Image

അയോധ്യ കേസ്‌ മധ്യസ്ഥ ചര്‍ച്ചയിലൂടെ തീര്‍ക്കാന്‍ സുപ്രീംകോടതി

Published on 06 March, 2019
അയോധ്യ കേസ്‌ മധ്യസ്ഥ ചര്‍ച്ചയിലൂടെ തീര്‍ക്കാന്‍ സുപ്രീംകോടതി
അയോധ്യയില്‍ ബാബറി മസ്‌ജിദ്‌ നിലനിന്ന സ്ഥലത്തിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച തര്‍ക്കം മധ്യസ്ഥചര്‍ച്ചയിലൂടെ പരിഹരിക്കുന്നത്‌ സംബന്ധിച്ച കേസ്‌ വിധിപറയാന്‍ സുപ്രീം കോടതി മാറ്റി.

മധ്യസ്ഥ ശ്രമത്തെ ഹിന്ദു സംഘടനകള്‍ കോടതിയില്‍ എതിര്‍ത്തു. മുസ്ലിം സംഘടനകള്‍ മധ്യസ്ഥ ശ്രമത്തെ അനുകൂലിച്ചു. ആരൊക്കെയാണ്‌ മധ്യസ്ഥരായി വേണ്ടത്‌ എന്നതു സംബന്ധിച്ച്‌ കക്ഷികള്‍ക്ക്‌ കോടതിയില്‍ പട്ടിക നല്‍കാമെന്നും കോടതി പറഞ്ഞു.

ചീഫ്‌ജസ്റ്റിസ്‌ രഞ്‌ജന്‍ ഗോഗോയ്‌, ജഡ്‌ജിമാരായ എസ്‌.എ ബോബ്‌ഡെ, ഡി.വൈ ചന്ദ്രചൂഡ്‌, അശോക്‌ ഭൂഷണ്‍, എസ്‌. അബ്ദുല്‍ നസീര്‍ എന്നിവരടങ്ങുന്ന അഞ്ചംഗ ബെഞ്ചാണ്‌ ഇന്നു കേസ്‌ പരിഗണിച്ചത്‌

ക്ഷേത്രം പണിയുന്നതില്‍നിന്ന്‌ പിന്നോട്ടു പോകാന്‍ തയ്യാറാല്ലെന്നും പള്ളി നിര്‍മാണത്തിന്‌ മറ്റൊരു സ്ഥലം നല്‍കാന്‍ തയ്യാറാണെന്നും ഹിന്ദു സംഘടനകള്‍ കോടതിയെ അറിയിച്ചു.  ഹിന്ദു സംഘടനകള്‍ എതിര്‍ത്താലും മധ്യസ്ഥ ശ്രമത്തിന്‌ സുപ്രീം കോടതി ഉത്തരവിടണം എന്നായിരുന്നു മുസ്ലിം സംഘടനകള്‍ കോടതിയില്‍ ആവശ്യപ്പെട്ടത്‌.


മധ്യസ്ഥരുടെ പേരുകള്‍ നിര്‍ദേശിക്കാന്‍ കോടതി കക്ഷികള്‍ക്ക്‌ നിര്‍ദേശം നല്‍കി. ഇക്കാര്യം എഴുതി നല്‍കാമെന്ന്‌ ചീഫ്‌ ജസ്റ്റിസ്‌ അറിയിച്ചു.

സുന്നി വഖ്‌ഫ്‌ ബോര്‍ഡും ഹൈന്ദവ ട്രസ്റ്റ്‌ നിര്‍മോഹി അഖാഡയും മധ്യസ്ഥ ചര്‍ച്ചയ്‌ക്ക്‌ അനുകൂലമാണെന്ന്‌ അറിയിച്ചപ്പോള്‍ സംഘ്‌പരിവാര്‍ നിയന്ത്രണത്തിലുള്ള കേസിലെ പ്രധാനകക്ഷി രാംലല്ല മധ്യസ്ഥചര്‍ച്ചയെ എതിര്‍ത്തു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക