Image

ഭാരതം അഭിമുഖീകരിക്കുന്നത് അസാധാരണമായ രാഷ്ട്രീയ വെല്ലുവിളി (ജോയ് ഇട്ടന്‍)

Published on 06 March, 2019
ഭാരതം  അഭിമുഖീകരിക്കുന്നത് അസാധാരണമായ രാഷ്ട്രീയ വെല്ലുവിളി (ജോയ് ഇട്ടന്‍)
ഭീകരവാദവും  അതിനെ  ഊട്ടിവളര്‍ത്തുന്ന  പാകിസ്ഥാന്റെ നയസമീപനങ്ങളും ഒരിക്കലും വച്ചുപൊറുപ്പിക്കാനാവുന്നതല്ല. അതിനെ എന്തുവിലകൊടുത്തും  ചെറുത്തുതോല്‍പിച്ചേ മതിയാവൂ. എന്നാല്‍ ആയുധംകൊണ്ടോ  അടിച്ചമര്‍ത്തല്‍കൊണ്ടോ  നേടിയെടുക്കാവുന്ന ലക്ഷ്യമല്ല അത്. ഇന്ത്യയിലെ  ജനങ്ങളുടെ ഐക്യവും ജനാധിപത്യവും സ്വാതന്ത്ര്യത്തിന്റെയും വൈവിധ്യത്തിന്റെയും ദേശീയ അന്തരീക്ഷവും നിലനിര്‍ത്തിക്കൊണ്ടേ അതിനാവൂ. അതിനുപകരം ജനകീയ ഐക്യത്തെയും  ജനാധിപത്യ  സങ്കല്‍പങ്ങളെയും തകര്‍ക്കുന്ന നയസമീപനങ്ങളാണ്  മോഡി സര്‍ക്കാര്‍ കഴിഞ്ഞ  അഞ്ചു വര്‍ഷങ്ങളായി  പിന്തുടര്‍ന്നുവരുന്നത്.

 ജമ്മു കശ്മീരിലും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും  ശാന്തമായിരുന്ന രാജ്യത്തിന്റെ ഇതര ഭാഗങ്ങളിലും ജനങ്ങളുടെ ഐക്യവും ഐക്യദാര്‍ഢ്യവും കേന്ദ്ര  ഭരണത്തില്‍ തകര്‍ക്കപ്പെട്ടിരിക്കുന്നു. ആ വസ്തുതകള്‍ യാഥാര്‍ഥ്യ ബോധത്തോടെ തിരിച്ചറിയാതെ  രാജ്യത്തിനും  ജനങ്ങള്‍ക്കും  ശാന്തിയുടെയും  സമാധാനത്തിന്റെയും പാതയില്‍ മുന്നേറാനാവില്ല. രാഷ്ട്രീയവും  ദേശീയവുമായ വെല്ലുവിളികളെ ജനാധിപത്യ തത്വങ്ങളുടെ  അടിസ്ഥാനത്തില്‍ രാഷ്ട്രീയമായും ഉന്നത രാഷ്ട്രതന്ത്രജ്ഞതയോടെയും നേരിടുക എന്നതാണ് നാം നേരിടുന്ന വെല്ലുവിളി.

ഭീകരവാദത്തെ അതിശക്തമായി  അപലപിക്കുകയും  ചെറുക്കുകയും  ചെയ്യുന്നതോടൊപ്പം ഇപ്പോഴത്തെ  ദേശീയ  ദുരന്തത്തിലേക്ക് നമ്മെ നയിച്ച  കാര്യകാരണങ്ങള്‍ യാഥാര്‍ഥ്യബോധത്തോടെ, വിമര്‍ശനാത്മകമായി, വിലയിരുത്താനും  ആവശ്യമായ  തിരുത്തലുകള്‍ക്കും  നാം മുതിര്‍ന്നേ മതിയാവൂ. ഭീകരാക്രമണ  സാധ്യതകളെപറ്റി  മതിയായ മുന്നറിയിപ്പുകള്‍ വിവിധ കേന്ദ്രങ്ങളില്‍ നിന്നും  പുറത്തുവന്നിരുന്നു. ഇന്ത്യയില്‍ നടക്കാന്‍ പോകുന്ന പൊതുതെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍  പാക് പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന  ഭീകരസംഘടനകള്‍ അക്രമം വ്യാപിപ്പിക്കാന്‍ സാധ്യത ഏറെയാണെന്ന് യുഎസ് ഇന്റലിജന്‍സ് ഏജന്‍സികള്‍ മുന്നറിയിപ്പു നല്‍കിയിരുന്നു.

സൈന്യത്തിനും ഇതര സുരക്ഷാ സേനകള്‍ക്കും എതിരെ ആക്രമണം നടന്നേക്കുമെന്നും അവര്‍ തീവ്രശക്തിയുള്ള സ്‌ഫോടക വസ്തുക്കള്‍ ഉപയോഗിച്ചേക്കുമെന്നും  ജമ്മുകശ്മീര്‍ പൊലീസ് തന്നെ കേന്ദ്ര സുരക്ഷാ  ഏജന്‍സികള്‍ക്ക് രേഖാമൂലം മുന്നറിയിപ്പ് നല്‍കിയിരുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. ഭീ കരവാദ ശക്തികളെ  നിലയ്ക്കുനിര്‍ത്താന്‍ തന്റെ നോട്ടുനിരോധനമടക്കമുള്ള നടപടികള്‍ വഴി കഴിഞ്ഞുവെന്ന പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ ആവര്‍ത്തിച്ചുള്ള അവകാശവാദവും ഭീകരാക്രമണത്തിന്റെയും ദേശീയ ദുരന്തത്തിന്റെയും പശ്ചാത്തലത്തില്‍ ചോദ്യം ചെയ്യപ്പെടും .

കശ്മീരിലെ പുല്‍വാമയില്‍ നടന്ന ഭീകരാക്രമണം ലോകം നടുക്കത്തോടെയാണ് ശ്രവിച്ചത്.  രാജ്യത്തിനെതിരെ പാക് സര്‍ക്കാരിന്റെ പിന്തുണയോടെ നടന്ന ഭീകരാക്രമണത്തെയും രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതക്കും ജനതയുടെ സുരക്ഷക്കും ശാന്തജീവിതത്തിനും  എതിരെ ഉയരുന്ന ഭീഷണിയെ യോജിച്ച് നേരിടണമെന്നതിലും രാഷ്ട്രം ഒറ്റക്കെട്ടാണ്.  രാജ്യം നേരിടുന്ന അഭൂതപൂര്‍വമായ  ഭീഷണിയുടെ  പശ്ചാത്തലത്തില്‍ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള രാഷ്ട്രീയ തര്‍ക്കങ്ങളും വാദപ്രതിവാദങ്ങളും അപ്രസക്തമാണ്. ഭീകരാക്രമണത്തിന്റെ  ഉത്തരവാദിത്വം ഏറ്റെടുത്ത ലഷ്കര്‍ എ തോയിബയും അതിന്റെ നേതാവ് മസൂദ് അസ്ഹര്‍ അടക്കം പാക് ഭീകരവാദ  സംഘടനകളെ തകര്‍ക്കുകയും അവരെ  പൂര്‍ണമായി അസ്ഥിരീകരിക്കുക  എന്നതും ഇന്ത്യയുടെ തന്ത്രപ്രധാനമായ പൊതു ആവശ്യമാണ്. ഐക്യരാഷ്ട്രസഭയും,  യുഎസ്,  റഷ്യ,  തുടങ്ങിയ ആഗോളശക്തികളുടെയും പിന്തുണ അതിനു കൂടിയേ തീരൂ. ഭീകരവാദ ശക്തികള്‍ക്ക്  തണലേകുന്ന പാക് ഭരണകൂടത്തെയും സൈനിക സംവിധാനത്തെയും ആഗോളതലത്തില്‍ ഒറ്റപ്പെടുത്തിയേ മതിയാവൂ. അതിന് ഭരണകൂടം നടത്തുന്ന രാഷ്ട്രീയവും സൈനികവുമായ നടപടികള്‍ക്ക്  ആഭ്യന്തര  രാഷ്ട്രീയ പരിഗണനകള്‍ക്ക് അതീതമായ പിന്തുണ ഉറപ്പുവരുത്തണം.

 ആപത്കരമായ ദേശീയ സാഹചര്യത്തില്‍ രാജ്യത്ത് ഉയര്‍ന്നുവരേണ്ട അനിവാര്യമായ ഐക്യദാര്‍ഢ്യത്തെയും ജനകീയ ഐക്യത്തെയും ദുരുപയോഗം ചെയ്യാന്‍ ഒരു രാഷ്ട്രീയ നിക്ഷിപ്ത താല്‍പര്യത്തെയും അനുവദിച്ചുകൂട. രാജ്യം  അഭിമുഖീകരിക്കുന്നത് അ സാധാരണമായ  രാഷ്ട്രീയ  വെല്ലുവിളിയെയാണ് എന്ന തിരിച്ചറിവുണ്ടാകണം.അത് വരന്‍ പോകുന്ന തെരഞ്ഞെടുപ്പില്‍ മുങ്ങിപ്പോവുകയുമരുത് .

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക