Image

പെണ്ണുങ്ങളേ നിങ്ങള്‍ സൂപ്പറാണ് (ആര്‍ഷ അഭിലാഷ്)

Published on 08 March, 2019
പെണ്ണുങ്ങളേ നിങ്ങള്‍ സൂപ്പറാണ് (ആര്‍ഷ അഭിലാഷ്)
പത്തു പതിനെട്ടു വര്‍ഷം ഉള്ളിലേറ്റി നടന്നൊരു ഭൂതത്താനെ ഇറക്കിവിട്ട വര്‍ഷമായിരുന്നു കഴിഞ്ഞ കൊല്ലം. ഒരാവശ്യവുമില്ലാതെ കൂടെക്കൂട്ടിയിരുന്ന ഒരു ടാബൂ.സ്കൂള്‍ കാലങ്ങളിലെപ്പോഴോ കൂടെക്കൂട്ടിയതാണ് ഒട്ടിക്കുന്ന ഒരു കുഞ്ഞുകറുത്ത പൊട്ട്  ഏറ്റവും ചെറുതല്ല, അതിന്റെ വലിയ സൈസ് എപ്പോഴെങ്കിലും സാരിയുടുക്കുമ്പോള്‍ മാത്രമാണ് തൊടാറ്. സ്കൂള്‍ സമയത്ത് 'ശാന്തി' സീരിയലിലെ മന്ദിരാബേദിയില്‍ പ്രചോദിതയായി കുറേയേറേ അമ്പും കുത്തും കോമയുമൊക്കെ പരീക്ഷിച്ചെങ്കിലും അവസാനം ഉറച്ചുനിന്നത് ആ കുഞ്ഞുകറുത്ത പൊട്ടിലായിരുന്നു. കണ്ണെഴുത്തും പൊട്ടിടീലും ചന്ദനക്കുറി വരയ്ക്കലും മാത്രം 'മേക്കപ്പ്' ടിപ്‌സ് ആയിരുന്ന കാലങ്ങളില്‍ അത്രയേറെ വളഞ്ഞതോ ആകൃതിയുള്ളതോ ഒന്നുമല്ലാത്ത പുരികങ്ങള്‍ക്ക് നടുവില്‍ ആ കുഞ്ഞനെ കുത്തുന്നതോടെ സുന്ദരിയായ ഒരു ഫീല്‍ വരുമായിരുന്നു. മുകളിലൊരു ചന്ദനക്കുറി സ്ഥിരമായിരുന്നു  ചിലപ്പോള്‍ കുറിയുടെ മുകളിലൊരു കുങ്കുമക്കുറിയും കൂടി ചാര്‍ത്തി അതിസുന്ദരിയാകുന്ന ദിവസങ്ങളുമുണ്ട് .അങ്ങനെയങ്ങനെ ആ പൊട്ടെന്റെ ജീവിതത്തിന്റെ ഭാഗമായി പറ്റിച്ചേര്‍ന്നിരിക്കുന്ന കാലം. പൊട്ടില്ലാതെ എങ്ങോടും പോകാറില്ല, മുഖം പൊട്ടില്ലാതെയും കണ്ണെഴുതാതെയും അത്രയ്ക്കങ്ങട് ഇഷ്ടവുമല്ല.

അങ്ങനെയിരിക്കേ ഞാന്‍ ഒത്തിരിയിഷ്ടപ്പെട്ടിരുന്ന പൊട്ടുകുത്തലിന് വേറൊരു മാനം വരുന്നു! കോളേജില്‍ വെച്ചൊരിക്കല്‍ എന്റെ ഏറ്റവും പ്രിയപ്പെട്ടൊരുവള്‍, വളരെവളരെ അലസമായി പറഞ്ഞ ഒരു വാചകം.അത് കേറിക്കൂടിയത് നെഞ്ചിലാണ്, തലച്ചോറിലാണ്! അതിതായിരുന്നേ  "പൊട്ടിടാതെ നിന്നെക്കണ്ടാല്‍ ഒരു വിഡോ ലൂക്കാണ് കേട്ടാടീ"!
 ഞെട്ടല്‍ അവളറിഞ്ഞോ ആവോ ..
ആ കാലം കഴിഞ്ഞു, കോളേജ് ജീവിതം തീര്‍ന്നു, ഞങ്ങള്‍ പിരിഞ്ഞു.. ഉപരിപഠനം, കല്യാണം, പ്രവാസജീവിതം, കുട്ടികള്‍ ഒക്കെയായി. ഇപ്പോഴും ഞാന്‍ ആ കുഞ്ഞുകറുത്ത പൊട്ടു തൊടാന്‍ എടുക്കുമ്പോള്‍ അവളെയോര്‍ക്കും, അവള്‍ പറഞ്ഞ വാചകം ഓര്‍ക്കും!

ഒരു കാര്യോമില്ല. .. അവളെയോ ആ വാചകത്തെയോ ആലോചിക്കേണ്ട ഒരാവശ്യവുമില്ല! എന്നിട്ടും ഓരോ ദിവസവും ഞാന്‍ അതോര്‍ത്തു.... പൊട്ടിടാതെ അപൂര്‍വമായി മാത്രം ഞാന്‍ സെല്‍ഫികള്‍ എടുത്തു, അതിലും അപൂര്‍വമായി മാത്രം ഞാന്‍ പുറംലോകത്തെ എന്റെ പൊട്ടിടാമുഖം കാണിച്ചു, വളരെ വളരെ ആലോചിച്ചു മാത്രം പൊട്ടിടാതെ ഏതെങ്കിലും പരിപാടിക്ക് പോയി!
ഒന്നാലോചിച്ചു നോക്കിക്കേ, എനിക്കൊരു കാര്യോമില്ല ഇത്രയുമൊക്കെ ആലോചിക്കാന്‍..ആശങ്കപ്പെടാന്‍.. എനിക്കറിയാം ഒരു പൊട്ടല്ല എന്റെ സൗന്ദര്യം നിശ്ചയിക്കുന്നത് എന്ന്  അല്ലെങ്കില്‍ പൊട്ടിലോ കണ്മഷിയിലോ വസ്ത്രത്തിലോ ഒന്നുമല്ല ഞാനെന്ന വ്യക്തിയെന്ന്, എന്നെക്കുറിച്ച് അപകര്‍ഷതാബോധം ഇല്ലാത്ത വ്യക്തിയാണ് ഞാന്‍. എന്നിട്ടും ഞാന്‍ വീണ്ടും വീണ്ടും ആലോചിച്ചു, സാരിയ്ക്കും ചുരിദാറിനും ജീന്‍സ് ടോപ്പിനും ഒക്കെ ഒപ്പം ഞാനാ കുഞ്ഞന്‍ കറുമ്പനെക്കൂടെക്കൂട്ടി! ഏറ്റവും അടുത്തയിടങ്ങളില്‍ ഒഴികെ, എന്റെയിടങ്ങളില്‍ ഒഴികെ ഞാന്‍ വട്ടങ്ങളിലൊതുങ്ങി. എന്താണെന്ന് തിരിച്ചറിയാനാകാതെപോയ ആ 'ശങ്ക' .. സത്യത്തില്‍ ഞാനാ വാക്കുകളില്‍ കുരുങ്ങിക്കിടക്കുകയായിരുന്നു ... എന്നെ അത്രമേല്‍ ഇഷ്ടപ്പെട്ടിരുന്ന ഒരാള്‍, എന്റെ പ്രിയപ്പെട്ടവള്‍, എന്റെ ആത്മസഖി എന്തുകൊണ്ടായിരിക്കും വീണ്ടുവിചാരമില്ലാതെ അത്തരമൊരു റിമാര്‍ക്കെന്റെ പൊട്ടിനു തന്നിട്ടുണ്ടാകുക? എന്തുകൊണ്ടാകും അത്രയും നെഗറ്റീവ് ആയൊരു കമന്റ് അവള്‍ പറഞ്ഞിട്ടുണ്ടാകുക?

കഴിഞ്ഞ കൊല്ലം  പെണ്ണുങ്ങള്‍ മാത്രമുളള ഒരു ഗ്രൂപ്പില്‍ നിന്ന് കിട്ടിയ ഇവിടെ ഡടഅ ലുളള ചില ചങ്കുപെണ്ണുങ്ങള്‍ ചേര്‍ന്നൊരു വാട്‌സാപ്പ് ഗ്രൂപ്പ്. മുന്നോട്ടുപോകുന്ന പെണ്ണുങ്ങളെ പിന്നോട്ട് വലിക്കാത്ത ഒരിടം , അടുത്തിടെ കണ്ടയൊരു പോസ്റ്ററിലെപ്പോലെ  എന്റെ തലയിലെ ചരിഞ്ഞിരിക്കുന്ന കിരീടത്തിനെ മറ്റാരോടും പാടി നടക്കാതെ വന്നു നിവര്‍ത്തിവെക്കുന്ന പെണ്ണുങ്ങള്‍! അങ്ങനൊരു കത്തിയടി ഡിസ്കഷന്‍സിനിടയ്ക്കാണ് ഫെമി എന്നോട് ചലഞ്ചായി പറഞ്ഞത് "ആര്‍ഷൂന് ചലഞ്ച്, പൊട്ടു തൊടാത്ത സിന്ദൂരം തൊടാത്ത ഫോട്ടോ ഇടണം! " ഓഫീസില്‍ പോകുമ്പോള്‍ ദിവസത്തിനും വസ്ത്രത്തിനും അനുസരിച്ച് അങ്ങനെയാണ് മിക്കപ്പോഴും പോകാറുള്ളത് എങ്കിലും ഞാന്‍ നേരത്തെ പറഞ്ഞതുപോലെ അപൂര്‍വമായേ ഞാന്‍ എന്റെയാ മുഖത്തിനെ സെല്‍ഫി എടുക്കുകയോ പ്രദര്‍ശിപ്പിക്കുകയോ ചെയ്തിരുന്നുള്ളൂ.... ആ പഴയ 'ശങ്ക' . ഇഷ്ടമുള്ള വേറെ ആരെങ്കിലും അമ്മാതിരി ഒരു റിമാര്‍ക്ക്, സുന്ദരിയാണെന്ന് ഞാന്‍ കരുതുമ്പോള്‍ ' ഒരു വിധവലൂക്ക്' എന്ന് പറയുമോയെന്ന് വെറും വെറുതേയൊരു ആശങ്ക :) വീണ്ടും ഞാനങ്ങനെയൊരു വാചകത്തില്‍ കുരുങ്ങിപ്പോകുമോയെന്ന് അനാവശ്യമായൊരു ചിന്ത!

എന്തായാലും ഈ പെണ്ണുങ്ങള്‍ കേമികളല്ലേ.. അവളുമാര്‍ ഇതല്ല ഇതിലപ്പുറം ചാടിക്കടന്ന എന്റെ കേ കേ ജോസപ്പുമാര്‍! പ്രളയത്തിലെന്റെയൊപ്പം രാവുറങ്ങാതിരുന്നവര്‍, സംസാരിക്കാന്‍ വയ്യാതെ തളര്‍ന്ന ഫോണ്‍കാളുകളുടെ ഒടുവില്‍ പാതിരാത്രികളില്‍ രണ്ടൂസം കഴിഞ്ഞു കുളിച്ചിട്ടെന്ന് ഉറക്കം മതിയാകാത്ത കണ്ണുകളുടെ ഫോട്ടോ അയച്ചവര്‍! അവരെക്കാണിക്കാന്‍ ഞാനെന്തിന് മടിക്കണം . അങ്ങനെയാണ് ഞാനീ ചിത്രം അയച്ചത്. എന്റെ പെണ്ണുങ്ങളേ ഞാന്‍ പറയുവോളം നിങ്ങള്‍ അറിഞ്ഞില്ലാലോ എന്റെ 18 കൊല്ലത്തോളം നീണ്ട ഒരു പിന്‍വിളിയെ ആണന്ന് നിങ്ങള്‍ ഉടച്ചുരുക്കിക്കളഞ്ഞത് എന്ന്! ഈ 'വിധവ'കഥ അറിയാതെ അതിലോരോരുത്തരും പറഞ്ഞത്  'എന്തൊരു രസാ' ന്നാണ് ... സ്‌നേഹം കൊണ്ടാകാം, ശരിക്കും രസമായിട്ടാകാം  പക്ഷേ, അന്ന് നിങ്ങള്‍ എന്നോട് പറഞ്ഞതിന് ഞാനെന്ന പെണ്ണ് നിങ്ങളോട് ഒരു പെണ്‍ജന്മം കടപ്പെട്ടിരിക്കുന്നു. അതിനുശേഷമാണ് ഞാനാ കഥ നിങ്ങളോട് പറഞ്ഞത്. മടിച്ചുമടിച്ചുമാത്രം പൊട്ടൊഴിവാക്കിയിരുന്നത് എന്തുകൊണ്ടാണെന്ന്.

അങ്ങനെയാണ് അയാളെക്കുറിച്ച് ഒന്നുകൂടി ആലോചിച്ചു നോക്കിയത്  ആലോചിക്കുമ്പോള്‍ വേറെ ഒത്തിരി കാര്യങ്ങള്‍ക്ക് എന്റെയാ പ്രിയപ്പെട്ടവള്‍ എന്നോട് പറഞ്ഞിരിക്കുന്നത് ഇമ്മാതിരി പ്രതികരണങ്ങള്‍ ആണ് ... കാന്‍സര്‍ പേഷ്യന്‍സിനു മുടി മുറിച്ച വീഡിയോ കണ്ടപ്പോള്‍ ആള്‍ പറഞ്ഞു "ഇതിലെന്താണിത്ര വലിയ കാര്യം, കാലങ്ങളായി ഞാനും എനിക്കറിയുന്നവരും ചെയുന്നു" എന്നതിനെ നിസാരമാക്കി, അമേരിക്കയിലെ ജീവിത കാര്യങ്ങള്‍ ഒരു പ്രവാസിയായി പറഞ്ഞപ്പോള്‍ "ഇത്രോം കഷ്ടപ്പെട്ട് അവിടെ നില്‍ക്കുന്നത് എന്തിനാ" ന്നു മറ്റൊരു പ്രവാസിയായ അവള്‍ ചോദിച്ചു, മക്കളുടെ എന്തെങ്കിലും സന്തോഷ കാര്യം പറയുമ്പോള്‍ തിരികെ "ഇതൊക്കെ എക്‌സിബിഷനിസം " ആണെന്ന് കളിയാക്കി ആ സന്തോഷത്തിനെ പൊടിച്ചുകളഞ്ഞു, ആദ്യമായി ബുക്ക് പുറത്തിറക്കിയ കഥ പറഞ്ഞപ്പോള്‍ 'നല്ലതൊക്കെ തന്നെ പക്ഷേ ഇപ്പോള്‍ ആരേലും കവിതകളൊക്കെ വായിക്കുമോ ' എന്നൊരു ചോദ്യം എന്റെ നെഞ്ചിലേക്ക് എറിഞ്ഞുതന്നു... അങ്ങനെയങ്ങനെ ഞാനവളോട് ഒന്നും പറയാതെയായി . പറഞ്ഞാല്‍ അതെന്നെത്തന്നെ തിരിച്ചുകൊത്തും  എത്ര സന്തോഷത്തോടെ അഭിമാനത്തോടെ പങ്കുവെച്ചാലും അവസാനം എനിക്കതില്‍ നിരാശയുടെ ഒരു പൊട്ടു സമ്മാനിക്കാന്‍ അവള്‍ക്ക് കഴിഞ്ഞു! ഒരുപക്ഷേ, ആളറിയാതെ ചെയ്യുന്നതാകാം... !! എങ്കിലും....

ഇതെന്തിനാ ഇപ്പോള്‍ ഇവിടെ പറഞ്ഞതെന്നോ  നിങ്ങളോട് പ്രിയപ്പെട്ട ഒരാള്‍ ഒരു കാര്യം പറയുമ്പോള്‍ തിരിച്ചു പറയുന്ന മറുപടി എന്നതാണെന്ന് ഒന്നുകൂടി ആലോചിച്ചിട്ട് പറയുക. നിങ്ങള്‍ പറയുന്ന അഭിപ്രായത്തിനൊപ്പം ഒരു "പക്ഷേ" ഉണ്ടോ?. 'നിനക്കാ ഡ്രസ് ചേരുന്നുണ്ട്, പക്ഷേ...' 'നീ നന്നായി പാടി , പക്ഷേ ...' ''ആ കറി കൊള്ളാരുന്നു കേട്ടോ, പക്ഷേ ..'  ഉണ്ടോ? ഉണ്ടോ? ശരിക്കും ആലോചിച്ചേ ഉണ്ടെങ്കില്‍, ആ അഭിപ്രായം നിങ്ങള്‍ പറഞ്ഞതുകൊണ്ട് കേള്‍ക്കുന്ന ആളിന് ഒരു ഗുണവുമില്ല! മാത്രവുമല്ല 18 കൊല്ലത്തോളം ഞാന്‍ കൊണ്ടുനടന്നതുപോലെ അതിനെ മാറാല പോലെ കേട്ടയാള്‍ കൂടെക്കെട്ടി നടക്കുകയും ചെയ്‌തേക്കാം!

വീണ്ടും എന്റെ പെണ്‍കൂട്ടത്തിലേക്ക്  പെണ്ണുങ്ങളേ നിങ്ങള്‍ സൂപ്പറാണ് ജഡ്ജുമെന്റല്‍ അല്ലാതെ, മറ്റുള്ളവരുടെ സന്തോഷങ്ങളില്‍ സന്തോഷിക്കുന്ന എല്ലാ മനുഷ്യന്മാരും സൂപ്പറാണ്! അങ്ങനെ സന്തോഷിക്കാന്‍ പെണ്ണുങ്ങളെ സഹായിക്കുന്ന എല്ലാ ആണുങ്ങളും സൂപ്പറാണ്.... ഈ ലോകമേ സൂപ്പറാണ്  നമ്മള്‍ കണ്ണുതുറന്നു നോക്കിയാല്‍! ഇപ്പോള്‍ എന്റെ കുഞ്ഞുപൊട്ടിനെ ഞാന്‍ സ്കൂളില്‍ വെച്ച് ചെയ്തിരുന്നതുപോലെ സന്തോഷത്തിലാണ് തൊടുക, തൊടാതിരുന്നാലും എന്നെയത് ബാധിക്കുന്നില്ല  ഞാന്‍ ആ വലയിലിപ്പോള്‍ കുരുങ്ങിക്കിടക്കുന്നില്ല

നമ്മള്‍ സൂപ്പറാണെന്ന് ഇടയ്ക്കിടെ പറയുന്ന എല്ലാവരോടും സ്‌നേഹം! ലോകത്തിനെ സൂപ്പര്‍ ആക്കിനിര്‍ത്തുന്ന എല്ലാ പെണ്ണുങ്ങളോടും അവരുടെ ആണുങ്ങളോടും സ്‌നേഹം  ഹാപ്പി സൂപ്പര്‍ വിമന്‍സ് ഡേ!



Join WhatsApp News
Sudhir Panikkaveetil 2019-03-09 10:46:21
എപ്പോഴും  എപ്പോഴും സൂപ്പർ "ആണ് ". സൂപ്പർ 
അല്ല എന്ന് പറയണമെങ്കിൽ "ആണിനെ" വിടണം. 
Joseph 2019-03-10 11:32:30
ഈ ലേഖനം വായിച്ചപ്പോൾ ഒരു നാല് പതിറ്റാണ്ടിനു മുമ്പുള്ള പുരുഷന്മാരുടെ ചിന്താഗതികൾ ഓർമ്മ വന്നു. അന്ന് ഒരു പെണ്ണിൽ പുരുഷൻ സൗന്ദര്യം കണ്ടിരുന്നത് നീണ്ട തലമുടിയും കണ്ണ് എഴുതിയതും,  കറുത്ത പൊട്ടുമായിരുന്നു. ലിപ്സ്റ്റിക്കിട്ട പെണ്ണുങ്ങളെ പുരുഷന്മാർ സംശയത്തോടെ കണ്ടിരുന്നു.കാലം ഇന്ന് എല്ലാത്തിനെയും തിരിച്ചു മറിച്ചു.

ഹൈന്ദവ പുരാണം അനുസരിച്ച് 'പൊട്ട്' എന്നുള്ളത് ദൈവിക ചിഹ്നമാണ്. പരമശിവന്റെ മൂന്നാം കണ്ണിനെ ഓർമ്മിപ്പിക്കുന്നു. എങ്കിലും കേരളത്തിലെ സുറിയാനി ക്രിസ്ത്യാനി പെണ്ണുങ്ങൾ കറുത്ത പൊട്ടിനെ ഇഷ്ടപ്പെട്ടിരുന്നു. വിവാഹശേഷം ആദ്യകാലങ്ങളിൽ എന്റെ ഭാര്യക്കും കറുത്ത പൊട്ട് ഞാൻ നിർബന്ധമാക്കിയിരുന്നു. ഇന്നും ചിന്തിക്കുന്നത് കറുത്ത പൊട്ടിൽ പെണ്ണിന്റെ അഴകിന് ഒരു പ്രത്യേകതയുണ്ടെന്നാണ്. അത് കാലത്തിനു ചേരാത്ത പഴഞ്ചൻ ചിന്താഗതിയായിരിക്കാം.  

പണ്ട് ആഭ്യന്തര മന്ത്രിയായിരുന്ന പി.റ്റി. ചാക്കോയുടെ കാറിൽ ഒരു പെണ്ണിനെ കണ്ടപ്പോൾ കേരളത്തിലെ മാദ്ധ്യമങ്ങളിലുണ്ടായ ഒച്ചപ്പാടുകളും ഓർമ്മിക്കുന്നു. ആ 'പൊട്ടു തൊട്ട സുന്ദരി ആരെന്നായിരുന്നു' അന്നുണ്ടായിരുന്ന പത്രങ്ങളുടെ തലക്കെട്ടുകൾ. അന്നത്തെ കോലാഹലങ്ങൾ ഇന്നും ഓർമ്മയിലുണ്ട്. മലയാള മങ്കകളുടെ പൊട്ടുകൾ നിത്യ സൗന്ദര്യ പ്രതീകങ്ങളായി മലയാളി മനസുകളിൽ തുടരട്ടെയെന്ന് ആഗ്രഹിക്കുന്നു. 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക