Image

ആകാശചിന്തകള്‍ (കവിത: ജിഷ രാജു)

Published on 08 March, 2019
ആകാശചിന്തകള്‍ (കവിത: ജിഷ രാജു)
ഇടയ്ക്ക് ഒരുവള്‍
എന്റെ ഉള്ളിലേക്ക്
ഓടി കയറാറുണ്ട്.'
അവളുമായി രഹസ്യമായി
കൂട്ടുകൂടണം.

അവളറിയാതെ അവളുടെ
കിടപ്പുമുറിയുടെ
ജനാല കൊളുത്തുകള്‍
ഊരിയെടുക്കണം
എത്രയടച്ചാലും തുറന്നു പോകുന്ന
ജനാലയിലൂടെ
അത്ഭുതത്തോടെ
ആദ്യമായവള്‍ നിലാവു കാണണം......

മുറിയാകാശം ജനലിലൂടെ
കണ്ടു മടുത്തവള്‍
വലിയാകാശത്തിനായി
ദാഹിക്കുമ്പോള്‍
അവളുടെ നിമിഷങ്ങളെ
എന്റെ വിരല്‍ത്തുമ്പില്‍
കോര്‍ത്ത് കൊണ്ട്
വാതില്‍ തുറന്ന് രാത്രിയിലേക്ക്
നീന്തുന്ന മിന്നാമിനുങ്ങിനെ
കാണാനായ് ഞങ്ങള്‍ ഇറങ്ങും

പൂജാമുറി അടച്ചോ എന്നും
ഭര്‍ത്താവ് ഉണരുമോ എന്നും
കുട്ടികള്‍ തിരക്കുമോ എന്നും
ഗ്യാസടുപ്പ് അണച്ചുവോ എന്നും
അവലാതിപ്പെടുന്ന അവളുടെ
കവിളില്‍ ഒരുമ്മ കൊടുക്കും.

ആളൊഴിഞ്ഞ നിരത്തിലൂടെ
അവളെ ചേര്‍ത്ത് പിടിച്ച്
നടക്കുമ്പോള്‍
സ്ത്രീ പോരാട്ടത്തെ പറ്റിയും
വിശുദ്ധ വിപ്ലവത്തെ പറ്റിയും
സ്വതന്ത്ര്യത്തെ കുറിച്ചും
ആത്മഭിമാനത്തെ പറ്റിയും
വാ തോരാതെ പറയും
അവളെന്നെ കണ്ണ് മിഴിച്ച് നോക്കും?
അരുതെന്ന്....
ചുണ്ടില്‍ വിരല്‍ പൊത്തും

അവളുടെ കാച്ചിയ എണ്ണ തേച്ച്
കുളിച്ച നീണ്ട മുടിയില്‍ വിരലോടിച്ച്,
കണ്ണെഴുതിച്ച്
പൊട്ടു തൊടുവിച്ച്
ചുണ്ടിലിത്തിരി ചായം തേച്ച്
കൈകാല്‍നഖമുനകളില്‍
ചായം ഇടുമ്പോള്‍.....
അവളിരുട്ടില്‍ ദാഹിച്ചു കുഴഞ്ഞ
വലിയാകാശം ചൂണ്ടി
ഞങ്ങള്‍ചിരിക്കും....

പെണ്ണേ......
നീ കടലോളം പതയ്ക്കുക
കാറ്റോളമലയുക....
മലയോളം ഉറയ്ക്കുക
സൂര്യനെ പോലെ ജ്വലിക്കുക
ആകാശത്തിന്റെ തുഞ്ചത്ത്
നീയും ഞാനുമുണ്ടന്ന്
ഉറക്കെ പറയുക.....

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക