Image

സാരനാഥ്, ബനാറസ്-2 (മിനി വിശ്വനാഥന്‍)

Published on 08 March, 2019
സാരനാഥ്, ബനാറസ്-2  (മിനി വിശ്വനാഥന്‍)
രണ്ടാം ദിവസത്തെ യാത്രാലക്ഷ്യം സാരനാഥ്, ബനാറസ് ഹിന്ദു യൂനിവേഴ്‌സിറ്റി തുടങ്ങിയവയും ചുറ്റിലുമുള്ള മറ്റ് ക്ഷേത്രങ്ങളും ആയിരുന്നു. അതിരാവിലെ യാത്ര തുടങ്ങി.. ശിവരാത്രി ആഘോഷങ്ങള്‍ കാരണമുള്ള ബഹളവും റോഡ് മുഴുവന്‍ ദര്‍ശനത്തിനായി ക്യു നില്‍ക്കുന്നവരുടെ തിരക്കും രാവിലത്തെ ട്രാഫിക്കും വണ്ടിയോടിക്കാനല്ലാതെ മറ്റൊന്നും അറിയാത്ത ഒരു െ്രെഡവറും അല്പമൊന്ന് വലച്ചെങ്കിലും കാണാന്‍ വിധിച്ചതൊക്കെ കണ്ടു.

കാലഭൈരവനെ നേരിട്ട് കാണാനായില്ലെന്നതാണ്
സത്യം,താമസ സ്ഥലത്ത് നിന്ന് വളരെ അടുത്തായിട്ട് പോലും. ശിവരാത്രിയുടെ മുന്നോടിയായുള്ള ഞായറാഴ്ചയായത് കാരണം നിറയെ ആള്‍ക്കാര്‍ അച്ചടക്കത്തോടെ നീണ്ട ക്യൂ പാലിച്ച് നില്‍ക്കുന്നുണ്ടായിരുന്നു. നമുക്ക് കാണാന്‍ സമയമായിട്ടില്ലെന്ന് പരസ്പരം പറഞ്ഞ് സാരനാഥ് ലക്ഷ്യമാക്കി ഞാന്‍ നീങ്ങി.
മടിയന്‍ എന്ന പദത്തിന്റെ പര്യായമായ ആ െ്രെഡവര്‍ അവിടെയെത്തിയ ഉടന്‍ ഒരു ലോക്കല്‍ ഗൈഡിന് ഞങ്ങളെ കൈമാറി.

അഞ്ചാം ക്ലാസില്‍ പഠിക്കുമ്പോഴാണ് ആദ്യമായി ശ്രീബുദ്ധന്റെ കഥ കേട്ടത്. കൊട്ടാരത്തിലെ സുഖ സൗകര്യങ്ങള്‍ ഉപേക്ഷിച്ച് ലോക ക്ഷേമത്തിനായി തപസ്സിരുന്ന ഒരു രാജകുമാരന്റെ കഥയായിരുന്നു അത്. ധ്യാനനിഗമ്‌നനായിരിക്കുന്ന ഗൗതമ ബുദ്ധന്റെ ചിത്രം കാണുമ്പോള്‍ സങ്കടം തോന്നുമായിരുന്നു. പിന്നീടാണാ മുഖത്തെ ആത്മനിര്‍വൃതിയും, കാരുണ്യവും തിരിച്ചറിഞ്ഞത്.
'ജ്ഞാനോദയം' എന്ന വാക്കിന്റെ അര്‍ത്ഥം അന്നെന്നെ ഒരു പാട് വലച്ചിട്ടുണ്ട്...

ജ്ഞാനോദയം ഉണ്ടായ ശേഷം ബുദ്ധന്‍ ആദ്യമായി സന്ദര്‍ശിച്ച സാരാനാഥിലെ ബുദ്ധ വിഹാരവും, തൊട്ടടുത്ത് തന്നെയുള്ള ധാമെക് സ്തൂപവും ബുദ്ധ സ്മരണകള്‍ ഉണര്‍ത്തി. ഇരുപത്തെട്ട് മീറ്റര്‍ ഉയരമുള്ള ഈ സ്തൂപത്തെ മനോഹരമാക്കുന്ന ചുമര്‍ചിത്രങ്ങള്‍ ഗുപ്ത കാലഘട്ടത്തിലേതാണ്. സാരാനാഥിലെ ബുദ്ധക്ഷേത്രം ശ്രീലങ്കന്‍ ബുദ്ധമതാനുയായികളാണ് സംരക്ഷിക്കുന്നതെന്ന് ഗൈഡ് പറഞ്ഞു. ബുദ്ധന്‍ തന്റെ സന്ദേശങ്ങള്‍ ആദ്യമായി ജനങ്ങളിലെത്തിക്കാന്‍ ശ്രമിച്ചതും സാരനാഥില്‍ വെച്ചായിരുന്നു. തന്റെ അഞ്ച് ശിഷ്യന്‍മാര്‍ക്ക് ജ്ഞാനോപദേശം നല്‍കിയതും ഇവിടെ നിന്നു തന്നെ. ധമ്മചക്ര (ംവലലഹ ീള ഘമം) മെന്നത് ബുദ്ധമതത്തിന്റെ പ്രധാന തത്വങ്ങളെ പ്രതിനിധാനം ചെയ്യുന്നു. ധര്‍മ്മചക്രത്തിന് ചുറ്റുമുള്ള വൃത്താകൃതി ധര്‍മ്മങ്ങളുടെ പൂര്‍ണ്ണതയെയും.തന്റെ അഞ്ച് ശിഷ്യന്‍മാര്‍ക്ക് ജ്ഞാനോപദേശം നല്‍കിയ സാരനാഥില്‍ ധര്‍മ്മചക്രത്തിനെ പ്രതിനിധാനം ചെയ്യുന്ന ഇരുപത്തിനാല് വീലുകള്‍ സ്ഥാപിച്ചിട്ടുണ്ട്.
ഈ ബുദ്ധവിഹാരത്തിന് ചുറ്റും മാനുകള്‍ വിഹരിക്കുന്നത് കാണാം. ഒരു പ്രാവിനെ വേട്ടയാടാനൊരുങ്ങിയ രാജാവിനു മുമ്പില്‍ മാനിന്റെ രൂപത്തില്‍ ബുദ്ധന്‍ പ്രത്യക്ഷപ്പെട്ട് പ്രാവിന് പകരം തന്റെ ശരീരം അര്‍പ്പിക്കുകയും, മാനസാന്തരപ്പെട്ട രാജാവ് അതൊരു മാന്‍ സംരക്ഷണ കേന്ദ്രമാക്കിയെന്നുമൊരു ഐതിഹ്യമുണ്ട്.

അവിടെ തൊട്ടടുത്ത് മറ്റൊരു ചൈനീസ് ബുദ്ധക്ഷേത്രവും ഉണ്ട്. 'ലാഫിങ്ങ് ബുദ്ധ'യാണ് അവിടത്തെ ആരാധനാ സങ്കല്പം .ഇന്ത്യയിലെ ആദ്യത്തെ ലാഫിങ്ങ് ബുദ്ധ സങ്കല്പമായുള്ള ആരാധനാ കേന്ദ്രമാണ് അത്. ചൈനീസ് ബുദ്ധിസ്റ്റ് സഞ്ചാരിയായ ഘലല രവീീി ടലിഴ ആണ് ആയിരത്തി തൊള്ളായിരത്തി മുപ്പത്തെട്ടില്‍ ചൈനീസ് ബുദ്ധിസ്റ്റ് ടെമ്പിള്‍ ഇവിടെ സ്ഥാപിച്ചത്.

ചെറിയ കുട്ടിയാവുമ്പോള്‍ ലാഫിങ് ബുദ്ധയുടെ രൂപത്തിലുള്ള ഒരു പ്ലാസ്റ്റിക്ക് പണപ്പെട്ടിയുണ്ടായിരുന്നു എനിക്ക് .അപൂര്‍വ്വമായി മാത്രം സ്വന്തമായിക്കിട്ടുന്ന കുറച്ച് നാണയങ്ങള്‍ 'ബുദ്ധനച്ചാച്ചന്റെ' മൊട്ടത്തലയ്ക് മുകളിലുള്ള ചെറിയ ദ്വാരത്തിലൂടെ തള്ളിയിട്ട് ഒന്ന് കുലുക്കി നോക്കും. കടലയോ പാരീസ് മുട്ടായിയോ വാങ്ങാനുള്ള ചില്ലറ പൈസ ഇട്ടു കഴിഞ്ഞാല്‍ പിന്നെയൊരു നഷ്ടബോധമായിരുന്നു. കുടവയറില്‍ ചെവിയോര്‍ത്ത് നാണയങ്ങള്‍ പെരുകുന്നുണ്ടോ എന്ന് ആകാംക്ഷയോടെ നോക്കുന്ന അഞ്ച് വയസുകാരി പെട്ടെന്ന് മനസ്സില്‍ ഉണര്‍ന്നു. ഇവിടെ കണ്ടുമുട്ടിയ ഏറ്റവും വലിയ ലാഫിങ് ബുദ്ധന്റ അലിവുള്ള നിറഞ്ഞ ചിരിയില്‍ മനസ്സിലെ കുട്ടി മനസ്സും നിറഞ്ഞു. (ചില്ലറകള്‍ ബുദ്ധനച്ചാച്ചന്‍ തിന്നുകളയുന്നതാണെന്ന് വിശ്വസിപ്പിച്ച് അടിച്ചു മാറ്റുന്ന ചെറിയ അമ്മാവനെയും ഓര്‍ത്തു ആ നിമിഷം .)

നല്ല വൃത്തിയായി വച്ചിട്ടുള്ള സ്ഥലങ്ങളായിരുന്നു അവ രണ്ടും .സാരാനാഥിലെ സ്തൂപത്തിനുള്ളില്‍ ബുദ്ധന്റെ ശരീര അവശിഷ്ടങ്ങളുണ്ടെന്ന് പറയപ്പെട്ടുന്നു. അശോകസ്തംഭം ഇപ്പോള്‍ വിശ്രമിക്കുന്നത് സാരനാഥിലെ മ്യൂസിയത്തിലാണ്. വാരണാസി സന്ദര്‍ശിക്കുന്നവര്‍ കാഴ്ചകളില്‍ ഒരിക്കലും ഒഴിവാക്കാന്‍ പാടില്ലാത്ത ഒരിടമാണിത്. കാഴ്ചകളില്‍ മനസ്സ് നിറഞ്ഞാണ് അവിടെ നിന്നിറങ്ങിയത്.
അവിടെ കോ .ഓപ്പറേറ്റിവ് സൊസൈറ്റിയുടെ ഒരു സാരി കേന്ദ്രവും ഉണ്ടായിരുന്നു. കൈ കൊണ്ടുണ്ടാക്കുന്ന ബനാറസി സാരികള്‍ എന്ന് പറഞ്ഞ് കുറച്ച് ഭംഗിയുള്ള സാരികളും കണ്ടു. വാങ്ങിയില്ല ഒന്നും.

ബ്രേക്ക് ഫാസ്റ്റ് കഴിച്ചിട്ടില്ലെന്ന് വയറ് ഓര്‍മ്മിപ്പിച്ചപ്പോള്‍ െ്രെഡവര്‍ ഒരു റോഡിനരുകിലെ തട്ടുകടയിലേക്ക് ക്ഷണിച്ചു. ഇളം തീയില്‍ തിളച്ചു കൊണ്ടിരിക്കുന്ന ചായ ചെറിയ മണ്‍കോപ്പയില്‍ പകര്‍ന്നു തന്നു. കടല വേവിച്ച് ഉള്ളിയും പച്ചമുളകും നീളത്തിലരിഞ്ഞിട്ട് എണ്ണയിന്‍ വാട്ടിയെടുത്ത ചണാചാട്ടും. തിരക്കേതുമില്ലാതെ കുറച്ച് ഗ്രാമീണരും, അവരുടെ പശുക്കളും പട്ടികളും ഞങ്ങളെ സാകൂതം നോക്കി. വൃത്തിയെക്കുറിച്ച് വേവലാതിപ്പെടുന്ന എന്റെ മുഖം കണ്ടാവണം അവര് കണ്ണ് മടക്കി തങ്ങളുടെ ലോകത്തേക്ക് മടങ്ങി. കടല ചാട്ട് നല്ല രുചിയുള്ളതായിരുന്നു. ചായ അതി ഗംഭീരവും.

അടുത്ത ലക്ഷ്യം ഗംഗാ തീരത്ത് സ്ഥിതി ചെയ്യുന്ന രംനഗര്‍ കോട്ടയായിരുന്നു. തുളസീഘട്ടിന് നേരെ എതിര്‍വശത്ത് മുഗള്‍ വാസ്തുശില്പ മാതൃകയില്‍ നഷ്ടപ്രതാപത്തിന്റെ അടയാളമായി ചുടുമണ്‍കട്ടകളാല്‍ ഉണ്ടാക്കിയകോട്ട ക്ഷീണാലസ്യത്തില്‍ ഗംഗയില്‍ നിന്നു വരുന്ന കാറ്റേറ്റ് മയക്കത്തിലാണ്ടിരുന്നു. കോട്ടയുടെ പ്രധാന കവാടം സംരക്ഷണത്തിന്റെ പേരില്‍ ചായം വാരി പൂശി പ്രൗഢി കളഞ്ഞിരുന്നു. കോട്ടയിലും മ്യൂസിയത്തിലും സന്ദര്‍ശകരെ സ്വീകരിക്കുന്നതില്‍ അവിടത്തെ ഉദ്യോഗസ്ഥര്‍ക്ക് ഒട്ടും താത്പര്യമില്ലാത്ത മനോഭാവമായിരുന്നു. പൊടിപിടിച്ച് കിടക്കുന്ന കോട്ടയുടെ മുന്‍വശം പുതു തലമുറയുടെ അവഗണയില്‍ വീടിന്റെ ഉമ്മറത്ത് ചാരുകസേരയിലിരിക്കുന്ന വൃദ്ധനായ കാരണവരെ ഓര്‍മ്മിപ്പിച്ചു.
പരിപാലനമില്ലാതെ ചരിത്രാവശിഷ്ടങ്ങള്‍ നശിച്ചുപോവുന്നത് സങ്കടം തന്നെ. മാത്രമല്ല സംരക്ഷണമെന്നാല്‍ വെറുതെ ചായമടിച്ച് വെക്കുകയല്ലെന്ന് ആരോട് പറയാന്‍. ഹംപി ഇക്കാര്യത്തില്‍ എത്രയോ മുന്നില്‍ നില്‍ക്കുന്നു. പഴമയോടിണങ്ങി നില്‍ക്കുന്നവയാണ് അവിടത്തെ പുതിയ നിര്‍മ്മാണങ്ങളും, കൂട്ടിച്ചേര്‍ക്കലുകളും.

ഒരു കാലത്ത് അതി പ്രതാപികളായ രാജാക്കന്‍മാരുടെ ശബ്ദഘോഷം പ്രകമ്പനം കൊണ്ട അകത്തളങ്ങളും പാദസരക്കിലുക്കങ്ങളാലും ബനാറസി സാരികളുടെ വര്‍ണ്ണശബളിമയാലും തിളങ്ങിയിരുന്ന അന്തഃപുരങ്ങളും ഇന്ന് പൂപ്പല്‍ മണത്തോടെ ക്ഷീണിതയായി ചാഞ്ഞു കിടന്ന് മയങ്ങുകയാണ്.. ചരിത്രാവശിഷ്ടങ്ങള്‍ എപ്പോഴും സങ്കടപ്പെടുത്തുന്ന കാഴ്ചകളാണ് എനിക്ക്.ഗംഗാതീരത്ത് നിന്നുള്ള ഈ കോട്ടയുടെ പുറംകാഴ്ചയും മനോഹരമായതാണ്.

മദനമോഹന മാളവ്യയുടെ ശ്രമഫലമായി 1916 ല്‍ സ്ഥാപിതമായ ബനാറസ് ഹിന്ദു യൂനിവേഴ്‌സിറ്റി ഇന്ന് ഇന്ത്യയിലെ ഏറ്റവും വലിയ റെസിഡന്‍ഷ്യല്‍ യൂനിവേഴ്‌സിറ്റിയാണ്. മുപ്പത്തിനായിരത്തിലധികം വിദ്യാര്‍ത്ഥികള്‍ ഇന്നവിടെ വിവിധ ഡിപ്പാര്‍ട്ട്‌മെന്റുകളിലായി പഠിക്കുകയും ഗവേഷണം ചെയ്യുകയും ചെയ്യുന്നു. പ്രൗഢഗംഭീരമായ പുരാതനവാസ്തുശില്പ രീതിയില്‍ നിര്‍മ്മിച്ചിട്ടുള്ള കെട്ടിടങ്ങള്‍ തലയുയര്‍ത്തി നില്‍ക്കുന്ന കാഴ്ച എന്നെ നടന്ന് തീര്‍ത്ത കോഴിക്കോട് യൂണിവേഴ്‌സിറ്റി കാമ്പസിലേക്കും മലയാളം ഡിപ്പാര്‍ട്ട്‌മെന്റിലേക്കും അല്പ നിമിഷം തിരിച്ചു നടത്തിച്ചു. മരങ്ങള്‍ ഇരുവശവും നിറഞ്ഞ് നില്കുന്ന ചെറുറോഡുകള്‍ ഞായറാഴ്ചയുടെ ക്ഷീണത്തില്‍ നിശബ്ദമായിരുന്നു.

കാമ്പസിനകത്ത് തന്നെയുള്ള വിശ്വനാഥ് ടെമ്പിള്‍ / ബിര്‍ലടെമ്പിള്‍ മറ്റൊരു ടൂറിസ്റ്റ് ആകര്‍ഷണ കേന്ദ്രമാണ്. കാശി വിശ്വനാഥ ക്ഷേത്രം തുടര്‍ച്ചയായ ആക്രമണങ്ങളില്‍ തകര്‍ക്കപ്പെട്ടുകൊണ്ടേയിരിക്കുകയായിരുന്നു.
1194 ല്‍ കുത്തബ്ദീന്‍ ഐബക്ക് മുതല്‍ 1669 ല്‍ ഔറംഗസേബ് വരെ. ഇനിയും ഒരാക്രമണത്തില്‍ കാശി വിശ്വനാഥ ക്ഷേത്രം നശിച്ചുപോവുമോ എന്ന സംശയം കാരണമാണ് 1930ല്‍ ശ്രീമദനമോഹനമാളവ്യ കാശി ക്ഷേത്ര മാതൃകയില്‍ ഒരു അമ്പലം ബി എച്ച് യു വിനുള്ളില്‍ നിര്‍മ്മിക്കുന്നതിനായി പദ്ധതി തയ്യാറാക്കിയത്. ബിര്‍ല ഫാമിലിയാണ് ഇതിന്റെ നിര്‍മ്മാണത്തിന് മുന്‍കൈയ്യെടുത്ത്. 1966ല്‍ ഇതിന്റെ പണി തൂര്‍ത്തിയായി..

കേരളത്തില്‍ നിന്ന് പുറത്ത് കടന്നാല്‍ അമ്പലങ്ങള്‍ ഒന്നുകൂടി ഭക്തനോട് ചേര്‍ന്ന് നില്‍ക്കുമെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. പുരുഷന്‍മാര്‍ക്ക് മേല്‍ വസ്ത്രത്തിനോ പാന്റ് ധരിക്കുന്നതിനോ യാതൊരു പ്രശ്‌നവുമില്ല. തിളങ്ങുന്ന ആഭരണങ്ങളും വലിയ തുറന്ന കണ്ണുകളുമുള്ള മാര്‍ബിള്‍ പ്രതിമകളാണ് വിഗ്രഹങ്ങള്‍. ചെറിയ ഒരു മയില്‍ പീലിക്കെട്ടുമായി ഭക്തന്‍മാരുടെ തലയില്‍ തലോടി അനുഗ്രഹം വര്‍ഷിച്ച് പേഴ്‌സിന് നേരെ നോക്കി നില്‍ക്കുന്ന പൂജാരിമാരും നിസ്സംഗരാണ്, ദൈവങ്ങളെ പോലെ തന്നെ. ഞങ്ങളുടെ ഭാവഹാവാദികളില്‍ യാത്രികരാണെന്ന് മനസ്സിലാക്കിയ ഒരു പണ്ഡിറ്റ് വേഗം ഞങ്ങളെ വിഗ്രഹത്തിനടുത്തേക്ക് ക്ഷണിച്ച് നെറ്റിയില്‍ കുങ്കുമതിലകം ചാര്‍ത്തിത്തന്നു. നിശബ്ദത ശാന്തമായ ആ അന്തരീക്ഷത്തിന് ഭക്തി സാന്ദ്രതയും നല്‍കി.നല്ല ഒരു ദര്‍ശനാനുഭവമായിരുന്നു ന്യു വിശ്വനാഥടെമ്പിള്‍.
ക്ഷേത്രങ്ങളിലേക്കുള്ള യാത്രയുടെ തുടക്കമായിരുന്നു അത്. പ്രാര്‍ത്ഥിച്ചു കഴിഞ്ഞ ജനങ്ങള്‍ക്ക് ശാന്തമായി ധ്യാനത്തിരിക്കാനുള്ള സ്ഥലങ്ങള്‍ ഇവിടെയുള്ള എല്ലാ അമ്പലങ്ങളിലും കാണാം. ആള്‍ക്കൂട്ടം സ്വയമൊരു അച്ചടക്കം നിലനിര്‍ത്തുന്നതും.

ബി .എച്ച് .യുവിന് പുറത്ത് ലഘുഭക്ഷണശാലകള്‍ ഉണ്ട്. മണ്‍പാത്രത്തിലെ മസാലച്ചായയോടൊപ്പം ചൂട് കച്ചോരികളുടെ രുചി നോക്കാമെന്ന് കരുതിയാണ് അങ്ങോട്ടേക്ക് നീങ്ങിയത്. പക്ഷേ മസാല ചായയുടെ കൂടെ ദോശ, ഇഡ്ഢലി ,വടകള്‍ക്കായിരുന്നു അവിടെ ഡിമാന്റ് .ഒരു മസാല ചായയില്‍ ആഗ്രഹമൊതുക്കി ഞങ്ങള്‍.

അവിടെ നിന്നിറങ്ങിയത് സങ്കട മോചന ഹനുമാനെ കാണാനായാണ് ... സങ്കട മോചനമെന്ന ആത്യന്തിക ലക്ഷ്യത്തിനാണല്ലോ നമ്മള്‍ ദൈവസന്നിധികള്‍ തേടി പോരുന്നത്.

ഗംഗയെ തേടിയുള്ള യാത്രയില്‍ എന്റെ മനസ്സില്‍ ചേര്‍ന്ന് നിന്ന മറ്റൊരു സങ്കല്പമായിരുന്നു സങ്കടമോചനനന്‍ .. സങ്കട മോചന വിശേഷങ്ങള്‍ അടുത്ത ലക്കത്തില്‍ ..

സാരനാഥ്, ബനാറസ്-2  (മിനി വിശ്വനാഥന്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക