Image

പരിഭവങ്ങളുടെ ഒളിയിടങ്ങള്‍. (രമ പ്രസന്ന പിഷാരടി)

Published on 02 March, 2019
പരിഭവങ്ങളുടെ ഒളിയിടങ്ങള്‍. (രമ പ്രസന്ന പിഷാരടി)
മഴതിമിര്‍ക്കുമ്പോഴും വെയിലേറിടുമ്പോഴും
പറയുവാനെന്നും പരാതിയുണ്ടായിടും
ഹിമമണിഞെത്തുമീ ഹേമന്തസന്ധ്യകള്‍
കുളിരുന്നുവെന്നു പറഞ്ഞുപോകുന്നു നാം

മരതകഖനികളില്‍ മരണമേറുമ്പോഴും
പെരിയാറിലെ ജലം ഭയമായിടുമ്പോഴും
തളിരുകള്‍ പോളിമര്‍ ചിത്രങ്ങളാകുന്ന
പുതിയതാം ചുമരുകള്‍ കണ്ടിരിക്കുമ്പോഴും
അരികിലെ  മലിനമാം  ചേരികള്‍ക്കുള്ളിലായ്
അധികദാരിദ്രം വിശപ്പടക്കുമ്പോഴും
അകലെയാ ഹൈതിയില്‍ മണ്ണപ്പമുണ്ടാക്കി
രുചിയോടെ നുകരുന്ന ബാല്യമേറുമ്പോഴും
അതിഭീകരര്‍ കൊന്നു തള്ളുന്ന ജീവന്റെ
വിധിയതില്‍ പോലും കടും കെട്ടിടുന്നവര്‍
പഴിചാരിയന്യോന്യമൊരു നിര്‍ണ്ണയത്തിന്റെ
പഴയതൂക്കങ്ങള്‍ ശിരസ്സിലേറ്റുന്നു നാം
കുടിലില്‍ നനഞ്ഞു നീറുന്ന ദു;ഖത്തിന്റെ
കുടമുടഞ്ഞൊഴുകുന്ന തീരദേശങ്ങളില്‍
കടമെടുത്തൊരു തുണ്ടുകയറിലായ് കര്‍ഷകള്‍
കൊടിയെ ദു:ഖത്തെ നിശ്ശബ്ദമാക്കുമ്പോഴും
അവിടെയുമിവിടെയും കുറ്റങ്ങളേറ്റിനാം
ഹൃദയത്തൊരു ശൂന്യപാത്രമായ് മാറ്റിടും

കനലാളിടുമ്പോഴും  പ്രളയം വരുമ്പോഴും
പരിഭവം പറയാന്‍ മറക്കാതിരിപ്പവര്‍
ഒരു വിലാപത്തിന്റെയാത്മഗാനത്തിലും
വെറുതെയൊരക്ഷരത്തെറ്റു തേടുന്നു നാം

പകലേറിടുമ്പോഴൊടുങ്ങും ദിനത്തിന്റെ
മുറിവിലായ് വീണ്ടും ത്രിസന്ധ്യ ജ്വലിക്കവേ!
അവിടെയുമിവിടെയും വാക്കിന്റെ തീക്കനല്‍

ചിറകുമായ് മെല്ലെ പറന്നു പോകുന്നു നാം

എഴുതിയും മായ്ച്ചും പതാകകള്‍ മാറ്റിയും
എഴുതാപ്പുറങ്ങള്‍ മെനഞ്ഞെടുക്കുന്നു നാം…
   

Join WhatsApp News
Sudhir Panikkaveetil 2019-03-03 21:34:19
പരിഭവം എന്ന വാക്കിനു നാനാർത്ഥങ്ങൾ ഉണ്ട്.
എന്ത് കണ്ടാലും ഹൃദയസൂന്യമായ സമീപനത്തോടെ 
കുറ്റങ്ങൾ മാത്രം കണ്ടെത്തുന്ന മനുഷ്യസ്വഭാവത്തെപ്പറ്റി 
കവയിത്രി പ്രതിപാദിക്കുന്നു. മാർട്ടിൻ ലൂഥർ കിംഗ് 
പറഞ്ഞനത് ഓർക്കുന്നു.  ഇരുട്ടിനെ ഇരുട്ടുകൊണ്ട് 
മാറ്റാൻ കഴിയില്ല. വെറുപ്പിനെ വെറുപ്പുകൊണ്ടും 
മാറ്റാൻ കഴിയില്ല.  സ്നേഹത്തിനു മാത്രമേ കഴിയു. കവിതയിൽ 
ഉപയോഗിച്ചിരിക്കുന്ന വാക് ശ്രദ്ധേയമാണ്.
മനുഷ്യർ ഹൃദയത്തെ ശൂന്യപാത്രമാക്കുന്നു. ഹൃദയം 
ശൂന്യമായാൽ അവിടെ ചെകുത്താൻ താമസം 
ആരംഭിക്കുന്നു  പരിഭവങ്ങളുടെ  ഒളിയിടങ്ങൾ 
കണ്ടെതുക പ്രയാസമല്ല . ".In time we hate which we often fear.." ഷെയ്ക്‌സ്പിയറിന്റെ 
ആന്റണി ആൻഡ് ക്ലിയോപാട്ര എന്ന നാടകത്തിൽ 
ക്ലിയോപാട്ര തോഴിയോട്  പറയുന്നതാണിത്.  നമ്മൾ 
ഭയപ്പെടുന്നതിനെ കാലക്രമേണ നമ്മൾ വെറുക്കാൻ 
തുടങ്ങും. ശ്രീമതി പിഷാരടി അവസരോചിതമായിട്ടാണ് 
ഇതെഴുതിയത്. സോക്രട്ടീസ് 
വെറുപ്പിനെ ഇങ്ങനെ നിർവചിക്കുന്നു. ".From the deepest desires
often come the deadliest hate." നമ്മുടെ 
ആഗ്രഹനിവർത്തിക്കായി നമുക്ക് സമൂഹം 
നിർദ്ദേശിക്കുന്നപോലെ നീങ്ങാൻ. അല്ലാതെയുമാകാം.
അപ്പോൾ സംഗതികൾ കീഴ്മേൽ മറിയുന്നു.  ഈ ലോകം 
നമ്മുടെ അഭീഷ്ടപ്രകാരം നടക്കണമെന്ന 
ആഗ്രഹവും അങ്ങനെ നടക്കാതെവരുമ്പോൾ 
പരിഭവിക്കയും ചെയ്യുന്നത്  ഹൃദയ ശൂന്യത കൊണ്ടാണ്. 
നമ്മുടെ ഇഷ്ടത്തിനല്ല കാര്യങ്ങൾ നീങ്ങുന്നതെന്ന് 
പരിഭവം ഉണ്ടാകുന്നത് വെറുപ്പിൽ നിന്നായിരിക്കും. 
ചൈനീസ് പഴമൊഴി : ഹൃദയത്തിൽ ഒരു 
പച്ചക്കമ്പ് നട്ടു വളർത്തുക അവിടേക്ക് 
കിളികൾ കൂട് കൂട്ടാനെത്തും. അതെ ഹൃദയം 
മനോഹരമാക്കുക എങ്കിൽ എല്ലാം നന്മയിൽ 
അവസാനിക്കും. ശ്രീമതി പിഷാരടി ഒരു നല്ല 
പ്രമേയം കൊണ്ടുവന്നതിൽ അഭിനന്ദനം 
വിദ്യാധരൻ 2019-03-04 00:43:12
ഏതേ സത് പുരുഷഃ പരാർത്ഥകടകഃ 
        സ്വാർത്ഥാൻ പരിത്യജിയേ
സാമാന്യസ്ത പരാർത്ഥമുദ്യമ ഭൃത-
       സ്സ്വാർത്ഥാനുരോധേന യേ
തേമീ മാനുഷരാക്ഷസഃ പരിഹിതം 
       സ്വാർത്ഥായ നിഘന്തിയേ 
യേ നിഘനന്തി നിരർത്ഥകം പരഹിതം 
       തേ കേ ന ജാനീമഹേ    

സ്വാർത്ഥം പരിത്യജിച്ച് ഏതൊരുത്തൻ മനുഷ്യർക്ക് നന്മ വരുത്തുന്നു അവർ സത് പുരുഷന്മാരാണ്. സ്വാർത്ഥത്തിനു ചേർന്നവിധം ആര് അന്യർക്ക്വേണ്ടി യത്നക്കുന്നു അവർ സാമാന്യ മനുഷ്യരാകുന്നു 
ആര് തൻകാര്യ ലാഭത്തിനായി അന്യരുടെ താത്‌പര്യത്തെ തകർക്കുന്നു അങ്ങനെയുള്ളവർ മനുഷ്യരാക്ഷസരാകുന്നു ആര് നിരർത്ഥകരായി അന്യരുടെ ഹിതത്തെ നശിപ്പിക്കുന്നു, അവർ ആരെന്ന് ഞാൻ അറിയുന്നില്ല 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക