Image

ന്യൂ ജനറേഷന്‍ സിനിമയും ഫേസ്‍ബുക്ക് ഗുണ്ടകളും

Berly Thomas (berlytharangal.com) Published on 19 April, 2012
ന്യൂ ജനറേഷന്‍ സിനിമയും ഫേസ്‍ബുക്ക് ഗുണ്ടകളും

കഷ്ടിച്ച് പത്തുവരെ പഠിച്ചിട്ടുള്ള തിരക്കഥാകൃത്തുക്കളും എട്ടില്‍ തോറ്റ സംവിധായകരും മലയാള സിനിമയെ നയിച്ചിരുന്ന കാലത്തു നിന്ന് സംവിധാനം മുതല്‍ സോഷ്യല്‍ മീഡിയ മാര്‍ക്കറ്റിങ് വരെ സ്വന്തം നിലയ്‍ക്ക് ചെയ്യാന്‍ തക്ക പ്രായോഗികബുദ്ധിയും വിദ്യാഭ്യാസവും കോമണ്‍സെന്‍സുമുള്ള എഴുത്തുകാരും സംവിധായകരും നല്ല സിനിമകള്‍ക്കു വേണ്ടി പരിശ്രമിക്കുന്ന കാലത്താണ് നമ്മള്‍ നില്‍ക്കുന്നത്. നല്ല സിനിമ വേണോ, ഹിറ്റ് സിനിമ വേണോ എന്ന ചോദ്യത്തിനു മുന്നില്‍ നല്ല സിനിമ ഹിറ്റാക്കണം എന്ന ആഗ്രഹത്തോടെയുള്ള പ്രവര്‍ത്തനങ്ങള്‍ തീര്‍ച്ചയായും ന്യൂ ജനറേഷനാണ്.

അടൂര്‍ ഗോപാലകൃഷ്ണന്റെയും അരവിന്ദന്റെയും ടി.വി.ചന്ദ്രന്റെയുമൊക്കെ സിനിമകള്‍ സാധാരണ പ്രേക്ഷകര്‍ കണ്ടിരുന്നില്ലെങ്കിലും അയ്യോ അവാര്‍ഡ് സിനിമയെന്ന് പറഞ്ഞ് ബഹുമാനിച്ചിരുന്നു. പ്രേക്ഷകര്‍ക്ക് രസിക്കുന്ന തരത്തില്‍ കഥപറയാന്‍ അറിയാത്തത് സംവിധായകരുടെ പരാജയമല്ല മറിച്ച്, ആ സംവിധായകരുടെ കഥാഖ്യാനം മനസ്സിലാക്കാനുള്ള ബുദ്ധിയില്ലാതെ പോയത് തങ്ങളുടെ പരാജയമാണ് എന്നു വിശ്വസിച്ചിരുന്ന പ്രേക്ഷകരുടെ കാലം കഴിഞ്ഞു. അവാര്‍ഡ് സിനിമയെന്നും ജനപ്രിയ സിനിമയെന്നുമുള്ള വേര്‍തിരിവുകള്‍ ഇല്ലാതാവുകയും ജനപ്രിയ സിനിമയെന്ന പേരില്‍ ഇറങ്ങുന്നവ‍ നിലവാരത്തകര്‍ച്ച ഉറപ്പാക്കി കലക്ഷന്‍ റെക്കോര്‍ഡുകള്‍ ഭേദിക്കുകയും ചെയ്യുമ്പോള്‍ ന്യൂജനറേഷന്‍ സിനിമ എന്ന അടയാളവാക്യം കൊണ്ട് വേര്‍തിരിച്ചുകാണാവുന്ന ചെറിയ സിനിമകള്‍ നേടുന്ന വിജയം ഈ കാലഘട്ടത്തിന്റെ റെക്കോര്‍ഡുകളാണ്.

ജയരാജിന്റെ ഫോര്‍ ദി പീപ്പിളില്‍ തുടങ്ങി, ട്രാഫിക്, സിറ്റി ഓഫ് ഗോഡ്, സോള്‍ട്ട് ആന്‍ഡ് പെപ്പര്‍, ചാപ്പാ കുരിശ്, ഈ അടുത്ത കാലത്ത് തുടങ്ങി 22 ഫീമെയില്‍ കോട്ടയം വരെ എത്തി നില്‍ക്കുന്ന സിനിമകളുടെ പട്ടിക ബോക്സ് ഓഫിസിലും നേട്ടമുണ്ടാക്കുന്നുണ്ട് എന്നത് ചെറിയ കാര്യമല്ല. തമിഴില്‍ 50 ന്യൂജനറേഷന്‍ സിനിമകളിറങ്ങുമ്പോഴാണ് ഒരു സുബ്രഹ്‍മണ്യപുരവും അങ്ങാടിത്തെരുവുമൊക്കെയുണ്ടാവുന്നത്. കൊലവെറി ലോകഹിറ്റായെങ്കിലും പടം എട്ടുനിലയില്‍ പൊട്ടി. മലയാളത്തില്‍ പുതുതലമുറ സിനിമകള്‍ എല്ലാം സൂപ്പര്‍ ഹിറ്റാവുന്നില്ലെങ്കിലും ശ്രദ്ധിക്കപ്പെടുകയും പ്രേക്ഷകരുടെ ചര്‍ച്ചയിലിടം നേടുകയും ചെയ്യുന്നുണ്ട് എന്നത് മാറ്റത്തിന്റെ സൂചനയാണ്.

22 ഫീമെയില്‍ കോട്ടയം മലയാളത്തിലെ ആദ്യത്തെ ഫെമിനിസ്റ്റ് സിനിമ എന്ന വിശേഷണം അര്‍ഹിക്കുന്നുണ്ട്. സിറ്റി ഓഫ് ഗോഡ് പരാജയമായിരുന്നു പക്ഷെ,എന്നെ വിസ്മയിപ്പിച്ച ഒരു സിനിമയാണ്. ഈ അടുത്ത കാലത്ത് മനോരഹരമായ സിനിമയാണെന്ന് അഭിപ്രായമുള്ളവര്‍ ധാരാളമുണ്ട്, പക്ഷെ, എനിക്കിഷ്ടമായില്ല. ഇത്തരത്തില്‍ വ്യക്തിപരമായി സ്വാധീനിക്കുകയും അഭിപ്രായമുണ്ടാക്കുകയും ചെയ്യുന്ന സിനിമകള്‍ ഷുവര്‍ ഹിറ്റുകളായിരിക്കില്ല,പക്ഷെ അഭ്രപാളികളില്‍ അവ എഴുതുന്നത് ഒരു ചരിത്രമാണ്.

വിഷുവിന് ഇറങ്ങിയ സിനിമകളില് റിലീസ് ചെയ്ത ദിവസം മുതല്‍ അവസാനം കഴിഞ്ഞ ഷോ വരെ എല്ലാ സെന്ററുകളിലും ഹൗസ്‍ഫുള്ളായി ഓടുന്ന ഒറ്റ സിനിമയേയുള്ളൂ- മായാമോഹിനി. ഉദയകൃഷ്ണ-സിബി കെ.തോമസിന്റെ തിരക്കഥയില്‍ മുമ്പിറങ്ങിയിട്ടുള്ള കാര്യസ്ഥന്‍, പോക്കിരിരാജ തുടങ്ങിയ സിനിമകള്‍ പോലെ കഥയോ, സന്ദേശമോ, സംസ്കാരമോ ഒന്നുമല്ല, ജനക്കൂട്ടത്തെ പൊട്ടിച്ചിരിപ്പിക്കുന്നതിനുള്ള സംഗതികള്‍ അടങ്ങിയ വെടിക്കെട്ടാണ് സിനിമയെ ഹിറ്റാക്കുന്നത്. അതൊരു ഹിറ്റ് ഫോര്‍മുലയാണ്. പക്ഷെ,ഇഷ്ടപ്പെട്ട സിനിമകളുടെ പട്ടികയില്‍ ഒരാളും ആ സിനിമയുടെ പേര് പറയില്ല. സിനിമാ വ്യവസായം നിലനില്‍ക്കണമെങ്കില്‍ മായാമോഹിനിമാര്‍ വരണം. കലാമൂല്യമുള്ള സിനിമ നിലനില്‍ക്കണമെങ്കില്‍ കോട്ടയം ഫീമെയിലുകളും വരണം.

22 ഫീമെയില്‍ കോട്ടയം എന്ന സിനിമ വിജയിപ്പിച്ചത് ഫേസ്‍ബുക്ക് ഗുണ്ടകളാണ് എന്ന് ആരെങ്കിലും ആരോപിക്കുന്നതും ഗുണ്ടകള്‍ അത്തരത്തിലൊരവകാശവാദം ഉന്നയിക്കുന്നതും ബാലിശമാണ്. സിനിമ കണ്ടിറങ്ങിയ സാധാരണ പ്രേക്ഷകര്‍ തന്നെയാണ് ആ സിനിമയെയും ഹിറ്റിലേക്ക് എത്തിച്ചുകൊണ്ടിരിക്കുന്നത്. സിനിമയെ പ്രാദേശിക-വര്‍ഗീയച്ചുവയോടെ വിലയിരുത്തി സംവിധായകനെ വ്യക്തിപരമായി ആക്രമിക്കുന്ന ഒരു റിവ്യൂവും അതിനു താഴെ റിവ്യൂ എഴുതിയ ലേഖകനെ തെറിവിളിക്കുന്ന നൂറുകണക്കിനു കമന്റുകളും ഒരു വെബ്‍സൈറ്റില്‍ കണ്ടു. നഴ്‍സുമാര്‍ പ്രവാസജീവിതത്തിനു വേണ്ടി കന്യാത്വം വെടിയുമെന്ന സന്ദേശമാണ് ലേഖകന്‍ സിനിമയില്‍ നിന്നു വായിച്ചത് എന്നത് നിര്‍ഭാഗ്യകരമാണ്. സംവിധായകനെ പ്രകോപിപ്പിക്കുന്ന ലേഖകന്റെ തന്തയ്‍ക്ക് വിളിച്ച് പോകുന്ന ഗുണ്ടകളുടെ പ്രതിബദ്ധത അതിലേറെ നിര്‍ഭാഗ്യകരമാണ്.

Super Hit: സൈബര്‍ ഫെമിനിസം പോലെ തന്നെ സൈബര്‍ ഗുണ്ടായിസവും അവശരും പരാജിതരുമായ അന്തര്‍മുഖരുടെ ആത്മപ്രകാശന വഴികളാണ്. അവസാനനാളില്‍ ഫെമിനിസ്റ്റുകളും ഗുണ്ടകളും കൊടുംനരകത്തില്‍ കണ്ടംപ്‍റ്റ് സെല്ലില്‍ അടയ്‍ക്കപ്പെടും. അന്ന് മെയില്‍ ഷോവനിസ്റ്റുകള്‍ സ്വര്‍ഗലോകത്തിരുന്ന് ഐറ്റം ഡാന്‍സ് കളിക്കുന്ന മായാമോഹിനിമാരുടെ നിതംബങ്ങളില്‍ മെല്ലെയടിച്ച് – മണ്ടിപ്പെണ്ണേ എന്നു വിളിച്ച് പൊട്ടിച്ചിരിക്കും !
ന്യൂ ജനറേഷന്‍ സിനിമയും ഫേസ്‍ബുക്ക് ഗുണ്ടകളും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക