Image

നാഥാ.... മൃതയാമീ ദാസിക്കേകണമാശ്വാസം (ബെന്നി ന്യൂജേഴ്സി)

Published on 05 March, 2019
നാഥാ.... മൃതയാമീ ദാസിക്കേകണമാശ്വാസം (ബെന്നി ന്യൂജേഴ്സി)
(ഇടയനാല്‍ കാലിടറി ആത്മഹൂതി ചെയ്ത എന്റെ ഗ്രാമത്തില്‍ വളര്‍ന്ന ഒരു നിഷ്‌ക്കളങ്ക പെണ്‍കുട്ടിയുടെ നീറുന്ന ഓര്‍മ്മയില്‍..)

വ്യാസന്‍ ചിരിക്കുന്നു..
ശതകോടി വര്‍ഷങ്ങളകലെ അമീബയില്‍
കുറിച്ചിട്ട കാമനത്തിന്‍ കോഡുകള്‍
വായിച്ചെഴുതിയോ മുനി.

വായുപുത്രന്റെ ഊഴം തെറ്റിക്കുവാന്‍
അര്‍ജുന മാറിന്റെ തുടിപ്പിന്‍ അതിമോഹത്താല്‍
പറഞ്ഞുവിട്ടു, പാഞ്ചാലീ
'കല്യാണസൗഗന്ധിക പൂവ് എവിടെന്നായാലും
കൊണ്ടുവന്നു തരണം'....
നീയന്നു ഭീമന്റെ പൗരുക്ഷ്യത്തില്‍
തീക്കനല്‍ വാരി വിതച്ചു......

ഇന്നുമീ നൂറ്റാണ്ടില്‍ ഭൂതലത്തിലൊരു കോണില്‍
വാട്ടസ്ആപ്പില്‍ പരീശന്റെ
ഉത്തമഗീത മാന്ത്രോച്ചാരണം ഒഴുകിയെത്തുന്നു.
കഠിന താപസനാം 'ബാവാ'യുടെ പുണ്യ കബറിങ്കല്‍
നൊയമ്പു നോറ്റു ഭജനമിരിക്കും സായാഹ്നത്തിലും
ഐഫോണില്‍... 'വീഡിയോ ചാറ്റില്‍ വരൂ, പ്രിയേ'..
കുഞ്ഞാടവളുടെ ഉള്ളൊന്നാളി പ്രേമപരവശത്താല്‍...

വേദഗ്രന്ഥം പിഠിപ്പിച്ചു പഠിപ്പിച്ചു
കുമ്പസ്സാരക്കൂട്ടില്‍ തളച്ചിട്ടു
കല്യാണസൗഗന്ധികം തേടി പറഞ്ഞു വിടുവാന്‍
സാരോപദേശത്തില്‍ ചൊല്ലിക്കൊടുത്തു
കുടുംബ മതിലിനുള്ളില്‍ നുഴഞ്ഞു കയറി പരീശന്‍..

തളര്‍ന്നുറങ്ങും ഇണയെ സാമര്‍ഥ്യമായീ
സ്‌നേഹാഭിനയത്തിന്‍ ചതിയില്‍ പുതപ്പിച്ച്
താരാട്ടു പാടി മയക്കി കിടത്തി
അടുക്കള വാതില്‍ മെല്ല തുറന്നു
കാമദേവനാം പൂജാരിതന്‍
മായാജാല മാന്ത്രോച്ചാരണത്തില്‍
മയങ്ങി, മന്ദം മന്ദം.... പടിവാതില്‍ ചാരി
തിരികെ തിരിഞ്ഞു നോക്കാതെ നീ ....

പ്രപഞ്ചത്തിന്‍ സൗരഭ്യം ഇറ്റിറ്റായീ
ഒഴിച്ചുതാരമെന്ന വാഗ്ദാനവുമായീ
വാരിയെടുത്തു പുണര്‍ന്നു പൂജാരി....
താലിയെടുത്തു തഴുകി ചൊല്ലി
'ഓമനേ, ഈ താലി വെറും കാപട്യം
ഞങ്ങള്‍ വാഴ്ത്തിക്കൊടുക്കുമീ താലി
വെറുമൊരു കപടച്ചങ്ങല...
താലി കെട്ടിച്ചു കൊടുക്കും ഞങ്ങള്‍ക്കറിയാം
അതെങ്ങിനെ പൊട്ടിക്കണമെന്നും
പ്രിയേ, രമിക്കാം, പൗര്‍ണ്ണമി രാവിന്ന്
ചന്ദ്രികയാല്‍ മൂടി പുതച്ചുറങ്ങാം മട്ടുപ്പാവില്‍,
വായുപുത്രന്‍ തിരികെയെത്തുവാന്‍ കാലമിനിയുമെത്രയോ!
ഞാനൊന്നു പൊട്ടിച്ചിരിക്കട്ടെ..
കിണ്ടിയില്‍ മധു നിറച്ചു, വരാന്തയില്‍ പൂജക്കായീ,
നിന്‍ വാമഭാഗം എന്നെ എതിരേറ്റതു കണ്ടില്ലേ, ഓമനേ'

ഒമര്‍ഖയ്യാം ചിരിക്കുന്നു..
ആയിരം പാദസ്വരങ്ങള്‍ കിലുക്കി,
അന്ത:പ്പുരത്തിലേക്കു കാമസ്വരൂപനെ ആനയിച്ചവള്‍..
ഹൃത്തില്‍ ഉന്മാദമുണര്‍ത്തും ഗീതവുമായീ
സുറിയാനി മന്ത്രമോഹവലയത്തില്‍ മയക്കി
ഹൃദയലോലയാം നിന്നെ...
വാഴ്ത്തിക്കൊടുത്ത താലികള്‍ യാഗാഗ്‌നിയില്‍ വെന്തുരുകുന്നു....
വളപൊട്ടുകള്‍ യാഗശാല ചുറ്റും ചിതറി കിടക്കുന്നു

ഉടലുകള്‍ തന്‍ രാസലയ ഉന്മാദ നൃത്തം
നെഞ്ചോളമുള്ള താടിയില്‍ വിരലുകള്‍ തലോടി
കാമഗ്‌നിയില്‍ ജ്വലിക്കുന്ന കണ്ണുകള്‍ നോക്കി
മടിയില്‍ കിടന്നവള്‍ ഓതീ...
'മധുചഷകം നിറ നിറ...വിണ്ടും നിറ നിറ... നുകരാം
ആവോളം... പാനപാത്രം നിറ നിറ....
കൊണ്ടുപോകൂ....... കാണാത്ത തീരങ്ങളില്‍.... മാമലകള്‍... ഹവ്‌സ് ബോട്ടുകള്‍....
കണ്ടട്ടില്ല ഞാന്‍ സുന്ദര ലോകങ്ങള്‍...
സ്വപ്നകോവളം..... ബീച്ചിലൊരുമിച്ചിരിന്നു.....
നാണമാകുന്നു മുഴുവന്‍ പറയാന്‍.....
സൂര്യനസ്തമിക്കുന്ന മഹാത്ഭുത കന്യാകുമാരി.........................
ശീതമലകള്‍... വെള്ളച്ചാട്ടങ്ങള്‍...
തളര്‍ന്നുറങ്ങുന്ന അതിയാനോട് പറയാം
'അച്ചന്റെ കൂടെ സമാജക്കാര്‍ പുണ്യസ്ഥലങ്ങളില്‍
തീര്‍ത്ഥാടനം .........................
മുഖപുസ്തക ഭ്രാന്തന്‍ ... അവനാ 'ലൈക്കി'ന്റെ കണക്കില്‍ കുടുങ്ങിക്കിടക്കുന്നു..
കാണണമെനിക്ക് സുര്യനെ ചന്ദ്രനെ......
പറക്കാം, അങ്ങിന്റെ ചിറകിലൊട്ടിക്കിടന്നു ..... '

ഉത്തമഗീത സംഗ്രഹം സുറിയാനിയില്‍ ചൊല്ലിയവന്‍..
നിത്യജീവന്റെ പുതുവെളിച്ചത്തിന്‍
ഉന്മാദ കവിതകള്‍ ചൊല്ലി രസിച്ചു നീ..

ക്ഷണഭംഗുരമാം ആനന്ദ ഹര്‍ഷത്തില്‍
മാദക പുഷ്പ്പം വിതറിയ ശയ്യയില്‍
താമരച്ചോലതന്‍ തീരത്തു
ഉള്ളിലെ മോഹത്തിനെ ഊതി ഊതി കത്തിച്ചീ
കപട യോഗിതന്‍ ധാര്‍മികത...

കാലന്‍ ചിരിക്കുന്നു ....
ആത്മഹൂതിചെയ്തയെന്‍ കുഞ്ഞു പെങ്ങളെ
ഒരു തുള്ളി കണ്ണീരാ കബറിങ്കല്‍ പൊഴിക്കുന്നു ഞാന്‍.

താടകയല്ല നീ എന്നറിയാമെങ്കിലും
താലിപൊട്ടിക്കുവാന്‍ ഏതോ ദൗര്‍ബല്യ യാമത്തില്‍
നിന്നു കൊടുത്തു നീ
പൂജാപുഷ്പത്തെ ചവിട്ടിയരച്ചു കശക്കിയെറിഞ്ഞു
അഞ്ചു മുഴം കയറില്‍ നീ
കപടമാം ഈ സമൂഹത്തിന്‍
മന:സ്സാക്ഷിയില്‍ തൂങ്ങിക്കിടക്കുന്നു...
ഞരമ്പു തളര്‍ന്ന കെട്ടുതാലി
നരകാഗ്‌നിയില്‍ ഉരുകിയുരുകി തീര്‍ന്നു.

വന്നവര്‍ വന്നവര്‍ മൂക്കില്‍ വിരല്‍ വെച്ചു,
'ഒരൊറ്റ നൊയമ്പും വിടാതെ നോക്കിയിരുന്നവള്‍
എത്ര നല്ല ഇടവകക്കാരീയാര്‍ന്നു.....
എന്നും പുലര്‍കാലേ പള്ളിയില്‍ കുടുംബമായീ
എത്തി കുര്‍ബ്ബാന സ്വീകരിക്കുന്നവള്‍..
എന്ത് പറ്റിയോ ഈ കുഞ്ഞിന്.. ആരോ ചതിച്ചോ!... '

അന്ത്യകര്‍മ്മം... മരണത്തിന്‍ മണിമുഴക്കം.....
കറുത്ത കുപ്പായമിട്ടു പരീശനെത്തി
കുഞ്ഞാടുകളുടെ പരിവേദനം നാലുപാടും..
ഉള്ളില്‍ ഊറി ഊറി ചിരിച്ചവന്‍
'ഊറിയാവിന്റെ കുതികാല്‍ ചവിട്ടിയ
ദാവീദിന്‍ ഗോത്രമാ ഞങ്ങള്‍... പഠിപ്പിച്ചിരുന്നല്ലോ 2 ശമൂവേല്‍ പതിനൊന്ന്.....'
ഹോ... കൈകളില്‍ ചോര.....
കൈലേസു മുഴുവന്‍ നനഞ്ഞു കുതിര്‍ന്നു
ഒളിപ്പിക്കട്ടെ കറ പുരണ്ട എന്‍ കൈകള്‍......
കാശാപ്പിന്‍ നിണ മണിഞ്ഞ കത്തി അരയിലൊളിപ്പിച്ച്
നരകയറിയ, നെഞ്ചോളമുള്ള താടി ഒന്നുകൂടി നീട്ടി തടവി.......
മനോഹര ഈണത്തില്‍ നീട്ടി നീട്ടി ചൊല്ലി.....

'നാഥാ മൃതയാമീ ദാസിക്കേകണമാശ്വാസം
പോകുക സഹജാ തേ ഭൂവാസം നിരസിച്ചോളേ
ആ രാജകുമാരന്‍ പാര്‍പ്പിക്കും മണിയറ തന്നില്‍
നീ വീട്ടാരേയും സുതരേയും വേര്‍പ്പെട്ടെങ്കില്‍
വാനവരുടെ നാട്ടില്‍ നിന്നെയവന്‍ നിവസിപ്പിക്കും'...

'റിക്ക് ഹായോഓ ദസുബോ
വര്‍ത്തയേ മൗത്തോ
വസറാബാന്‍ സബ്റോ
വായാ സുമീസേ...'

*******
പൂന്തോപ്പിലെത്രയോ നറുപുഷ്പങ്ങള്‍ വിടരുന്നു
വാട്ട്‌സ്ആപ്പിന്‍ ചിത്രങ്ങളിലോന്നില്‍ കണ്ണുടക്കി
പരീശന്റെ ഹൃദയമിടിപ്പു തുടികൊട്ടിയാടി
'ബത്ത്‌ശേബമാരേ !............
പാവം ഊറിയാവുകളെ വീണ്ടും അമ്മോന്യരുടെ കൈകളിലേക്ക് ഞങ്ങള്‍ തള്ളും ...'
പുതിയൊരു ഉത്തമഗീത ശീല് ആ കുഞ്ഞാടിനയച്ചൂ
അടുത്ത ഗീതം ചൊല്ലി പഠിപ്പിക്കുവാന്‍ ......!
ഹാ... മധുചഷകം നിറ...നിറ....
രാവിനിപ്പോഴും ഏഴ് അഴക്.......!.

Join WhatsApp News
ഔചിത്യം 2019-03-06 08:51:20
ഇതിനെ ‘കവിത’ എന്ന് വിളിക്കാത്തതിലുള്ള ഔചിത്യത്തെ അഭിനന്ദിക്കുന്നു.
എന്‍റെ അയ്യോ 2019-03-06 10:01:53
ചില കവികളെ കാണുമ്പോള്‍ അയ്യോ എന്ന് കാറി ഓടുന്നു കവിത- കൌരവരെ കണ്ട പാഞ്ഞാലി പോലെ -
ഡൂട്ടി കഴിഞ്ഞു വരുന്ന നേഴ്സ് ഭാര്യയെ കണ്ട ഭര്‍ത്താവിനെ പോലെ എന്നും പറയാം -
സരസമ്മ 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക