Image

ഇന്ത്യയില്‍ എല്ലാത്തിനും മീതേ മോദി തരംഗം; അനുനയത്തിന്‍റെ ഭാഷയുമായി ഇമ്രാന്‍ ഖാന്‍

കലാകൃഷ്ണന്‍ Published on 28 February, 2019
ഇന്ത്യയില്‍ എല്ലാത്തിനും മീതേ മോദി തരംഗം; അനുനയത്തിന്‍റെ ഭാഷയുമായി ഇമ്രാന്‍ ഖാന്‍

ദിവസങ്ങളായി യുദ്ധസമാന സാഹചര്യം നിലനിന്ന അതിര്‍ത്തിയില്‍ മഞ്ഞുരുകലിന്‍റെ സാധ്യതകള്‍ തെളിയുകയാണ്. അതിനുള്ള ആദ്യ ചുവടുവെയ്പ്പായി പാകിസ്ഥാന്‍റെ കസ്റ്റഡിയിലായിരുന്ന വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാനെ തിരിച്ചയക്കാന്‍ പാകിസ്ഥാന്‍ രാഷ്ട്രീയ തീരുമാനം എടുത്തിരിക്കുന്നു. അതിര്‍ത്തി ശാന്തമാകട്ടെ അതിനുശേഷം അഭിനന്ദിന്‍റെ കാര്യം തീരുമാനിക്കാം എന്ന് പറഞ്ഞിരുന്ന പാകിസ്ഥാന്‍ വളരെ വേഗത്തിലേക്ക് വിട്ടയക്കാന്‍ തീരുമാനിച്ചതിന് പിന്നില്‍ കാരണങ്ങള്‍ പലതുണ്ട് എന്ന് തന്നെ മനസിലാക്കണം. ഏറ്റവും പ്രധാനം അന്തരാഷ്ട്രതലത്തില്‍ പാകിസ്ഥാന്‍ ഒറ്റപ്പെടുന്നു എന്ന തിരിച്ചറിവാണ്. നിലവില്‍ കറാച്ചിയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യമാണ്. പാകിസ്ഥാനിലെ എല്ലാ വിമാനത്താവളങ്ങളും അടച്ചിരിക്കുന്നു. അമേരിക്കയുടെ അന്ത്യശാസനം ഗൗരവത്തില്‍ എടുത്തേ മതിയാകു എന്ന അവസ്ഥ സംജാതമായിരിക്കുന്നു. യുദ്ധസമാന സാഹചര്യം ആരംഭിച്ചത് മുതല്‍ പാകിസ്ഥാനില്‍ പൊടുന്നനെ വിലക്കയറ്റം പോലെയുള്ള പ്രതിസന്ധികള്‍ സംഭവിച്ചിരിക്കുന്നു. ചുരുക്കത്തില്‍ ജനജീവിതത്തെ ബാധിക്കുന്ന നിലയിലേക്ക് പാകിസ്ഥാന്‍ എത്തപ്പെട്ടിരിക്കുന്നു. 
കഴിഞ്ഞ ദിവസം പുറത്തു വന്ന ഇമ്രാന്‍ ഖാന്‍റെ വീഡിയോയിലും സമാധാനത്തിലേക്ക് പോകണം എന്ന ആഗ്രഹം പ്രകടനമാണ്. 
പാകിസ്ഥാനില്‍ പാര്‍ലമെന്‍റിനേക്കാള്‍ ഉയരത്തിലാണ് സൈന്യത്തിന്‍റെ ശക്തിയെങ്കിലും ഇമ്രാന്‍ഖാന്‍ നയതന്ത്രത്തിന്‍റെ വഴിയിലാണ് എന്നത് വ്യക്തമാണ്. യുദ്ധസമാന സാഹചര്യങ്ങളിലേക്ക് പോയാല്‍ ഭരണം തന്നെ അട്ടിമറിക്കപ്പെട്ടേക്കാം എന്നും അദ്ദേഹം ഭയക്കുന്നുണ്ടാവും. 
അഭിനന്ദനെ മോചിപ്പിക്കാനുള്ള തീരുമാനം പാകിസ്ഥാന്‍ പാര്‍ലമെന്‍റ് കൈയ്യടിച്ച് പാസാക്കുന്നത് എന്തായാലും ശുഭസൂചകം തന്നെയാണ്. ഇതുകൊണ്ടൊന്നും അതിര്‍ത്തിയിലെ പ്രശ്നങ്ങള്‍ക്ക് പരിഹാരമാകുന്നില്ലെങ്കിലും നിലവിലെ സാഹചര്യങ്ങള്‍ക്ക് അയവ് വരാന്‍ സഹായിക്കുമെന്ന് തീര്‍ച്ച. 
ഇതേ സമയം ബലാക്കോട്ടിലെ മിന്നലാക്രമണം മുതല്‍ അഭിനന്ദന്‍ വര്‍ധമാന്‍റെ മോചനം വരെയുള്ള കാര്യങ്ങള്‍ ഇന്ത്യയില്‍ രാഷ്ട്രീയമായി ഉപയോഗിക്കപ്പെട്ടു തുടങ്ങിയിരിക്കുന്നു. മിന്നലാക്രമണം നടത്തിയത് മോദിയുടെ വിജയമായി ആഘോഷിക്കുന്ന ബിജെപി അനുകൂലികളെ വെല്ലുവിളിക്കാന്‍ ആക്രമണം നടത്തിയ വിമാനം വാങ്ങിയത് കോണ്‍ഗ്രസ് അധികാരത്തിലിരുന്നപ്പോഴാണ് എന്ന് വിമ്പിളക്കുന്ന പ്രതിപക്ഷമാണുള്ളത്. വിമാനം വാങ്ങിയെങ്കിലും പറപ്പിക്കാന്‍ മോദി വേണ്ടി വന്ന എന്ന തരത്തിലാണ് തിരിച്ചുള്ള വെല്ലുവിളികള്‍. 
ഇതിന് ബദലായ നിലപാടുകളും ഈ അവസരത്തില്‍ പലയിടത്തും കേള്‍ക്കുന്നുണ്ട്. ഉദാഹരണത്തിന് പൊതുവില്‍ തികഞ്ഞ അരാഷ്ട്രീയവാദിയായ മലയാളി കൂടിയായ മേജര്‍ രവി എന്ന് പറഞ്ഞത് ഒരു യുദ്ധമുണ്ടാകുന്ന സാഹചര്യം എങ്ങനെയും ഒഴിവാക്കണമെന്നാണ്. യുദ്ധം ബാക്കിവെക്കുക നാശനഷ്ടങ്ങളായിരിക്കും എന്നാണ് മേജര്‍രവി പറഞ്ഞത്. ഇത് പൊതുവില്‍ ഇന്ന് ഇന്ത്യയില്‍ എല്ലായിടത്തം മുഴങ്ങി കേള്‍ക്കുന്ന ഒരു വികാരമാണ്. തികച്ചും സ്വാഗതാര്‍ഹവുമാണിത്. 
എന്നാല്‍ പാകിസ്ഥാന് മറുപടി നല്‍കാനുള്ള രാഷ്ട്രീയ തീരുമാനം കൈക്കൊണ്ട മോദി മിന്നലാക്രമണത്തിന് ശേഷം പത്ത് ഇരട്ടി ശക്തി നേടിയിരിക്കുന്നു എന്നതാണ് എല്ലാത്തിനും ഉപരിയായ യഥാര്‍ഥ്യം. ഏതൊരു ഭീകരാക്രമണവും പൊതുവില്‍ ജനമനസുകളില്‍ സൃഷ്ടിക്കുന്ന അരക്ഷിതാവസ്ഥയാണ് ഈ വികാരത്തിന് കാരണം. അതുകൊണ്ടു തന്നെയാണ് പാകിസ്ഥാന് മറുപടി നല്‍കുമ്പോള്‍ അതൊരു ദേശത്തിന്‍റെ ശക്തിപ്രകടനവും അഭിമാനബോധവുമായി മാറുന്നത്. അത് രാഷ്ട്രീയമായി ഉപയോഗിച്ചില്ലെങ്കില്‍ പോലും മോദിക്കുള്ള വോട്ടായി മാറുമെന്ന് തീര്‍ച്ച. മിന്നലാക്രമണം മാത്രമല്ല അന്തരാഷ്ടതലത്തിലും ലോകരാജ്യങ്ങളെ ഇന്ത്യയ്ക്കൊപ്പം നിര്‍ത്താന്‍ ഗവണ്‍മെന്‍റിന് കഴിഞ്ഞുവെന്നത് നിസാര കാര്യമല്ല. ഇസ്ലാമിക് രാഷ്ട്രങ്ങളുടെ സമ്മേളനത്തില്‍ അതിഥിയാകുന്ന ഇന്ത്യയുടെ വിദേശകാര്യ മന്ത്രി സുഷുമാ സ്വരാജിനെ മാറ്റണമെന്ന പാകിസ്ഥാന്‍റെ ആവശ്യം ഇസ്ലാമിക് രാജ്യങ്ങളൊന്നും തന്നെ അംഗീകരിച്ചില്ല. ലോകരാജ്യങ്ങള്‍ ഇന്ത്യയ്ക്ക് നല്‍കുന്ന ശക്തമായ പിന്തുണ പാകിസ്ഥാനെ വലിയ സമര്‍ദ്ദത്തിലാകുന്നുണ്ട് എന്ന് തീര്‍ച്ച. ഇതെല്ലാം ബിജെപി ഗവണ്‍മെന്‍റിന്‍റെ നയതന്ത്രരംഗത്തെ നേട്ടമായി വിലയിരുത്തുന്ന രാഷ്ട്രീയ നിരീക്ഷകരുണ്ട്. അതുകൊണ്ടു തന്നെ ഇന്ത്യയില്‍ പൊടുന്നനെ വീണ്ടുമൊരു മോദി തരംഗം ആഞ്ഞടിക്കുന്നുവെന്നതാണ് യഥാര്‍ഥ്യം. രാജ്യരക്ഷയുടെ വിഷയങ്ങളെ രാഷ്ട്രീയത്തില്‍ നിന്ന് മാറ്റിനിര്‍ത്തണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടാലും അതൊന്നും പാലിക്കപ്പെടാന്‍ പോകുന്നില്ല എന്നതാണ് സമീപ ദിവസങ്ങളില്‍ ഇന്ത്യ കാണാന്‍ പോകുന്നത്. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക