Image

മതിലുകള്‍ക്കുള്ളിലെ കനല്‍ച്ചിരി(കവിത-മാലിനി)

മാലിനി) Published on 12 March, 2019
മതിലുകള്‍ക്കുള്ളിലെ കനല്‍ച്ചിരി(കവിത-മാലിനി)
അസമത്വത്തിന്റെ മതിലുകള്‍ പൊളിച്ച് 
അവരെ സ്വതന്ത്രരാക്കിയപ്പോള്‍, ആഹ്ലാദംകൊണ്ടവര്‍ പിടഞ്ഞുപോയി.
ആ പിടച്ചിലില്‍ നിലതെറ്റിയപ്പോള്‍ 
ചാരാനൊരു മതില്‍ വേണമെന്നൊരു വചനം കേട്ടു:

കൈകള്‍ നീട്ടിപ്പിടിച്ച്
തോളുകള്‍ ചേര്‍ത്തുവച്ച്
കാലുകള്‍ കല്ലുപോലുറപ്പിച്ച്
ഒരാള്‍ ഒരാളെത്തൊട്ട്
അവരൊരു മതിലായി.

തോളുകള്‍ ചേര്‍ന്ന വിടവിലൂടാ
ശരീരം തുപ്പിയ ചൂടും നനവും
ചൊല്ലിക്കേട്ട പ്രതിജ്ഞാ പദങ്ങളും
ചാലിച്ചൊരു ചാന്തുചേര്‍ത്ത്
അവരൊരു മതിലായ് ഉറച്ചു.

സൂര്യന്‍ വിതറിയ ചൂടും
ഇടയില്‍ വീശിയ കാറ്റും
സ്വാതന്ത്ര്യത്തിന്‍ കാഹളവും
ചിന്തേരിട്ടു മിനുക്കിയൊരുടലാല്‍
അവരൊരു വന്മതിലായാര്‍പ്പുവിളിച്ചു.

'കയറും ഞങ്ങള്‍ നടകള്‍, പടികള്‍
കടക്കും ഞങ്ങള്‍ കൊട്ടിയടച്ച മിന്നാരങ്ങള്‍
കബറിന്നരികിലുമെത്തും ഞങ്ങള്‍.
ഉയര്‍ത്തും ഞങ്ങള്‍ കാസയുമിപ്പീലാസയും
എന്നിട്ടിങ്ങനെ ലോകം കേള്‍ക്കെപ്പറയും'

അബലകളല്ല, ആര്‍ത്തരുമല്ല
അവകാശികളാണധികാരികള്‍ ഞങ്ങള്‍.
ഞങ്ങള്‍ വസിക്കും ഭൂമിക്കവകാശികള്‍
ഞങ്ങള്‍ ശ്വസിക്കും വായുവിനവകാശികള്‍
ആര്‍ത്തവം(അ) ശുദ്ധമാക്കുമീ ഉടലിന്നധികാരികളും.'
****  **** **** ****

ഇന്ന് ഇപ്പോള്‍, എല്ലാം കഴിഞ്ഞു.
സ്വാതന്ത്ര്യ ദൂതുമായെത്തിയ മാലാഖമാരില്ല
ആരവമില്ല, ആള്‍ക്കൂട്ടമില്ലാളുമില്ല
കല്ലുകളടര്‍ന്ന് മതിലുകളിളകി ഇടിഞ്ഞു
വീണുതെറിച്ചു ഒരു കല്ലായ് ഞാനും.

പാദസ്പര്‍ശം ഇല്ലെന്നാലും ഉയര്‍ന്നെണീറ്റാ
ചാന്തിന്‍പൊട്ടും, പൊടിയും തുടച്ചുമാറ്റി
തിരിച്ചു നടന്നു പഴയ വഴിയേ.
'അവളായ്' ഞാന്‍ തിരിച്ചുവന്നു
ഞാന്‍ 'അവളായ്' അറിയുന്നിടത്തേക്ക്.

പ്രളയമെങ്കിലും വെള്ളമില്ലാത്തൊരു കുളി കഴിഞ്ഞു.
പോകുംമുമ്പ് പാകപ്പെടുത്തിയ ഭക്ഷണം
'തണുത്തല്ലോ' എന്ന നാവിന്റെ പരാതിയെ
'സാരല്ല' എന്ന പ്രായോഗികതയില്‍പ്പൊതിഞ്ഞു
വിളമ്പി വിരുന്നു മുറിയിലിരുന്നു.

അവിടെ ഞാനൊരു ചിരി കണ്ടു.
വാടാത്ത, അഴുകാത്ത, ഉണങ്ങാത്ത
പായലിനും പൂമരത്തിനുമിടയില്‍
അലകളുയരുന്ന നീല ജലത്തില്‍
നീന്തിത്തുടിക്കുന്നൊരു ജലകന്യകയുടെ ചിരി.

തണുത്ത ചില്ലില്‍ തട്ടി, മുട്ടി വിളിച്ച്
തിരിഞ്ഞോടി തിരകളുയര്‍ത്തിയൊരു മത്സ്യകന്യക
സ്വാതന്ത്ര്യത്തെയോര്‍ത്ത് ചിരിക്കുന്ന ഒരു ചിരി.
ഞങ്ങളവിടെ മുഖത്തോടുമുഖം നോക്കിച്ചിരിച്ചു.
കബളിപ്പിക്കലിന്റെ കനല്‍ച്ചിരി.


മതിലുകള്‍ക്കുള്ളിലെ കനല്‍ച്ചിരി(കവിത-മാലിനി)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക