Image

ജോഷി ആപ്പീസിലിന്റെ ജീവിതത്തിന്‌ നിങ്ങളോട്‌ പറയാനുള്ളത്‌........

സില്‍ജി ജെ ടോം Published on 12 March, 2019
 ജോഷി ആപ്പീസിലിന്റെ ജീവിതത്തിന്‌ നിങ്ങളോട്‌ പറയാനുള്ളത്‌........

ഏറെ നാളുകള്‍ക്ക്‌ ശേഷമായിരുന്നു ഞാനന്ന്‌ ജോഷി ആപ്പീസിലിനെ കാണുന്നത്‌, ഏകദേശം ഒരുമാസം മുമ്പ്‌. ഐക്കരച്ചിറ സെന്റ്‌ ജോര്‍ജ്‌ പള്ളിയില്‍ മാതാപിതാക്കള്‍ക്കുള്ള ക്ലാസ്‌ നയിക്കാനെത്തിയതായിരുന്നു ജോഷി ആപ്പീസില്‍.

ഫോണ്‍ നമ്പര്‍ നഷ്‌ടപ്പെട്ടിരുന്നതിനാല്‍ വര്‍ഷങ്ങളായി അദ്ദേഹത്തെക്കുറിച്ച്‌ വിവരമൊന്നുമുണ്ടായിരുന്നില്ല. ക്ലാസിന്‌ മുമ്പ്‌ വികാരിയച്ചന്‍ സദസിന്‌ പ്രാസംഗികനെ പരിചയപ്പെടുത്തുമ്പോഴും തുടര്‍ന്ന്‌ ക്ലാസ്‌ നയിക്കുമ്പോഴും ജോഷി ആപ്പീസില്‍ കസേരയില്‍ നിന്നെഴുന്നേറ്റതേയില്ല.

നല്ല ഊര്‍ജസ്വലമായ പ്രസംഗം. കൈവശമുണ്ടായിരുന്ന ഫയലില്‍ നിന്ന്‌ പത്രകട്ടിംഗുകള്‍ സദസില്‍ നിന്നുള്ളവരുടെ സഹായത്തോടെയെടുത്ത്‌ ഉദാഹരണങ്ങള്‍ നിരത്തിയാണ്‌ അദ്ദേഹം കാര്യങ്ങള്‍ അവതരിപ്പിച്ചത്‌. ക്ലാസ്‌ തീരുവോളവും മടുപ്പൊന്നും തോന്നിയില്ല. ക്ലാസ്‌ തീര്‍ന്നു കഴിഞ്ഞ്‌ അദ്ദേഹത്തിന്റെ ആരോഗ്യവിവരം തിരക്കാമെന്ന്‌ കരുതി ഏറെ നേരം പുറത്തു കാത്തു നിന്നെങ്കിലും അദ്ദേഹം പുറത്തേക്ക്‌ വന്നില്ല.
ആളുകള്‍ പലരും അദ്ദേഹത്തെ കസേരയ്‌ക്ക്‌ സമീപം ചെന്ന്‌ കാണുന്നതുകണ്ട്‌ അടുത്തേക്ക്‌ ചെന്നു. അടുത്തുവന്നവരോട്‌ സംസാരിച്ചശേഷം ഏറെ നേരത്തെ ശ്രമംകൊണ്ട്‌ അദ്ദേഹം വളരെ പ്രയാസപ്പെട്ട്‌ എഴുന്നേറ്റു. ഒപ്പം കരുതിയിരുന്ന വടിയുടെയും അടുത്തുനിന്ന ഒരു വ്യക്തിയുടെയും സഹായത്താല്‍ ഒരു വിധേനെ പുറത്തെത്തി. പള്ളിയ്‌ക്കകത്തു നിന്ന്‌ പുറത്തേക്കുള്ള ചെറിയ സ്റ്റെപ്പുകള്‍ ഇറങ്ങാന്‍ പോലും അദ്ദേഹം ഏറെ വിഷമിക്കുന്നുണ്ടായിരുന്നു.

നേരെ നിവര്‍ന്നു നില്‍ക്കാനാവാത്തവിധം ശരീരത്തിന്‌ ബാലന്‍സ്‌ കിട്ടുന്നുണ്ടായിരുന്നില്ല. ചെരിപ്പ്‌ കാലിലേക്ക്‌ ഇടാന്‍ പോലും പരസഹായം കൂടാതെ സാധിക്കാത്തത്‌ ഏറെ വിഷമകരമായ കാഴ്‌ചയായിരുന്നു.

കാര്യങ്ങള്‍ ഇങ്ങനെയായിരുന്നുവെങ്കിലും ഇതൊക്കെ എത്ര നിസാരകാര്യം എന്നായിരുന്നു അദ്ദേഹത്തിന്റെ മുഖത്ത്‌ തെളിഞ്ഞ ഭാവം. എത്ര ഊര്‍ജസ്വലമായാണ്‌, എത്ര പോസിറ്റീവായാണ്‌ അദ്ദേഹം ക്ലാസ്‌ നയിച്ചത്‌.

താന്‍ നേരിടുന്ന ശാരീരിക വിഷമതകള്‍ ലേശവും പുറത്തുകാട്ടാതെ ശക്തമായ അവതരണരീതി. നിശ്ചയദാര്‍ഢ്യത്തിന്റെയും മനോബലത്തിന്റെയും കരുത്തിലാണ്‌, മോട്ടിവേഷണല്‍ സ്‌പീക്കര്‍ കൂടിയായ ജോഷി ആപ്പീസിലിന്റെ ജീവിതം കഴിഞ്ഞ 17 വര്‍ഷമായി മുന്നോട്ടുപോകുന്നത്‌.

2002 ഏപ്രില്‍ മാസത്തില്‍ ബ്രെയിന്‍ ട്യൂമര്‍ ബാധിച്ച്‌ ഇന്തോ അമേരിക്കന്‍ ഹോസ്‌പിറ്റലില്‍ നിരവധി ശസ്‌ത്രക്രിയകള്‍ക്കും ചികിത്സകള്‍ക്കും ശേഷം ഇനി ഒരിക്കലും നടക്കാന്‍ കഴിയില്ല എന്ന ഡോക്‌ടര്‍മാരുടെ അറിയിപ്പുമായാണ്‌ അദ്ദേഹം വീട്ടിലെത്തിയത്‌.

എന്നാല്‍ ചെറുപ്പം മുതലെ ദേവാലയ പ്രവര്‍ത്തനങ്ങളുമായും യുവജനപ്രസ്ഥാനമായ യുവദീപ്‌തി (കെ.സി.വൈ.എം)ലും മുന്നില്‍ നിന്ന്‌ പ്രവര്‍ത്തിച്ചതില്‍ നിന്ന്‌ കിട്ടിയ ആത്മബലമാണ്‌ തന്നെ ഇത്രകാലവും മുന്നോട്ട്‌ നയിച്ചതെന്ന്‌ അദ്ദേഹം പറയും. പഴയകാല യുവദീപ്‌തി പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടാണ്‌ എനിക്ക്‌ ജോഷിയെ പരിചയം.

രോഗാവസ്ഥയ്‌ക്കു ശേഷം പതിനേഴാണ്ട്‌ പിന്നിടുമ്പോള്‍ സ്‌പൈനല്‍ കോഡിന്റെ ഒരു ഭാഗം ചുരുങ്ങുന്ന അവസ്ഥയിലാണ്‌ നിലവിലെ ശാരീരിക ബുദ്ധിമുട്ടുകള്‍. ശരീരത്തിലെ മസിലുകളും നാഡികളും ബലമില്ലാതാകുകയാണ്‌. മെഡിക്കല്‍ ശാസ്‌ത്രം മൈലോ മലേഷ്യ എന്നു പറയുന്ന ഈ അവസ്ഥയില്‍ `നടക്കുക' എന്ന കാര്യം അത്ര പ്രായോഗികമല്ല.

ഈ അവസ്ഥയിലും ഇരുചക്രവാഹനത്തില്‍ സൈഡ്‌ വീല്‍ ഘടിപ്പിച്ച്‌ യാത്ര ചെയ്‌താണ്‌ അദ്ദേഹം ഓരോ സ്ഥലത്തേക്കും ക്ലാസ്സുകള്‍ക്കായി എത്തുക. എഴുതുന്നതിനോ ഷര്‍ട്ടിന്റെ ബട്ടനിടാനോ പോലും സാധിക്കാത്ത അവസ്ഥയിലാണ്‌ നിലവില്‍ അദ്ദേഹം. രണ്ടുവര്‍ഷത്തോളമായി സ്ഥിതി ഇത്ര കഠിനമായിട്ട്‌. ആഹാരം സ്വയം കൈകള്‍ ഉപയോഗിച്ച്‌ കഴിക്കാനാവില്ല. ദൈനംദിന കാര്യങ്ങള്‍ക്ക്‌ പരസഹായം ആവശ്യമാണ്‌.

പ്രസംഗിക്കാനും സംസാരിക്കാനും ബുദ്ധിമുട്ടില്ല എന്നതു കൊണ്ട്‌ മാത്രമാണ്‌ അദ്ദേഹം ജീവിതത്തോട്‌ ജയിച്ചു പോകുന്നത്‌. `ഒന്നിനെ കുറിച്ചും ആകുലപ്പെടേണ്ടതില്ല. സ്വര്‍ഗസ്ഥനായ എന്റെ പിതാവ്‌ എന്റെ കാര്യത്തില്‍ ശ്രദ്ധാലുവാണ്‌' എന്ന ബൈബിള്‍ വചനത്തിന്റെ ശക്തി തനിക്ക്‌ വേണ്ടതെല്ലാം നല്‍കുമെന്ന്‌ അദ്ദേഹം വിശ്വസിക്കുന്നു.
കഴിഞ്ഞ പ്രളയവേളയില്‍, കാവാലത്തെ വീട്ടില്‍ അരയ്‌ക്കൊപ്പം വെള്ളത്തില്‍ നിന്ന്‌ രണ്ടാഴ്‌ചയോളം മാറി താമസിക്കേണ്ടി വന്നു.

വീട്ടിലേക്ക്‌ വാഹനം എത്താന്‍ പോയിട്ട്‌ നടന്നുപോകാന്‍ പോലും സാധിക്കാത്ത സാഹചര്യമാണ്‌. തടികൊണ്ട്‌ സ്‌റ്റെപ്പുകളായിട്ടിരിക്കുന്ന പാലത്തിലൂടെ ആരോഗ്യവാനായ ഒരാള്‍ക്ക്‌ പോലും കടന്നുപോകുക പ്രയാസമാണെന്നിരിക്കെ വടിയിലൂന്നി ബാലന്‍സ്‌ തെറ്റാതെ പോകണമെങ്കില്‍ പരസഹായം കൂടാതെ സാധിക്കില്ല.

മസ്‌കുലര്‍ ഡിസ്‌ട്രോഫി അഥവാ മൈലോ മലേഷ്യ എന്ന രോഗാവസ്ഥ പിടി മുറുക്കുമ്പോള്‍ ശരീരത്തിന്റെ ബാലന്‍സ്‌ നഷ്‌ടപ്പെടുന്നു. പ്രത്യേകിച്ച്‌ മരുന്നൊന്നുമില്ലാത്ത ശാരീരികാവസ്ഥയാണിതെന്ന്‌ ഡോക്‌ടര്‍മാര്‍ പറയുന്നു. ഫിസിയോതെറാപ്പിയിലൂടെ കുറച്ചൊക്കെ ഭേദപ്പെടുത്തിയെടുക്കാമെന്ന്‌ പറയുന്നുണ്ട്‌.

അടുത്ത ദിവസങ്ങളിലായി ആലപ്പുഴ പറവൂരിനടുത്ത്‌ ഫിസിയോതെറാപ്പി ചെയ്യാനായി ആരംഭിച്ചിട്ടുണ്ട്‌. ഫിസിയോ തെറാപ്പിക്കും അതിനെകുറിച്ച്‌ കൂടുതല്‍ പഠിക്കുന്നതിനും മറ്റുമായി ഒരു ലക്ഷത്തിലേറെ രൂപ വേണ്ടിവരുമെന്നാണ്‌ അറിയുന്നത്‌. ഇതിനിടെ മക്കളുടെ പഠന ചെലവുകളുണ്ട്‌. വീട്ടുചെലവുകളുണ്ട്‌. ക്ലാസെടുക്കാന്‍ പോകുമ്പോള്‍ ലഭിക്കുന്ന ചെറിയതുകകള്‍ കൊണ്ടാണ്‌ ജീവിതം കഴിഞ്ഞുപോകുന്നത്‌, നിലവിലെ ശാരീരികസ്ഥിതിയില്‍ അതിനും തടസങ്ങളേറെ. എന്തുചെയ്യണമെന്ന്‌ അറിയാത്ത അവസ്ഥ.

ശാരീരികബുദ്ധിമുട്ടുകളില്ലാതെ എവിടെയെങ്കിലും ഇരുന്നുകൊണ്ട്‌ ആയാസമില്ലാത്ത ജോലികള്‍ ചെയ്‌ത്‌ ജീവിതം നയിക്കുകയാണ്‌ മുന്നോട്ട്‌ സാധ്യമായുള്ളതെങ്കിലും ഇക്കാര്യങ്ങള്‍ക്കൊന്നിനും ആവശ്യമായ സാമ്പത്തിക സ്ഥിതി ഇല്ല.

കേരളത്തിലങ്ങോളമിങ്ങോളം പ്രസംഗങ്ങള്‍, യുവജനസെമിനാറുകള്‍, സാമൂഹിക പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവയ്‌ക്കൊക്കെ ഈ രോഗാവസ്ഥയിലും മുന്നില്‍ നിന്നു പ്രവര്‍ത്തിച്ചിരുന്നു അടുത്ത കാലം വരെ. സണ്‍ഡേസ്‌കൂള്‍ മതബോധരംഗത്ത്‌ 34 വര്‍ഷം പിന്നിടുന്നു.

ചങ്ങനാശേരി രൂപത മതാധ്യാപകര്‍ക്ക്‌ നല്‌കുന്ന ഏറ്റവും മികച്ച പുരസ്‌കാരമായ ഫാദര്‍ നടയ്‌ക്കല്‍ പുരസ്‌കാരം നേടിയിട്ടുണ്ട്‌.
കെ.സി.വൈ.എമ്മിലൂടെ കേരളത്തിലെ മൂന്നു റീത്തുകളിലും 300ലധികം പള്ളികളിലും വചനപ്രഘോഷണം നടത്തി. മികച്ച യുവജന പ്രവര്‍ത്തകനുള്ള യൂത്ത്‌ അവാര്‍ഡ്‌, ജൂണിയര്‍ ചേംബര്‍ ഇന്റര്‍ നാഷണല്‍ കാവാലം ചാപ്‌റ്റര്‍ -മികച്ച പൊതു സാമൂഹിക പ്രവര്‍ത്തകനുള്ള അവാര്‍ഡ്‌ തുടങ്ങി ബഹുമതികളേറെ ലഭിച്ചിട്ടുണ്ട്‌. 2014ല്‍ കേരളത്തിലെ പ്രശസ്‌തരായ 100 പരിശീലകരെ കോട്ടയത്തുള്ള ഡ്രീം സൈറ്റേഴ്‌സ്‌ ഗ്രൂപ്പ്‌ തിരഞ്ഞെടുത്തതില്‍ ഒരാളായിരുന്നു.

കാവാലത്തെ ആമക്കാട്‌ ആപ്പീസില്‍ വീട്ടില്‍ ഔസേപ്പച്ചന്റെയും അന്നമ്മയുടെയും അഞ്ചുമക്കളില്‍ നാലാമനായി ജനിച്ച ജോഷി സിവില്‍ ഡ്രാഫ്‌റ്റ്‌മാനാകാന്‍ ലക്ഷ്യമിട്ടായിരുന്നു പഠിച്ചത്‌. എന്നാല്‍ പിന്നീട്‌ ദൈവശാസ്‌ത്രം പഠിച്ച്‌ ആത്മീയ വഴികളിലേക്കും മോട്ടിവേഷണല്‍ പ്രോഗ്രാമുകളിലേക്കും എത്തുകയായിരുന്നു. ഭാര്യ മിനിയുടെ സ്‌നേഹപരിചരണങ്ങളാണ്‌ ജോഷിയുടെ ജീവിതത്തെതാങ്ങിനിര്‍ത്തുന്നത്‌.

പ്ലസ്‌ വണ്ണിന്‌ പഠിച്ചു കൊണ്ടിരുന്ന മൂത്തമകന്‍, ഇന്ത്യന്‍ ആര്‍മിയിലേക്ക്‌ സെലക്‌ഷന്‍ ലഭിച്ച്‌ പോയത്‌ അടുത്തനാളിലാണ്‌. രണ്ടാമത്തെ മകന്‍ 9-ാം ക്ലാസില്‍ പഠിക്കുന്നു.

ദൈവത്തിന്റെ പദ്ധതികളോട്‌ ചേര്‍ന്ന്‌ നില്‍ക്കാന്‍ മനസാകുമ്പോള്‍ ആ വഴികള്‍ സമയാസമയങ്ങളില്‍ തുറന്നു ലഭിക്കും എന്ന പ്രതീക്ഷയിലാണ്‌ ജോഷിയും കുടുംബവും. ആ പ്രതീക്ഷകള്‍ക്ക്‌ ജീവന്‍ പകരാന്‍ നിങ്ങളുടെ സഹായങ്ങള്‍ക്കാവുമെന്നെനിക്കുറപ്പുണ്ട്‌. ആ സാന്ത്വനങ്ങളിലേക്ക്‌ ഞാന്‍ സമര്‍പ്പിക്കുകയാണ്‌ ജോഷിയുടെ കുടുംബത്തെ.

Address:  Joshy Joseph
                 Appicil House
                 Kavalam North P O
                 PIN 688506
                 Aleppey Dist

                 Phone-Mobile 9446811791
                 Home : 0477 2748271
                 whatsapp- 9446811791
 ജോഷി ആപ്പീസിലിന്റെ ജീവിതത്തിന്‌ നിങ്ങളോട്‌ പറയാനുള്ളത്‌........ ജോഷി ആപ്പീസിലിന്റെ ജീവിതത്തിന്‌ നിങ്ങളോട്‌ പറയാനുള്ളത്‌........
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക