Image

തീവ്രവാദികള്‍ കടല്‍ മാര്‍ഗം ആക്രമണം നടത്തും: മുന്നറിയിപ്പുമായി നാവികസേന അഡ്‌മിറല്‍

Published on 05 March, 2019
തീവ്രവാദികള്‍ കടല്‍ മാര്‍ഗം ആക്രമണം നടത്തും: മുന്നറിയിപ്പുമായി നാവികസേന അഡ്‌മിറല്‍
ദില്ലി: പുല്‍വാമ ഭീകരാക്രമണത്തിന്‌ പിന്നാലെ മുന്നറിയിപ്പുമായി നാവികസേന അഡ്‌മിറല്‍ സുനില്‍ ലാന്‍ബ. തീവ്രവാദികള്‍ കടല്‍ ഇന്ത്യയിലെത്തി ആക്രമണം നടത്താന്‍ സാധ്യതയുണ്ടെന്ന്‌ അദ്ദേഹം മുന്നറിയിപ്പ്‌ നല്‍കുന്നു. പുല്‍വാമയില്‍ ആക്രമണം നടത്തിയത്‌ തീവ്രവാദികളാണ്‌.

അവര്‍ക്ക്‌ എല്ലാ വിധ സഹായങ്ങളും നല്‍കി വളര്‍ത്തിയെടുക്കുന്നത്‌ ഒരു രാജ്യമാണെന്നും, അവര്‍ ഇന്ത്യയെ അസ്ഥിരപ്പെടുത്താന്‍ ശ്രമിക്കുകയാണെന്നും സുനില്‍ ലാന്‍ബ പറഞ്ഞു. പാകിസ്‌താന്റെ പേരെടുത്ത്‌ പറയാതെയായിരുന്നു വിമര്‍ശനം.

ഇന്ത്യയെ പലതരത്തില്‍ ആക്രമിക്കാനാണ്‌ ഭീകരവാദികള്‍ ശ്രമിക്കുന്നത്‌. ബാലക്കോട്ടിലെ വ്യോമാക്രമണത്തിന്‌ ശേഷം ഇതിനുള്ള സാധ്യത വര്‍ധിച്ചിരിക്കുകയാണ്‌. കടല്‍ മാര്‍ഗമാണ്‌ അതിനുള്ള സാധ്യത കാണുന്നത്‌. മുംബൈ ഭീകരാക്രമണം നടത്താന്‍ തീവ്രവാദികള്‍ എത്തിയത്‌ കടല്‍ മാര്‍ഗമായിരുന്നു. ഇന്ത്യന്‍ മത്സ്യബന്ധന ബോട്ട്‌ തട്ടിയെടുത്താണ്‌ ഇവര്‍ മുംബൈ തീരത്തെത്തിയത്‌. തുടര്‍ന്നാണ്‌ ഇന്ത്യയെ നടുക്കിയ ആക്രമണമുണ്ടായത്‌.

ലോകം തീവ്രവാദത്തിന്റെ പല രൂപങ്ങള്‍ കണ്ടുകൊണ്ടിരിക്കുകയാണ്‌. ചില രാജ്യങ്ങള്‍ മാത്രമാണ്‌ ഇതിന്റെ പിടിയില്‍ നിന്ന്‌ രക്ഷപ്പെട്ടത്‌. തീവ്രവാദം അടുത്ത കാലത്ത്‌ ആഗോള രീതിയാണ്‌ സ്വീകരിച്ചത്‌. ഇതോടെ ലോകരാജ്യങ്ങള്‍ക്കുള്ള ഭീഷണി വര്‍ധിച്ചതായും നാവികസേന അഡ്‌മിറല്‍ പറയുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക