Image

കോ ഓര്‍ഡിനേഷന്‍ ഫോറം ഫോര്‍ ഇന്ത്യന്‍ ഓര്‍ഗനൈസേഷന്‍സ് കുവൈറ്റിനു തുടക്കം കുറിച്ചു

Published on 05 March, 2019
കോ ഓര്‍ഡിനേഷന്‍ ഫോറം ഫോര്‍ ഇന്ത്യന്‍ ഓര്‍ഗനൈസേഷന്‍സ് കുവൈറ്റിനു തുടക്കം കുറിച്ചു

കുവൈത്ത്: എല്ലാ ഇന്ത്യന്‍ സംഘടനകള്‍ക്കും വേണ്ടി ആതുര സേവന രംഗത്തെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ കോ ഓര്‍ഡിനേഷന്‍ ഫോറം ഫോര്‍ ഇന്ത്യന്‍ ഓര്‍ഗനൈസേഷന്‍സ് എന്ന പേരില്‍ ഒരു ഫോറം സാരഥി കുവൈറ്റ് ഇന്ത്യ ഫെസ്റ്റ് 2019 വേദിയില്‍ തുടക്കം കുറിച്ചു. 

ആരോഗ്യമേഖലയില്‍ ഭയാനകമാകും വിധം വര്‍ധിച്ചു വരുന്ന കാന്‍സര്‍ രോഗികള്‍ക്കിടയിലും, വിവിധങ്ങളായ അവയവ ദൗര്‍ലഭ്യം മൂലം അകാലത്തില്‍ മരണമടയുന്ന അസംഖ്യം രോഗികള്‍ക്കു കൈത്താങ്ങാകുന്നതിനും വേണ്ടിയുമായിരിക്കും ഇപ്പോള്‍ ശ്രദ്ധകേന്ദ്രീകരിക്കുക. ആതുര സേവന രംഗവുമായി ബന്ധപ്പെട്ട് ഭാരതീയര്‍ക്കു വേണ്ട സേവനങ്ങള്‍ ജാതി മത ഭാഷാസംസ്ഥാന വ്യത്യാസം ഇല്ലാതെ ദ്രുതഗതിയില്‍ ലഭ്യമാക്കാന്‍ വിവിധ സംഘടനകളുടെ പൊതുവായ ഒരു വേദി സജ്ജമാക്കാനുള്ള കാരണവും ഉദ്ദേശ്യങ്ങളും വിവിധ സംസ്ഥാനങ്ങളിലെ സാമൂഹികസംസ്‌ക്കാരിക സംഘടനകളെ അണിനിരത്തിയ സമ്മേളനത്തില്‍ അതിനായി ഏകോപനവും നേതൃത്വവും വഹിച്ച സാരഥി അഡ്വൈസറി ബോര്‍ഡ് അംഗവും സാമൂഹികപ്രവര്‍ത്തകനുമായ കെ.പി. സുരേഷ് വിശദീകരിച്ചു. 

കുവൈത്ത് കാന്‍സര്‍ സെന്ററിലെ ഡോ. ജാസിം അല്‍ ബറാക് (ചെയര്‍മാന്‍, മെഡിക്കല്‍ ഓണ്‍കോളജി,ഗഇഇ), ഡോ. അന്‍വര്‍ അല്‍ നൂരി (വൈസ് പ്രസിഡന്റ്, സിട്ര ക്ലിനിക്,ഗഇഇ), ഡോ. സുശോവന സുജിത് നായര്‍ (മെഡിക്കല്‍ ഓണ്‍കോളജി,ഗഇഇ), ഡോ. മുസ്തഫ അല്‍ മുസാവി (ചെയര്‍മാന്‍ ഓര്‍ഗന്‍ ട്രാന്‍സ്പ്ലാന്റ് സെന്റര്‍) എന്നിവരുമായി നടത്തിയ ചര്‍ച്ചകള്‍ക്ക് ഒടുവിലാണ് ഭാരതീയര്‍ക്കുവേണ്ടി ജാതി മത രാഷ്ട്രീയ സാംസ്‌കാരിക പ്രാദേശികവും പ്രൊഫഷണല്‍ മേഖലകളെ പ്രതിനിധീകരിച്ചു വെവേറെ പ്രവര്‍ത്തിക്കുന്ന വിവിധ സംസ്ഥാന സംഘടനകളെ യോജിപ്പിച്ചുകൊണ്ടുള്ള ഒരു ഫോറം ഉണ്ടായാല്‍ നന്നായിരിക്കും എന്ന ആശയം രൂപം കൊണ്ടത്.

പൊതുവായ ഇന്‍ഫര്‍മേഷന്‍ കോഓര്‍ഡിനേഷന്‍ സംവിധാനം ഉപയോഗിക്കാന്‍ കഴിഞ്ഞാല്‍ അതുമൂലം പൊതുവായ ശ്രദ്ധയില്‍ പെടാത്ത പ്രവാസികളുടെ ദുരിതങ്ങള്‍ക്ക് അതാതു സംഘടനകളുടെ തന്നെ നേതൃത്വത്തില്‍ സഹായിക്കാന്‍ സാധിക്കും. ഈ ഫോറത്തില്‍ കുവൈത്തിലെ എല്ലാ ഭാരതീയ സംഘടന പ്രസിഡന്റുമാരോ അവര്‍ നിര്‍ദേശിക്കുന്ന വ്യക്തികള്‍ മെംബേര്‍സ് ആയിട്ടുള്ള ഒരു സംവിധാനം ആയിരിക്കും ഉണ്ടാകുക. ഈ ഫോറത്തില്‍ ലഭ്യമാകുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഓരോ സംഘടനയും സ്വതന്ത്രമായ സംഘടന തീരുമാനങ്ങള്‍ക്ക് വിധേയമായി ദുരിതം അനുഭവിക്കുന്ന ഭാരതീയര്‍ക്കു സഹായം ലഭ്യമാക്കാം. ഒട്ടനവധി പ്രമുഖ മലയാളി സംഘടനകളും വ്യക്തികളും ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നുത് ദക്ഷിണേന്ത്യക്കാര്‍ക്കു ഗുണം ചെയ്യുന്നുണ്ട് എങ്കിലും ബഹുപൂരിപക്ഷം ഭാരതീയര്‍ക്ക് ഈ സഹായം എത്തിച്ചേരുന്നില്ല. ഈ വസ്തുതകളുടെ വെളിച്ചത്തില്‍ ഇന്ത്യയിലെ 14സംസ്ഥാനങ്ങളെ പ്രതിനിധീകരിച്ചുള്ള വിവിധ സംഘടനാ പ്രസിഡന്റുമാര്‍ അദ്ധ്യക്ഷരാകുന്ന ഈ സ്വതന്ത്ര ഫോറം കുവൈത്തിലെ ആദ്യത്തെ സംരംഭമാണ്.

ദേശീയ ദിനത്തിനോടനുബന്ധിച്ച് ഫെബ്രുവരി 25ന് സാരഥി കുവൈറ്റ് നടത്തിയ ഇന്ത്യഫെസ്റ്റ്2019 വേദിയില്‍ ഇതിന്റെ ഔപചാരിക ഉദ്ഘാടനം ഡോ. ജാസിം അല്‍ ബറാക്(ചെയര്‍മാന്‍, മെഡിക്കല്‍ ഓണ്‍കോളജി, ഗഇഇ) നിര്‍വഹിച്ചു. ഈ ഒരു ആശയം നടപ്പില്‍ വരുത്താന്‍ തുടക്കം മുതല്‍ കൂടെ ഉണ്ടായിരുന്ന പ്രശസ്ത കാന്‍സര്‍ രോഗ വിദഗ്ധ ഡോ. സുശോവന സുജിത് നായര്‍ക്ക് നന്ദി പറയുകയും അതോടൊപ്പം ഈ ഫോറം രൂപീകരിക്കാന്‍ മുന്‍കൈ എടുത്ത സാരഥി കുവൈറ്റ് പ്രവാസലോകത്തിനു മാതൃകയാണെന്നും പറഞ്ഞു.

കുവൈത്തിലെ ആശുപത്രികളില്‍ ചികിത്സക്ക് എത്തുന്ന സാധാരണക്കാരായ ഇന്ത്യാക്കാര്‍ ഭാഷാ പ്രശ്‌നം കാരണം ഡോക്ടറും രോഗിയും തമ്മിലുള്ള ആശയവിനിമയം പ്രയാസകരമാകുകയും രോഗനിര്‍ണയത്തിനും അടിയന്തര ചികിത്സയ്ക്കും കാലതാമസം നേരിടുകയും ചെയ്യുന്നു. പലപ്പോഴും ഈ സ്ഥിതി രോഗിയുടെ ജീവന്‍ അപഹരിക്കുന്ന അവസ്ഥയില്‍ പോലും എത്തിച്ചേരാറുണ്ട്. അതുപോലെ തന്നെ അത്യാവശ്യം വേണ്ട വേദന സംഹാരികള്‍ വാങ്ങുവാനും പ്രധാന മെഡിക്കല്‍ ടെസ്റ്റുകള്‍ നടത്തുവാനും വേണ്ട സാമ്പത്തിക സഹായം കിട്ടാതെ വലയുന്ന ഒട്ടനവധി ഭാരതീയര്‍ ഇവിടുത്തെ സംഘടനകളുടെ കണ്ണില്‍ പെടാതെ കഴിയുന്നുണ്ട്. കുവൈത്ത് ഗവണ്‍മെന്റ് അനുവദിച്ചിട്ടുള്ള ഫണ്ട് അര്‍ഹരായവര്‍ക്ക് ലഭ്യമാക്കുന്നതിനും അതുകൂടാതെ വരുന്ന ആവശ്യങ്ങള്‍ക്കുള്ള ഫണ്ട് മറ്റു മാര്‍ഗങ്ങള്‍ കണ്ടെത്തി സഹായിക്കുന്നതിനും ദ്വിഭാഷികളുടെ സേവനം ഉറപ്പു വരുത്താനും പൊതുജനാരോഗ്യ കാര്യങ്ങളില്‍ ബോധവത്കരണം നടത്തുന്നതിനും ഈ സ്വതന്ത്ര ഫോറം പ്രവര്‍ത്തിക്കുന്നതാണ്. 

ഡോ. ജാസിം അല്‍ ബറാക് (ചെയര്‍മാന്‍, മെഡിക്കല്‍ ഓണ്‍കോളജി ഡിപ്പാര്‍ട്ട്‌മെന്റ്, കുവൈറ്റ്), ഡോ.മുസ്തഫ അല്‍ മുസാവി (ചെയര്‍മാന്‍ഓര്‍ഗന്‍ ട്രാന്‍സ്പ്ലാന്റ് സെന്റര്‍, കുവൈറ്റ്) എന്നിവര്‍ സംസാരിച്ചു. സാരഥി പ്രസിഡന്റ് സുഗുണന്‍.കെ.വി, സാരഥി ട്രസ്റ്റ് ചെയര്‍മാന് സുരേഷ്.കെ, ഇന്ത്യന്‍ സെന്‍ട്രല്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ശാന്താ മറിയം, യുണൈറ്റഡ് ഇന്ത്യന്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ അജിത്, എന്‍. എസ്. ജയകുമാര്‍, ദൃശ്യ പത്ര മാധ്യമ പ്രതിനിധികള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.സജീവ് നാരായണന്‍ നന്ദി പറഞ്ഞു. 

കുവൈറ്റിലെ പ്രമുഖ ഇന്ത്യന്‍ സംഘടനകളുടെ പ്രസിഡന്റ്മാരും പ്രധാന നേതാക്കളും പങ്കെടുത്ത യോഗത്തില്‍ അസാം അസോസിയേഷന്‍, ബംഗാളി കള്‍ച്ചറല്‍ സൊസൈറ്റി, മഹാരാഷ്ട്ര മണ്ഡല്‍, ബില്ലവ സംഘ കുവൈറ്റ് & കുവൈറ്റ് കന്നഡകൂട്ട(കര്‍ണാടക), മൗര്യ കല സമിതി (ബീഹാര്‍& ജാര്‍ഖണ്ഡ്), ഫ്രണ്ട് ലൈനെര്‍സ് അസോസിയേഷന്‍ (തമിഴ്‌നാട്), കലമോഗൈ കുവൈറ്റ് (ഗോവാ), രാജസ്ഥാനി ദര്‍പ്പന്‍ അസോസിയേഷന്‍, സമര്‍പ്പന്‍ ഗുജറാത്ത്, തെലുഗു കലാസമിതി, തെലുങ്കാന ജാഗൃതി സമിതി, ബ്ലഡ് ഡോണേഴ്‌സ് കേരളാ, സാന്ത്വനം, കേരളാ അസോസിയേഷന്‍, കുവൈറ്റ് കെ എംസിസി, അര്‍പ്പണ്‍ കുവൈറ്റ്, വെല്‍ഫെയര്‍ കേരളാ, എന്‍എഎഫ്ഒ, ്എന്‍.എസ്എസ്, നിലാവ്, തനിമ തുടങ്ങി 36ഓളം സംഘടനകള്‍ സാന്നിധ്യം വഹിച്ചു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക