Image

ത്രിദേവ് മന്ദിര്‍ , തുളസി മാനസ മന്ദിര്‍ , ദുര്‍ഗാ കുണ്ഡ് (മിനി വിശ്വനാഥന്‍)

Published on 11 March, 2019
ത്രിദേവ് മന്ദിര്‍ , തുളസി മാനസ മന്ദിര്‍  , ദുര്‍ഗാ കുണ്ഡ് (മിനി വിശ്വനാഥന്‍)
ബനാറസ് ഹിന്ദു സര്‍വ്വകലാശാലയില്‍ നിന്ന് സങ്കട മോചനനെ ലക്ഷ്യമാക്കി യാത്ര തുടരുമ്പോഴാണ് അരസികനായ െ്രെഡവറിലെ ടൂറിസ്റ്റ് ഗൈഡ് ഉണര്‍ന്നത്. ദൂരെ നിന്ന് തെളിഞ്ഞു കാണുന്ന ഒരു പാലം ചൂണ്ടിക്കാട്ടി ഇത് ബ്രിട്ടീഷുകാര്‍ ഉണ്ടാക്കിയ പാലമാണെന്നും ഡബിള്‍ ഡക്കര്‍ ആണെന്നും പറഞ്ഞു. ഗംഗാനദിക്കു കുറുകെയുള്ള സുപ്രസിദ്ധമായ ദഫറിന്‍ പാലമായിരുന്നു അത്. രാജ്ഘട്ട് ബ്രിഡ്ജ് എന്നും പേരുള്ള ഇതിനെ ആയിരത്തി തൊള്ളായിരത്തി നാല്പത്തെട്ടില്‍ മാളവ്യ ബ്രിഡ്ജ് എന്ന് പുനര്‍നാമകരണം ചെയ്തു. താഴ്ഭാഗത്ത് കൂടി റെയില്‍ പാതയും മുകളിലൂടെ റോഡും ആണിതിന്റെ പ്രത്യേകത. ബ്രിട്ടീഷ് നിര്‍മ്മാണ രീതിയിലുള്ള ഇപ്പോള്‍ ഓര്‍മ്മ മാത്രമായ തലശ്ശേരി കണ്ണൂര്‍ റോഡിലുണ്ടായിരുന്ന മൊയ്തുപാലം മനസ്സിലേക്ക് ഓടി എത്തി. താരതമ്യങ്ങളില്ലാത്തതാണ് എന്നാലും മനസ്സല്ലേ, ക്ഷമിച്ചേക്കാം. പാലം അവസാനിക്കുന്നിടത്ത് രാംനഗര്‍ കോട്ടയുടെ പിന്‍വശം കാണാം, ഗംഗാ തീരത്തെ തുളസീഘട്ട് മറുകരയിലും. ഫോട്ടോ എടുക്കാന്‍ പറ്റിയില്ലെങ്കിലും മനസ്സില്‍ നിന്ന് മായാത്ത ഒരു കാഴ്ചാനുഭവമായിരുന്നു അത്.

ഒരു രാമക്ഷേത്രത്തിലേക്കാണ് അടുത്ത യാത്രയെന്നാണ് ഞാന്‍ കരുതിയത്, കണ്ണൂര്‍ ജില്ലയിലെ മക്രേരി ഹനുമാന്‍ ക്ഷേത്രത്തിലേത് പോലുള്ള തണുത്ത കാറ്റ് എനിക്ക് ചുറ്റും പടരുന്നത് വരെ. സംകട്‌മോചന്‍ ഹനുമാനാണെന്നറിഞ്ഞത് അപ്പോഴാണ്. ശ്രീരാമനെയും സീതയേയും സങ്കടത്തില്‍ നിന്ന് മോചിപ്പിച്ച ഭഗവാന്‍ ഹനുമാനെ ഇവിടെ പ്രതിഷ്ഠിച്ചത് തുളസീദാസ രാമായണ കര്‍ത്താവായ തുളസീദാസ് ആണ്. അസ്സിനദിക്കരയിലുള്ള ഈ സ്ഥലത്ത് വെച്ച് അദ്ദേഹത്തിന് ഹനുമല്‍ ദര്‍ശനം ഉണ്ടായെന്നും അപ്പോള്‍ തന്നെ അവിടെ ഹനുമല്‍ പ്രതിഷ്ഠ നടത്തിയെന്നുമാണ് വിശ്വാസം. ഈ ക്ഷേത്രത്തിന്റെ പ്രത്യേകത ശ്രീരാമന് അഭിമുഖമായാണ് ഹനുമല്‍ പ്രതിഷ്ഠ എന്നതാണ്. കുരങ്ങന്‍മാരുടെ സാന്നിദ്ധ്യം കൊണ്ട് 'മങ്കി ടെമ്പിള്‍'എന്നുമിതിനൊരു പേരുണ്ട്.

നേരിയ ഒരു ചാറ്റല്‍ മഴയുടെ അകമ്പടിയോടെയാണ് ഞങ്ങള്‍ ഹനുമാനെ കാണാനെത്തിയത്. ഞായറാഴ്ചയായിട്ട് പോലും വലിയ ക്യു ഉണ്ടായിരുന്നു. ചൊവ്വ, ശനി ദിവസങ്ങളിലാണ് സാധാരണ ഇവിടെ വന്‍ തിരക്ക് അനുഭവപ്പെടാറുള്ളതത്രെ. അനിശ്ചിതമായി ഒരു ക്യുവില്‍ നില്‍ക്കാന്‍ സമയക്കുറവ് ഉള്ളത് കൊണ്ട് ഞങ്ങള്‍ ക്ഷേത്രം ചുറ്റി നടന്നു കണ്ടു. ക്ഷേത്ര മുറ്റത്ത് പടര്‍ന്ന് പന്തലിച്ച് നില്കുന്ന ആല്‍മരത്തിന് മുകളില്‍ ചുവന്ന ചരടുകള്‍ കെട്ടിയുറപ്പിച്ചിട്ടുണ്ട്. താഴെ ഒരു വിളക്കും കത്തുന്നുണ്ടായിരുന്നു. ബേസന്‍ ലഡുവാണ് ഇവിടത്തെ പ്രധാന പ്രസാദവും വഴിപാടും .കൗണ്ടറില്‍ നിന്ന് ലഡു വാങ്ങിയതിന് ശേഷം ഭക്തര്‍ തന്നെ നേരിട്ടു ഭഗവാന് മുന്നില്‍ സമര്‍പ്പിക്കുകയും ഭഗവാനെ ഒന്ന് കാണിച്ചതിനു ശേഷം അത് തിരിച്ച് പ്രസാദമായി കൊടുക്കുകയുമാണ് പതിവ്. എല്ലാം ചുറ്റിക്കണ്ട് ഭഗവാന് മുന്നിലെത്തിയപ്പോള്‍ നട തുറക്കുകയും (കര്‍ട്ടന്‍ മാറ്റലാണ് നട തുറക്കല്‍) ക്യു നീങ്ങിത്തുടങ്ങുകയും ചെയതു. ഹനുമാനുമായുള്ള ചെറിയ രഹസ്യസംഭാഷണത്തിന് ശേഷം ഞാന്‍ മെല്ലെ നടയ്ക് മുന്നിലെത്തി. ഇത്രയും ദൂരെ നിന്ന് തന്നെ കാണാനായി വന്ന ഭക്തയെ സങ്കടപ്പെടുത്താന്‍ ഹനുമാന് ആവില്ലല്ലോ. വിശാലമായ ഗര്‍ഭഗൃഹത്തില്‍ സര്‍വ്വാലങ്കാരങ്ങളോടും കൂടി ശ്രീരാമനും സീതയ്ക്കുമൊപ്പം ഹനുമാനും ഭക്തരെ അനുഗ്രഹിച്ച് സങ്കട മോചിതരാക്കി. പഴമയുടെ മാധുര്യം ഒട്ടും ചോര്‍ന്നു പോവാതെ സംരക്ഷിച്ചിട്ടുള്ള ഈ ക്ഷേത്രം 2006 ലെ ഒരു ഭീകരാക്രമണത്തെയും നേരിട്ടതാണ്.

കുങ്കുമാഭിഷിക്തനായ ഹനുമാന്‍ സങ്കല്പം കാവി നിറത്തിലുള്ള പെയിന്റില്‍ ഒതുക്കി, മിക്ക ഹനുമല്‍ ക്ഷേത്രങ്ങളിലും. ശിവരാത്രി പ്രമാണിച്ച് പുത്തന്‍ തീര്‍ത്ഥാടകരെ പ്രതീക്ഷിച്ച് എല്ലാ ക്ഷേത്രങ്ങളും അണിഞ്ഞൊരുങ്ങിയിരുന്നു. എല്ലാ ഹനുമാന്‍ വിഗ്രഹങ്ങളും കാവി പെയിന്റിന്റെ തിളക്കത്തിലുമായിരുന്നു.

ഞാന്‍ പ്രത്യേകിച്ച് സങ്കടങ്ങളൊന്നും പറഞ്ഞില്ല , ഹനുമാന്‍ സ്വാമിയോട് ...പുരുഷോത്തമനായ ശ്രീരാമനോടും ഒന്നും അപേക്ഷിച്ചില്ല. നമുക്കിനിയും കാണണമെന്ന് പറഞ്ഞ് വെച്ച് തിരിഞ്ഞു നടക്കുമ്പോള്‍ വീശിയടിച്ച കാറ്റിന് ചന്ദന ഗന്ധമുണ്ടായിരുന്നു.

സങ്കടമോചന ഹനുമാന്‍ ക്ഷേത്രത്തിന് തൊട്ടടുത്ത് തന്നെയാണ് ത്രിദേവ് മന്ദിറും, തുളസി മാനസ മന്ദിറും , ദുര്‍ഗാ കുണ്ഡും...

ത്രിദേവ് മന്ദിറിന്റെ പ്രത്യേകത പേര് പോലെ തന്നെ മൂന്ന് പ്രധാനമൂര്‍ത്തികള്‍ ഉണ്ടെന്നതാണ്.
സല്‍സാര്‍ ഹനുമാന്‍, ദാദി റാണി സതി ദേവി, ഘടോല്‍ക്കചന്റെ പുത്രനായ ഘാതുശ്യാം (ബാര്‍ബാരികന്‍) എന്നിവരാണവര്‍. യഥാര്‍ത്ഥത്തിന്‍ തോറ്റവരുടെ ദൈവമായ ഘാതു ശ്യാമിന് രാജസ്ഥാനിലും ക്ഷേത്രമുണ്ട്. മാര്‍ബിള്‍ പാകി മനോഹരമാക്കിയ ഒരു അമ്പലമാണ് ത്രിദേവ് മന്ദിര്‍. മയില്‍പീലിക്കെട്ട് കൊണ്ടുഴിഞ്ഞ്
ഞങ്ങളുടെ ശിരസ്സിലും അനുഗ്രഹവര്‍ഷം ചൊരിഞ്ഞു പൂജാരികള്‍. ബാര്‍ബാറികനെ ഒന്നുകൂടി തിരിഞ്ഞു നോക്കി അവിടെ നിന്നിറങ്ങിയത് തുളസി മാനസ മന്ദിറിലേക്കാണ്.

ഗംഗ കാത്തിരിക്കുകയാണ് ,അതിനു മുന്‍പ് കണ്ടു തീര്‍ക്കാന്‍ ദുര്‍ഗാ കുണ്ഡും, തുളസി മാനസ മന്ദിറുമുണ്ട്.
(തുടരും )

ത്രിദേവ് മന്ദിര്‍ , തുളസി മാനസ മന്ദിര്‍  , ദുര്‍ഗാ കുണ്ഡ് (മിനി വിശ്വനാഥന്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക