Image

കോട്ടയത്തെ സ്ഥാനാര്‍ഥി നിര്‍ണയം: യുഡിഎഫ് നേതൃത്വം ഇടപെട്ടിട്ടില്ലെന്ന് റോഷി

Published on 11 March, 2019
കോട്ടയത്തെ സ്ഥാനാര്‍ഥി നിര്‍ണയം: യുഡിഎഫ് നേതൃത്വം ഇടപെട്ടിട്ടില്ലെന്ന് റോഷി
കോട്ടയം: കേരള കോണ്‍ഗ്രസ്-എമ്മിന്‍റെ സീറ്റായ കോട്ടയത്ത് ആര് മത്സരിക്കണമെന്ന് പാര്‍ട്ടി തീരുമാനിക്കുമെന്നും സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ യുഡിഎഫ് നേതൃത്വം ഇടപെട്ടുവെന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണെന്നും റോഷി അഗസ്റ്റിന്‍ എംഎല്‍എ.

പാര്‍ട്ടിയിലെ നേതാക്കളുമായി കൂടിയാലോചിച്ചാവും കെ.എം.മാണി സ്ഥാനാര്‍ഥിയെ നിര്‍ണയിക്കുക. ഞായറാഴ്ച ചേര്‍ന്ന പാര്‍ട്ടി സ്റ്റിയറിംഗ് കമ്മിറ്റി യോഗം സ്ഥാനാര്‍ഥിയെ നിശ്ചയിക്കാന്‍ ചെയര്‍മാനായ മാണിയെ ചുമതലപ്പെടുത്തുകയായിരുന്നുവെന്നും റോഷി വ്യക്തമാക്കി.

കോട്ടയം സീറ്റില്‍ പി.ജെ.ജോസഫിനെ മത്സരിപ്പിക്കാന്‍ കോണ്‍ഗ്രസ്-മുസ്ലിം ലീഗ് സമ്മര്‍ദ്ദം മാണിക്ക് മേല്‍ ഉണ്ടെന്ന് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. കോണ്‍ഗ്രസ് നേതൃത്വത്തിന്‍റെ പിന്തുണയോടെയാണ് ജോസഫ് കോട്ടയം സീറ്റ് ആവശ്യപ്പെടുന്നതെന്നാണ് മാണി വിഭാഗത്തിന്‍റെ പരാതി.

സീറ്റ് ജോസഫിന് വിട്ടുകൊടുക്കുന്നതിനോട് കേരള കോണ്‍ഗ്രസിലെ മാണി വിഭാഗത്തിന് എതിര്‍പ്പുമുണ്ട്. മാണി മുന്നോട്ടുവച്ച പേരുകള്‍ സ്വീകരിക്കാതെ സീറ്റ് ജോസഫിന് നല്‍കാന്‍ കോണ്‍ഗ്രസ് നേതൃത്വം കടുത്ത സമ്മര്‍ദ്ദം ചെലുത്തുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക