Image

കാലാവസ്ഥാ വ്യതിയാനം: വിദ്യാര്‍ഥികള്‍ തെരുവിലിറങ്ങുന്നതിനെ പിന്തുണച്ച് മെര്‍ക്കല്‍

Published on 08 March, 2019
കാലാവസ്ഥാ വ്യതിയാനം: വിദ്യാര്‍ഥികള്‍ തെരുവിലിറങ്ങുന്നതിനെ പിന്തുണച്ച് മെര്‍ക്കല്‍


ബര്‍ലിന്‍: കാലാവസ്ഥാ വ്യതിയാനത്തിനെതിരായ പ്രകടനങ്ങളിലും മറ്റും സ്‌കൂള്‍ വിദ്യാര്‍ഥികള്‍ നേരിട്ടു പങ്കെടുക്കുന്നതിനോടു താന്‍ യോജിക്കുന്നുവമെന്ന് ജര്‍മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കല്‍. കുട്ടികള്‍ ക്ലാസ് കട്ട് ചെയ്ത് സമരത്തിനു പോകുന്നതിനെതിരേ വിദ്യാഭ്യാസ വകുപ്പിലെ ചില ഉന്നതര്‍ പ്രതികരിച്ച പശ്ചാത്തലത്തിലാണ് മെര്‍ക്കലിന്റെ അഭിപ്രായ പ്രകടനം.

ഹാംബര്‍ഗില്‍ കഴിഞ്ഞ വെള്ളിയാഴ്ച നടന്ന പ്രകടനത്തില്‍, കാലാവസ്ഥാ വ്യതിയാനത്തിനെതിരായ മുദ്രാവാക്യങ്ങളുമായി ആയിരക്കണക്കിനു വിദ്യാര്‍ഥികള്‍ പങ്കെടുത്തിരുന്നു. സ്വീഡനില്‍നിന്നുള്ള കൗമാര പ്രക്ഷോഭക ഗ്രെറ്റ തേണ്‍ബര്‍ഗും ഇതില്‍ പങ്കെടുത്തിരുന്നു. സ്‌കൂള്‍ വിദ്യാര്‍ഥികളെ പങ്കെടുപ്പിച്ചുള്ള പ്രക്ഷോഭ പരന്പരകള്‍ക്ക് യൂറോപ്പില്‍ തുടക്കം കുറിച്ചത് ഗ്രെറ്റയാണ്.

അതേസമയം, സ്‌കൂളിലെ ക്ലാസ് കട്ട് ചെയ്ത് ലോകം നന്നാക്കാമെന്ന് ആരും കരുതേണ്ടതില്ലെന്നാണ് ഹാംബര്‍ഗിന്റെ വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥന്‍ ടൈസ് റാബെ ട്വിറ്ററില്‍ കുറിച്ചത്. സമരം ചെയ്യുന്ന വിദ്യാര്‍ഥികള്‍ക്കെതിരേ പുറത്താക്കല്‍ അടക്കമുള്ള അച്ചടക്ക നടപടി സ്വീകരിക്കാവുന്നതാണെന്ന് നോര്‍ത്ത് റൈന്‍ വെസ്റ്റ്ഫാലിയയിലെ വിദ്യാഭ്യാസ മന്ത്രിയും വ്യക്തമാക്കിയിരുന്നു.

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക