Image

കാട്ടു കുരങ്ങിന്റെ നഗരയാത്ര (തൊടുപുഴ കെ ശങ്കര്‍, മുംബൈ)

Published on 01 March, 2019
കാട്ടു കുരങ്ങിന്റെ  നഗരയാത്ര (തൊടുപുഴ കെ ശങ്കര്‍, മുംബൈ)
കാട്ടിലെ   കുരങ്ങച്ചന്‍, വനവാസം  മടുത്തു
നാട്ടില്‍പ്പോയ് കുറേക്കാലം വസിക്കാനുറപ്പിച്ചു!
"എന്തിനു  പോകുന്നെന്ന്  കൂട്ടുകാരാരാഞ്ഞപ്പോള്‍",
"എങ്ങിനെ  ജീവിക്കും നാം, ഭയന്നീ പെരും  കാട്ടില്‍?

ഇവിടെ  പുലിയുണ്ട്, സിംഹവും, കടുവയും
ഇരവു പകലിവര്‍, മൊത്തമേ,  പേടിസ്വപ്നം!
കഴിഞ്ഞുപോകുന്നൂ നാം  മുജ്ജന്മ  സുകൃതത്താല്‍"
മൊഴിഞ്ഞൂ കുരങ്ങച്ചന്‍, ഏറെ  ഭീതിയോടുടന്‍!

"പട്ടാ പ്പകലയ്ക്കാട്ടെ, പാതിരാനേരത്താട്ടെ,
പാടെത്ര പെടുന്നെന്നു, നാമല്ലേയറിയുന്നൂ?
മരണം  സുനിശ്ചിതം, ആത്മമിത്രമായ് സദാ
ചരിപ്പൂ പിമ്പേയെന്നു, മൂത്തവര്‍  ചൊല്ലാറില്ലേ?

എങ്കിലും  ദുര്‍മ്മരണം, എന്തിനു  വരിയ്ക്കണം
എപ്പോഴെങ്കിലുമാട്ടേ, മാന്യമായ് മരിക്കണം!
ഭീരുവായ്, ജീവിപ്പവന്‍, മരിക്കുന്നനു ദിനം
ധീരനായ് പൊരുതുന്നോന്‍, മരിപ്പതൊരു വട്ടം!"

ചങ്ങാതിമാരോടെല്ലാം, യാത്രചൊന്നൊരു ദിനം
അങ്ങനെ  കുരങ്ങച്ചന്‍, തുടങ്ങിപുരവാസം!
പട്ടണമാദ്യം  കണ്ട  വേളയിലവനാകെ,
പന്തം കണ്ടൊരു  പെരുച്ചാഴിപോലിരുന്നുപോയ്!

കഴിഞ്ഞൂ  കുറേക്കാലം നമ്മുടെ  കഥാപാത്രം,
കഴിച്ചൂ, നാനാവിധ ഭോജനം, ഫലാദികള്‍!
പെട്ടെന്നൊരു  ദിവസം, ആരാരു മറിയാതെ
പട്ടണവാസം  നിര്‍ത്തി, മടങ്ങിയെത്തീ കാട്ടില്‍!

കൂട്ടുകാരെല്ലാവരും, തടിച്ചു  കൂടീയവര്‍
ക്കുടനെയറിയണം, കാര്യകാരണമെല്ലാം!
"പട്ടിണി  മൂലമാണോ, പാര്‍പ്പിടമില്ലാഞ്ഞിട്ടോ
പട്ടണ വാസം  മതിയാക്കി  നീ തിരിച്ചെത്തി?"

"ചങ്ങാതിമാരേ, ചൊല്ലാം, കേള്‍ക്കുവിന്‍  ശ്രദ്ധാപൂര്‍വ്വം
നിങ്ങള്‍ക്കതെല്ലാം  കേട്ടാല്‍, സംഭ്രമം  തോന്നാമേലും,
നിങ്ങളേവരുമറി,  ഞ്ഞിരിക്കേണ്ടതാണെല്ലാം
നിങ്ങളേവര്‍ക്കും ഗുണ, പാഠമായിരിക്കട്ടെ!

വാലുള്ള നരര്‍ നാമേല്‍, വാലില്ലാ നരരവര്‍
വ്യത്യാസം വെറും തുച്ഛം, വാലില്ലെന്നതു മാത്രം!
വസ്ത്രങ്ങള്‍ ധരിച്ചവര്‍, വിദ്യയഭ്യസിച്ചവര്‍
ശാസ്ത്രങ്ങള്‍  പഠിച്ചവര്‍, സംസ്കാര  സമ്പന്നരും!

അക്രമ, മനീതികള്‍ പെരുകുന്നവിടെല്ലാം
അവിടെ  സ്ത്രീകള്‍ക്കില്ല, രക്ഷയോ, സുരക്ഷയോ!
ശ്രീലജമാമീ  ഭൂവില്‍, നിത്യവും നടപ്പതു
സ്ത്രീ  പീഡനം, ബലാല്‍ സംഗവും, കയ്യേറ്റവും!

വാര്‍ദ്ധക്യമൊരു മഹാ, ശാപമാണവര്‍ക്കെല്ലാം
വൃദ്ധരെ  സദനത്തി, ലാക്കുന്നു , സ്വന്തം  മക്കള്‍!
കൂട്ടു കുടുംബമിന്നു, നാമമാത്രമായ്, അണു
കുടുംബം  യുവാക്കള്‍ക്കു, നാള്‍ക്കുനാള്‍  പ്രിയങ്കരം!

നമ്മുടെ സാന്മാര്‍ഗ്ഗിക ചിന്തകളവര്‍ക്കില്ല,
ധര്‍മ്മമോ, സദാചാര ബോധമോ , സദ്ബുദ്ധിയോ!
മൃഗങ്ങള്‍  നമ്മളെത്ര, മെച്ചമാണവരാട്ടേ,
തൃണവല്‍ ഗണിക്കുന്നു, മാനവും,  മര്യാദയും!"

(മുത്തച്ഛനൊരിക്കല്‍  പറഞ്ഞ  അനുഭവ  കഥ ഇവിടെ  ഉദ്ധരിക്കുന്നു)

"ഗര്‍ജ്ജിച്ചൊരിക്കല്‍  സിംഹം, പാഞ്ഞു  വന്നപ്പോള്‍  പണ്ടു
ഗത്യന്തര  മില്ലാതെ,  കെഞ്ചിയ  മനുഷ്യനു്,
അഭയം  നല്കീയെന്റെ, മുതു മുത്തച്ഛന്‍  പിന്നെ,
അവനുറങ്ങും  നേരം, കാവലുമിരുന്നിട്ടും,

മുത്തച്ഛനുറങ്ങുമ്പോള്‍, സിംഹത്തിന്നാജ്ഞ  കേട്ടു
മുന്നിലേക്കുന്തിയിട്ടാ, മനുഷ്യന്‍ മുത്തച്ഛനെ!
മുത്തച്ഛന്‍ രക്ഷ പെട്ടു, അന്നേരം  ചൊന്നാന്‍  സിംഹം
"മര്‍ത്ത്യരെ മാത്രം  നിങ്ങള്‍  നമ്പരുതൊരിക്കലും!"

"കാട്ടിലെ  പുലി, സിംഹം, കടുവാ, നരിയെല്ലാം
കണ്ട മാത്രയില്‍ത്തന്നെ, തിരിച്ചറിയാം,  പക്ഷെ,
ഒളിഞ്ഞിരിക്കുന്നിവ  യെല്ലാമേ മനുഷ്യനില്‍
എളുതല്ലിതിലേതു, ണ്ടാരിലെന്നറിയുവാന്‍!"
Join WhatsApp News
Sudhir Panikkaveetil 2019-03-02 22:08:10
കുരങ്ങനിൽ നിന്നും പരിണാമം സംഭവിച്ച് മനുഷ്യനുണ്ടായി 
എന്ന സിദ്ധാന്തത്തിന്റെ വിശദശാംശങ്ങളിലേക്ക് 
പോകാതെ ഈ കവിത ആസ്വദിക്കാൻ  വേണ്ടി മാത്രം അതോർക്കുക. 
ശ്രീ ശങ്കർ ജിയുടെ കവിതയിൽ ഒരു കുരങ്ങൻ മറ്റു വലിയ മൃഗങ്ങളെ 
കണ്ട്  ഭയന്ന് കാട്ടിൽ നിന്നും നഗരത്തിൽ പോയി 
കഴിയാമെന്നു തീരുമാനിക്കുന്നു.  മറ്റു മൃഗങ്ങളെ 
അപേക്ഷിച്ച്  കുരങ്ങന് അങ്ങനെ തോന്നാൻ 
മനുഷ്യനുമായി അവനുള്ള ബന്ധത്തിന്റെ പ്രേരണയായിരിക്കും. 
കാട് വെടിഞ്ഞ് നാട്ടിൽ 
കഴിയുന്ന മനുഷ്യരുടെ ജീവിതം മെച്ചമായിരിക്കും 
എന്ന് കുരങ്ങൻ ആശിച്ചും കാണും.  നാട്ടിൽ 
ചെന്ന് കുറേക്കാലം ജീവിച്ചപ്പോൾ മനസ്സിലായി 
ഇതിലും ഭേദം കാട് തന്നെ. വാലില്ലെന്ന ഒരു വ്യത്യാസം മാത്രമാണ് 
ഒരു കുരങ്ങൻ പോലും കണ്ടത്.കുരങ്ങൻ മടങ്ങിപ്പോയി.
കൂട്ടുകാർ ചോദിച്ചപ്പോൾ കുരങ്ങൻ പറഞ്ഞു 
ഇവിടെ പുലി, സിംഹം കടുവ പുലിയൊക്കെ 
ഒറ്റക്കാണ് നമ്മെ നേരിടുന്നത് എന്നാൽ ഒരു മനുഷ്യനിൽ 
ഇവയൊക്കെ ഒത്ത് ചേർന്നിരിക്കുന്നു.  ഒരു 
കുരങ്ങന്പോലും വാസയോഗ്യമല്ല നാട് എന്ന
ആക്ഷേപഹാസ്യ ശരം തൊടുക്കുന്നു  കവി 
വളരെ ലളിതമായി ഒരു കഥയിലൂടെ. 

വിദ്യാധരൻ 2019-03-02 22:55:33
"സത്യസ്ഥിതിയൽപം ചിന്തിച്ചുനോക്കിയാൽ
മർത്ത്യൻ മൃഗത്തിലും കഷ്ടമല്ലേ?
വീട്ടിൽ വളർത്തും മൃഗങ്ങളോ പോകട്ടെ,
കാട്ടുമൃഗത്തിൻ കഥയെടുക്കാം.
എന്താണവയ്ക്കുള്ളദോഷം?-അവമറ്റു
ജന്തുജാലങ്ങളെ വേട്ടയാടും.
എന്തിനു?-ജീവിക്കാൻ, കാളും വയറ്റിലെ-
ച്ചെന്തീ കെടുത്തുവാനായിമാത്രം!
ആവശ്യമാണതു, ജീവിക്കണമെങ്കി-
ലാവശ്യമാണതു, തർക്കമില്ല!
തിന്നുവാൻ കൊന്നിടും, കൊന്നാകിൽത്തിന്നിടും,
വന്യജന്തുക്കളെ,തൊന്നിനെന്ന്യേ
കൊല്ലുമാറില്ല സാധാരണയാ,യതി-
നില്ലാ പഠിപ്പു, മാസ്സംസ്കാരവും.
എന്നാ,ലിതല്ലാതൊ,രൊറ്റദോഷം വേറെ-
യിന്നേതു ജന്തുവിനുണ്ടുലകിൽ?
പോകുന്നതില്ലവ തെങ്ങുകേറിക്കുവാൻ
പോകുന്നതില്ല കൊയ്യിക്കുവാനും.
പാട്ടം പലിശകൾ കിട്ടുവാനി,ല്ലില്ല
തോട്ടങ്ങൾ, മില്ലുടമസ്ഥരല്ല.
ജീവിക്കുവാനാത്മചോദനാധീനമാ-
മാ വേട്ടയാടലവയ്ക്കു വേണം!
മർത്ത്യനോ?-മർത്ത്യനു വേട്ടയാടീട്ടു വേ-
ണ്ടുത്തമഭോജ്യങ്ങളാഹരിപ്പാൻ.
സസ്യസമൃദ്ധപ്രകൃതിയാത്താദരം
സൽക്കരിക്കുന്നുണ്ടവനെയെന്നും!
എന്നിട്ടും പോ,രവനന്യജന്തുക്കളെ-
ക്കൊന്നേ കഴിയൂ സുഖം സ്വദിക്കാൻ!
ജീവികളെത്തിന്നവസാനം,വേണെങ്കി-
ലാവാമവന്നു ഫലങ്ങളൽപം.
ആകട്ടതുകൊണ്ടു തൃപ്തിവന്നോ?-പോര
ലോകം കൊലക്കളമാക്കിടേണം.
അന്യജന്തുക്കൾ മടുത്തു മനുഷ്യനു
തിന്നണം മർത്ത്യനെത്തന്നെയിപ്പോൾ.
എട്ടുപത്തിന്നു രസമി,ല്ലടിഞ്ഞൊരു
പൊട്ടലിലായിരം വീണിടേണം.
ചോലകൾപോലിരച്ചോളമടിച്ചാർത്തു
ചോരപ്രളയങ്ങൾതന്നെ വേണം!
മുക്തശീർഷങ്ങൾ, കബന്ധങ്ങ,ളങ്ങനെ
നൃത്തമാടേണമവന്നുമുമ്പിൽ!-
എന്തിനു?-ശക്തി കാണിക്കാൻ, വിനോദിക്കാൻ,
മന്ദഹസിക്കാ നഹങ്കരിക്കാൻ!
കാട്ടുമൃഗങ്ങളേ, നിങ്ങൾക്കു കാറില്ല,
കോട്ടില്ല, ഷർട്ടില്ല, സഞ്ചിയില്ല.
നിങ്ങൾ തിയേറ്ററിൽ പോകുന്നി, ല്ലെന്നല്ല
നിങ്ങൾക്കുദ്യാനവിരുന്നുമില്ല.
നിങ്ങൾ 'താങ്ക്സെ','ക്സ്ക്യൂസ്','പ്ലീസ്','നൊമെൻഷ'നിത്യാദി
ഭംഗിവാക്കൊന്നും പറയാറില്ല.
കണ്ടിടാറില്ലാ ചുരുട്ടോ സിഗററ്റോ
ചുണ്ടിൽ, മുഖം വടിക്കില്ല നിങ്ങൾ
നിങ്ങൽക്കു ക്ലബ്ബില്ല,നുമോദനമില്ല,
മംഗളപത്രങ്ങൾ കിട്ടാറില്ല,
ഭാഗ്യക്കുറികൾ നടത്തില്ലഹോ നിങ്ങൾ
യോഗ്യരല്ല പണം തട്ടുകില്ല.
റാവുസാഹേബ്ബല്ല, ഖാൻബഹദൂറല്ല,
സേവാനിരതരുമല്ല നിങ്ങൾ.
നിങ്ങൾതൻ പേരു പത്രത്തിൽ വരാറില്ല,
നിങ്ങൾതൻ ചിത്രമെടുക്കാറില്ല.
നിങ്ങൾ രക്ഷാധികാരം ചുമക്കാറില്ല,
നിങ്ങളധ്യക്ഷം വഹിക്കാറില്ല.
പച്ചച്ചിരികൾ ചിരിക്കില്ല, മാറുമ്പോൾ
പുച്ഛിക്കയില്ല നികൃഷ്ടർ നിങ്ങൾ.
"ഇൻക്വിലാബ് സിന്ദാബാദൊ"ന്നും വിളിക്കുകി-
ല്ലിംഗ്ലീഷബദ്ധമായ്ക്കാച്ചുകില്ല.
ഇല്ലാസമാജങ്ങ,ളില്ലാ പ്രമേയങ്ങ-
ളില്ലാ കവുൺസിലസംബ്ലികൾ .
ഇല്ലാ നഗരസഭകൾ പഞ്ചായത്തു-
മി,ല്ലില്ല നിങ്ങൽക്കു കോടതികൾ.
നിങ്ങൽക്കു പത്രമി,ല്ലില്ല പത്രാധിപർ,
നിങ്ങളിലില്ലാ മഹാകവികൾ.
വക്കാണക്കോമരവക്കീലന്മാരില്ല
കൊക്കിനെപ്പോൽ മേവും ജഡ്ജിയില്ല.
രണ്ടു ചെവിയാൽക്കുഴൽവഴി രോഗങ്ങൾ
കണ്ടറിഞ്ഞീടുന്ന ഡോക്ടരില്ല.
നിസ്സാരന്മാർ നിങ്ങൾ, മോശക്കാർ, നിന്ദ്യന്മാർ,
നിർദ്ദയന്മാർ, വെറുംപ്രാകൃതന്മാർ!
എങ്കിലും, ഹാ, നിങ്ങൾ നിങ്ങളെത്തിന്നില്ല,
വങ്കത്തം കാട്ടി നടക്കുകില്ല.
ഏഷണികൂട്ടാൻ വശമില്ല നിങ്ങൾക്കു,
ദോഷൈകദൃക്കുകളല്ല നിങ്ങൾ.....
സത്യവിരോധം കരുതി, ല്ലുറക്കത്തിൽ-
ക്കത്തിവെയ്ക്കും പതിവൊട്ടുമില്ല.
കള്ളു,കറുപ്പു,കഞ്ചാവുഷാപ്പാവശ്യ-
മില്ല നിങ്ങൾക്കു കഴിഞ്ഞുകൂടാൻ.
നിങ്ങൾതൻ ലോകത്തു തേവിടിശ്ശിത്തെരു-
വെങ്ങുമില്ലില്ലൊരു വൈകൃതവും.
പ്രേമലേഖനങ്ങളെഴുതില്ല, വാങ്ങുകി-
"ല്ലോമനേ" യെന്നു വിളിക്കുകില്ല.
ഹാ,ഗുഹ്യരോഗം പിടിക്കില്ല നിങ്ങൾക്കു,
ഭോഗഭ്രമവുമധികമില്ല.
കാതിൽഗ്ഗുളോപ്പിട്ടിടതുഭാഗം തല-
കോതി,മുഖത്തു ചുണ്ണാമ്പു പൂശി,
മുട്ടോളം കൈകളിലൊന്നിൽ വളയെടു-
ത്തിട്ടൊരു സഞ്ചി ചുമ്മാതെ തൂക്കി,
പൂവണിസ്സാരിയി,ലുർവ്വശിമാരെന്ന
ഭാവത്തിൽക്കണ്ണെറിഞ്ഞും, കുഴഞ്ഞും,
നിങ്ങൾതൻപെണ്ണൂങ്ങൾ സ്ലിപ്പറിൽകേറിനി-
ന്നെങ്ങും നടന്നിടാറില്ല, പക്ഷേ
നിന്ദ്യഗർഭച്ചിദ്രനിന്ദ്യപരിപാടി
നിങ്ങൾക്കശേഷമറിഞ്ഞുകൂട.
മിസ്മേയോ, മാർഗററ്റ്, ഡാംഗറിവരാരും
വിഭ്രമം നിങ്ങൾക്കു തന്നിട്ടില്ല.
ഗർഭനിയന്ത്രണത്തിന്നു നിങ്ങൾക്കാർക്കും
റബ്ബറിൻസൂത്രമറിഞ്ഞുകൂട.
ദുർവ്വാരമല്ല നിങ്ങൾക്കു രോഗങ്ങൾക്കു
സൾഫണമൈഡുമാപ്പെൻസുലിനും!
ഇല്ലാ ഡീയെമ്മായ് നടക്കുവോർ നിങ്ങളി-
ലില്ല സ്വവർഗ്ഗഭോഗപ്രിയന്മാർ.
നാലുകാശിന്നായി നിങ്ങളൊരിക്കലും
നാണവും മാനവും വിൽക്കുകില്ല.
നിങ്ങൾക്കു ഫാറത്തിലിട്ടീടുമൊപ്പിന്മേൽ
തങ്ങിനിൽക്കുന്ന ദാമ്പത്യമില്ല.
ഉദ്യോഗത്തണ്ടില്ല, കൈക്കൂലിഭ്രാന്തില്ല,
മദ്യസൽക്കാരങ്ങൾ നിങ്ങൾക്കില്ല.
കാരാഗൃഹമില്ല, നിങ്ങൾക്കു കീർത്തിതൻ-
സ്മാരകമില്ല, സമാജമില്ല.
എണ്ണച്ചായത്തിൽപ്പടമെഴുതിച്ചാരും
ചെന്നനാച്ഛാദനം ചെയ്യാറില്ല!-
നിങ്ങൾക്കു മർത്യനോടൊപ്പമെത്താൻ പിന്നെ-
യെങ്ങനെയൊക്കും?-നികൃഷ്ടർ നിങ്ങൾ!
ഇല്ലാ പരിഷ്കാര,മില്ലൊട്ടും വിപ്ലവ-
മില്ലാ കലാശാലാവിദ്യാഭ്യാസം!
ഇല്ലാബിരുതം,വിശേഷബുദ്ധ്യംശമ-
തി,ല്ലില്ല തെല്ലും പുരോഗമനം!
മുൻചൊന്ന നേട്ടങ്ങളിന്നുമുതൽക്കിനി
സഞ്ചയിക്കാൻ നിങ്ങളുദ്യമിക്കിൻ!
ശങ്കവേ,ണ്ടായത്തമാക്കാം ശ്രമിച്ചവ-
യെങ്കിൽ, നിങ്ങൾക്കും മനുഷ്യരാകാം!
അമ്പലം, പള്ളി, പുരോഹിതർ, നേർച്ചകൾ,
കുമ്പസാരങ്ങ,ളാക്കുർബ്ബാനകൾ,
ഏകാദശി, ഷഷ്ഠി, പൂജ, പാൽക്കാവടി,
ഹാ, കൂട്ടുപായസം, പുഷ്പാഞ്ജലി-
എന്നിവയൊക്കെയുണ്ടെങ്കിലേ സർവ്വേശൻ
ന്നിടൂ നിങ്ങൾക്കാ നേട്ടമെല്ലാം!
 ഇത്രയും പോ,രിനി നിങ്ങളിലാരാനും
മർത്ത്യനായ്പ്പെട്ടെന്നു മാറുന്നെങ്കിൽ
കർമ്മം ചിലതു,ണ്ടതുകൂടിയാകിലേ
സമ്മതനാകൂ, യശ്വസ്വയാകൂ.
വീട്ടിൽ വരുത്തിക്കുടിച്ചിടാം ചാരായം,
റോട്ടിൽ ഖദറിട്ടുതന്നെ പോണം.
അൽപം പ്രമാണിത്തം വേണമെങ്കിൽ ഗാന്ധി-
ത്തൊപ്പികൂടുണ്ടെങ്കിലേറ്റം നന്നായ്!
വീട്ടിൽ വരുന്ന പിച്ചക്കാരെയൊക്കെയു-
മാട്ടിയോടിക്കാം വിരോധമില്ല.
എന്നാൽപ്പണക്കാർക്കിടയ്ക്കിടയ്ക്കേകണം
നന്നായ് വിരുന്നുക, ളാ വിരുന്നിൽ
പത്രറിപ്പോർട്ടരെയാദ്യം ക്ഷണിക്കണം,
സൽക്കരിച്ചീടണം ഭംഗിയായി
ആരുമറിയരു,തല്ലിൽ ഗൃഹവേല-
ക്കാരിയെ-ത്തെല്ലും വിരോധമില്ല.
വീറോടെതിർക്കണം നാലുപേർ കൂടുകിൽ
വീതശങ്കം സദാചാരഭംഗം.
  'ഏതിസ'ക്കാരനാകേണമെന്നുള്ളതു
ഭൂതോദയംകൊണ്ടു തോന്നിക്കൊള്ളും.
കമ്യൂണിസത്തിനാണിപ്പോൾ വിലക്കേറ്റം,
ചുമ്മാ പറഞ്ഞു നടന്നാൽ മതി.
നാലഞ്ചു വാക്കുകൾ കാണുവോരോടൊക്കെ
നാലുദിവസം പറയാമെങ്കിൽ,
അത്ഭുത,മഞ്ചാം ദിവസം പുലർച്ചയ്ക്കു
നിദ്രവിട്ടേറ്റാൽ സഖാവുതന്നെ!
റഷ്യ, ബൂർഷ്വാ, രക്തസേന, തൊഴിലാളി,
കർഷകൻ,ചൂഷണം, ജീവരക്തം,
ദേശാഭിമാനി, പീപ്പിൾ വാർ, ലെനിൻ,സ്റ്റാലി-
നീ ശബ്ദവേരുകളാകമാനം,
നാരും മൊരിയും കളയാതെടുത്തൊരു
നാഴിയാവേശത്തിലിട്ടിളക്കി,
ശുണ്ഠിയിൽ നന്നായ്ത്തിളപ്പിച്ചെടുത്തിട്ടു
ചുണ്ടുവിറയിലരിച്ചശേഷം,
കാറൽമാർക്സ് മേമ്പൊടി ചേർത്തങ്ങരത്തുടം
കാലത്തും വൈകിട്ടും നാലുനേരം,
കൃത്ത്യമായ്സ്സേവിച്ചാൽ പിന്തിരിപ്പൻചൊറി
സത്യമാ,ണയ്യോ, പറപറക്കും.
മുൻകുതിപ്പൻതൊലിവന്നുചേരും-വേണ്ട
ശങ്ക, പരീക്ഷിച്ചറിഞ്ഞുകൊള്ളൂ.
അൽപമൊരു പത്ഥ്യമുണ്ടതു വിട്ടുപോയ്
എപ്പൊഴുമങ്ങിങ്ങലഞ്ഞിടേണം.
ചക്കാത്തിൽ ചായകുടിക്കാം ധാരാളമാ-
യൊക്കുമെങ്കിൽ സിഗററ്റുമാകാം.
വീടി മുറയ്ക്കു വലിക്കാം, മുറുക്കുവാൻ
പാടി,ല്ലിടയ്ക്കു ചുമ വരണം.
പട്ടിണിയെന്നു പുറമേ നടിക്കണം,
ഷർട്ടിലും മുണ്ടിലും ചേറു വേണം.
പുച്ഛഭാവത്തിലെതിർക്കണം ഗാന്ധിതൻ-
തത്ത്വസിദ്ധാന്തങ്ങളാത്തഗർവ്വം.
ചേതസ്സിൽ, ചുമ്മാതെയല്ല, താനിന്നൊരു
നേതാവാ,ണെന്നുള്ളതോന്നൽ വന്നാൽ,
'യൂജീ'ക്കാലത്തെക്കഥകളാൽ മർത്ത്യരെ-
ത്തേജോവധം ചെയ്യണം യഥേച്ഛം.
ഇല്ലെങ്കിലു, മൽപം വിക്കു തോന്നിപ്പിച്ചാൽ
നല്ലതാ,ണാവേശമൂറിക്കൊള്ളും!
എപ്പൊഴും റഷ്യാത്മകമാമൊരാരക്ത-
വിപ്ലവപുസ്തകം കയ്യിൽ വേണം.
ആക്രമിക്കേണമെഴുത്തച്ഛനെ,ക്കാമ
പ്പേക്കൂത്തെന്നോതണം ശാകുന്തളം.
അന്നമ്മതൻകണ്ണു വെട്ടിക്കൽ, പിന്നുല-
ഹന്നാന്റിരുട്ടിലെ വേലിചാട്ടം,
കാമുകസമ്പന്നയായ് വാണൊടുവിലാ-
ക്കോമാളിപ്പെണ്ണിന്റെ രക്തസ്രാവം,
മറ്റുമീമട്ടിൽ യഥാതഥരീതിയിൽ
തട്ടിമൂളിക്കാം പുരോഗമനം!
മറ്റുള്ളതൊക്കെ തണുത്തുപോയ്, സാഹിത്യ-
മൊട്ടുമുക്കാലും വളിച്ചുപോയി!
മുന്നിലിലവെച്ചു ചൂടുള്ളതിന്നായി
മുഞ്ഞിയുംവീർപ്പിച്ചിരിപ്പു ലോകം!
ചട്ടി കരിയും, ചുടുവിൻ, ചുടുവി,നാ-
ച്ചട്ടുകമെങ്ങു, മറിച്ചിടുവിൻ!
ഇങ്ങു വിളമ്പിത്തരുവിൻ, സഖാക്കളെ
നിങ്ങളേ ഞങ്ങൾക്കു താങ്ങലുള്ളു,
ആവിപറക്കുന്നു, വേഗമാട്ടെ, ചൂട-
താറരുതല്ലൊ തരികവേഗം
 നാവുപൊള്ളുന്നു, ഹാ, സാരമില്ലെല്ലാമൊ-
രാവേശമാണയ്യോ, നൽക വീണ്ടും!!...
കാട്ടുമൃഗങ്ങളേ, കാലം കളയാതെ
നാട്ടിലേയ്ക്കെത്തൂ പടയിളക്കൂ!
എത്രയോകാലമായ് സാധുക്കൾ നിങ്ങളെ
മർത്ത്യൻ കുതിരകയറുന്നു.
ഓക്കുകില്ലിന്നിയിച്ചൂഷണമെന്നണ-
ഞ്ഞൊത്തുചേർന്നോതുവിൻ, പല്ലിളിക്കിൻ!
ദംഷ്ട്രകൾ കാട്ടിബ്ഭയപ്പെടുത്തീടുവി-
നട്ടഹസിക്കുവിൻ ഘോരമായി!
വജ്രനഖങ്ങളാൽ മാന്തിപ്പൊളിക്കുവിൻ,
മർത്ത്യന്റെ മാംസളസ്കന്ധപിണ്ഡം
ഈ വിശ്വരംഗമിതൊന്നുപോൽ,ഹാ, സർവ്വ-
ജീവജാലങ്ങൾക്കുമുള്ളതല്ലേ?
അശ്വങ്ങളേ, നിങ്ങൾ വണ്ടി വലിച്ചിടേ-
ണ്ടൊത്താചരിപ്പിൻ പണിമുടക്കം.
നിങ്ങളിന്നോളം ചുമന്നു മനുഷ്യനെ
നിങ്ങളെ മേലിൽച്ചുമക്കട്ടവൻ!
കാലികളേ, നിങ്ങൾ പെറ്റ പൈതങ്ങൾക്കു
ചേലിൽക്കുടിക്കേണ്ട പാലഖിലം
ചൂഷണം ചെയ്യുന്നു മർത്ത്യ,നുണരുവിൻ,
ചൂടോടെ ഹാലിളകിക്കുതിപ്പിൻ!
കാളകളേ, നിങ്ങൾതന്റെ മേലാളികൾ
തോളിൽനുകം പൂട്ടുവാൻ വരുമ്പോൾ
മുക്കുറയിട്ടു തലകുലുക്കിക്കുതി-
ച്ചക്ഷണം കുത്തി മറിച്ചിടുവിൻ!
സാരമേയങ്ങളേ, വീടു കാത്തുംകൊണ്ടു
ചാരത്തിൽ നിങ്ങൾ കിടന്നിടുമ്പോൾ,
ഒന്നോർത്തുനോക്കിൻ, യജമാനന്മാരവർ
വെണ്മലർമെത്തയിൽ നിദ്രചെയ്വൂ.
മാർജ്ജാരവൃന്ദമേ, കണ്ണുതുറക്കുവിൻ,
മാത്രനേരം നാം കളഞ്ഞുകൂടാ.
നിങ്ങൾ സേവിക്കുന്ന വീട്ടുകാർ ഭോജ്യങ്ങൾ
ഭംഗ്യാഭുജിച്ചു കഴിഞ്ഞശേഷം
എല്ലുമാ മുള്ളും മുളകുഞെട്ടും മാത്ര-
മല്ലേതരുന്നുള്ളു നിങ്ങൾക്കെന്നും!
ക്ഷുത്തടങ്ങാതിരുട്ടത്തെലിയെത്തേടി-
യെത്ര വിഷമിച്ചിടുന്നു നിങ്ങൾ?
സമ്മതിക്കാൻ മേലീച്ചൂഷണം-ഹാ, നിങ്ങ-
ളുൺമയിലെത്തിയണിനിരക്കിൻ!
ഓടിൻ മദം പൊട്ടിയാനകളേ, നിങ്ങൾ
ചാടിവരുവിൻ കടുവകളേ!
ഒത്തുചേർന്നീടുവിൻ ചീറ്റപ്പുലികളേ!
ഗർജ്ജിച്ചണവിൻ കരടികളേ!
ഒത്തൊരുമിച്ചു ചീറ്റിപ്പുളഞ്ഞുഗമാം
പത്തിവിടർത്തുവിൻ പാമ്പുകളേ!
ജംബുകവൃന്ദമേ, പോരുവിൻ പോരുവിൻ 
പൊൻപുലർകാലമടുത്തുപോയി!
വിപ്ലവം,വിപ്ലവം, സർവ്വത്ര വിപ്ലവം
വിശ്രമിച്ചീടാനിതല്ല നേരം.
വിപ്ലവം, വിപ്ലവം, മർത്ത്യന്റെ നേർക്കുള്ള
വിപ്ലവം, നീണാൾ ജയിച്ചിടട്ടെ!..." (പാടുന്ന പിശാച് -ചങ്ങമ്പുഴ )
ഡോ.ശശിധരൻ 2019-03-03 16:04:36

മർത്ത്യനും മനുഷ്യനും തമ്മിലുള്ള അന്തരം ആഴത്തിലുള്ളതാണ്.അതറിയാതെയാണ്  പലരും പലപ്പോഴും പ്രായേണ മനുഷ്യന്റെ പര്യായപദമായിമർത്ത്യൻഎന്ന ശബ്ദം ഉപയോഗിച്ചു വരുന്നത് .സംസ്ക്കാരത്തിന്റെ നൈരന്തര്യം ഇച്ഛിക്കുന്ന സാഹിത്യക്കാരന്മാർ സദാചാരങ്ങളെ  അനുക്രമമായി സമൂഹത്തിൽ സംക്രമിപ്പിക്കുന്നതിനു  പകരം,പുരോഗതിയുടെ ഉന്നതിയിലേക്ക് നയിക്കുന്ന സമൂഹത്തെ ഗതിയിൽ നിന്നും വിഗതിയിലേക്ക് നയിക്കാൻ ശ്രമിക്കുന്നു.നല്ല അദ്ധ്യാപനത്തിന് നല്ല അദ്ധ്യായനമുണ്ടാകണം.കുരങ്ങന് കാര്യത്തിൽ നിന്നും കാരണത്തെ കണ്ടുപിടിക്കാനുള്ള വിശേഷബുദ്ധിയില്ല.അതുകൊണ്ടാണ് കുരങ്ങൻ അവന്റെ നാടായ കാട് വിട്ട് മനുഷ്യന്റെ നാട്ടിലേക്ക് പോയത് .എന്നാൽ മനുഷ്യന് കാര്യത്തിൽ നിന്നും കാരണത്തെ കണ്ടുപിടിക്കാനുള്ള വിശേഷ ബുദ്ധിയുണ്ട് .ഒരു തേർഡ് ഗ്രേഡ്പ്രീഡിഗ്രി കോളേജ്‌ മാഗസിനിൽ പോലും വെളിച്ചം കാണാനുള്ള യോഗ്യതയില്ല കവിതക്ക്.സമൂഹത്തിൽ ദുരാചാരങ്ങൾ ഇല്ലാതാക്കാൻ ആർക്കും സാധ്യമല്ല.എന്നിരുന്നാലും  സദാചാരങ്ങൾ എല്ലാവരും  ആചരിക്കുമ്പോൾ ,അനുഷ്ഠിക്കുമ്പോൾ ദുരാചാരം ഇല്ലാതാകുന്നു.

(ഡോ.ശശിധരൻ)

. അങ്ങാടിയിൽ തോറ്റതിന് അമ്മയോടോ ? 2019-03-03 21:04:33
തറ കവിതകളെ നിങ്ങൾ, അവര് പോലും ചിന്തിക്കാത്ത ആശയങ്ങൾ കുത്തി കയറ്റി പൊക്കി പിടിക്കാൻ ശ്രമിക്കും . ഉൾക്കാഴ്ച ഇല്ലെങ്കിൽ എന്ത് ചെയ്യാൻ കഴിയും . ഏതോ ശാപം .  ഒന്നും അല്ലെങ്കിൽ 'പാടുന്ന പിശാചിനെപ്പോലെ ' സാധാരണകാർക്ക് മനസിലാകുന്ന വിധത്തിലാണ് ഇതെഴുതിയിരിക്കുന്നത് . അല്ലാതെ ആധുനിക തറ കവിതയല്ല ഇത് .
മർത്യനോ മർത്ത്യനോ 2019-03-04 06:44:08
മർത്ത്യനല്ല 'മർത്യൻ' എന്നാണ് അക്ഷരത്തെറ്റില്ലാതെയുള്ള ശരിയായ പദം. മലയാളത്തിന്റെ എല്ലാ ഡിഷ്നറിയിലും 'മർത്യൻ' എന്നാൽ മനുഷ്യൻ എന്ന് തന്നെയാണ് അർത്ഥം. ശങ്കർ തൊടുപുഴ,  ജനങ്ങളുടെ അംഗീകാരം കിട്ടിയ ഒരു നല്ല കവിയാണ്.
വിദ്യാധരൻ 2019-03-04 07:33:24
"ഒരു വിലാപത്തിന്റെയാത്മഗാനത്തിലും
വെറുതെയൊരക്ഷരത്തെറ്റു തേടുന്നു നാം" (രമ പ്രസന്ന പിഷാരടി )

ഒരു വിലാപത്തിന്റെ ആത്‌മാഗാനത്തിലും വെറുതെ അക്ഷരതെറ്റ് തേടുന്നതുപോലെയാണ് മർത്ത്യനിലും മനുഷ്യനിലും നാം തെറ്റ് കാണാൻ ശ്രമിക്കുന്നത് 

മർത്ത്യൻ -[മർത്യ ] മനുഷ്യൻ (മൃതിയടയുന്നവൻ എന്നർത്ഥം  (ശബ്ദതാരാവലി -ശ്രീകണ്ഠേശ്വരം )

ലഘൂകരണം 2019-03-04 10:24:32
‘മർത്ത്യൻ‘ ആണ് ഒറിജിനൽ പദം. 1971-ൽ വന്ന ലിപിപരിഷ്കരണം അച്ചടിയിൽ അച്ചുകളുടെയും ടൈപ്‌റൈറ്റർ കീകളുടയും എണ്ണം കുറയ്ക്കുന്നതിന് വളരെ സഹായിച്ചു. അതിനുശേഷം അച്ചടിയിൽ കൂട്ടക്ഷരങ്ങൾ അടങ്ങിയ പല പദങ്ങളും ലഘൂകരിച്ച് കാണുന്നുണ്ട്. ഉദാഹരണത്തിന്:

അദ്ധ്യക്ഷന്‍ – അധ്യക്ഷന്‍
അദ്ധ്വാനം – അധ്വാനം
അനര്‍ഗ്ഗളം – അനര്‍ഗളം
അഭ്യര്‍ത്ഥന – അഭ്യര്‍ഥന

ര്‍ എന്ന ചില്ലിനെത്തുടര്‍ന്നു കൂട്ടക്ഷരം വരുമ്പോള്‍ കൂട്ടക്ഷരത്തിന്റെ തുടക്കത്തിലുള്ള ദ/ത/ഗകാരം കാണുന്നില്ല.

എന്നാൽ ഇന്ന് നിലവിലുള്ള ഇന്റര്‍നെറ്റും യൂണിക്കോഡും രംഗത്തെത്തിയതോടുകൂടി പഴയ രീതിയിലുള്ള പദങ്ങൾ ബുദ്ധിമുട്ടില്ലാതെ ഉണ്ടാക്കിയെടുക്കാം.
ഡോ.ശശിധരൻ 2019-03-04 13:59:59

ആത്മഗാനത്തിൽ എന്ത് വിലാപം?കവികൾ ഓരോന്നു ആലോചിക്കാതെ എഴുതുന്നു.നമ്മൾ അത് വായിച്ചു ആലോചിച്ചു മറുപടി എഴുതുന്നു.ആധികാരികതയില്ലാത്ത എഴുത്തുകാരെ ഒരിക്കലും ഉദ്ധരിക്കരുതേ വിദ്യാധരാ.എല്ലാ എഴുത്തും വ്യക്തി ബാഹ്യമായികാണണം . ശ്രീകണ്ടേശ്വരത്തിനപ്പുറത്തൊരു ലോകമുണ്ട്. എന്തിനും ഏതിനും നിഘണ്ടുവിനെ സമീപിക്കേണ്ടവരല്ല നമ്മൾ.അങ്ങേയറ്റത്തെ തിതിക്ഷയോട് ഗവേഷണം ചെയ്യാൻ നല്ലൊരു മനസ്സുള്ള വ്യക്തിയാണ് താങ്കൾ എന്ന് നല്ലവിചാരമുണ്ട് .

(ഡോ.ശശിധരൻ)

ഡോ.ശശിധരൻ 2019-03-04 15:09:16
മരണത്തോടുകൂടി ജനിച്ചവനാണ് മർത്ത്യൻ എന്നത് ശരിതന്നെ.മർത്ത്യൻ ഇരക്കും ഇണക്കും വേണ്ടി ജീവിച്ചുമരിക്കുന്നു.തിന്നുക ,ഇണചേരുക ,ഉറങ്ങുക ഇതാണ് മർത്ത്യന്റെ ലക്ഷ്യവും മാർഗ്ഗവും .എന്നാൽ മനുഷ്യൻ അവബോധമുള്ളവനാണ് .വിശേഷ ബുദ്ധിയുള്ളവനാണ് .കാര്യത്തിൽ നിന്നും കാരണത്തെ കണ്ടെത്തുന്നവനാണ്.അവന് സംഗീതം, സാഹിത്യം ,നൃത്തം ,ശാസ്ത്രം എല്ലാത്തിലും താല്പര്യമുള്ളവനാണ് . അതുകൊണ്ട് ഒരു മൂന്നാംകിട സാഹിത്യകാരൻപോലും മരിച്ചാലും ഒരിക്കലും മരിക്കാതെ സമൂഹത്തിൽ അവന്റെ എഴുത്തിലൂടെ ,പുസ്തകത്തിലൂടെ ,കവിതയിലൂടെ ജീവിക്കുന്നു.’മനു അവബോധനേ’എന്ന ധാതുവിനോട്കൂടി ‘ഷ്യക്’ പ്രത്യയം ചേരുമ്പോൾ മനുഷ്യ ശബ്ദം സിദ്ധമാകുന്ന.മനു അവബോധനേ എന്നാൽ അവബോധമുള്ളവൻ ,വിശേഷബുദ്ധിയുള്ളവൻ ,കാര്യത്തിൽ നിന്നും കാരണത്തെ കണ്ടെത്തുന്നവൻ എന്നർത്ഥം .മനുഷ്യൻ അവന്റെ സ്നേഹത്തിലൂടെ ,സേവനത്തിലൂടെ ,സൽകമ്മങ്ങളിലൂടെ ഒരിക്കലും മരിക്കുന്നില്ല.എന്നാൽ മർത്ത്യനെ ആരും ഓർക്കാറില്ല !അവനെന്നേക്കും മരിക്കുന്നു !(പേര് വെച്ചെഴുതാത്ത ,അമേരിക്കൻ മുല്ലാക്ക ,സരസമ്മny, സരസമ്മtx ,നാരദൻ ny ,നാരദൻ tx,വിദ്യാധരൻ ny,വിദ്യാധരൻ tx ഇവരെല്ലാം മരിച്ചു പോകും.അഹങ്കാരിയായ ഈ എഴുതുന്ന ആളും മരിച്ചു പോകും .പക്ഷേ ജാക്ക് ഡാനിയേൽ മാത്രം സ്പിരിറ്റിലുടെ ജീവിച്ചിരിക്കും (ഡോ.ശശിധരൻ)
തിതിക്ഷ 2019-03-04 17:12:43
സഹനം സര്‍വദുഃഖാനാം അപ്രതീകാരപൂര്‍വകം
ചിന്താവിലാപരഹിതം സാ തിതിക്ഷാ നിഗദ്യതേ. 

പ്രതികാരം ചെയ്വാനിച്ഛിക്കാതെയും ചിന്തയോ ഹാഹാകാരമോ കൂടാതെയും സര്‍വപ്രകാരമായ ദുഃഖങ്ങളെയും സഹിക്കുക എന്നതിനെയാണ് തിതിക്ഷയെന്ന് വിദ്വാന്മാര്‍ പറയുന്നുത്   ഡോ. ശശിധരൻ
ഡോ.ശശിധരൻ 2019-03-04 18:34:53

തിതിക്ഷ=ക്ഷമ 

വായനക്കാരൻ(ഇരയ്ക്കും )എഴുതിയതാണ് ശരി !

(ഡോ.ശശിധരൻ)

വായനക്കാരൻ 2019-03-04 18:14:46
തിരുത്താൻ വരുന്നവർ തെറ്റ് എഴുതുകയോ? 
ഇരയ്ക്കും ഇണയ്‌ക്കും എന്നതിന് പകരം, ഇരക്കും ഇണക്കും എന്ന് എഴുത്തുന്പോ ൾ  യാചിക്കും യോജിപ്പിക്കും എന്നായിപ്പോയത് കണ്ടില്ലേ പണ്ഡിതാ 
K. RAJAN 2019-03-05 10:00:48

ജീവിത മൂല്യങ്ങൾക്ക് ഊന്നൽ നൽകി  സാരോപദേശ പ്രധാനമായ  കവിതകൾ എഴുതുന്ന ശ്രീ തൊടുപുഴ ശങ്കർ തന്റെ  "കാട്ടുകുരങ്ങിന്റെ നഗരയാത്രഎന്ന കവിതയിലൂടെ  ഒരു വ്യത്യസ്ത  വായനാ അനുഭവം നൽകുകയാണ്.   നർമവും മര്മവും സമഞ്ജസമായി സമന്വയിപ്പിച്ചിരിക്കുന്നു കവിതയിൽഒൻപതാമത്തെ stanza യിൽ "സംസ്കാരം" ഉദ്ധരണിയിൽ കൊടുത്താൽ പരിഹാസത്തിനു ആക്കം കൂടുംആശംസകൾ.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക