Image

അഭിനന്ദന്‍ ധീരനായി മടങ്ങിയെത്തി. ഇത് ഇന്ത്യയുടെ നയതന്ത്ര വിജയം

കലാകൃഷ്ണന്‍ Published on 01 March, 2019
അഭിനന്ദന്‍ ധീരനായി മടങ്ങിയെത്തി. ഇത് ഇന്ത്യയുടെ നയതന്ത്ര വിജയം

റിട്ടയേര്‍ഡ് എയര്‍ മാര്‍ഷല്‍ സിംഹക്കുട്ടി വര്‍ദ്ധമാന്‍റെയും ആതുര സേവന രംഗത്ത് ഏറെ സംഭവന നല്‍കിയ ഡോക്ടര്‍ ശോഭ വര്‍ദ്ധമാന്‍റെയും മകന്‍ അഭിനന്ദന്‍ വര്‍ദ്ധമാന്‍ എന്ന ഇന്ത്യന്‍ പോരാളി പാകിസ്ഥാന്‍റെ പിടിയില്‍ നിന്നും മോചിതനായി ഇന്ത്യയിലേക്ക് തിരിച്ചെത്തിയിരിക്കുന്നു. പാകിസ്ഥാന്‍റെ എഫ് 16 ഫൈറ്റര്‍ വിമാനത്തെ ആകാശ യുദ്ധത്തില്‍ പോരാടി തോല്‍പ്പിച്ച് തകര്‍ത്ത് കളഞ്ഞതിന് ശേഷമാണ് അഭിനന്ദന്‍ പാകിസ്ഥാന്‍ മണ്ണിലേക്ക് വീണത്. ഓടിക്കൂടിയ ആള്‍ക്കുട്ടത്തിനെ തോക്ക് ചൂണ്ടി നിര്‍ത്തി അഭിനന്ദന്‍. എന്നാല്‍ പാകിസ്ഥാന്‍ സിവിലിയന്‍സ് അക്രമിച്ചപ്പോഴും അവര്‍ക്ക് നേരെ നിറയൊഴിക്കാതെ ആകാശത്തേക്ക് നിറയൊഴിച്ചു അഭിനന്ദന്‍. മികച്ച മനധൈര്യമുള്ള ഓഫീസര്‍ക്ക് മാത്രം കഴിയുന്ന കാര്യമാണത്. 
പിന്നീട് പാക് പട്ടാളം അഭിനന്ദനെ സുരക്ഷിതനാക്കി. എന്നാല്‍ പാക് പട്ടാളത്തിന്‍റെ ചോദ്യം ചെയ്യലിലും തന്‍റെ ഔദ്യോഗിക കൃത്യനിര്‍വഹണത്തെക്കുറിച്ച് യാതൊന്നും പറയാന്‍ അഭിനന്ദന്‍ തിയാറായില്ല. അത്രയ്ക്ക് ധീരതയും തന്‍റേടവും ശത്രുവിന്‍റെ തടവ് മുറിയിലും അഭിനന്ദന്‍ പ്രകടിപ്പിച്ചു. അവസാനം ഇന്ത്യയുടെ നയതന്ത്ര സമര്‍ദ്ദങ്ങളുടെ വിജയമെന്ന പോലെ അഭിനന്ദന്‍ ഇന്ത്യന്‍ മണ്ണിലേക്ക് തിരിച്ചെത്തിയിരിക്കുന്നു. 
അഭിനന്ദനെ തിരിച്ചയച്ചപ്പോള്‍ പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ പറഞ്ഞത് ഇത് സമാധാന സന്ദേശമാണ് എന്നാണ്. അതിര്‍ത്തി ശാന്തമാകാന്‍ ആഗ്രഹിക്കുന്നുവെന്നും ഇന്ത്യ സമാധാനത്തിന്‍റെ പാതയിലേക്ക് വരണമെന്നും താന്‍ അതാണ് ആഗ്രഹിക്കുന്നതെന്നുമാണ് ഇമ്രാന്‍ ഖാന്‍ വിശദീകരിച്ചത്. എന്നാല്‍ ഇമ്രാന്‍ ഖാന്‍റെ മധുരസംഭാഷണം കഴിഞ്ഞ് മണിക്കുറുകള്‍ക്കുള്ളില്‍ അതിര്‍ത്തിയില്‍ നമ്മുടെ നാല് ജവാന്‍മാര്‍കൂടി ഭീകരരോട് ഏറ്റുമുട്ടി വീരമൃത്യു വരിച്ചു. മുപ്പതിലേറെ തവണ പാകിസ്ഥാന്‍ സൈന്യം വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. എന്നിട്ടും ഇമ്രാന്‍ ഖാന്‍ സ്വയം സമാധാന വാദിയായി പറയുന്നു. പാകിസ്ഥാന്‍ സമാധാനം ആഗ്രഹിക്കുന്നു എന്ന് പറയുന്നു. പാകിസ്ഥാന്‍ എന്ന നുണയന്‍ രാഷ്ട്രത്തിന് ഒത്ത നുണയന്‍ പ്രധാനമന്ത്രി മാത്രമാണയാള്‍. 
ഇമ്രാന്‍ഖാന്‍റെ തികച്ചും രാഷ്ട്രീയ കള്ള പ്രസംഗത്തിന് ഇപ്പോള്‍ ഇന്ത്യയില്‍ ആരാധകര്‍ ഏറുകയാണ്. നിരവധി പേരാണ് ഇമ്രാന്‍ ഖാന്‍ എന്ന സമാധാനവാദിയെ പുകഴ്ത്തുന്നത്. അഭിനന്ദനെ തിരിച്ചയച്ചത് ഇമ്രാന്‍റെ വലിയ മനസാണ് എന്ന് വാഴ്ത്തുന്നു. 
എന്നാല്‍ സത്യത്തില്‍ ഇതൊന്നുമല്ല സംഭവിച്ചിരിക്കുന്നത്. പാകിസ്ഥാന്‍ പതിവ് പോലെ ഒരു ഭീകരരാഷ്ട്രമായി തുടരുക മാത്രമാണ്. എന്നാല്‍ ലോകരാജ്യങ്ങളുടെ മുമ്പില്‍ മാന്യരാകാന്‍ കിട്ടുന്ന അവസരം ഉപയോഗപ്പെടുത്തുന്നു എന്ന് മാത്രം. 
സത്യത്തില്‍ പാകിസ്ഥാന്‍റെ സമര്‍ദ്ദങ്ങള്‍ ഇന്ത്യയെക്കൊണ്ട് അംഗീകരിപ്പിച്ചതിന് ശേഷം അഭിനന്ദന്‍റെ മോചനം എന്നതായിരുന്നു പാകിസ്ഥാന്‍ ആഗ്രഹിച്ചത്. അതിന്‍റെ സൂചനകളും അവര്‍ പറഞ്ഞിരുന്നു. അതിര്‍ത്തിയിലെ പ്രശ്നങ്ങള്‍ തീര്‍ന്ന ശേഷം അഭിനന്ദനെ വിടുന്ന കാര്യം ആലോചിക്കാം എന്നാണ് പാകിസ്ഥാന്‍ ആദ്യം പ്രതികരിച്ചത്. 
എന്നാല്‍ അഭിനന്ദന്‍ യുദ്ധ തടവുകാരനാണെന്നും ജനീവ കരാര്‍ പ്രകാരമുള്ള എല്ലാം സംരക്ഷണവും നല്‍കി അഭിനന്ദനെ തിരിച്ചു വിടണമെന്നുമായിരുന്നു ഇന്ത്യയുടെ നിലപാട്. അതില്‍ ഒരിഞ്ച് വിട്ടുവീഴ്ചയ്ക്ക് ഇന്ത്യ തയാറായില്ല. രാജ്യം യുദ്ധത്തിലേക്ക് നീങ്ങുമെന്ന വിധം സൈനീക മേധാവികള്‍ ഒരുമിച്ച് പത്രസമ്മേളനം നടത്തുമെന്ന സ്ഥിതി വിശേഷമുണ്ടായി. അമേരിക്കയുടെയും സൗദി അറേബ്യയുടെയും സമര്‍ദ്ദങ്ങള്‍ പാകിസ്ഥാന് മേല്‍ ഉണ്ടായി. പാകിസ്ഥാനിലെ അവസ്ഥയാവട്ടെ യുദ്ധസമാനമായിരുന്നു. രാജ്യത്തെ പൊടുന്നനെ വിലക്കയറ്റം വന്നിരിക്കുന്നു. എയര്‍പോര്‍ട്ടുകള്‍ അടച്ചിടേണ്ട അവസ്ഥ. കറാച്ചിയില്‍ അടിയന്തരാവസ്ഥ പോലും പ്രഖ്യാപിച്ചു. സാമ്പത്തികമായി തകര്‍ന്ന് നില്‍ക്കുന്ന പാകിസ്ഥാന്‍ തികഞ്ഞ അരാജകത്വത്തിലേക്ക് വീഴുമെന്ന സ്ഥിതിവിശേഷം. ഒരു പട്ടാള അട്ടിമറി പോലും ഇമ്രാന്‍ഖാന്‍ ഭയന്നു എന്നതായിരിക്കണം യാഥാര്‍ഥ്യം. ദുര്‍ബലമായ പാര്‍ലമെന്‍റ് സംവിധാനത്തെ സൈന്യം അട്ടിമറിച്ചാല്‍ ഇമ്രാന്‍റെയും ഇമ്രാന്‍റെ രാഷ്ട്രീയ പാര്‍ട്ടിയുടെയും ഭാവി അവിടെ അവസാനിക്കും. 
അഭിനന്ദനെ വിടുകയും താല്‍ക്കാലിക യുദ്ധ പ്രതീതി അവസാനിപ്പിക്കുകയും ചെയ്യുക എന്ന തന്ത്രമാണ് ഇതോടെ ഇമ്രാന്‍ ഖാന്‍ എടുത്തത്. ഒരു വെടിക്ക് രണ്ടു പക്ഷി എന്ന നിലയില്‍ ലോകത്തിന് മുമ്പില്‍ പാകിസ്ഥാനെ വെള്ളപൂശാനുള്ള നാടകങ്ങള്‍. ഇതിന് ഒരു പരിധിയില്‍ കൂടുതല്‍ വില കല്‍പ്പിക്കുന്നവര്‍ പാകിസ്ഥാന്‍റെ ചരിത്രം അറിയാത്തവരാണ്. ഇന്ത്യാ വിരോധമെന്ന ആശയത്തിലാണ് പാകിസ്ഥാന്‍റെ രാഷ്ട്രീയത്തി്ന്‍റെ നിലനില്‍പ്പ് തന്നെ. ആ രാഷ്ട്രീയത്തിന്‍റെ പുതിയ ഒരു ഉല്‍പ്പന്നം മാത്രമാണ് ഇമ്രാന്‍ ഖാനും. 
എന്നാല്‍ ഈ സാഹചര്യത്തിലും സമാധാനമെന്ന വാക്കിന് വലിയ വില നല്‍കുക എന്നതാണ് ഒരു ജനാധിപത്യ രാജ്യം ചെയ്യേണ്ടത്. കാരണം അതിര്‍ത്തിയില്‍ സമാധാനമെന്നത് ഒരു ജനതയുടെ മുഴുവന്‍ ആവശ്യമാണ്. അതിലേക്ക് പാകിസ്ഥാനെ പ്രേരിപ്പിക്കുക എന്നത് സങ്കീര്‍ണ്ണമായ നയതന്ത്ര പ്രകടനങ്ങളിലൂടെ സാധ്യമാക്കുക എന്നതാണ് ഇന്ത്യന്‍ ഭരണകൂടം ചെയ്യേണ്ടത്. 
Join WhatsApp News
josecheripuram 2019-03-01 20:54:45
Simhakutty Vardhaman's Son, What shall we call him, of course "KUTTY SIMHAM".
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക