ക് പാക് വ്യോമസേനാതലവന്‍ ട്വിറ്ററില്‍ അവകാശപ്പെട്ടത്. പാക് ഭീകരസംഘടനയുടെ പരിശീലന  കേന്ദ്രത്തിനു നേരെ ആക്രമണം  നടന്നെന്നും നൂറിലധികം ആളുകള്‍ മരിച്ചെന്നും ഇന്ത്യന്‍ സൈനിക വൃത്തങ്ങള്‍  അവകാശപ്പെട്ടതാണ്. ഇന്ത്യ അടുത്ത കാലത്തു  നടത്തിയ മിന്നലാക്രമണങ്ങളെയും  ഇങ്ങനെ നിസ്സാരമാക്കി തള്ളുകയാണ് പാക് നേതൃത്വം ചെയ്തിരുന്നത്. ഇതു പാക് രാഷ്ട്രീയനേതൃത്വത്തിന്റെ നിലനില്പിന്റെ പ്രശ്‌നമാണ് എന്നും നമുക്കറിയാം. യുദ്ധകാഹളങ്ങള്‍ക്കും പ്രതികാരത്തിനു വേണ്ടിയുള്ള മുറവിളികള്‍ക്കും ഒപ്പം രാജ്യം ഭരിക്കുന്നവര്‍ മുന്നോട്ട് പോകാന്‍ പാടില്ല എന്ന് വിവേകവും ബുദ്ധിയുമുള്ള എല്ലാവര്‍ക്കും അറിയാം. ആളുകളില്‍ വികാരം പടര്‍ത്തുകയും  അതു കച്ചവടമാക്കുകയും ചെയ്യുന്ന ചില ചാനലുകാര്‍  കാണുന്നതു  പോലെയല്ല ലോകം. ലോകത്തിലെ ഏറ്റവും അപകടമേറിയ ഇടം എന്നാണ് ഇന്ത്യന്‍ അതിര്‍ത്തിയെക്കുറിച്ച് മുന്‍ യു.എസ് പ്രസിഡന്റ് ബില്‍ ക്ലിന്റന്‍ ഒരിക്കല്‍ പറഞ്ഞത്. രണ്ട് ആണവശക്തികള്‍ തമ്മിലുള്ള തര്‍ക്കമാണ് അവിടെ നടക്കുന്നത്. ഒരു രാജ്യത്തില്‍നിന്നു പിളര്‍ന്നുണ്ടായ രണ്ടു സഹോദരരാജ്യങ്ങളാണെങ്കിലും അന്നു മുതല്‍ ശത്രുരാജ്യങ്ങളാണ് അവ. കശ്മീരിനെച്ചൊല്ലി മൂന്നു യുദ്ധങ്ങള്‍ പിന്നിട്ടുകഴിഞ്ഞു. അതിസങ്കീര്‍ണ്ണമാണ് ഇരുപക്ഷവും തമ്മിലുള്ള തര്‍ക്കത്തിന് കാരണമായ പ്രശ്‌നങ്ങള്‍. ഏഴു പതിറ്റാണ്ടു കഴിഞ്ഞിട്ടും കശ്മീര്‍ പ്രശ്‌നം പരിഹരിക്കാനായിട്ടില്ല. പാകിസ്താനിലേതു പട്ടാളഭരണമല്ല എന്നു പറയാമെന്നേ ഉള്ളൂ. പട്ടാളമാണ് അവിടെ കാര്യങ്ങള്‍ നടത്തുന്നത്. പട്ടാളത്തിന്റെ ഹിതവും ഇടപെടലുമാണ് ഇംമ്രാനെ അധികാരത്തിലെത്തിച്ചതു തന്നെ. ജനപ്രീതിയും പട്ടാളപ്രീതിയും നേടാതെ ഇംമ്രാന്‍ഖാന് നിലനില്‍ക്കാനാവില്ല. ഇന്ത്യ ഇത്തരമൊരു നിലപാടിനോട് ഏതു വിധത്തില്‍ പ്രതികരിക്കും എന്നതാണ് പ്രശ്‌നം. യുദ്ധംനടത്തി രാജ്യങ്ങളെ തകര്‍ത്തു തരിപ്പണമാക്കാന്‍ ഈ കാലഘട്ടത്തില്‍ ആര്‍ക്കും കഴിയില്ല. പ്രത്യേകിച്ച് രണ്ടു ആണവശക്തികള്‍ക്ക്.

 അതേ സമയം ഭീകരസംഘടനകളെ പ്രോത്സാഹിപ്പിച്ച് ഒളിയുദ്ധം നടത്തുക എന്ന പാക് പട്ടാളത്തിന്റെയും നേതൃത്വത്തിന്റെയും അടവുകള്‍ തകര്‍ത്തേ തീരൂ. ഇന്ത്യന്‍ ആക്രമണം ഇതിന് എത്രത്തോളം പ്രയോജനപ്പെട്ടിട്ടുണ്ട് എന്നു പറയാനാവില്ല. ഇന്ത്യയെ സംബന്ധിച്ച് ഒരു തെരഞ്ഞെടുപ്പ് മുന്നിലെത്തി നില്‍ക്കെ ഈ ഘട്ടത്തില്‍ എന്തെല്ലാം ചെയ്യാനാവും എന്നത് പൊതുസമവായത്തിലൂടെ മാത്രമേ തീരുമാനിക്കാനാവൂ എന്നാണ് എനിക്ക് മതോന്നുന്നത്

Join WhatsApp News
മതവും തീവ്രവാദികളും 2019-02-28 05:21:46
തീവ്രവാദികള്‍ എല്ലാം തന്നെ മതത്തിന്‍റെ അനുയായികള്‍ ആണ്. മതം ഇല്ലാത്തവര്‍ ആരും തന്നെ തീവ്രവാദികള്‍ അല്ല. അതിനാല്‍ ആദ്യം മതം ഉപേഷിക്കുക. അപ്പോള്‍ നിങ്ങള്ക്ക് മറ്റുള്ളവരെ മനുഷര്‍ ആയി കാണാന്‍ കഴിയും.-andrew
Benny 2019-02-28 10:56:56
ഒരു മതവും തീവ്രവാദത്തെ  അനുകൂലിക്കുന്നില്ല. പക്ഷെ മതഭ്രാന്ത് മനുഷ്യനെ മൃഗം ആക്കി മാറ്റുന്നു. അതുപോലെ തന്നെ ആണ് രാഷ്ട്രീയവും .. അതും ഭ്രാന്തായി മാറിയാൽ മനുഷ്യരെ കൊല്ലുവാൻ ഒരു മടിയും ഇല്ലാതാകുന്നു... 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക