Image

ചിരിപ്പിച്ചും ത്രില്ലടിപ്പിച്ചും ഈ വക്കീല്‍

Published on 07 March, 2019
  ചിരിപ്പിച്ചും ത്രില്ലടിപ്പിച്ചും ഈ വക്കീല്‍
ബി.ഉണ്ണിക്കൃഷ്‌ണന്റെ മുന്‍കാല സിനിമകള്‍ കണ്ടിട്ടുള്ളവര്‍ക്ക്‌ അതിന്റെ ഒരു പൊതു സ്വഭാവം മനസിലാക്കാന്‍ സാധിക്കും. ഗൗരവമുള്ള പ്രമേയങ്ങള്‍ തന്നെയാണ്‌ അദ്ദേഹം ഇതിവൃത്തമായി തിരഞ്ഞെടുത്തിട്ടുള്ളത്‌.

കഥയുടെ സഞ്ചാരവും ട്രീറ്റ്‌മെന്റും അതുപോലെ തന്നെ ആയിരിക്കും. ഇതിനു നേരെ വിപരീതമായിട്ടാണ്‌ ഇത്തവണ ദിലീപിനെ നായകനാക്കി കോടതി സമക്ഷം ബാലന്‍ വക്കീല്‍ എന്ന ചിത്രം ഉണ്ണിക്കൃഷ്‌ണന്‍ സംവിധാനം ചെയ്‌തിരിക്കുന്നത്‌.

ചിത്രത്തിന്റെ ടൈറ്റിലില്‍ തന്നെ ഒരു കോമഡി ടച്ചുണ്ട്‌. ദിലീപ്‌ നായകനായി വരുമ്പോള്‍ അത്‌ പ്രതീക്ഷിക്കുന്നത്‌ സ്വാഭാവികമാണ്‌. പ്രേക്ഷകന്റെ അത്തരം പ്രതീക്ഷകളെ ഒട്ടും തെറ്റിക്കാതെയാണ്‌ ഈ ചിത്രം ഒരുക്കിയിരിക്കുന്നതും. കോടതി മുറിയില്‍ വാദവും പ്രതിവാദവുമായി ഇടിമിന്നല്‍ പോലെ കത്തിക്കയറേണ്ടവരാണ്‌ അഭിഭാഷകര്‍.

ഇടതടവില്ലാതെ സംസാരിക്കാന്‍ നല്ല കഴിവുണ്ടായിരിക്കണം എന്നത്‌ അവരുടെ തൊഴിലിന്റെ ഭാഗമാണ്‌. എന്നാല്‍ വക്കീല്‍ വിക്കനായാലുള്ള അവസ്ഥ എങ്ങനെയുണ്ടാകും. കാര്യങ്ങള്‍ വ്യക്തമായി ബോധിപ്പിക്കേണ്ട കോടതിക്കു മുന്നില്‍ വിക്കി വിക്കി അക്ഷരങ്ങള്‍ പകുതിയും വിഴുങ്ങി പോകേണ്ടി വരുമ്പോഴുള്ള അവസ്ഥ. കോടതി മുറിയില്‍ കൂടിയിരിക്കുന്നവരുടെ പരിഹാസച്ചിരി കൂടി കാണേണ്ടി വന്നാലോ? അപകര്‍ഷതാ ബോധം തോന്നാന്‍ പിന്നെ എന്തു വേണം.

ബാലന്‍ വക്കീലിന്റെ അവസ്ഥയും അതാണ്‌. പക്ഷേ എങ്ങനെയാണ്‌ അയാള്‍ വിക്കനായത്‌? ജനിച്ചപ്പോഴേ വിക്കുണ്ടായിരുന്നോ? ഇങ്ങനെയൊരു പിടി ചോദ്യങ്ങള്‍ക്കുളള ഉത്തരമാണ്‌ ചിത്രത്തിന്റെ കഥ. വിക്ക്‌ കാരണം പ്രൊഫഷനിലും വ്യക്തിജീവിതത്തിലും അയാള്‍ക്കു നേരിടേണ്ടി വരുന്ന പ്രയാസങ്ങളും പ്രതിസന്ധികളുമാണ്‌ ചിത്രത്തിലാദ്യം പറയുന്നത്‌.

കഥയില്‍ ഒരു പിന്‍കഥയുണ്ട്‌. ലോ കോളേജ്‌ പഠനകാലത്ത്‌ രാഷ്‌ട്രീയത്തില്‍ സജീവമായിരുന്ന അയാള്‍ തീപ്പൊരി പ്രസംഗം കൊണ്ട്‌ കാമ്പസിനെ കീഴടക്കിയ വിദ്യാര്‍ത്ഥി നേതാവായിരുന്നു. എന്നാല്‍ മറ്റൊരു രാഷ്‌ട്രീയ പാര്‍ട്ടിയുടെ ഗുണ്ടകള്‍ കോളേജില്‍ അക്രമം അഴിച്ചു വിടുന്നു. അതില്‍ പെട്ടു പോയ ബാലന്‌ ആ ക്രമണത്തിന്റെ ഭീകരതയ്‌ക്ക്‌ സാക്ഷ്യം വഹിക്കേണ്ടി വന്നതോടെ സംസാരശേഷിയില്‍ പ്രശ്‌നങ്ങളുണ്ടാകുന്നു.

കോളേജ്‌ പഠനം കഴിഞ്ഞപ്പോള്‍ അയാള്‍ ജൂനിയറായി പ്രാക്‌ടീസ്‌ ചെയ്യാന്‍ ചേര്‍ന്നു. എന്നാല്‍ വിക്കുള്ളതു കൊണ്ട്‌ അയാള്‍ക്ക്‌ തന്റെ കരിയറില്‍ ശോഭിക്കാന്‍ കഴിയുന്നില്ലെന്നു മാത്രമല്ല, മറ്റുള്ളവരുടെ പരിഹാസം നേരിടേണ്ടി വരുന്നതിനാല്‍ മെല്ലെ അപകര്‍ഷതയും കീഴടക്കുകയാണ്‌. ഈ ഘട്ടത്തില്‍ ബാലന്റെ സഹോദരീ ഭര്‍ത്താവു)സുരാജ്‌ വെഞ്ഞാറമൂട്‌) വഴി ഒരു കേസ്‌ ബാലന്റെ അടുത്തെത്തുന്നു.

ആദ്യം തന്നെ കേസ്‌ ഏറ്റെടുക്കാന്‍ നിര്‍വാഹമില്ലെന്നു പറഞ്ഞ്‌ ബാലന്‍ ഒഴിഞ്ഞുമാറാന്‍ ശ്രമിച്ചെങ്കിലും പിന്നീട്‌ സമ്മര്‍ദ്ദങ്ങള്‍ക്കു വഴങ്ങി ആ കേസ്‌ അയാള്‍ക്ക്‌ ഏറ്റെടുക്കേണ്ടി വരികയാണ്‌. കേസിലെ ഇരയായ അനുരാധ എന്ന യുവതി ബാലനെ സമീപിക്കുന്നു. ഇതോടെ അനുരാധയുടെയും ബാലന്റെയും ജീവിതത്തില്‍ അപ്രതീക്ഷിതമായ പല സംഭവങ്ങളും അരങ്ങേറുകയാണ്‌.

അവര്‍ രണ്ടു പേരുടെ ജീവിതത്തെയും അങ്ങേയറ്റം കീഴ്‌മേല്‍ മറിക്കുന്ന ചില സംഭവങ്ങളാണ്‌ പിന്നീടുണ്ടാകുന്നത്‌. ഈ വിഷമസന്ധിയില്‍ നിന്നു രക്ഷപെടാന്‍ ബാലനും അനുരാധയും നടത്തുന്ന പരിശ്രമങ്ങളും അതേ തുടര്‍ന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ്‌ ചിത്രം പറയുന്നത്‌.

പേരു കേള്‍ക്കുമ്പോള്‍ ഒരു പക്കാ കോമഡി ചിത്രം എന്നു തോന്നാമെങ്കിലും ആദ്യ പകുതിയില്‍ കോമഡിയും രണ്ടാം പകുതിയില്‍ ത്രില്ലും സമാസമം ചേര്‍ത്താണ്‌ ഈ ചിത്രം ഒരുക്കിയിരിക്കുന്നത്‌. ഒരു വാണിജ്യസിനിമയുടെ ചേരുവകളെല്ലാം നന്നായി ചേര്‍ത്തിട്ടുമുണ്ട്‌. തമിഴ്‌ സിനിമയില്‍ പോലും ഇപ്പോള്‍ നായകന്‍ പത്തു പേരെ ഒറ്റയ്‌ക്ക്‌ അടിച്ചിടാറില്ല. പക്ഷേ ബാലന്‍ വക്കീല്‍ അതും ചെയ്യും. തീ പാറുന്ന ആക്ഷന്‍ രംഗങ്ങളും പഞ്ച്‌ ഡയലോഗുമൊക്കെയായിട്ടാണ്‌ രണ്ടാം പകുതി മുന്നേറുന്നത്‌.

കോമഡിക്ക്‌ ചിത്രത്തില്‍ ഒട്ടും പഞ്ഞമില്ല. പ്രേക്ഷകനെ ചിരിപ്പിക്കാനുള്ള ദൗത്യം അജു വര്‍ഗീസും സിദ്ദിഖും കൂടി ഏറ്റെടുത്തിരിക്കുകയാണ്‌. സാന്ദര്‍ഭികമായ കോമഡിയാണ്‌ ചിത്രത്തിലുടനീളമുള്ളത്‌. നായികയായി എത്തിയ മംമ്‌താ മോഹന്‍ദാസും പ്രേക്ഷകരെ ഏറെ ആകര്‍ഷിക്കും. ഇവരെ കൂടാതെ ബിന്ദു പണിക്കര്‍, രണ്‍ജി പണിക്കര്‍, ലെന, രാജേഷ്‌ ശര്‍മ്മ, ഗണേഷ്‌ കുമാര്‍, ഭീമന്‍ രഘു എന്നിവരും തങ്ങളുടെ കഥാപാത്രങ്ങളെ മികച്ചതാക്കി.

സിദ്ദിഖിന്റെ അച്ഛന്‍ കഥാപാത്രം വേറിട്ട ഒന്നായി. നെഗറ്റീവ്‌ വേഷങ്ങളില്‍ ഹരീഷ്‌ ഉത്തമനും പ്രിയാ ആനന്ദും തിളങ്ങി. ;ചുരുക്കത്തില്‍ ശരാശരി പ്രേക്ഷകനെ ആകര്‍ഷിക്കാന്‍ കഴിയുന്ന വിധത്തില്‍ കോമഡിയും ആക്ഷനും ചേര്‍ത്തൊരുക്കിയ ഒരു ദൃശ്യവിരുന്നാണ്‌ കോടതി സമക്ഷം ബാലന്‍ വക്കീല്‍ എന്ന ചിത്രം. ഇത്‌ പ്രേക്ഷകനെ ബോറടിപ്പിക്കില്ല എന്നുറപ്പാണ്‌.






































Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക