Image

ജര്‍മനിയില്‍ കാര്‍ണിവല്‍ ആഘോഷത്തിന് കൊടിയിങ്ങി

Published on 05 March, 2019
ജര്‍മനിയില്‍ കാര്‍ണിവല്‍ ആഘോഷത്തിന് കൊടിയിങ്ങി
 
ബര്‍ലിന്‍: ജര്‍മനിയിലെ ഏറ്റവും വലിയ ആഘോഷങ്ങളിലൊന്നായ കാര്‍ണിവലിന് കൊടിയിറങ്ങി. ആഘോഷത്തിന്റെ പ്രധാന ദിനമായ തിങ്കളാഴ്ച (റോസന്‍ മോണ്ടാഗ്) ജര്‍മനിയിലാകെ പ്രത്യേകിച്ച് തെക്കും മദ്ധ്യത്തിലും, വടക്കും പ്രദേശങ്ങളില്‍ നടന്ന കാര്‍ണിവല്‍ പരേഡുകളിലെല്ലാം പ്രകടമായത് ആക്ഷേപ ഹാസ്യത്തിന്റെ മുകുടോദാഹരണങ്ങളായിരുന്നു. 

ബ്രക്‌സിറ്റ്, പരിസ്ഥിതി നശീകരണം, ആഗോള താപനം, യൂറോപ്യന്‍, ജര്‍മന്‍ രാഷ്ട്രീയം, യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെതിരായ നിശിത വിമര്‍ശനങ്ങള്‍ തുടങ്ങി തികച്ചും ചിന്തിപ്പിക്കുന്നതും പരിഹാസം നിറഞ്ഞതുമായ ഫ്‌ളോട്ടുകള്‍ ഉള്‍പ്പെടുത്തിയ പരേഡില്‍ എങ്ങും ഉയര്‍ന്നതും മുഴങ്ങിയതും ലോകത്തിലെ ആനുകാലിക വിഷയങ്ങളായിരുന്നു. ജര്‍മന്‍, പോളണ്ട്, ഹംഗറി നേതാക്കള്‍, ട്രംപ് എന്നിവരായിരുന്നു എല്ലാ പരേഡുകളിലും പ്രധാന ഇരകള്‍. 

കാര്‍ണിവല്‍ സമയത്തു മാത്രമാണ് മാന്യമായ സമൂഹം എന്ന ചട്ടക്കൂടൊക്കെ വിട്ട് ജര്‍മന്‍ ജനത ആക്ഷേപഹാസ്യം സകല പരിധികളും ലംഘിച്ച് പുറത്തുവരാറുള്ളത്.

കൊളോണില്‍ നടന്ന ആഘോഷത്തിന്റെ ഭാഗമായ പരേഡിലെ 70 ഓളം വരുന്ന വിവിധ ഫ്‌ളോട്ടുകളിലായി ട്രംപ് പലതരത്തില്‍ ആക്രമിക്കപ്പെടുന്ന കാഴ്ചയാണ് നിറഞ്ഞത്. ഫ്രഞ്ച് പ്രസിഡന്റ് മാക്രോണിനെയും ഇറ്റലിയിലെ തീവ്രപക്ഷ നേതാക്കളെയും കത്തോലിക്കാ സഭയിലെ ലൈംഗീക ചൂഷണങ്ങളെയും ഒക്കെ പരിഹസിക്കുന്ന ഫ്‌ളോട്ടുകളും പ്രത്യക്ഷപ്പെട്ടിരുന്നു. ചാന്‍സലര്‍ ആംഗലാ മെര്‍ക്കലും ഭരണത്തിന്റെ വൈകല്യവും പൊതുസമൂഹത്തിന്റെ ശ്രദ്ധ ക്ഷണിക്കുന്ന ഇനങ്ങളായി.

കൊളോണ്‍ കാര്‍ണിവല്‍ എന്നും ലോകപ്രശസ്തമാണ്. പരേഡില്‍ ഏതു വലിയ വ്യക്തിയെയും ശക്തമായി വിമര്‍ശിക്കുക എന്നത് കാലങ്ങളായി തുടര്‍ന്നുപോരുന്ന രീതിയാണ് ഇത്തവണയും ആഘോഷക്കാര്‍ സ്വീകരിച്ചത്. ചാന്‍സലര്‍ ആംഗല മെര്‍ക്കലും അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപും ഇസ് ലാമിക് സ്‌റ്റേറ്റ് ഭീകരര്‍ വരെ പരേഡില്‍ ദൃശ്യവത്കരിക്കപ്പെട്ട വിഷയങ്ങളായി.

കുടിയേറ്റവും അഭയാര്‍ഥി പ്രവാഹവുമൊക്കെ കാര്‍ണിവലില്‍ മുഖ്യവിഷയങ്ങളായി തെളിഞ്ഞു നിന്നത് ഏറെ ആകര്‍ഷകമായി. പതിവുള്ള കോമാളി വേഷങ്ങളും മാലാഖ വേഷങ്ങളുമെല്ലാം ഇക്കുറിയും ഉണ്ടായിരുന്നു. ഞായറാഴ്ചത്തെയും തിങ്കളാഴ്ചത്തെയും കാര്‍ണിവല്‍ പരേഡ് ഇതിന് ഉത്തമ ഉദാഹരണമാണ്. 

ഇത്തവണ കാലാവസ്ഥ കുറെ നേരത്തേയ്ക്ക് സൗഹൃദമായിരുന്നില്ലെങ്കിലും പരേഡില്‍ ഫ്‌ളോട്ടുകളും പങ്കെടുത്തവരും ഏറെയായിരുന്നു. രാവിലെ 10 ന് ആരംഭിച്ച പരേഡ് വൈകുന്നേരം അഞ്ചു വരെ നീണ്ടു. ഓരാന്ത്യം മുതല്‍ ഏതാണ്ട് 10 ലക്ഷത്തോളം പേരാണ് പരേഡ് കാണാന്‍ എത്തയത്. അനിഷ്ടസംഭവങ്ങള്‍ ഒന്നും തന്നെ ഉണ്ടായില്ല. കനത്ത സുരക്ഷാ വലയത്തിലായിരുന്നു ആഘോഷം. കൊളോണില്‍ തന്നെ 2000 ഓളം സായുധരായ പോലീസുകാര്‍ യന്ത്രത്തോക്കുമായി കാവലുണ്ടായിരുന്നു. ഇക്കുറി പഴുതടച്ച കനത്ത സുരക്ഷയാണ് ആഘോഷത്തിനായി സര്‍ക്കാര്‍ ഒരുക്കിയത്.

കൊളോണില്‍ മാത്രമായി നഗരത്തിലെ റോഡുകളിലൂടെ ഏഴു കിലോ മീറ്ററര്‍ ദൂരത്തിലാണ് പരേഡ് കടന്നുപോയത്. പരേഡില്‍ 11,000 പേരാണ് പങ്കെടുത്തത്. ഇതില്‍ മൂന്നിലൊന്നു ഭാഗം വനിതകളാണ്. ഇത്തവണ സുരക്ഷാ കാണങ്ങളാല്‍ കുതിരകളെയും, വലിയ ഫ്‌ളോട്ടുകളെയും, ജര്‍മന്‍ പതാകയും പരേഡില്‍ നിന്ന് ഒഴിവാക്കിയിരുന്നു. 100 ഓളം ബാന്റ് സെറ്റുകള്‍ സംഗീതം ആലപിച്ചു. വിവിധ തരത്തിലുള്ള 300 ടണ്‍ ചോക്ലേറ്റുകള്‍ വിതരണം ചെയ്യപ്പെട്ടു.രണ്ടര ലക്ഷം പൂക്കുലകള്‍ വാരി വിതറപ്പെട്ടു. ആഘോഷത്തിന്റെ മൊത്തം ചെലവ് ഏതാണ്ട് മൂന്നു മില്യണ്‍ യൂറോയാണ്. പരേഡില്‍ പങ്കെടുക്കുന്നവര്‍ക്ക് സര്‍ക്കാരാണ് ചെലവു വഹിക്കുന്നത്. വിവിധ സംഘടനകള്‍, സ്‌പോര്‍ട്‌സ് ക്ലബുകള്‍ അങ്ങനെ കൂട്ടായ്മയുടെ വലിയൊരു ആഘോഷം കൂടിയാണ് കാര്‍ണിവല്‍.

കുറച്ചു നേരത്തേയ്ക്ക് കാലാവസ്ഥ പ്രതികൂലമായെങ്കിലും ജനങ്ങളുടെ ആഘോഷത്തിമിര്‍പ്പ് അല്‍പ്പംപോലും അലോസരപ്പെടുത്തിയില്ല. കാര്‍ണിവല്‍ സീസണിലെ പരന്പരാഗത റോസന്‍മൊണ്ടാഗ് പരേഡുകള്‍ കൊളോണ്‍ കൂടാതെ മൈന്‍സ് ഡ്യൂസല്‍ഡോര്‍ഫ്, എസന്‍, ഹാംബുര്‍ഗ്, ട്രിയര്‍, ഫ്രാങ്ക്ഫര്‍ട്ട് തുടങ്ങിയ നഗരങ്ങളിലാണ് പ്രധാനമായും ആഘോഷം നടന്നത്. കനത്ത മഴയും കാറ്റും പ്രവചിച്ചിരുതുപോലെതന്നെ ഉണ്ടായി. മഴനനഞ്ഞ് ആടിയും പാടിയും ഉല്‍സവലഹരിയില്‍ ആഘോഷം പൊടിപൂരമാക്കും എന്നതാണ് ജര്‍മന്‍കാരുടെ ശൈലി. 

ജര്‍മന്‍ സംസ്‌കാരത്തിന്റെ തന്നെ ഭാഗമാണ് കാര്‍ണിവലുകളും അതോടനുബന്ധിച്ചു നടത്തുന്ന പരേഡുകളും. ഓരോ കാര്‍ണിവലും തുടക്കക്കാര്‍ക്ക് എന്നും പുതിയ പാഠങ്ങളുമാണ്. അങ്ങനെയൊരു പ്രധാന പാഠമാണ്, കാര്‍ണിവലിനു വേഷം കെട്ടാതെ ആഘോഷത്തിനായി തെരുവിലിറങ്ങിയാല്‍ ഒറ്റപ്പെടുമെന്നുള്ളത്. വരുന്നവരില്‍ ഭൂരിപക്ഷവും ഏതെങ്കിലും തരത്തില്‍ വിചിത്ര വേഷധാരികളായിരിക്കും.

കാര്‍ണിവലിന് ഒഴിച്ചുകൂടാന്‍ കഴിയാത്തതാണ് ശുദ്ധമായ ജര്‍മന്‍ ബിയര്‍. എന്നാല്‍, കൊളോണ്‍ കാര്‍ണിവലില്‍ ഉപയോഗിക്കുന്നത് പരന്പരാഗത ബിയര്‍ മഗ്ഗുകളല്ല, മറിച്ച് 200 മില്ലിലിറ്റര്‍ മാത്രമുള്ള ചെറിയ ഗ്ലാസുകളും, ചെറിയ കുപ്പികളുമാണ്.

ഇവിടെ കേള്‍ക്കുന്ന പാട്ടുകള്‍ വരുന്ന എല്ലാവര്‍ക്കും മനസിലാകണമെന്ന് ഒരു നിര്‍ബന്ധവുമില്ല. പക്ഷേ, ഒന്നുറപ്പാണ്, അവ ഓരോ സന്ദര്‍ശകന്റെയും സിരകളില്‍ ആവേശതാളം നിറയ്ക്കുന്നതായിരിക്കും. അതു ബീയറിലെ ലഹരിപോലെ ശരീരത്തിലേക്ക് തീര്‍ത്തും ആവാഹിക്കപ്പെടുകയും ചെയ്യും.രാഷ്ട്രീയമായ ശരികള്‍ക്ക് ഇവിടെ പ്രസക്തിയില്ല. ലോകോത്തര നേതാക്കള്‍ പോലും ഹാസ്യ രൂപത്തില്‍ ദൃശ്യവത്കരിക്കപ്പെടുന്നതും സ്വാഭാവികമാണ്. ഇക്കൊല്ലത്തെ വിഭൂതി ദിവസത്തിന്റെ തലേന്ന് അതായത് ചൊവ്വാഴ്ച വൈകിട്ട് കാര്‍ണിവലിന് കൊടിയിറങ്ങി.

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക