Image

സ്വര്‍ഗ്ഗസ്ഥനായ പിതാവേ! (കവിത: ജയന്‍ വര്‍ഗീസ്)

Published on 01 March, 2019
സ്വര്‍ഗ്ഗസ്ഥനായ പിതാവേ! (കവിത:  ജയന്‍ വര്‍ഗീസ്)
( മനുഷ്യ വര്‍ഗ്ഗ മഹായാനത്തിലെ മഹത്തായ ഒരു വിളക്കു മരമായിരുന്നു യേശുവിന്റെ ജീവിതം. ദൈവത്തിന്റെയും, മനുഷ്യന്റെയും പ്രതീകവും, പ്രതിനിധിയുമായി ഉജ്ജ്വലിച്ചു നിന്ന ആ വിളക്കു മരത്തില്‍ നിന്നുള്ള പ്രകാശ വീചികള്‍ സഹസ്രാബ്ദങ്ങളുടെ തടസ മതിലുകള്‍ തുരന്ന് ഇന്നും മനുഷ്യ ജീവിതത്തില്‍ വെളിച്ചമായി പരന്നൊഴുകുന്നു. " നിങ്ങള്‍ ഇപ്രകാരം പ്രാര്‍ത്ഥിപ്പീന്‍ " എന്ന് പറഞ്ഞു കൊണ്ട് അവിടുന്ന് മനുഷ്യ രാശിയെ പഠിപ്പിച്ച പ്രാര്‍ത്ഥനയാണ്, സര്‍വ പ്രപഞ്ചത്തേയും ഉള്ളിലൊതുക്കി നില്‍ക്കുന്ന  ' സ്വര്‍ഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ, എന്ന് തുടങ്ങുന്ന എട്ടു വാചകങ്ങള്‍ മാത്രം ഉള്‍ക്കൊള്ളുന്ന പ്രാര്‍ത്ഥന. ഒരു  ക്രിസ്ത്യാനിക്ക് എന്നല്ല,  മനുഷ്യന്‍ ഉള്‍പ്പടെയുള്ള സര്‍വ ചരാചരങ്ങല്‍ക്കും ഇതില്‍ കൂടുതലായി ഒന്നും പ്രാര്‍ത്ഥിക്കേണ്ടതില്ലാ. ഒരുവന്റെ മാനസികമായ നാല് അന്തര്‍ദ്ദാഹങ്ങളെയും, ശാരീരികമായ നാല് അന്തര്‍ദ്ദാഹങ്ങളെയും ഫുള്‍ഫില്‍ ചെയ്യുന്നവയാണ് ഈ എട്ടു വാചകങ്ങള്‍. ആത്മാര്‍ത്ഥതയോടെ, അര്‍പ്പണബോധത്തോടെ ഈ എട്ടു വാചകങ്ങള്‍ അര്‍ഥിക്കുന്നതായാല്‍ മാനസികമായും, ശാരീരികമായും അനുഭവപ്പെടുന്ന ഒരു നിറവില്‍ നിങ്ങള്‍ സ്വയം ആയിത്തീരുന്നതായി അനുഭവപ്പെടുന്നതാണ്. അനുപമമായ ഈ പ്രാര്‍ത്ഥനാ മന്ത്രത്തിന്റെ അഗമ്യമായ ആഴങ്ങളിലേക്ക്, അത് വിഭാവനം ചെയ്യുന്ന ' അതിരുകളില്ലാത്ത ലോകവും, ലേബലുകളില്ലാത്ത മനുഷ്യനും ' എന്ന വിശാല സ്വപ്നത്തിലേക്ക് ഒരെത്തി നോട്ടം.)

അവിടുത്തെ തിരുനാമത്തിന്
മഹത്വമുണ്ടാകട്ടെ !
സകല ഭൂമിയിലും, ഭൂമിയുടെ അറ്റങ്ങളിലും,
സകല ഗൃഹങ്ങളിലും, അവയുടെ ഉപഗ്രഹങ്ങളിലും,
ക്ഷീര പഥത്തിലെ കേവല നക്ഷത്രമായ
സൂര്യനിലും,
സൂര്യന്റെ കുട്ടികള്‍ കളിച്ചു വളരുന്ന
ക്ഷീര പഥത്തിലും,
അനന്ത കോടി ക്ഷീര പഥങ്ങളുടെ
ഭണ്ഡാകാരമായ പ്രപഞ്ചത്തിലും,
അവയുടെ ചൈതന്യമായി,
ആത്മാവായി,
ശക്തി സ്രോതസ്സായി,
അവിടുന്ന് നിറഞ്ഞു നില്‍ക്കുന്നുവല്ലോ?

പദാര്‍ത്ഥങ്ങളുടെ
ഘടനാ  വിഘടനാ പ്രിക്രിയയിലെ
വര്‍ത്തമാനാവസ്ഥ 
 അതാണ് പ്രപഞ്ചം !
ഘടിച്ചും, വിഘടിച്ചും
പ്രപഞ്ച വസ്തുക്കള്‍ രൂപം കൊള്ളുന്നു !
ഘടിപ്പിക്കപ്പെട്ടത് വിഘടിപ്പിക്കപ്പെടുന്നു,
വിഘടിപ്പിക്കപ്പെട്ടത് ഘടിപ്പിക്കപ്പെടുകയും?
വസ്തുക്കള്‍ക്ക് നാശം സംഭവിക്കുന്നില്ലാ,
മാറ്റം സംഭവിക്കുന്നതേയുള്ളു.
അചേതനമെന്ന് വിവക്ഷിക്കുന്ന വസ്തുക്കളില്‍പ്പോലും,
അജ്ഞാതമായ ഒരു സ്പന്ദനം !
എല്ലാറ്റിലും നിറഞ്ഞു നില്‍ക്കുന്ന സജീവ  തേജസ്സ് !
സര്‍വ്വ പ്രപഞ്ചത്തെയും കൂട്ടിയിണക്കുന്ന
ഒരു മാസ്മരിക ചരട്,
ആ ചരടിന്റെ ഇഴകളില്‍ വര്‍ത്തിക്കുന്ന
ഒരു കണ്‍ട്രോളിംഗ് പവ്വര്‍,
നിയന്ത്രണ കേന്ദ്രം !

അനുസ്യൂതവും, അവിരാമവുമായി
ആവിഷ്ക്കരിക്കപ്പെടുന്ന രംഗങ്ങള്‍ !
രാവിലെ സൂര്യന്‍ ഉദിക്കാതിരിക്കുന്നില്ല,
രാവില്‍ നിലാവ് പരക്കാതിരിക്കുന്നില്ല,
വസന്തവും, ശിശിരവും വരാതിരിക്കുന്നില്ല,
 പൂക്കളും,തുന്പികളും സന്ധിക്കാതിരിക്കുന്നില്ല,
എവിടെയും ഒരു ഹര്‍ഷ പുളകം,
അവിടെയും ഒരു സജീവ സാന്നിധ്യം !

ഇവക്ക് ഒരു താളവും ചലനവുമുണ്ട്,
താള നിബദ്ധമായ ചലനം !
ആകര്‍ഷണ  വികര്‍ഷണങ്ങള്‍ക്കിടയില്‍,
ആപേക്ഷിക, നിരാപേക്ഷികത !
ഐന്‍സ്‌റ്റെയിന്‍ മൂക്കത്ത് വിരല്‍ ചേര്‍ക്കുന്നു,
പ്രപഞ്ച ചേതനയുടെ ആത്മാവിഷ്ക്കാരം !,

ഗ്രഹങ്ങള്‍ കൂട്ടി മുട്ടുന്നില്ലാ,
ഉല്‍ക്കകള്‍ നമ്മുടെ ഉച്ചിയില്‍ പതിക്കുന്നില്ല,
സമുദ്രങ്ങള്‍ കരകളെ വിഴുങ്ങുന്നില്ലാ,
യുഗ യുഗാന്തരങ്ങളായി ഭൂമിയിലെ മണ്ണ്
വളക്കൂറുള്ളതായി തുടരുന്നു,
അതിലെ സസ്യങ്ങള്‍ തഴച്ചു വളരുന്നു,
അവയെ ആഹാരമാക്കി ജന്തുക്കള്‍ പുലരുന്നു !

ഞാഞ്ഞൂലുകള്‍
തങ്ങളുടെ മാളങ്ങളില്‍ നിന്ന് പുറത്തു വന്ന്
ഇണകളെ സന്ധിക്കുന്നു.
കാട്ടാടുകള്‍ സമയത്ത് ചനയേല്‍ക്കുന്നു,
തൂക്കായ പാറക്കെട്ടുകളില്‍ അവ പ്രസവിക്കുന്നു,
അവയുടെ കുട്ടികള്‍ക്ക് കാല്‍ വഴുതുന്നില്ല.
കരിം കല്ലുകളില്‍,
അവയുടെ കുളന്പടിയുടെ ' ധിം ' കാരവം.
മല നിരകള്‍ക്കൊടുവില്‍
മാനം ഐഡി മുഴക്കുന്നു,
മഴ പെയ്ത് ഭൂമിയെ തണുപ്പിക്കുന്നു.
കരിന്പും, കാഞ്ഞിരവും ഒരേ മണ്ണില്‍ വളരുന്നു,
ഒരേ ജലം കൊണ്ട് നനക്കപ്പെടുന്നു,
എന്നിട്ടും ഒന്നില്‍ മധുരവും, മറ്റേതില്‍ കൈപ്പും ?
സയന്‍സിന് ഉത്തരം കിട്ടുന്നില്ല,
അന്വേഷണങ്ങള്‍ക്ക് അവസാനമാകുന്നില്ല.

ആകാശത്തിലെ പറവകള്‍ പാടുന്നു,
ചക്രവാളങ്ങളിലേക്ക് പറക്കുന്നു,
മുട്ടയിട്ട് അടയിരിക്കുന്നു, തലമുറകളെ വിരിയിക്കുന്നു !
വിതക്കുന്നില്ല, കൊയ്‌യുന്നില്ല,
കളപ്പുരകള്‍  കെട്ടുന്നില്ല,
കൂട്ടി വച്ച് നശിപ്പിക്കുന്നില്ല.
കാട്ടു ചെടികള്‍ അവക്ക് വേണ്ടി പൂക്കുന്നു,
ഏതു കാലത്തും ഫലം പുറപ്പെടുവിക്കുന്നു,
പക്ഷികള്‍ പട്ടിണി കൊണ്ട് മരിക്കുന്നില്ല,
ദൈവം അവക്ക് വേണ്ടി കരുതുന്നു !

സമുദ്രത്തിലെ മല്‍സ്യങ്ങള്‍ പെറ്റു പെരുകുന്നു,
'അമ്മ അവയെ പരിചരിക്കുന്നേയില്ല,
അടയിരിക്കുന്നില്ല, മുലയൂട്ടുന്നില്ല.
കാലാ കാലങ്ങളില്‍
അമ്മക്ക് പേറ്റുനോവ് തട്ടുന്നു,
വിസര്‍ജ്ജന സുഖം അനുഭവേദ്യമാവുന്നു,
ലക്ഷോപലക്ഷം മുട്ടകള്‍ പുറത്തു വരുന്നു,
സൂര്യപ്രകാശം അവയെ വിരിയിക്കുന്നു !
കടല്‍പ്പായല്‍ അവക്ക് ആഹാരമാവുന്നു,
പ്രകൃതി തഴുകി അവയെ വളര്‍ത്തുന്നു,
മൃദു ചിറകുകള്‍ വീശി അവ തുഴഞ്ഞു പോകുന്നു.
ഉപരിതലവും, അടിത്തട്ടും അവക്ക് സുപ്രാപ്യമാവുന്നു !

മരങ്ങള്‍ക്ക് മനസ്സുണ്ടോ ?
കല്ലുകള്‍ക്ക് കരളുണ്ടോ ?
ഉണ്ടെന്നു പറയുവാന്‍ നാമാര് ?
ഇല്ലെന്നു പറയുവാന്‍ നാമാര് ?
വ്യവച്ഛേദിക്കാനാവാത്ത സത്യങ്ങള്‍,
പ്രപഞ്ച സനാതന സത്യം !
' യാദൃശ്ചികത ' യുടെ സിദ്ധാന്തങ്ങള്‍ തോല്‍ക്കുന്നു,
അവയുടെ വാള്‍പ്പല്ലുകള്‍ മടങ്ങുന്നു,
പ്രപഞ്ച ചേതനയുടെ സര്‍ഗ്ഗ ഭണ്ഡാകാരം,
അനന്തം, അജ്ഞാതം, അവര്‍ണ്ണനീയം,
അഗമ്യം, അനിഷേധ്യം, അപ്രമേയം !

പെറ്റുവീണ കുട്ടിയുടെ ആത്മാവില്‍ ഒരാമന്ത്രണം,
തനിക്കു വേണ്ടി കരുതി വച്ച  പാല്‍ക്കുടത്തിന്റെ സ്വപ്നം.
അമ്മയുടെ മുലക്കാന്പില്‍ ഒരു തുടുപ്പ്,
വിസര്‍ജ്ജന സുഖത്തിന്റെ അഭിനിവേശം !
തപ്പിത്തടയുന്ന ചോരിവായില്‍,
മുല ഞെട്ടുകളുടെ ദിവ്യ സ്പര്‍ശന മിറാക്കിള്‍ 
 ചുരന്നൊഴുകുകയായി,
പ്രപഞ്ച സ്‌നേഹ പ്രചുരിമയുടെ പ്രവാഹിനി !
പ്രപഞ്ചം സ്‌നേഹത്തിനായി ദാഹിക്കുന്നു,
പ്രപഞ്ചം സ്‌നേഹത്തില്‍ നില നില്‍ക്കുന്നു,
പ്രപഞ്ചത്തിന്റെ ആത്മാവുകുന്നു ദൈവം,
ദൈവം സ്‌നേഹമാകുന്നു !

രാത്രി പകലുകള്‍ വന്നു പോകുന്നു!
ശബ്ദാനമായ പകലുകള്‍, നിശബ്ദ രാത്രികള്‍.
രാത്രിയാമ സുഷുപ്തികളില്‍ നാം മരിക്കുന്നു,
തിരിച്ചറിയലിന്റെ ചരടുകള്‍ അയഞ്ഞ്,
നമ്മുടെ അസ്തിത്വം നമുക്ക് നഷ്ടമാവുന്നു.
അനന്തമായ പ്രപഞ്ചത്തിലെ,
അനേക കോടി വസ്തുക്കളിലെ,
കേവലമൊന്നു മാത്രമായിത്തീരുന്നു നാം?
പ്രപഞ്ച മഹാ സാഗരത്തിലെ,
അളവില്ലാത്ത അതിന്റെ ജല ശേഖരത്തിലെ,
ഒരംശം മാത്രമാകുന്നു നമ്മള്‍?
അവിടെ നമ്മള്‍ എന്ന തുള്ളിയില്ല,
കോടാനുകോടി തുള്ളികള്‍ ചേര്‍ന്നുണ്ടായ
ജല ശേഖരം മാത്രമായി നമ്മള്‍.
ഉണര്‍ന്നിരുന്നപ്പോള്‍ നാം തുള്ളിയായിരുന്നു,
മത്തായിയോ, മമ്മതോ എന്ന പ്രത്യേക തുള്ളി.
ഈ ' തുള്ളി ' ത്വമായിരുന്നു നമ്മുടെ ഭൗതിക അസ്തിത്വം,
ഉറങ്ങിയപ്പോള്‍ നമുക്ക് നഷ്ടമായത്,
' തുളിത്വ' മെന്ന ഈ ആസ്തിത്വമായിരുന്നു,
എല്ലാ പ്രപഞ്ച വസ്തുക്കളെയും പോലെ ഒന്ന്,
സ്ഥൂലപ്രപഞ്ചത്തിന്റെ ഭാഗം മാത്രമായ
ഞാനും, നീയും എന്ന  പ്രപഞ്ച ഭാഗം !

രാത്രി യാമങ്ങളുടെ അബോധ തമസ്സില്‍,
വെളിച്ചത്തിന്റെ തരിയായി ജനിക്കുന്ന ബോധാവസ്ഥ,
സുഷുപ്തിയുടെ മൃദു തന്തുവില്‍,
ഒരു സ്‌പോടനം സൃഷ്ടിച്ചു നമ്മെ ഉണര്‍ത്തുന്നു.
ദൈവം നമ്മിലേക്ക് വരുന്നു.
പ്രത്യാശയുടെ തിളക്കം അനുഭവേദ്യമാകുന്നു.
അനാസ്തിത്വത്തില്‍ നിന്നും ആസ്തിത്വത്തിലേക്ക്,
സ്വപ്നങ്ങളിലേക്ക്, ശബ്ദങ്ങളിലേക്ക്,ചലനങ്ങളിലേക്ക്,
 ജീവിതത്തിലേക്ക്, ജീവിത സമസ്യകളിലേക്ക്,
അതിന്റെ അര്‍ത്ഥ തലങ്ങളിലേക്ക്,
  നമ്മുടെ വര്‍ത്തമാനാവസ്ഥയിലേക്ക് !

സ്വര്‍ഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ,
അവിടുത്തെ തിരുനാമത്തിന് മഹത്വമുണ്ടാവട്ടെ !
ആദി മുതല്‍ അനാദി വരെ,
സര്‍വ കാലത്തോളവും !!!

അടുത്തതില്‍:
"അവിടുത്തെ രാജ്യം വരേണമേ !'


Join WhatsApp News
വിദ്യാധരൻ 2019-03-02 10:41:09
ത്ഥനകളിൽ വച്ച് ഏറ്റവും അർത്ഥവത്തായ ഒരു പ്രാത്ഥനയാണ്   സ്വർഗ്ഗസ്ഥനായ പിതാവേ എന്ന പ്രാത്ഥന 

സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ, 
നിന്റെ നാമം വിശുദ്ധീകരിക്കപ്പെടേണമേ; 
നിന്റെ രാജ്യം വരേണമേ; 
നിന്റെ ഇഷ്ടം സ്വർഗ്ഗത്തിലെപ്പോലെ ഭൂമിയിലും ആകേണമേ; 
ഞങ്ങൾക്കു ആവശ്യമുള്ള ആഹാരം ഇന്നു തരേണമേ; 
ഞങ്ങളുടെ കടക്കാരോടു ഞങ്ങൾ ക്ഷിമിച്ചിരിക്കുന്നതുപോലെ
ഞങ്ങളുടെ കടങ്ങളെ ഞങ്ങളോടും ക്ഷമിക്കേണമേ; 
ഞങ്ങളെ പരീക്ഷയിൽ കടത്താതെ ദുഷ്ടങ്കൽനിന്നു ഞങ്ങളെ വിടുവിക്കേണമേ. 
രാജ്യവും ശക്തിയും മഹത്വവും എന്നേക്കും നിനക്കുള്ളതല്ലോ. 
നിങ്ങൾ മനുഷ്യരോടു അവരുടെ പിഴകളെ ക്ഷമിച്ചാൽ, 
സ്വർഗ്ഗസ്ഥനായ നിങ്ങളുടെ പിതാവു നിങ്ങളോടും ക്ഷമിക്കും. 
നിങ്ങൾ മനുഷ്യരോടു പിഴകളെ ക്ഷമിക്കാഞ്ഞാലോ 
നിങ്ങളുടെ പിതാവു നിങ്ങളുടെ പിഴകളെയും ക്ഷമിക്കയില്ല. 

"പ്രാര്ഥിക്കയിൽ  നിങ്ങൾ ജാതികളെപ്പോലെ ജല്പനം ചെയ്യരുതു; അതിഭാഷണത്താൽ ഉത്തരം കിട്ടും എന്നല്ലോ അവർക്കു തോന്നുന്നതു.  അവരോടു തുല്യരാകരുതു; നിങ്ങൾക്കു ആവശ്യമുള്ളതു ഇന്നതെന്നു നിങ്ങൾ യാചിക്കുംമുമ്പെ നിങ്ങളുടെ പിതാവു അറിയുന്നുവല്ലോ. നിങ്ങൾ ഈവണ്ണം പ്രാർത്ഥിപ്പിൻ: "

എന്നാൽ ഈ പ്രാർത്ഥനയെ വിശകലനം ചെയ്യുമ്പോൾ കവി ഇവിടെ ഊതിവീർപ്പിച്ചിരിക്കുന്ന ഒരർത്ഥത്തിലല്ല യേശു തൻറെ ശിഷ്യന്മാരെ അത് പഠിപ്പിക്കാൻ ശ്രമിച്ചത് .  യേശുവിന്റെ സ്വർഗ്ഗരാജ്യം ഭൂമിയിൽ തന്നെയാണ് എന്നുള്ളതും ഈ പ്രാർത്ഥനയിൽ ഉൾപ്പെടുത്തിയിട്ടുണ്ട് . വയലാർന്റെ ഗാനത്തിലെന്നപോലെ 'സ്വർഗ്ഗം മറ്റൊരു ദേശത്താണ ന്ന വിശ്വാസത്തോടെയാണ് ശിഷ്യന്മാർ പ്രാർത്ഥിക്കാൻ പഠിപ്പിക്കണെ എന്ന് ചോദിച്ചത് .    'ജാതികളെപ്പോലെ ജല്പനം ചെയ്യരുതു' എന്ന ഒരു മുൻ അറിയിപ്പോടെയാണ് ഗുരു യേശു പ്രാർത്ഥന ചൊല്ലി കൊടുക്കുന്നത് . ഇവിടെ പല കാര്യങ്ങളും മനസ്സിലാക്കേണ്ടതുണ്ട് .  ഒന്നാമത് ആരാണ് ജാതികൾ ? ഇന്ന് മതത്തിന്റെയും ദൈവത്തിന്റെയും പേരിൽ ഇവിടെ കിടന്ന് ബഹളം വയ്ക്കുന്നവർ എല്ലാം ജാതിയിൽ പെട്ടവരാണ് .  അവർ പറയുന്ന വാക്കുകളും പ്രവർത്തികളും മനുഷ്യരെ ഭിന്നിപ്പിക്കാനും വിഘടിപ്പിക്കാനുമല്ലാതെ മറ്റൊന്നിനും ഉപകരിക്കില്ല .   ഈ മലയാളിയിൽ അങ്ങനെ ഒത്തിരി ജല്പിക്കുന്ന പണ്ഡിതന്മാരെ കാണാൻ കഴിയും .  ഇവരെ കുറിച്ചാണ് യേശു ജാതികൾ ജല്പിക്കുന്നു എന്ന് പറഞ്ഞത് .

പ്രാർത്ഥനയെ കുറിച്ച് പറഞ്ഞാൽ, സ്വർഗ്ഗം മറ്റൊരു ദേശത്താണ് എന്നുള്ള വിചാരത്തോടെ, അവിടെ എങ്ങനെ എങ്കിലും  എത്തി പിടിക്കണം, അതിന് യേശുവിനെ ഒരു മാർഗ്ഗം ആക്കണം എന്ന ചിന്തയോടെ  (ഒരു പക്ഷെ അങ്ങനെ ചിന്തിക്കാൻ കഴിവില്ലാത്ത ജാതികളും ആയിരിക്കാം ) സമീപിച്ചപ്പോൾ ആണ്, യേശു ചോന്തോദ്ദീപകമായ് ഈ  പ്രാർത്ഥന ചൊല്ലി കൊടുക്കുന്നത് .  സ്വർഗ്ഗസ്ഥനായ പിതാവേ എന്നത് ...നിയമനിബന്ധനമല്ലാത്ത വസ്തുനിഷ്ഠമല്ലാത്ത ഒരു സാങ്കല്‍പികസിദ്ധാന്തം മാത്രമാണ് . എന്നാൽ അത് നിയമ നിബന്ധനക്ക് വിധേയമാകുന്നുത്, മനുഷ്യൻ ഭൂമിയിൽ ജാതിമതചിന്തകൾ വെടിഞ്ഞ്, ക്ഷമിച്ച് , കടങ്ങൾ പൊറുത്തും പരസ്പരം സ്നേഹിച്ചും ജീവിക്കുമ്പോൾ മാത്രമാണ് .. യേശുവിന്റെ പഠനങ്ങളിൽ എല്ലാം  ഭൂമിയിൽ സ്വർഗ്ഗം സൃഷിട്ടിക്കേണ്ട ആവശ്യകഥ അടിയ്ക്കടി ചൂണ്ടി കാട്ടുന്നു .  

 ഇതുപോലെ മനോഹരമായ ഒരു പ്രാർത്ഥനയാണ് 

'ഓം ഭൂർഭുവ: സ്വ:
തത് സവിതുർവരേണ്യം
ഭർഗോ ദേവസ്യ ധീമഹി
ധിയോ യോ ന: പ്രചോദയാത്'

ഭൂമി, അന്തരീക്ഷം , സ്വർഗ്ഗം  ആ സവിതാവിന്റെ ശ്രേഷ്ടമായ, ദൈവീകമായ ഊർജ്ജ പ്രവാഹം, പ്രകാശം ഞങ്ങൾ ധ്യാനിക്കുന്ന , യാതൊന്നിനെ, ഞങ്ങളുടെ ബുദ്ധിയെ പ്രോചോദിപ്പിക്കട്ടെ .

ഈ രണ്ടു പ്രാർത്ഥനകളും ഭൂമിയെ സ്വർഗ്ഗമാക്കാനുള്ള അനശ്വരമായ ഉപദേശങ്ങൾ ഉള്കൊണ്ടതാണ് . കവികളും എഴുത്തുകാരും , ഈ സത്യത്തെ വായനക്കാർക്ക് കുഴമറിച്ചിലുകൾ ഇല്ലാതെ വ്യക്തമാക്കി കൊടുക്കേണ്ടതാണ് 

വായനക്കാരൻ 2019-03-02 11:11:44
എന്റെ ദൈവം എന്റെ ദൈവം . എന്ന് മാത്തുള്ളയും മാധവനും കിടന്ന് അലറുമ്പോൾ എങ്ങനെ ഭൂമിയിൽ സ്വർഗ്ഗരാജ്യം വരും വിദ്യാധരാ - I like your analysis 
അനന്തമജ്ഞാതം 2019-03-02 20:05:48
പ്രപഞ്ചത്തിന്റെ പിന്നിൽ പ്രവർത്തിക്കുന്ന അജ്ഞേയ ശക്തിയെ പ്രകീർത്തിച്ച് കുമാരനാശാൻ എഴുതി:

അനന്തമജ്ഞാതമവര്‍ണ്ണനീയം
ഈ ലോകഗോളം തിരിയുന്ന മാര്‍ഗ്ഗം
അതിങ്കലെങ്ങാണ്ടൊരിടത്തിരുന്നു
നോക്കുന്ന മര്‍ത്യന്‍ കഥയെന്തറിഞ്ഞു?

ചന്തമേറിയ പൂവിലും ശബളാഭമാം ശലഭത്തിലും
സന്തതം കരതാരിയന്നൊരു ചിത്രചാതുരി കാട്ടിയും
ഹന്ത! ചാരു കടാക്ഷമാലകളര്‍ക്കരശ്മിയില്‍ നീട്ടിയും
ചിന്തയാം മണിമന്ദിരത്തില്‍ വിളങ്ങുമീശനെ വാഴ്ത്തുവിന്‍!

‘സ്വർഗ്ഗസ്തനായ പിതാവേ നിന്റെ നാമം വാഴ്തപ്പെടട്ടേ’ എന്ന പ്രാർത്ഥനയെ ആധാരമാക്കി,  ഏതാണ്ട് അതേ ആശയം, ജയൻ വർഗീസ് വിസ്‌മയത്താൽ ഉന്മത്തനായി കുറച്ചുകൂടി വിസ്തരിച്ച് എഴുതിയിരിക്കുന്നു. 

കവിതയുടെ അന്തസത്ത മനസ്സിലാക്കാനുള്ള ശ്രമവും ക്ഷമയുമില്ലാതെയാണെന്നു തോന്നുന്നു വിദ്യാധരന്റെ കാടുകയറിയ വിമർശനം.
വിദ്യാധരൻ 2019-03-02 22:27:31
"അനന്തമജ്ഞാതമവര്‍ണ്ണനീയം
ഈ ലോകഗോളം തിരിയുന്ന മാര്‍ഗ്ഗം
അതിങ്കലെങ്ങാണ്ടൊരിടത്തിരുന്നു
നോക്കുന്ന മര്‍ത്യന്‍ കഥയെന്തറിഞ്ഞു?

ഒന്നാമതായി മേൽപ്പറഞ്ഞ ശ്ലോകം കുമാരനാശാൻ അല്ല എഴുതിയത് .  നാലപ്പാട്ടിന്റെ കണ്ണുനീർ തുള്ളിയിലെ ഒരു ശ്ലോകമാണത് .  ഈ പ്രപഞ്ചത്തിൽ അജ്ഞാതമായ പലതും ഇനിയും ഉണ്ട്. എന്നു വച്ച് അതിനെ  ഉണ്ടാക്കിയ പിതാവ് സ്വർഗ്ഗത്തിലല്ല ഇരിക്കുന്നെതെന്ന് കുമാരനാശാന്റെ കവിതാ ശകലത്തിലെ അവസാനത്തെ വരി വ്യക്തമാക്കുന്നു. യേശുവുവിന്റെ പ്രാർത്ഥനയും അതൊക്കെ തന്നെയാണ് പറഞ്ഞിരിക്കുന്നത് 

"ചന്തമേറിയ പൂവിലും ശബളാഭമാം ശലഭത്തിലും
സന്തതം കരതാരിയന്നൊരു ചിത്രചാതുരി കാട്ടിയും
ഹന്ത! ചാരു കടാക്ഷമാലകളര്‍ക്കരശ്മിയില്‍ നീട്ടിയും
ചിന്തയാം മണിമന്ദിരത്തില്‍ വിളങ്ങുമീശനെ വാഴ്ത്തുവിന്‍" (സങ്കീർത്തനം )

ഈശ്വരൻ ചിന്തയെന്ന മണിമന്ദിരത്തിലാണ് ജീവിക്കുന്നെതന്നാണ് കവി അവസാനത്തെ വരിയിൽ പറയുന്നത്.   ഇതൊക്കെ തന്നെയാണ് നിങ്ങളുടെ യേശുവും പറഞ്ഞത് .  സ്വർഗ്ഗരാജ്യം ഹൃദയത്തിലാണെന്നാണ് അദ്ദേഹവും പറഞ്ഞത് . ഹൃദയ ശുദ്ധിയുള്ളവർ ഭാഗ്യവാന്മാർ അവർ ദൈവത്തെ കാണും . ജയൻ വർഗീസ് ഉന്മത്തനായി എന്തും എഴുതിക്കൊള്ളട്ടെ. പക്ഷെ യഥാർത്ഥമായ അർത്ഥത്തെ, സ്ഥാപിത താത്‌പര്യങ്ങൾക്കു വേണ്ടി വളച്ചൊടിച്ചു, അത് ജനങ്ങളുടെമേൽ അടിച്ചേൽപ്പിക്കാൻ ശ്രമിക്കരുത്.  ജീസസും കുമാരനാശാനുംമൊക്കെ ഹൃദയത്തിൽ നിങ്ങൾ തിരയുന്ന ദൈവത്തെ കുടിയിരുത്തിയത്തിന്റെ കാരണം  മതത്തിൽ നിന്ന് നമ്മളുടെ ഉള്ളിൽ വിളങ്ങുന്ന ചൈതന്യത്തെ രക്ഷിക്കാൻ വേണ്ടിയാണ് . കവി ഒരു 'ഋഷി' (സത്യം അറിഞ്ഞവൻ)  ആയിരിക്കണം  . മതങ്ങളുടെയും, രാഷ്ട്രീയ പാർട്ടികളുടെയും,  , സന്യാസിമാരുടെയും പുരോഹിത വർഗ്ഗത്തിന്റെ ദാസ്യവൃത്തി ചെയ്യുന്നവരായിരിക്കരുത് .  പിന്നെ കാട് കയറുന്നത് ആത്മ ജ്ഞാനം ഉണ്ടാകാൻ നല്ലതാണ് 

ആരണ്യാന്തരഗഹ്വരോദരതപ-
           സ്ഥാനങ്ങളിൽ, സൈന്ധവോ -
ദാരശ്യാമമനോഭിരാമ പുളിനോ-
           പാന്തപ്രദേശങ്ങളിൽ ,
ആരന്തർമുഖമിപ്രപഞ്ചപരിണാ-
          മോത്ഭിന്നസർഗ്ഗക്രിയാ-
സാരം തേടിയലഞ്ഞു പണ്ടവരിലെ-
          ചൈതന്യമെൻ ദർശനം (സർഗ്ഗസംഗീതം -വയലാർ )

Jack Daniel 2019-03-02 23:19:25
വെറുതെ വടികൊടുത്തടി മേടിക്കുക. അജ്ഞാതൻ സ്ഥലം വിട്ടു കാണും . കവികൾ ഉന്മത്തരാകാതെ കവിത എഴുതിയാൽ നല്ലത് . അല്ലെങ്കിൽ അർത്ഥഭൃംശം സംഭവിക്കും .  ഇക്കാലത്ത് കവികൾക്ക് കവിത വരണമെങ്കിൽ അൽപ്പം സ്വയമ്പൻ അകത്ത് ചെല്ലണം . അത് അകത്ത് ചെന്നാൽ പിന്നെ എല്ലാം ദൈവമായം . യോഹന്നാൻ പത്മൊസ് ദീപിൽ വെള്ളം അടിച്ചെഴുതിയതാണ് വെളിപാടെന്നാണ് എന്റെ പ്രിപ്പെട്ട പള്ളീലച്ചൻ പറഞ്ഞു തന്നത് . പുള്ളി അല്പം അടിക്കുന്ന കൂട്ടത്തിലായിരുന്നു
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക