Image

യുദ്ധമല്ല പരിഹാരമെന്ന് പുല്‍വാമയില്‍ വീരമൃത്യു വരിച്ച ജവാന്റെ ഭാര്യ; അഭിനന്ദിച്ചും അധിക്ഷേപിച്ചും സോഷ്യല്‍മീഡിയ

Published on 28 February, 2019
യുദ്ധമല്ല പരിഹാരമെന്ന് പുല്‍വാമയില്‍ വീരമൃത്യു വരിച്ച ജവാന്റെ ഭാര്യ; അഭിനന്ദിച്ചും അധിക്ഷേപിച്ചും സോഷ്യല്‍മീഡിയ

കൊല്‍ക്കത്ത > യുദ്ധത്തിനെതിരെ നിലപാടെടുത്ത് പുല്‍വാമയില്‍ വീരമൃത്യു വരിച്ച ജവാന്റെ ഭാര്യ. ഫെബ്രുവരി 14ന് പുല്‍വാമയിലുണ്ടായ ആക്രമണത്തില്‍ കൊല്ലപ്പെട്ട സിആര്‍പിഎപ് ജവാന്‍ ബാബലൂ സാന്ദ്രയുടെ ഭാര്യ മിത സാന്ദ്രയാണ് സമാധാന സന്ദേശവുമായി രംഗത്തെത്തിയിരിക്കുന്നത്. ബംഗാളിലെ ഹൗറ സ്വദേശിനിയായ മിത ഇംഗ്ലീഷ് ആധ്യാപികയാണ്.


എന്നാല്‍ മിതയുടെ പരാമര്‍ശങ്ങള്‍ ഭീരുത്വമാണെന്നും ഭര്‍ത്താവിനോട് സ്‌നേഹമില്ലാത്തതുകൊണ്ടാണ് ഇത്തരത്തില്‍ പറയുന്നതെന്നും ആരോപിച്ച്‌ സോഷ്യല്‍മീഡിയയിലൂടെ അധിക്ഷേപവും ഉയര്‍ന്നിരുന്നു. ഇപ്പോള്‍ എല്ലാത്തരം അധിക്ഷേപങ്ങള്‍ക്കും പരാതികള്‍ക്കും മറുപടിയുമായി എത്തിയിരിക്കുകയാണ് മിത.


'യുദ്ധം എല്ലാത്തിനുമുള്ള പരിഹാരമല്ല. സോഷ്യല്‍മീഡിയിലെ വരുന്നത് ഞാന്‍ ശ്രദ്ധിക്കാറില്ല. യുദ്ധത്തെ സംബന്ധിച്ച്‌ പറഞ്ഞതില്‍ ഇപ്പോഴും ഉറച്ചുനില്‍ക്കുകയാണ്. ആളുകള്‍ക്ക് അവരുടേതായ അഭിപ്രായം ഉണ്ടാകും, അത് അവരുടെ വ്യക്തിസ്വാതന്ത്ര്യത്തിന്റെ ഭാഗമാണ്.


യുദ്ധക്കളത്തിലുണ്ടാകുന്ന ഓരോ മരണവും അനേകം ജവാന്മാരുടെ കുടുംബത്തെയും ഇല്ലാതാക്കുകയാണ്. ഒരു അധ്യാപിക എന്ന നിലയിലും ചരിത്രവിദ്യാര്‍ത്ഥിയെന്ന നിലയിലും യുദ്ധം ഒരിക്കലും സ്ഥിരമായുള്ള ഒരു പരിഹാരമല്ലെന്ന് എനിക്ക് പറയാനാകും


മിലിട്ടറിയുടെയും പാരാമിലിട്ടറിയുെടയുമെല്ലാം ധീരതയെ പിന്തുണയ്ക്കുന്നു. കഴിഞ്ഞ ദിവസം നടന്ന തിരിച്ചടി അഭിനന്ദാര്‍ഹവുമാണ്. സാധാരണ പൗരന്മാരെ കൊലപ്പെടുത്താതെ ഭീകരരെ ഇല്ലാതാക്കാനുള്ള വ്യോമസേനയുടെ എല്ലാ നടപടികളോടും പൂര്‍ണമായി യോജിക്കുകയും ചെയ്യുന്നു. എന്നാല്‍ പൂര്‍ണ അര്‍ത്ഥത്തിലുള്ള യുദ്ധത്തോടാണ് എന്റെ വിയോജിപ്പ്. ക്രൂരമായ തീവ്രവാദത്തിന്റെ ഇര കൂടിയാണ് എന്റെ ഭര്‍ത്താവ്. തീവ്രവാദികള്‍ രാജ്യത്തിന്റെയും സമൂഹത്തിന്റെയും ശത്രുക്കളാണ്.' - മിത സാന്ദ്ര പറഞ്ഞു.


സിആര്‍പിഎഫ് ജവാന്മാര്‍ കൊല്ലപ്പെടാനിടയാക്കിയ സുരക്ഷാവിഴ്ച്ചയെക്കുറിച്ചും മിത ആശങ്ക പങ്കുവെച്ചു. ഇന്റലിജന്‍ഡസ് ഏജന്‍സികള്‍ നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ മുന്‍കരുതല്‍ നടപടികളൊന്നും തന്നെ സ്വീകരിച്ചില്ല. ആശയവിനിമയത്തിലും അപാകത സംഭവിച്ചതായി തനിക്ക് സംശയമുണ്ടെന്നും മിത പറഞ്ഞു.


മിതയുടെ പരാമര്‍ശത്തിനെതിരെ സോഷ്യല്‍മീഡിയയില്‍ നടക്കുന്ന അധിക്ഷേപങ്ങള്‍ക്കെതിരെ ധാരാളം ആളുകള്‍ രംഗത്തെത്തിയിട്ടുണ്ട്. എഴുത്തുകാരും ചിന്തകരും ചലച്ചിത്ര സംവിധായകരും വിദ്യാര്‍ത്ഥികളുമെല്ലാം മിതയ്ക്ക് പിന്തുണയുമായി എത്തി. യുദ്ധത്തേക്കാള്‍ സമാധാനമാണ് ആവശ്യമെന്നും വീരമൃത്യു വരിച്ച സൈനികന്റെ ഭാര്യ എന്ന നിലയില്‍ മിതയ്ക്ക് അത് മറ്റാരേക്കാളും നന്നായി അറിയാമെന്നും മിതയെ പിന്തുണയ്‌ക്കുന്നവര്‍ മറുപടി നല്‍കുന്നുണ്ട്. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക