Image

പച്ചക്കമ്മല്‍ (കഥ-നാരായണന്‍ രാമന്‍)

Published on 04 March, 2019
പച്ചക്കമ്മല്‍ (കഥ-നാരായണന്‍ രാമന്‍)
ബസ്സിന്റെ വേഗത കുറഞ്ഞതും സുമ കുനിഞ്ഞ് ജനാലയിലൂടെ നന്ദന്‍ നില്‍ക്കാറുള്ള സ്ഥലത്തേക്ക് കണ്ണോടിച്ചു. ഭാഗ്യം, ബുള്ളറ്റില്‍ ചാരി ആരോടോ സൊറ പറഞ്ഞ് നില്‍പ്പുണ്ട്. നടന്നരികിലെത്തും മുന്‍പേ കയ്യിലുണ്ടായിരുന്ന പാല്‍ കവറുകളും പച്ചക്കറിയുമടങ്ങിയ ക്യാരി ബാഗ് അവള്‍ക്ക് നേരെ നീട്ടി അയാള്‍ ഗിയര്‍ മാറ്റിക്കഴിഞ്ഞു. എന്തു ധൃതിയാണീ മനുഷ്യനു് ഒരു പക്ഷെ മോളെത്തിയിട്ടുണ്ടാകും.

വീട്ടിലെത്തി ഗ്യാസടുപ്പില്‍ ചായയ്ക്കു വെള്ളവും പാല്‍ തിളപ്പിക്കാനും വച്ചിട്ടാണു് സുമ സാരിയഴിച്ചുമാറ്റി നൈറ്റിയിലേക്ക് കയറിക്കൂടിയത്. അദ്ധ്യാപികയായതുകൊണ്ട് സാരിയെന്ന മഹാവേഷം ധരിച്ചേ പറ്റൂ. മകളുടെ സ്‌ക്കൂള്‍ ബാഗൊതുക്കി വച്ച് ചായയും അവള്‍ള്‍ക്കുള്ള പാലും ബട്ടറില്‍ മൊരിച്ച ബ്രഡ്ഡുമായി ഊണുമേശയ്ക്കരികിലെത്തിയപ്പോള്‍ ആള്‍ ഹാജരുണ്ട്. വന്നിട്ടൊരു മണിക്കൂറെങ്കിലുമായിട്ടുണ്ടാകും. മുഖം വാടിയിരിക്കുന്നു. രണ്ടു ബ്രഡ്ഡും പാലുമെടുത്തു കൊടുക്കാന്‍ ഇതുവരെ തന്തയ്ക്ക് തോന്നിയില്ല.

അമ്മയെക്കണ്ടതും പതിവു വിശേഷങ്ങളുമായി അവള്‍ കലപില തുടങ്ങിക്കഴിഞ്ഞു. തെല്ലു ദൂരെ ഹാളില്‍ ലാപ് ടോപ്പില്‍ കണ്ണുടക്കി പരിസരം മറന്നിരിക്കുന്ന നന്ദനിതൊന്നും കേട്ട ഭാവമേയില്ല. അയാള്‍ക്ക് ചായ വേണ്ട. ചായയില്‍ ചേര്‍ക്കുന്ന ഏതോ കളര്‍ കെമിക്കല്‍ ചില ഹോര്‍മോണുകളെ പോലും നിര്‍വീര്യമാക്കുമത്രെ. വടിവൊത്ത ഉടലില്‍ കൃത്യ അളവില്‍ ഒട്ടിക്കിടക്കുന്ന പച്ച ടീ ഷര്‍ട്ട് അങ്ങോര്‍ക്ക് നന്നായി ചേരുന്നുണ്ട്. അല്ലെങ്കിലും മമ്മൂട്ടി കഴിഞ്ഞാല്‍ തന്റെ ശരീരവും അഴകളവുകളും പരിപാലിക്കാന്‍ ഇത്രയേറെ ബദ്ധശ്രദ്ധനായ ഒരാളുണ്ടെങ്കില്‍ അതീ ദേഹമായിരിക്കും. കൃത്യ അളവിലുള്ള പോഷകങ്ങള്‍ ചേര്‍ന്ന ഭക്ഷണവും ചിട്ടയായ വ്യായാമവുമൊക്കെയായി ശരീരം സൂക്ഷിക്കുന്നതില്‍ ഒരു വിട്ടുവീഴ്ചയും നന്ദനില്ല. എട്ടുകൊല്ലം മുന്‍പ് വിവാഹ മണ്ഡപത്തില്‍ നിന്നിറങ്ങി വന്നയാളില്‍ കാലത്തിനു് കാര്യമായ ഒരു ചേതവും വരുത്താനായിട്ടില്ല. അതിന്റെ അഹങ്കാരവും പൊങ്ങച്ചവും പ്രദര്‍ശന ത്വരയുമാണു് സഹിക്കാനാവാത്തതെന്നു മാത്രം. അടുപ്പമുള്ള ചില കൂട്ടുകാരികള്‍ പറയുകയും ചെയ്യും.

'നിന്റൊളു ചുള്ളനാടീ, നീയ് സൂക്ഷിച്ചോ.
ലേശം വല്ലായ്ക തോന്നുമെങ്കിലും സുമ ചിരിയൊട്ടിച്ച് വച്ച് പറയും 'ഏയ് എനിക്കാ പേടിയൊന്നൂല്ലാ.'

എങ്കിലും അന്ന് കണ്ണാടിയില്‍ തിരിഞ്ഞും മറിഞ്ഞും നോക്കി കാര്യമായ ഉടവൊന്നുമില്ലെന്നു് ഉറപ്പു വരുത്തുമെന്ന് മാത്രം.
മകള്‍ കഴിക്കുന്നതിനിടയി ലും വര്‍ത്തമാനം തുടരുന്നുണ്ട്.

'അമ്മ കേട്ടോ, ബസ്സിലെ ആയ ചോദിക്യാ, പപ്പക്കെത്ര വയസ്സായീന്നു് '

പെട്ടെന്നു് ലാപ്‌ടോപ്പിനു പിന്നില്‍ നിന്നു് അശരീരിയുയര്‍ന്നു.

' ന്നട്ട് മോളെന്തു പറഞ്ഞു?

'തര്‍ട്ടീ എയ്റ്റ് ന്ന്
അപ്പോ ആയേടെ മുഖത്തെ ഭാവമൊന്നു കാണണം

ലാപ് ടോപ്പിലൂടെ ലോകം കീഴ്‌മേല്‍ മറിക്കാനിരുന്ന മനുഷ്യനതാ ഉത്സുകനായി ചിരിച്ച് എഴുന്നേറ്റ് വരുന്നൂ.
കൈകള്‍ രണ്ടും ഉയര്‍ത്തി മടക്കി ജീവന്‍ ടോണ്‍ പരസ്യത്തിലെന്ന പോലെ മസിലുകള്‍ പെരുപ്പിച്ചുള്ള ആ നില്‍പ്പ് അവളെ ഈറ പിടിപ്പിക്കുന്നുണ്ടായിരുന്നു.

'വേഗം കഴിച്ചെഴുന്നേറ്റ് ഹോംവര്‍ക്ക് ചെയ്യാന്‍ നോക്ക് ' ശാസന കലര്‍ത്തി മകളോട് പറയുമ്പോള്‍ അവള്‍ അയാളെ നോക്കാതിരിക്കാന്‍ ശ്രമിച്ചു. കണ്ണുകളിടഞ്ഞാല്‍ വല്ലതും പറഞ്ഞു പോകും.

'അസൂയപ്പെട്ടിട്ടു കാര്യമൊന്നുമില്ലന്നു പറ മോളെ '
ഇതുകൂടി കേട്ടപ്പോള്‍ സുമയുടെ നിയന്ത്രണം വിട്ടു.

' എന്നിട്ടിതൊന്നും വേണ്ടിടത്തു കാണാറില്ലല്ലോ '

അടുക്കളയിലേക്ക് തിരിച്ചു നടക്കുന്നതിനിടയില്‍ അവള്‍ ഒളികണ്ണിട്ട് നോക്കി. അയാളുടെ മുഖത്തെ രക്തം വാര്‍ന്നു പോകുന്നതും കൂമ്പാള പോലെ വിളറുന്നതും തെല്ല് ആത്മസംതൃപ്തിയോടെ തന്നെ കണ്ട് നിന്നു.

നാളെ അമ്മാവന്റെ മകളുടെ വിവാഹം പ്രമാണിച്ച് ലീവാണു്. രാവിലെ അഞ്ചിന് കാറുമായി അച്ഛനെത്തും. ഡ്രസ്സെടുത്തു വച്ചിട്ടാണവള്‍ കമ്മല്‍ തിരയാന്‍ തുടങ്ങിയത്. വിശേഷാവസരങ്ങളില്‍ ധരിക്കുന്ന പച്ചക്കല്ലു വച്ച കമ്മലാണു്. മേശയും അലമാരയും മറിച്ചിട്ട് തിരഞ്ഞിട്ടും ഒരിടത്തും കാണുന്നില്ല. അവളുടെ ഹൃദയമിടിപ്പ് കൂടി കൂടി വരുന്നുണ്ടായിരുന്നു. ഭ്രാന്തമായ ആവേശത്തോടെ അവള്‍ ഓരോ മുക്കും മുലയും വീണ്ടും വീണ്ടും വാരിവലിച്ചിട്ട് തിരഞ്ഞു കൊണ്ടേയിരുന്നു.

എന്താമ്മേ നോക്കണേ?

തൊട്ടുപിന്നില്‍ നിന്ന് മകളുടെ ചോദ്യം കേട്ട് ദേഷ്യം ഇരച്ചു കയറിയെങ്കിലും അവളുടെ കുഞ്ഞു മിഴികളിലെ നെയ്ത്തിരി നാളം അതലിയിച്ചു കളഞ്ഞു.

'അമ്മേടെ പച്ചക്കമ്മല്‍ കാണുന്നില്ല മോളേ ''

അതു പഴേതല്ലേ അമ്മേ? അമ്മക്ക് വേറെത്ര കമ്മലാ ഉള്ളത് ! പുരികമുയര്‍ത്തി അതിശയ ഭാവത്തില്‍ രണ്ടു കുഞ്ഞുകൈകളും മലര്‍ത്തിക്കാട്ടിയുള്ള കുഞ്ഞിന്റെ നില്‍പ്പ് കണ്ടപ്പോള്‍ എല്ലാ
നിരാശയും പരിഭ്രമവും ദേഷ്യവും വല്ലാത്തൊരു സങ്കടത്തിലേക്ക് വഴി തുറക്കുന്നത് അവളറിഞ്ഞു.

' ഞാന്‍ സഹായിക്കണോ?
അവള്‍ തലയുയര്‍ത്തി നോക്കി. നന്ദനാണ്. പെട്ടെന്ന് ഈര്‍ഷ്യയാണ് തോന്നിയത്.

' ഒന്നും വേണ്ട, എന്നെ ഒന്ന് തനിച്ചിരിക്കാന്‍ വിടാമോ? അസഹ്യതയോടെ ചെവി രണ്ടും പൊത്തി അവള്‍ ഗര്‍ജ്ജിച്ചു. അയാള്‍ ഒന്ന് പകച്ച് മകളുടെ കൈ പിടിച്ച് ഹാളിലേക്ക് തിരികെ പോയി.

പഴയതാണു്. നിറം മങ്ങിയതാണ്. പഴയ ഫാഷനാണ്. പക്ഷെ ആ ഒരു ജോഡി കമ്മലുകളുടെ മൂല്യം, അതുണര്‍ത്തുന്ന പൊയ്‌പ്പോയ നിമിഷങ്ങളുടെ ഓര്‍മ്മകള്‍. തുടരെ തുടരെ ദീര്‍ഘനിശ്വാസം ചെയ്ത്
മനസ്സ് ശാന്തമാക്കി സുമ ശിരസ്സ് കൈത്തലങ്ങളില്‍ താങ്ങി കണ്ണുകളിറുക്കിയടച്ചു കട്ടിളപ്പടിയില്‍ തല ചായ്ച്ചിരുന്നു.

മഹാരാജാസില്‍ PG രണ്ടാം വര്‍ഷം പഠിക്കുന്ന കാലം. സോമേട്ടന്റെ വിവാഹാലോചനയെത്തുന്നത് ഒരു ക്രിസ്മസ് ദിവസമായിരുന്നു. ബാങ്കിലാണ് ജോലിയെന്നും ഇതേ നഗരത്തിലാണ് വീടെന്നതും അച്ഛനെ വല്ലാതാകര്‍ഷിച്ച ഘടകങ്ങളായിരുന്നു. പെണ്ണു കാണല്‍ കഴിഞ്ഞപ്പോള്‍ അവള്‍ക്കും സന്തോഷമായി. സുമുഖന്‍, ധാരാളം സംസാരിക്കുന്ന ഊര്‍ജ്ജസ്വലനായ യുവാവ്. കോഴ്സ് പൂര്‍ത്തിയാക്കണമെന്നവള്‍ പറഞ്ഞപ്പോള്‍ 'അതിനെന്താ? ഞാന്‍ കാത്തിരിക്കാമെന്നയാളുടെ മറുപടി. വിവാഹം കഴിഞ്ഞാലും അടുത്ത കോഴ്സും വേണമെങ്കില്‍ നോക്കാമെന്നു കുടിക്കേട്ടപ്പോള്‍ അവള്‍ക്കും പരിപൂര്‍ണ്ണ സമ്മതം. പിന്നീട് നിത്യമുള്ള ഫോണ്‍ വിളികള്‍. ഒരുമിച്ചുള്ള സായാഹ്നങ്ങള്‍. അതിരുവിടാത്ത മാന്യമായ പെരുമാറ്റം. ഒരു ദിവസം പോലും കാണാതിരിക്കുക എന്നത് അചിന്ത്യമായ നാളുകള്‍! ഈ ലോകത്തിലേറ്റവും ഭാഗ്യവതിയാണെന്നവള്‍ക്കു തോന്നിയ ദിവസങ്ങള്‍. വിവാഹ നിശ്ചയവും കഴിഞ്ഞ് ആഭരണങ്ങള്‍ വാങ്ങാന്‍ ജുവലറിയില്‍ സോമനുമെത്തിയിരുന്നു. എല്ലാം വാങ്ങി പിരിയുന്നതിനു മുമ്പാണ് അയാള്‍ ആ ചുവന്ന ചെപ്പ് അവളുടെ കയ്യില്‍ വച്ച് കൊടുത്തത്.

'ഇതെന്റെ വകയിരിക്കട്ടെ '

തുറന്നു നോക്കിയ അവള്‍ക്കും ആ പച്ചക്കല്ലുവച്ച മനോഹരമായ കമ്മല്‍ ഏറെയിഷ്ടമായി.
' ഇട്ടു നോക്കുന്നോ? അയാള്‍ ചോദിച്ചു. ലേശം ലജ്ജയോടെ അവള്‍ അച്ഛനമ്മമാരെ നോക്കി. അവരുടെ പുഞ്ചിരിയാര്‍ന്ന മൗനം സമ്മതമായെടുത്ത് അയാള്‍ അവളെ ആ കമ്മലണിയിച്ചു. ഡ്രസ്സിംഗ് റൂമില്‍ കണ്ണാടിയുടെ മുന്നില്‍ നിന്ന അവളുടെ പിന്നില്‍ ചേര്‍ന്നു നിന്ന് കൈവലയത്തിലാക്കി അയാള്‍ ചെവിയില്‍ മന്ത്രിച്ചു.

' എന്തു ഭംഗിയാണെന്റെ പെണ്ണിന്!

ശരീരമാസകലം പൂത്തുലഞ്ഞ് മുഗ്ദ്ധയായി മുഖം പാതിയുയര്‍ത്തി കണ്‍ കോണുകളാല്‍ അവളയാളെ നോക്കി പുഞ്ചിരി തൂകി നിന്നു.
പിറ്റേന്ന് കാണാമെന്ന് പറഞ്ഞ് കവിളിലൊന്ന് തലോടി ബൈക്ക് സ്റ്റാര്‍ട്ട് ചെയ്ത് നഗരത്തിരക്കിലേക്ക് ഊളിയിട്ട മനുഷ്യനാണ്.

ആശുപത്രിയില്‍ ICU വിന്റെ മുന്നിലെ വരാന്തയില്‍ നിശ് ചേതയായി നിര്‍വ്വികാരയായി വിദൂരതയില്‍ മിഴിനട്ട് അവളിരുന്നു. ഡോക്ടര്‍മാര്‍ വന്നും പോയുമിരുന്നു. അയാളുടെ അച്ഛനും സുഹൃത്തുക്കളും ആകുലരായി പാഞ്ഞു നടന്നു. മണിക്കൂറുക്കള്‍ക്കൊടുവില്‍ തനിക്കു ചുറ്റും കൂട്ടക്കരച്ചിലുയര്‍ന്നതും അമ്മ ചേര്‍ത്തു പിടിച്ചുറക്കെ കരഞ്ഞതും വിദൂരതയില്‍ മറ്റേതോ ഗ്രഹത്തില്‍ നിന്നെന്നവണ്ണം ശൂന്യമായ മനസ്സോടെ അവള്‍ കേട്ടിരുന്നു.

ദിവസങ്ങള്‍ കടന്നു പോയി. എണ്ണമറ്റ കൗണ്‍സിലിംഗുകള്‍, പ്രാര്‍ത്ഥനകള്‍. ഒടുവില്‍ മാസങ്ങള്‍ക്കു ശേഷം അവള്‍ ജീവിതത്തിലേക്കു തിരികെ മുടന്തിയെത്തി. 10 വര്‍ഷങ്ങള്‍ കൊഴിഞ്ഞിട്ടും ഇന്നും ഏതു വിശേഷങ്ങള്‍ക്കും സോമേട്ടന്റെ അദൃശ്യ സാന്നിദ്ധ്യമനുഭവിപ്പിക്കുന്ന, തിളക്കമറ്റ ആ കമ്മലുകള്‍ ചേര്‍ച്ചയൊന്നും നോക്കാതെ അവള്‍ കാതിലണിയുന്നു. ജീവന്റെ ജീവനായ ആ കമ്മലുകളാണ് ഇന്ന് ഈ വീടാകെ അരിച്ചുപെറുക്കിയിട്ടും കാണാതെ പോകുന്നത്.

നന്ദന്‍ അച്ഛന്റെ തെരഞ്ഞെടുപ്പായിരുന്നു. പൊടുന്നനെ വാര്‍ദ്ധക്യം ബാധിച്ച അച്ഛന്റ കണ്ണീരിനു മുന്നില്‍ തോറ്റ് പെണ്ണുകാണല്‍ മുതല്‍ താലികെട്ടു വരെ സുമ യാന്ത്രികമായി നിന്നു കൊടുത്തു. ആദ്യമാസങ്ങളിലെ ഹ്രസ്വവും ഏകപക്ഷീയവുമായ അധിനിവേശങ്ങള്‍ക്കൊടുവില്‍ ജനിച്ച മകള്‍. അവളുടെ മരവിച്ച യൗവ്വനതൃഷ്ണകളോട് നീതി പുലര്‍ത്താനാകാതെ ഉണര്‍ത്താനും സ്വയമുണരാനും മടിക്കുന്ന ഭര്‍ത്താവായി സ്വന്തം ശരീരവടിവുകളിലേക്കും ബിസിനസ് ടാര്‍ഗറ്റുകളിലേക്കും മടങ്ങിപ്പോയ പരാജിതനായ ഭര്‍ത്താവായി നന്ദന്‍. ഒരു കുരയ്ക്കടിയില്‍ ഉറങ്ങിയെങ്കിലും ഇടയില്‍ വളര്‍ന്ന മണ്‍പുറ്റുകളെ അലിയിക്കാനാകാതെ ഇരുഭാഗത്തു കൂടിയൊഴുകിയ നീര്‍ച്ചാലുകളിലുടെ, പരസ്പരം പങ്കുവക്കാതെ ബഹുദൂരം പിന്നിട്ട ദമ്പതികള്‍.

സുമ എഴുന്നേറ്റിരുന്നു ഓര്‍മ്മകളെ കുടഞ്ഞെറിഞ്ഞ് , വലിച്ചു വാരിയിട്ടതെല്ലാം പെറുക്കിയടുക്കി വച്ചു. സമയം ഒമ്പതാകുന്നു. പുറത്ത് കാറ്റും മഴയും നന്നായി തിമര്‍ക്കുന്നുണ്ട്. പിറ്റേന്ന് ധരിക്കാനുള്ള ഡ്രസ്സുകളെടുത്തു വച്ച് മോളെ ഭക്ഷണം കഴിപ്പിച്ച് നന്ദനുള്ളതെടുത്തു വയ്ക്കുമ്പോഴാണവള്‍ ശ്രദ്ധിച്ചത്. അയാള്‍ വീട്ടിലില്ല. കാറും കാണുന്നില്ല. ഈ രാത്രിയില്‍ കോരിച്ചൊരിയുന്ന മഴയത്ത്
എവിടെ പോയതാകും? പരസ്പരം പറഞ്ഞു തെറ്റുന്ന ദിവസങ്ങളില്‍ പതിവുള്ളതു പോലെ രാത്രി എപ്പോഴെങ്കിലും വന്നുകിടക്കുമായിരിക്കും. അവള്‍ വിളക്കുകളണച്ച് 4 മണിക്ക് അലാം മൊബൈലില്‍ സെറ്റു ചെയ്ത് മോളെ ചേര്‍ത്തു പിടിച്ച് കിടന്നു.

അലാമിന്റെ ഉണര്‍ത്തുപാട്ട് കേട്ടാണ് സുമ ഞെട്ടിയുണര്‍ന്നത്. നന്ദന്‍ അടുത്ത കട്ടിലില്‍ കിടക്കുന്നുണ്ട്. കുളി കഴിഞ്ഞ് ഡ്രസ്സിംഗ് ടേബിളിനരികിലെത്തി നോക്കുമ്പോഴതാ ഡ്രൈക്‌ളീന്‍ ചെയ്തു വച്ച സാരിക്കു മുകളില്‍ ഭീമയുടെ ചുവന്ന ഒരു ചെപ്പ്. ആകാംക്ഷയോടെ അവളതു തുറന്നു നോക്കി. വെല്‍വെറ്റില്‍ പൊതിഞ്ഞ നടുക്കു പച്ച കല്ലുവച്ച അതേ കമ്മല്‍. പക്ഷെ പുതുപ്പൊന്നിന്റെ മിന്നുന്ന തിളക്കം

പെട്ടെന്നൊരു തിരിച്ചറിവിന്റെ ഞെട്ടലോടെ അവള്‍ തിരിഞ്ഞ് നോക്കി. നെഞ്ചില്‍ കൈകള്‍ പിണച്ച് സ്വച്ഛന്ദമായി ഉറങ്ങുന്ന നന്ദനെ അവള്‍ ആദ്യമായി കാണുന്ന പോലെ നോക്കി നിന്നു.

ഈ പഴയ ഫാഷനിലുള്ള ഇതേ കമ്മലിനായി എറണാകുളം വരെ, ഇന്നലെ രാത്രിയിലെ തിമര്‍ത്തു പെയ്യുന്ന മഴയത്ത്, ശക്തമായ കാറ്റില്‍, എണ്‍പതോളം കിലോമീറ്റര്‍ വണ്ടിയോടിച്ച് . ഈശ്വരാ, ഈ മനുഷ്യന്‍!

മനസ്സിലൊരു ഇടം പോലും നല്‍കാതെ താന്‍ എന്നും പുറത്തു കാത്തിരുത്തിയ മനുഷ്യന്‍. ഒരുമിച്ച് ഒരു മുറിയില്‍ ശയിക്കുമ്പോഴും സോമന്റെ അദൃശ്യ സാന്നിദ്ധ്യത്തെ, ഓര്‍മ്മകളെ പടിയിറങ്ങാനനുവദിക്കാതെ അയാളുടെ എന്തു പ്രവൃത്തിയും സോമനുമായി താരതമ്യം ചെയ്ത് കുറവുകള്‍ കണ്ടെത്തി മനസ്സില്‍ നിരന്തരം പരാജയം വിധിച്ച ഈ മനുഷ്യന്‍.

അവഗണനകളേയും പുച്ഛത്തേയും പരിഹാസത്തേയും മറുവാക്കു പോലും പറയാതെ സ്വന്തം കുറവുകളറിഞ്ഞ് തന്റേതായ ലോകത്തിലേക്ക് സ്വയമൊതുങ്ങി വഴി മാറി നടന്ന ഈ മനുഷ്യന്‍!
അവള്‍ നിര്‍ന്നിമേഷയായി കട്ടിലിരുന്നു അനന്തരം ആത്മനിന്ദയോടെ, കുറ്റബോധം ഉരുകിയുതിര്‍ന്ന മിഴിനീരോടെ നന്ദന്റെ ശിരസ്സില്‍ വിരലോടിച്ചു. സാവധാനം നെഞ്ചില്‍ ശിരസ്സു ചായ്ച്ചു, ഉറുമ്പടക്കം പുണര്‍ന്നു.

' ഇഷ്ടമായോ കമ്മല്‍?
ഇരുകൈകളാലും അവളെ പൊതിഞ്ഞു പിടിച്ച് നന്ദന്‍ ചോദിച്ചു. അയാളുടെ ശബ്ദം ഇടറിയിരുന്നു.

ഒരു തേങ്ങലായിരുന്നു മറുപടി.
'നന്ദാ, പ്‌ളീസ്. സോറി നന്ദാ ' മിഴിനീരിനാല്‍ അയാളുടെ നെഞ്ച് നനച്ചു കൊണ്ട് തൊണ്ടയിലുരുണ്ടുകൂടിയ ഗദ്ഗദങ്ങള്‍ക്കിടയില്‍ അവള്‍ ഒരു വിധം പറഞ്ഞൊപ്പിച്ചു.
'അച്ഛനിപ്പൊ വരും, പോകണ്ടെ? അയാള്‍ അവളുടെ മൂര്‍ദ്ധാവില്‍ നുകര്‍ന്നുകൊണ്ട് ചോദിച്ചു.
' ങ്ങൂഹും.
നിഷേധാര്‍ത്ഥത്തില്‍ മൂളി അവളാ മാറില്‍ പറ്റിക്കിടന്നു
പച്ചക്കമ്മല്‍ (കഥ-നാരായണന്‍ രാമന്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക