Image

ബാബറി മസ്‌ജിദ്‌ ഭൂമി തര്‍ക്കത്തില്‍ മധ്യസ്ഥ ചര്‍ച്ച : സുപ്രീംകോടതി ഉത്തരവ്‌ നാളെ

Published on 07 March, 2019
 ബാബറി മസ്‌ജിദ്‌ ഭൂമി തര്‍ക്കത്തില്‍ മധ്യസ്ഥ ചര്‍ച്ച : സുപ്രീംകോടതി ഉത്തരവ്‌ നാളെ

ന്യൂഡല്‍ഹി: ബാബറി മസ്‌ജിദ്‌ ഭൂമി തര്‍ക്കം മധ്യസ്ഥ ചര്‍ച്ചക്ക്‌ വിടുന്നത്‌ സംബന്ധിച്ച സുപ്രീംകോടതി ഉത്തരവ്‌ നാളെ അറിയാം. ചീഫ്‌ ജസ്റ്റിസ്‌ അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ച്‌ രാവിലെ 10.30ന്‌ ഉത്തരവ്‌ പറയും.

മതപരവും വൈകാരികവുമായ വിഷയമായതിനാല്‍ ചര്‍ച്ചയിലൂടെ മാത്രമേ പരിഹരിക്കാനാകൂ എന്നാണ്‌ സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിലെ ഭൂരിപക്ഷ നിലപാട്‌. ഇക്കാര്യത്തില്‍ കഴിഞ്ഞ ദിവസം കക്ഷികളുടെ വാദം സുപ്രീംകോടതി ഉത്തരവ്‌ പറയാനായി മാറ്റുകയായിരുന്നു.

ഈ മധ്യസ്ഥ നീക്കത്തിന്‌ കോടതി മേല്‍നോട്ടം ഉണ്ടാകും എന്നതിനാല്‍ സുന്നി വഖഫ്‌ ബോര്‍ഡ്‌ അടക്കമുള്ള മുസ്‌ലിം കക്ഷികള്‍ അനുകൂലിച്ചിരുന്നു.

ഉത്തരവിന്‌ മുന്‍പ്‌ മധ്യസ്ഥതയെപ്പറ്റി പൊതുജനങ്ങള്‍ക്ക്‌ അറിയിപ്പ്‌ നല്‍കി നോട്ടീസ്‌ ഇറക്കണമെന്നായിരുന്നു ഹിന്ദു മഹാസഭയുടെ ആവശ്യം. ഇത്‌ അംഗീകരിക്കാന്‍ കോടതി തയ്യാറായിരുന്നില്ല. തുടര്‍ന്ന്‌ കോടതി നിര്‍ദേശ പ്രകാരം എല്ലാ കക്ഷികളും മധ്യസ്ഥ സംഘത്തിലേക്ക്‌ പേരുകള്‍ നിര്‍ദേശിച്ചിരുന്നു.

സുപ്രീംകോടതി മുന്‍ ചീഫ്‌ ജസ്റ്റിസുമാരായ ദീപക്‌ മിശ്ര, ജെ.എസ്‌ ഖെഹാര്‍, മുന്‍ ജഡ്‌ജിമാരായ എ.കെ പട്‌നായിക്‌, കുര്യന്‍ ജോസഫ്‌, ജസ്റ്റിസ്‌ ജി.എസ്‌ സിംഗ്‌വി തുടങ്ങിയവരെയാണ്‌ ഹിന്ദു പക്ഷത്തെ കക്ഷികള്‍ പ്രധാനമായും നിര്‍ദേശിച്ചത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക